വിപണികൾ ഉണർവിൽ; ഇന്ത്യൻ വിപണി പ്രതീക്ഷയിൽ; റിസർവ് ബാങ്കിൻ്റെ പണനയം നാളെ; സ്വർണം 2300 ഡോളർ കടന്നു കുതിക്കുന്നു

ക്രൂഡ് ഓയിൽ 90 ഡോളറിനടുത്ത്

Update:2024-04-04 07:53 IST

സാവധാനമാണെങ്കിലും പലിശ കുറയ്ക്കുമെന്ന യു.എസ് ഫെഡിൻ്റെ നിലപാട് ഓഹരിവിപണികൾക്കു സഹായകമായി. യു.എസ് ഫ്യൂച്ചേഴ്സ് ഉയർന്നു. ഇന്നലെ ഇടിഞ്ഞ ഏഷ്യൻ വിപണികൾ ഇന്നു കുതിപ്പിലായി. ജപ്പാനിൽ നിക്കൈ വീണ്ടും 40,000 കടന്നു. സ്വർണം കുതിപ്പ് തുടർന്ന് ഓൺസിനു 2300 ഡോളറിനു മുകളിലായി. ക്രൂഡ് ഓയിൽ വില 90 ഡോളറിനടുത്തേക്കു നീങ്ങുന്നു. വിദേശ വിപണികളുടെ ആവേശം ഇന്ന് ഇന്ത്യൻ വിപണി ഏറ്റുവാങ്ങും എന്നാണു പ്രതീക്ഷ. നാളെ രാവിലെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിക്കും. നിരക്കുകൾ കുറയ്ക്കില്ലെന്നും പണലഭ്യത ഉറപ്പുവരുത്തുന്ന സമീപനം തുടരുമെന്നുമാണു പ്രതീക്ഷ.

ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,555ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,595ൽ എത്തി. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ ബുധനാഴ്ച. ചെറിയ നേട്ടത്തിൽ അവസാനിച്ചു. യൂറോ മേഖലയിലെ ചില്ലറവിലക്കയറ്റം 2.4 ശതമാനമായി കുറഞ്ഞതു വിപണിയെ സഹായിച്ചു.

യു.എസ് വിപണി ഇന്നലെ ഭിന്ന ദിശകളിലായിരുന്നു. ഡൗ ജോൺസ് തുടർച്ചയായ മൂന്നാം ദിവസവും താഴ്ന്നു. എസ് ആൻഡ് പിയും നാസ്ഡാകും നാമമാത്രമായി ഉയർന്നു.

യു.എസ് ഫെഡ് ചെയർമാൻ ജെറോം പവൽ വിലക്കയറ്റം താഴ്ന്നതിനു കൂടുതൽ തെളിവു കിട്ടിയിട്ടേ പലിശ കുറയ്ക്കൽ തുടങ്ങൂ എന്ന് ഇന്നലെയും പറഞ്ഞു. ഈ വർഷം ഒന്നോ രണ്ടോ തവണയേ പലിശ കുറയ്ക്കൂ എന്നാണ് വിപണി ഇതിനെ വ്യാഖ്യാനിച്ചെടുത്തത്. ഇതിനിടെ മാർച്ചിൽ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ പ്രതീക്ഷയിലധികം വർധിച്ചതായ കണക്ക് പുറത്തു വന്നു. 1.55 ലക്ഷം പ്രതീക്ഷിച്ച സ്ഥാനത്ത് വർധന 1.84 ലക്ഷം. ഇതു പലിശ കുറയ്ക്കലിന് അനുകൂല സാഹചര്യമല്ല. ഇതേ തുടർന്നു യു.എസ് സർക്കാർ കടപ്പത്രങ്ങളുടെ വില താഴുകയും അവയിലെ നിക്ഷേപ നേട്ടം 4.39 ശതമാനം വരെ ഉയരുകയും ചെയ്തു.

ഡൗ ജോൺസ് സൂചിക 43.10 പോയിൻ്റ് (0.11%) കുറഞ്ഞ് 39,127.14 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 5.68 പോയിൻ്റ് (0.11%) കയറി 5211.49 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 37.01 പോയിൻ്റ് (0.23%) ഉയർന്ന് 16,277.46 ൽ എത്തി. യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.08 ഉം എസ് ആൻഡ് പി 0.19 ഉം നാസ്ഡാക് 0.36ഉം ശതമാനം കയറി നിൽക്കുന്നു.

ഇന്ത്യൻ വിപണി

ബുധനാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങിയിട്ട് തിരിച്ചുകയറി നാമമാത്ര നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 74,151 വരെയും നിഫ്റ്റി 22, 521 വരെയും ഉയർന്നിട്ടു താഴ്ന്നു. സെൻസെക്സ് 27.09 പോയിന്റ് (0.04%) താഴ്ന്ന് 73,876.82ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 18.65 പോയിന്റ് (0.08%) കുറഞ്ഞ് 22,434.65ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 78.80 പോയിന്റ് (0.17%) കയറി 47,624.25ൽ ക്ലോസ് ചെയ്തു.

മിഡ്ക്യാപ് സൂചിക 0.52 ശതമാനം ഉയർന്ന് 49,736.70 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. ഈയിടത്തെ തിരുത്തലിലെ നഷ്ടം മിഡ് ക്യാപ്പുകൾ നികത്തി. സ്മോൾക്യാപ് സൂചിക 1.16 ശതമാനം കുതിച്ച് 16,146.40ൽ വ്യാപാരം അവസാനിപ്പിച്ചു.

ബുധനാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 2213.56 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1102.41 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റി ഈ ദിവസങ്ങളിൽ 22,300 - 22,500 മേഖലയിൽ കയറിയിറങ്ങുകയാണ്. 22,500 കടന്നു കുതിപ്പ് തുടരാനുള്ള ആക്കം ഇപ്പോൾ കാണുന്നില്ല. നിഫ്റ്റിക്ക് 22,370ലും 22,260ലും പിന്തുണ ഉണ്ട്. 22,500ലും 22,605ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.

ബ്രോക്കറേജുകൾ വാങ്ങൽ ശിപാർശ നൽകിയതിനെ തുടർന്ന് ടി.സി.എസ്, എച്ച്സിഎൽ, വിപ്രോ, ടെക് മഹീന്ദ്ര, എംഫസിസ്, കോഫോർജ്, എൽ ആൻഡ് ടി ടെക് സർവീസസ് തുടങ്ങിയ ഐ.ടി ഓഹരികൾ ഇന്നലെ കയറി.

വോഡഫാേൺ ഐഡിയ 20,000 കോടി രൂപയുടെ പ്രിഫറൻഷ്യൽ ഇഷ്യു നടത്തും. ശനിയാഴ്ച ചേരുന്ന ബോർഡ് അതിൽ തീരുമാനം എടുക്കും. ഓഹരിയും കൺവേർട്ടിബിൾ ഡിബഞ്ചറും ചേർന്നതാകും ധനസമാഹരണം എന്നാണു സൂചന. 45,000 കോടി രൂപ വരെ സമാഹരിക്കാൻ ഓഹരി ഉടമകളുടെ പൊതുയോഗം അനുമതി നൽകിയിരുന്നതാണ്. 5ജി സേവനം തുടങ്ങാനും 4ജി സേവനം വിപുലീകരിക്കാനും ധനസമാഹരണം സഹായിക്കും.

കപ്പൽ നിർമാണ കമ്പനികൾ ഇന്നലെ കുതിച്ചു കയറി. മസഗോൺ ഡോക്ക് ഷിപ് ബിൽഡേഴ്സ് 11.93 ശതമാനവും കൊച്ചിൻ ഷിപ്പ്യാർഡ് 8.37 ശതമാനവും ഗാർഡൻ റീച്ച് 6.9 ശതമാനവും ഉയർന്നു. കൊച്ചിൻ ഷിപ്പ്യാർഡ് 1085 രൂപ എന്ന റെക്കോർഡിൽ എത്തിയിട്ടു താഴ്ന്നു ക്ലോസ് ചെയ്തു.

സ്വർണവിലയിലെ കയറ്റം സ്വർണപ്പണയ സ്ഥാപനങ്ങളുടെ ഓഹരിവില കയറ്റി. മുത്തൂറ്റ് ഫിനാൻസ് ഇന്നലെ 4.35 ശതമാനവും ഒരു മാസം കൊണ്ട് 22 ശതമാനവും ഉയർന്നു. മണപ്പുറം ഫിനാൻസ് ഇന്നലെ 5.19 ശതമാനവും രണ്ടു ദിവസം കൊണ്ട് 10 ശതമാനവും കയറി.

ക്രൂഡ് ഓയിലിൻ്റെ അമിതലാഭനികുതി ടണ്ണിനു 4900 രൂപയിൽ നിന്ന് 6800 രൂപയാക്കി. ഒ.എൻ.ജി.സിക്കും ഓയിൽ ഇന്ത്യക്കും ബാധ്യത കൂടും. പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയ്ക്കു നികുതി കൂട്ടിയില്ല.

സ്വർണം വീണ്ടും കുതിപ്പിൽ

സ്വർണവില വീണ്ടും കുതിച്ച് 2300 ഡോളറിനു മുകളിൽ കയറി. ഇന്നലെ 2302.10 ഡോളർ വരെ എത്തിയിട്ട് അൽപം താഴ്ന്നു ക്ലാേസ് ചെയ്തു. അവധിവില ഔൺസിന് 2320 ഡോളറിനു മുകളിലാണ്. പശ്ചിമേഷ്യൻ സംഘർഷഭീതി, ചൈനയിലെ വർധിച്ച ഡിമാൻഡ് എന്നിവയ്ക്കു പുറമേ ഡോളറിൻ്റെ ദൗർബല്യവും ഇന്നലെ സ്വർണക്കുതിപ്പിനു സഹായമായി.

ഡോളർ സൂചിക ഇന്നലെ അര ശതമാനത്തിലധികം താഴ്ന്നു. പലിശനിരക്ക് ഈ വർഷം കുറയ്ക്കും എന്നു ഫെഡ് ചെയർമാൻ പവൽ ആവർത്തിച്ചതും സ്വർണത്തെ ഉയർത്തി. സ്വർണത്തിനു വർഷാവസാന ലക്ഷ്യവില 2300 ഡോളർ പറഞ്ഞിരുന്ന നിക്ഷേപ ബാങ്കുകൾ ഇപ്പോൾ 2500 ഡോളറിലേക്കു ലക്ഷ്യവില ഉയർത്തി. ഇന്നലെ സ്വർണം 2300.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2302ലേക്കു കയറി. കേരളത്തിൽ ബുധനാഴ്ച സ്വർണം പവന് 600 രൂപ വർധിച്ച് 51,280 രൂപയായി. ഇന്നു വീണ്ടും വില കയറുമെന്നാണു സൂചന.

ഡോളർ റെക്കോർഡ് നിലയിൽ; വിദേശനാണ്യ വ്യാപാരത്തിനു പുതിയ നിയന്ത്രണം

ബുധനാഴ്ച റിസർവ് ബാങ്ക് ഇടപെട്ടെങ്കിലും രൂപ ദുർബലമായി. രാവിലെ ഡോളർ 83.35 രൂപവരെ താണിട്ട് 83.44 രൂപയിലേക്കു കയറി ചെയ്തു. ഡോളറിൻ്റെ ഏറ്റവും ഉയർന്ന ക്ലോസിംഗാണിത്. മാർച്ച് 20 ലെ 83.43 രൂപയായിരുന്നു മുൻ റെക്കോർഡ്. കഴിഞ്ഞ നവംബർ 10ന് ഇൻട്രാ ഡേയിൽ 83.48 രൂപ എത്തിയിരുന്നു.

വിദേശത്തു ഡോളർ സൂചിക താഴ്ന്ന ദിവസമാണ് ഇന്ത്യയിൽ ഡോളർ കുതിച്ചത്. ഡോളർ സൂചിക ഇന്നലെ 59 പോയിൻ്റ്  താഴ്ന്നു 104.25ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.21 ലേക്കു താഴ്ന്നു.

വിദേശനാണ്യ ഡെറിവേറ്റീവ് വ്യാപാരത്തിനു റിസർവ് ബാങ്ക് പ്രഖ്യാപിച്ച പുതിയ നിയന്ത്രണം മൂലം വ്യാപാരത്തോതു കുത്തനേ കുറഞ്ഞു. വിദേശനാണ്യ ബാധ്യത ഉള്ളവർ മാത്രമേ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഏർപ്പെടാവൂ എന്നാണു പുതിയ വ്യവസ്ഥ. വിദേശനാണയം നൽകാൻ ബാധ്യത ഉള്ളവർ മാത്രം നഷ്ടസാധ്യത കുറയ്ക്കാനായി ഹെഡ്ജിംഗ് നടത്തിയാൽ മതി എന്നു ചുരുക്കം. വിപണിയിൽ ഊഹക്കച്ചവടം പാടില്ല എന്നതാണ് റിസർവ് ബാങ്ക് ഉത്തരവിൻ്റെ സാരം. ഇതു നാളെ നടപ്പിലാക്കും.

റിസർവ് ബാങ്ക് നിർദേശത്തെ തുടർന്ന് എൻ.എസ്.ഇയിലെ ഫോറെക്സ് വ്യാപാരം പകുതിയിൽ താഴെയായി. ബി.എസ്.ഇയിലേത് അഞ്ചിലൊന്നായപ്പോൾ മെട്രോപോളിറ്റൻ എക്സ്ചേഞ്ചിലേത് വെറും അഞ്ചു ശതമാനമായി.

ഊഹക്കച്ചവടക്കാരെ അനുവദിച്ചില്ലെങ്കിൽ വിപണിക്ക് ആഴവും പരപ്പും ഉണ്ടാകില്ലെന്നും യഥാർഥ വില കണ്ടെത്തൽ നടക്കില്ലെന്നും ബ്രോക്കറേജുകൾ പറയുന്നു. ഈ അനിശ്ചിതത്വവും രൂപയുടെ ഇടിവിനു കാരണമായി.

ക്രൂഡ് ഓയിൽ ഉയരത്തിൽ

ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 89.35 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 89.62ലും ഡബ്ള്യു.ടി.ഐ ഇനം 85.71ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 89.81 ഡോളറിലും ആണ്. ഇറാൻ-ഇസ്രയേൽ സംഘർഷസാധ്യത തുടരുന്നതാണ് എണ്ണവിലയെ ഉയർത്തി നിർത്തുന്നത്.

ക്രിപ്റ്റോകറൻസികൾ താഴ്ചയിൽ തുടരുന്നു. ബുധനാഴ്ച ബിറ്റ്കോയിൻ നാമമാത്രമായി ഉയർന്ന് വീണ്ടും 66,000 ഡോളറിനു മുകളിലായി. ഈഥർ ഒരു ശതമാനം ഉയർന്നപ്പോൾ മറ്റു ക്രിപ്റ്റോകൾ എട്ടു ശതമാനത്തോളം താഴ്ന്നു.

വിപണിസൂചനകൾ (2024 ഏപ്രിൽ 03, ബുധൻ)

സെൻസെക്സ്30 73,876.82 -0.04%

നിഫ്റ്റി50 22,434.65 -0.08%

ബാങ്ക് നിഫ്റ്റി 47,624.25 +0.07%

മിഡ് ക്യാപ് 100 49,736.70 +0.52%

സ്മോൾ ക്യാപ് 100 16,146.40 +1.16%

ഡൗ ജോൺസ് 30 39,127.14 -0.11%

എസ് ആൻഡ് പി 500 5211.49 +0.11%

നാസ്ഡാക് 16,277.46 +0.23%

ഡോളർ ($) ₹83.44 +₹0.05

ഡോളർ സൂചിക 104.25 -0.59

സ്വർണം (ഔൺസ്) $2300.70 +$20.50

സ്വർണം (പവൻ) ₹51,280 +₹600.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $89.35 +$0.14

Tags:    

Similar News