ആശങ്കകൾ ഇല്ല, ആവേശവും കുറവ്; മുന്നേറ്റ പ്രതീക്ഷയിൽ വിപണി

ക്രൂഡ് ഓയിൽ വില ഇസ്രായേൽ സംഘർഷത്തിനു മുൻപുണ്ടായിരുന്ന നിലയിലേക്കു താഴ്ന്നു.

Update:2023-11-08 08:36 IST

വിപണികൾക്കു വലിയ ആശങ്ക ഇല്ല. ഒപ്പം ആവേശവും കാണുന്നില്ല. മിക്കവാറും പ്രധാന കമ്പനികളുടെ റിസൽട്ടുകൾ വന്നു. സാമ്പത്തിക സൂചകങ്ങൾ ഉടനെ പുറത്തുവരാനില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ അനിശ്ചിതത്വമാകും വിപണിയുടെ മുഖം. ക്രൂഡ് ഓയിൽ വില ഗണ്യമായി താണ് പശ്ചിമേഷ്യൻ സംഘർഷത്തിനു മുമ്പുള്ള നിലയിൽ എത്തി. ഇതു വിപണികൾക്ക് അനുകൂല ഘടകമാണ്. ഇന്ത്യൻ വിപണി ചൊവാഴ്ചത്തെ നഷ്ടം മറികടന്ന് മുന്നേറുമെന്നാണു പ്രതീക്ഷ.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 19,496.5ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,505 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ ചൊവ്വാഴ്ചയും ചെറിയ നഷ്ടത്തിലാണ് അവസാനിച്ചത്. സ്റ്റാേക്സ് 600 ഉം സിഎസിയും എഫ്ടിഎസ്ഇയും താഴ്ന്നു. ഡാക്സ് അൽപം കയറി. വരുമാനം കൂടുകയും വാർഷിക ലാഭം ഇരട്ടിക്കുമെന്നു സൂചിപ്പിക്കുകയും ചെയ്ത വാച്ചസ് ഓഫ് സ്വിറ്റ്സർലൻഡ് ഓഹരി 13 ശതമാനം ഉയർന്നു.

യുഎസ് വിപണി ഇന്നലെ ചെറിയ നേട്ടം ഉണ്ടാക്കി. എസ് ആൻഡ് പി സൂചിക 2021-നു ശേഷം ആദ്യമായി തുടർച്ചയായ ഏഴുദിവസം ഉയർന്നു. ഒടുവിൽ ചെറിയ നേട്ടത്തോടെ വ്യാപാരം അവസാനിച്ചു. നാസ്ഡാക് ജനുവരിക്കു ശേഷം ആദ്യമായി തുടർച്ചയായ എട്ടു ദിവസം ഉയർന്നു. ഡൗ തുടർച്ചയായ ഏഴാം ദിവസവും നേട്ടം കുറിച്ചു.

യുഎസ് കടപ്പത്ര വിലകൾ ഇന്നലെ കൂടുകയും അവയിലെ നിക്ഷേപനേട്ടം 4.565 ശതമാനമായി കുറയുകയും ചെയ്തു.

ഡൗ ജോൺസ് 56.74 പോയിന്റ് (0.17%) കയറി 34,152.6 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 12.4 പോയിന്റ് (0.28%) ഉയർന്ന് 4378.38 ൽ അവസാനിച്ചു. നാസ്ഡാക് 121.08 പോയിന്റ് (0.90%) കയറി 13,639.9 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നഷ്ടത്തിലാണ്. ഡൗ 0.06 ഉം എസ് ആൻഡ് പി 0.05 ഉം നാസ്ഡാക് 0.07 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നു ചെറിയ നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കെെ ആദ്യ മണിക്കൂറിൽ 0.41 ശതമാനം കയറി. ദക്ഷിണ കൊറിയൻ വിപണി ആദ്യം ഉയർന്നിട്ടു താഴ്ചയിലേക്കു മാറി. ചൈനീസ് സൂചികകൾ തുടക്കത്തിലേ നഷ്ടത്തിലായി.


ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ചൊവ്വാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങി. കൂടുതൽ താണെങ്കിലും പിന്നീടു തിരിച്ചു കയറി നേരിയ നഷ്ടത്തിൽ അവസാനിച്ചു. വിശാലവിപണി ചെറിയ നേട്ടത്തിലായിരുന്നു.

സെൻസെക്സ് 16.29 പോയിന്റ് (0.03%) ഇറങ്ങി 64,942.4 ൽ അവസാനിച്ചു. നിഫ്റ്റി 5.05 പോയിന്റ് (0.03%) കുറഞ്ഞ് 19,406.7 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 118.5 പോയിന്റ് (0.27%) ഉയർന്ന് 43,737.90ൽ വ്യാപാരം അവസാനിപ്പിച്ചു.

മിഡ് ക്യാപ് സൂചിക 0.28 ശതമാനം ഉയർന്ന് 40,049.80 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.75 ശതമാനം കയറി 13,427.7-ൽ അവസാനിച്ചു.

ഇന്നു നിഫ്റ്റിക്ക് 19,350 ലും 19,290 ലുമാണു പിന്തുണ.19,425 ലും 19,480 ലും തടസങ്ങൾ പ്രതീക്ഷിക്കാം.

റിയൽറ്റി, ഓട്ടോ, മീഡിയ മേഖലകൾ ഇന്നലെ നഷ്ടത്തിലായി. .ഹെൽത്ത് കെയർ, ഫാർമ, ബാങ്ക്, ഓയിൽ മേഖലകൾ ഇന്നലെ കൂടുതൽ നേട്ടം ഉണ്ടാക്കി.

വിദേശ നിക്ഷേപകർ വിൽപന തുടർന്നു. ചൊവ്വാഴ്ച വിദേശികൾ ക്യാഷ് വിപണിയിൽ 497.21 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 700.28 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വ്യാവസായിക ലോഹങ്ങൾ താഴ്ന്നു. അലൂമിനിയം 0.98 ശതമാനം താണ് ടണ്ണിന് 2264.73 ഡോളറിലായി. ചെമ്പ് 0.84 ശതമാനം ഇടിഞ്ഞു ടണ്ണിന് 8067.65 ഡോളറിലെത്തി. ലെഡ് 0.03 ഉം നിക്കൽ 1.57 ഉം സിങ്ക് 0.87 ഉം ശതമാനം താഴ്ന്നു. ടിൻ മാറ്റമില്ലാതെ തുടർന്നു.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില താഴുകയാണ്. ഗാസയിലെ ഇസ്രേലി സെെനിക നടപടി അന്ത്യത്തിലേക്കു നീങ്ങുന്നു എന്ന സൂചനയാണു വില താഴ്ത്തുന്നത്. നാലു ശതമാനം താണ് ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 81.41 ഡോളറിലും ഡബ്ള്യുടിഐ ഇനം 77.37 ഡോളറിലും ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കുറഞ്ഞു യഥാക്രമം 81.35 ഉം 76.98 ഉം ആയി. ജൂലൈക്കു ശേഷമുള്ള ഏറ്റവും താണ നിലയിലെത്തി ക്രൂഡ് വില. യുഎഇയുടെ മർബൻ ക്രൂഡ് 82.85 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണം വീണ്ടും താഴ്ചയിലായി. കയറ്റിറക്കങ്ങൾക്കു ശേഷം ചൊവ്വാഴ്ച 1969.70 ഡോളറിൽ

ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1968.50 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ പവൻവില തിങ്കളാഴ്ച 80 രൂപ കുറഞ്ഞ് 45,000 രൂപയിലെത്തി. ഇന്നും കുറയും.

ഡോളർ ചൊവ്വാഴ്ച അഞ്ചു പൈസ കയറ്റ 83.27 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക ഉയർന്നു. കഴിഞ്ഞ ദിവസം 105.22 ൽ ക്ലോസ് ചെയ്ത സൂചിക ഇന്നലെ 105.51 ൽ അവസാനിച്ചു. ഇന്നു രാവിലെ 105.62ലേക്കു കയറി.

ക്രിപ്‌റ്റോ കറൻസികൾ കയറിയിറങ്ങി. ബിറ്റ്കോയിൻ 35,300 നു മുകളിലായി. 

പശ്ചിമേഷ്യയിൽ ചില ശുഭസൂചനകൾ 

പശ്ചിമേഷ്യയിൽ ഇസ്രയേലും ഹാമാസും തമ്മിലുള്ള പോരാട്ടത്തിൽ മറ്റു രാജ്യങ്ങൾ പങ്കു ചേരുമെന്ന ആശങ്ക അൽപം കുറഞ്ഞു. വടക്കൻ ഗാസയിൽ തങ്ങൾ അനിശ്ചിത കാലത്തേക്കു തുടരും എന്ന ഇസ്രായേലി പ്രഖ്യാപനം ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് ഇസ്രയേൽ മാറുകയില്ല എന്നാണു കാണിക്കുന്നത്. പലസ്തീൻ ജനതയ്ക്കു വേണ്ടി സംസാരിക്കുന്നവരെല്ലാം ഹമാസിനെ അനുകൂലിക്കുന്നില്ല എന്നത് ഇസ്രയേലിനു മേൽക്കെെ നൽകുന്നു. ഏതായാലും ക്രൂഡ് ഓയിൽ വില സംഘർഷത്തിനു മുൻപുണ്ടായിരുന്ന നിലയിലേക്കു താഴ്ന്നു. 

ഇതിനിടെ അപ്രതീക്ഷിതമായ പുരോഗതി ചെെന- അമേരിക്ക ബന്ധത്തിൽ ഉണ്ടാകുന്നതായി സൂചന ഉണ്ട്. അടുത്തയാഴ്ച സാൻ ഫ്രാൻസിസ്കോയിൽ ഷി - ബൈഡൻ കൂടിക്കാഴ്ച നടക്കും. അതിനു മുൻപു ട്രഷറി സെക്രട്ടറി ജാനറ്റ് എലൻ അടക്കം യുഎസ് ഭരണകൂടത്തിലെ സീനിയർ അംഗങ്ങൾ ബെയ്ജിംഗ് സന്ദർശിക്കും. ഷി - ബൈഡൻ കൂടിക്കാഴ്ച പ്രതീക്ഷ പോലെ നടന്നാൽ പല യുഎസ് ബിസിനസുകൾക്കും നേട്ടം ഉണ്ടാകും. 

വിപണി സൂചനകൾ

(2023 നവംബർ 07, ചൊവ്വ)

സെൻസെക്സ്30 64,942.40 -0.03%

നിഫ്റ്റി50 19,406.70 -0.03%

ബാങ്ക് നിഫ്റ്റി 43,737.90 +0.27%

മിഡ് ക്യാപ് 100 40,049.80 +0.28%

സ്മോൾ ക്യാപ് 100 13,247.70 +0.75%

ഡൗ ജോൺസ് 30 34,152.60 +0.17%

എസ് ആൻഡ് പി 500 4378.38 +0.28%

നാസ്ഡാക് 13,639.90 +0.90%

ഡോളർ ($) ₹83.27 +₹0.05

ഡോളർ സൂചിക 105.51 +0.49

സ്വർണം (ഔൺസ്) $1969.70 -$ 08.80

സ്വർണം (പവൻ) ₹45,000 -₹ 80.00

ക്രൂഡ് ബ്രെന്റ് ഓയിൽ $81.41 -$3.77

Tags:    

Similar News