വിപണി കുതിപ്പിന് കരുത്തു കുറയുമോ? വിദേശ വിപണികൾ താഴ്ചയിൽ

ക്രൂഡ് ഓയിൽ വിലയിടിവ് ഇന്ത്യക്കു നേട്ടം

Update:2023-12-07 08:58 IST

ഏഴു ദിവസം ഉയർന്നു നീങ്ങിയ ഇന്ത്യൻ വിപണി ഇന്ന് എതിർകാറ്റുകൾക്കു മുമ്പിൽ പതറുമോ എന്ന ആശങ്കയിലാണു നിക്ഷേപകർ. ആഗാേള സൂചനകളും നെഗറ്റീവാണ്. അതേസമയം ക്രൂഡ് ഓയിൽ വില ജൂണിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ എത്തിയത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്.

ഇന്നലെ ആരംഭിച്ച റിസർവ് ബാങ്ക് പണനയ കമ്മിറ്റി (എം.പി.സി) യോഗത്തിന്റെ തീരുമാനം നാളെ രാവിലെ പ്രഖ്യാപിക്കും. നിരക്കുകളിൽ മാറ്റം വരുത്താതെയാകും പണനയ പ്രഖ്യാപനം.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ബുധൻ രാത്രി ഗിഫ്റ്റ് നിഫ്റ്റി 21,061.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,040 വരെ താണു. ഇന്ത്യൻ വിപണി ഇന്നു നേരിയ ഉയർച്ചയോടെ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ വിപണികൾ ബുധനാഴ്ചയും നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. ജർമനിയിലെ ഡാക്സ് സൂചിക റെക്കോർഡ് ഉയരത്തിൽ തുടരുന്നു. അമേരിക്കൻ കോൺട്രാക്റ്റ് ലഭിക്കാതെ പോയ നോകിയ ഇന്നലെ ആറു ശതമാനം ഇടിഞ്ഞു. തലേന്നും ഓഹരി തകർച്ചയിലായിരുന്നു.

യു.എസ് വിപണി തുടർച്ചയായ മൂന്നാം ദിവസവും താഴ്ന്നു. ഡൗ ജോൺസ് 70.13 പോയിന്റ് (0.19%) താഴ്ന്ന് 36,054.43 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 17.84 പോയിന്റ് (0.39%) കുറഞ്ഞ് 4549.34 ൽ അവസാനിച്ചു. നാസ്ഡാക് 83.2 പോയിന്റ് (0.58%) ഇടിഞ്ഞ് 14,146.71 ലും അവസാനിച്ചു.

യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.115 ശതമാനമായി താഴ്ന്നു. യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.07 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.08 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

യു.എസ് വിലക്കയറ്റത്തിനു ശമനം കാണിക്കുന്ന സാമ്പത്തിക കണക്കുകൾ ഇന്നലെ പുറത്തു വന്നെങ്കിലും വിപണി ആവേശം കാണിച്ചില്ല. നവംബറിലെ സ്വകാര്യ മേഖലാ തൊഴിൽ വർധന പ്രതീക്ഷയിലും വളരെ കുറവായി. ഹോട്ടൽ - ഉല്ലാസമേഖലകളിലും ഫാക്ടറികളിലും തൊഴിൽ കുറയുകയും ചെയ്തു.

ക്രൂഡ് ഓയിൽ വില നാലു ശതമാനം കുറഞ്ഞതു വിപണിക്ക് ആശ്വാസമാണ്. ജനുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയിലാണ് ഇപ്പോൾ യുഎസ് പമ്പുകളിലെ ഇന്ധനവില.

ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ഓസ്ട്രേലിയൻ, ജാപ്പനീസ്, കൊറിയൻ വിപണികൾ എല്ലാം താണു. ജപ്പാനിൽ നിക്കൈ 1.6 ശതമാനം താഴ്ന്നു.

ചെെനയുടെ നവംബറിലെ കയറ്റുമതി കണക്കുകൾ ഇന്നു വരും. കയറ്റുമതി 1.1 ശതമാനം കുറയുമെന്നാണു നിഗമനം.

ഇന്ത്യൻ വിപണി 

ഇന്നലെയും ഇന്ത്യൻ വിപണി നേട്ടം കുറിച്ചു. എന്നാൽ സ്വകാര്യ ബാങ്കുകൾക്കു കാര്യമായ ക്ഷീണം നേരിട്ടു. ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപിക്കാവുന്ന സാഹചര്യം ആയിട്ടില്ലെന്നാണു ചില വിദേശ ഫണ്ടുകൾ വിലയിരുത്തുന്നത്.

രാജ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം ഇന്നലെ 348.86 ലക്ഷം കോടി (ട്രില്യൺ) രൂപയായി ഉയർന്നു.

അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെയും കയറ്റത്തിലായി. അദാനി എന്റർപ്രൈസസ് 2.24 ശതമാനം താണെങ്കിലും അദാനി ടോട്ടൽ ഗ്യാസ്, ഗ്രീൻ എനർജി എന്നിവ 20 ശതമാനത്തോളം കയറി. ഗ്രൂപ്പിന്റെ വിപണിമൂല്യം 62,000 കോടി രൂപ വർധിച്ച് 14.49 ലക്ഷം കോടി രൂപയിൽ എത്തി. 

ഷപ്പൂർജി പല്ലോൺജി (എസ്.പി) ഗ്രൂപ്പിന്റെ ഒഡീഷയിലെ ഗോപാൽപുർ തുറമുഖം വാങ്ങാൻ അദാനി പോർട്സ് ചർച്ച തുടങ്ങിയതായി റിപ്പോർട്ട് ഉണ്ട്.

എഥനോൾ നിർമിക്കുന്ന പഞ്ചസാര കമ്പനികൾക്ക് അത്ര നല്ലതല്ലാത്ത ഒരു വാർത്ത ഇന്നലെ വിപണിയിൽ എത്തി. പഞ്ചസാര ഉൽപാദനം കൂട്ടാനായി എഥനാേൾ ഉൽപാദനം ഇക്കൊല്ലം നിരുൽസാഹപ്പെടുത്താൻ കേന്ദ്രം ആലോചിക്കുന്നു എന്നാണു റിപ്പോർട്ട്. പഞ്ചസാര ഉൽപാദനം എട്ടു മുതൽ 12 വരെ ശതമാനം കുറയും എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതേ തുടർന്ന് പ്രമുഖ പഞ്ചസാര കമ്പനികൾ എട്ടു ശതമാനം വരെ താണു. ബൽറാംപുർ ചീനി 7.08%, ബജാജ് ഹിന്ദുസ്ഥാൻ 7.09%, ത്രിവേണി എൻജിനിയറിംഗ് 5.62%, ഉത്തം ഷുഗർ 10.71% തുടങ്ങിയവ വലിയ താഴ്ചയിലായി.

രാസവള സബ്സിഡിക്കു കൂടുതൽ തുക വകയിരുത്തിക്കൊണ്ട് കേന്ദ്രം അധിക ധനാഭ്യർഥന പാസാക്കിയത് പൊതുമേഖലാ രാസവള കമ്പനികളെ ഉയർത്തി. എഫ്എസിടി പത്തും ആർസിഎഫ് 12 - ഉം എൻഎഫ്എൽ ഏഴും ശതമാനം ഉയർന്നു.

അന്തർവാഹിനി നിർമാണ കരാർ നൽകുമെന്ന സൂചനയെ തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ് എട്ടു ശതമാനം കയറ്റത്തിലായി.

റെയ്മണ്ട് മാനേജിംഗ് ഡയറക്ടർ ഗൗതം സിംഘാനിയയും മുൻ ഭാര്യ നവാസ് മോദിയും തമ്മിലുള്ള സ്വത്തു വിഭജന ചർച്ചകൾ രമ്യമായ പരിഹാരത്തിലേക്കു നീങ്ങുന്നതായ റിപ്പോർട്ടിനെ തുടർന്ന് റെയ്മണ്ട് ഓഹരി 5.5 ശതമാനം ഉയർന്നു.

വിദേശ ബ്രാേക്കറേജ് സിഎൽഎസ്എ ഡൗൺഗ്രേഡ് ചെയ്തതിനെ തുടർന്ന് ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്സ്, ടിവിഎസ് മോട്ടോർ തുടങ്ങിയ ഓഹരികൾ താണു.

സെൻസെക്സ് ബുധനാഴ്ച 357.59 പോയിന്റ് (0.52%) ഉയർന്ന് 69,653.73 ലും നിഫ്റ്റി 82.60 പോയിന്റ് (0.40%) കയറി 20,937.70 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 177.70 പോയിന്റ് (0.38%) താഴ്ന്ന് 46,834.55 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.25 ശതമാനം ഉയർന്ന് 44,232.45 ലും സ്മോൾ ക്യാപ് സൂചിക 0.38 ശതമാനം കയറി 14,507.90 ലും അവസാനിച്ചു.

ഐടി, മീഡിയ, എഫ്എംസിജി, ഓയിൽ - ഗ്യാസ് മേഖലകൾ ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. ഹെൽത്ത് കെയർ, ഫാർമ, റിയൽറ്റി, ബാങ്ക്, ധനകാര്യ സേവന മേഖലകൾ ഇന്നലെ നല്ല നഷ്ടത്തിലായി.

വിദേശ നിക്ഷേപകർ ഇന്നലെ വീണ്ടും വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 79.88 കാേടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1372.18 കോടിയുടെ ഓഹരികൾ വാങ്ങി.

ഏഴു ദിവസം തുടർച്ചയായി ഉയർന്ന വിപണി ക്ഷീണത്തിന്റെ സൂചനകൾ കാണിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. 21,000 കടക്കാൻ നിഫ്റ്റി വലിയ തടസം നേരിടും എന്നാണു വിലയിരുത്തൽ. 20,850 ൽ പിന്തുണ നിലനിർത്തിക്കൊണ്ട് സമാഹരണത്തിനു വിപണി തുനിയും എന്നു കരുതുന്നവരുണ്ട്. 20,850 നു താഴെ പോയാൽ തിരുത്തലിലേക്കു നീങ്ങും എന്ന ആശങ്കയുമുണ്ട്.

നിഫ്റ്റിക്ക് ഇന്ന് 20,875 ലും 20,805 ലും പിന്തുണ ഉണ്ട്. 20,960 ഉം 21,025 ഉം തടസങ്ങളാകാം.

വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച ഭിന്ന ദിശകളിലായി. അലൂമിനിയം 1.22 ശതമാനം താണ് ടണ്ണിന് 2139.75 ഡോളറിലായി. ചെമ്പ് 0.53 ശതമാനം കയറി ടണ്ണിന് 8296.5 ഡോളറിലെത്തി. ലെഡ് 1.55 ശതമാനം താണു. നിക്കൽ 1.18 ഉം സിങ്ക് 0.44 ഉം ടിൻ 2.95 ഉം ശതമാനം ഉയർന്നു

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. ബുധനാഴ്ച ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ നാലു ശതമാനം താണ് 74.37 ഡോളറിലും ഡബ്ള്യുടിഐ ഇനം 69.25 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് വില 74.55 ഡോളർ ആയി കയറി. യുഎഇയുടെ മർബൻ ക്രൂഡ് 74.87 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണവില ഉയർന്ന നിലവാരത്തിൽ ചാഞ്ചാടുകയാണ്. ബുധനാഴ്ച ഔൺസിന് 2036 ഡോളർ വരെ കയറിയിട്ടു താണ് 2026.10 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 2029.20 ഡോളർ ആയി.

കേരളത്തിൽ പവൻവില ബുധനാഴ്ചയും കുത്തനെ ഇടിഞ്ഞു. 320 രൂപ കുറഞ്ഞ് 45,960 രൂപയായി പവന്. ഇന്നു വില കൂടാം.

ഡോളർ ഇന്നലെ ലോകവിപണിയിൽ ഉയർന്നു. ഡോളർ സൂചിക 104.15 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.92 ലേക്കു താണു.

ബുധനാഴ്ച ഡോളർ താഴ്ന്നു. അഞ്ചു പൈസ താണ് 83.33 രൂപയിൽ ക്ലോസ് ചെയ്തു.

ക്രിപ്‌റ്റോ കറൻസികൾ കയറ്റം തുടരുകയാണ്. ബിറ്റ്കോയിൻ ബുധനാഴ്ചയും 44,000 ഡോളറിന് മുകളിലായി. ഇന്നു രാവിലെ 43,950 ലാണ്. ക്രിപ്റ്റോ ഇടിഎഫുകൾക്കു യുഎസിൽ അംഗീകാരം കിട്ടുമെന്ന പ്രതീക്ഷ പടർന്നതാണു കയറ്റത്തിനു കാരണം.

വിപണി സൂചനകൾ

(2023 ഡിസംബർ 06, ബുധൻ)


സെൻസെക്സ്30 69,653.73 +0.52%

നിഫ്റ്റി50 20,937.70 +0.40%

ബാങ്ക് നിഫ്റ്റി 46,834.55 -0.38%

മിഡ് ക്യാപ് 100 44,232.45 +0.25%

സ്മോൾ ക്യാപ് 100 14,507.90 +0.38%

ഡൗ ജോൺസ് 30 36,054.43 -0.19%

എസ് ആൻഡ് പി 500 4549.34 -0.39%

നാസ്ഡാക് 14,146.71 -0.58%

ഡോളർ ($) ₹83.33 -₹0.05

ഡോളർ സൂചിക 104.15 +0.10

സ്വർണം (ഔൺസ്) $2026.10 +$ 07.30

സ്വർണം (പവൻ) ₹45,960 -₹320.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $74.37 -$2.65

Tags:    

Similar News