വിപണികള്‍ ഉയര്‍ച്ചയ്ക്കു വഴി തേടുന്നു; ക്രൂഡ് ഓയില്‍ 80 ഡോളറിനു താഴെ; ഫെഡ് നിലപാട് ശ്രദ്ധിച്ചു വിപണി
സ്വര്‍ണം താഴോട്ടുള്ള യാത്ര തുടരുകയാണ്. ഇന്നലെ ഔണ്‍സിന് 1950.80 ഡോളറില്‍ വില ക്ലോസ് ചെയ്തു
ആവേശം നഷ്ടപ്പെട്ട നിലയിലാണ് ഇന്നലെ ആഗോള വിപണികള്‍ നീങ്ങിയത്. ക്രൂഡ് ഓയില്‍ വില 80 ഡോളറിനു താഴെ വന്നു. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.5 ശതമാനത്തിനു താഴെയായി. എങ്കിലും ഓഹരിവിപണികള്‍ ഒട്ടും ഉണര്‍വ് കാണിച്ചില്ല. എന്നാല്‍ ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ നല്ല ഉയര്‍ച്ചയോടെയാണു വ്യാപാരം ആരംഭിച്ചത്. ചൈനയിലെ വിലക്കയറ്റ കണക്കുകള്‍ പ്രതീക്ഷയിലും മെച്ചമായതു വിപണിയെ സഹായിക്കും. യു.എസ് ഫെഡ് ചെയര്‍മാനും മറ്റും ഇന്നു നടത്തുന്ന പ്രസംഗത്തില്‍ എന്തെങ്കിലും നയം മാറ്റ സൂചന ലഭിക്കുമോ എന്നു ശ്രദ്ധിക്കുകയാണു വിപണി.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 19,491ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,525ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നും നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നല്‍കുന്നത്.
യൂറോപ്യന്‍ സൂചികകള്‍ ബുധനാഴ്ച ചെറിയ നേട്ടത്തിലാണ് അവസാനിച്ചത്. സ്റ്റോക്‌സ് 600ഉം സി.എ.സിയും ഡാക്‌സും കയറി. ജര്‍മന്‍ കമ്പനി ബായര്‍ വിഭജനത്തെ പറ്റി ചിന്തിക്കുന്നതായി സി.ഇ.ഒ ബില്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
യു.എസ് വിപണി ഇന്നലെ ഭിന്ന ദിശകളില്‍ നീങ്ങി. ഏഴു ദിവസം തുടര്‍ച്ചയായി ഉയര്‍ന്ന ഡൗ ജോണ്‍സ് സൂചിക 0.1 ശതമാനം താഴ്ന്നു ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി എട്ടാം ദിവസവും ഉയര്‍ന്ന് 2021 നവംബറിനു ശേഷമുള്ള ഏറ്റവും നീണ്ട നേട്ടം കുറിച്ചു. നാസ്ഡാക് ഒന്‍പതാം ദിവസവും നേട്ടം ഉണ്ടാക്കി.
യു.എസ് കടപ്പത്ര വിലകള്‍ ഇന്നലെ കൂടി അവയിലെ നിക്ഷേപനേട്ടം 4.492 ശതമാനമായി കുറഞ്ഞു. ഡൗ ജോണ്‍സ് 40.33 പോയിന്റ് (0.12%) കുറഞ്ഞ് 34,112.3ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 4.4 പോയിന്റ് (0.10%) ഉയര്‍ന്ന് 4382.78ല്‍ അവസാനിച്ചു. നാസ്ഡാക് 10.50 പോയിന്റ് (0.08%) കയറി 13,650.40ല്‍ ക്ലോസ് ചെയ്തു.
മാര്‍ക്കറ്റ് അവസാനിച്ച ശേഷം ഡിസ്‌നി പുറത്തുവിട്ട പാദ റിസല്‍ട്ട് പ്രതീക്ഷയിലും മികച്ചതായി. കമ്പനി 200 കോടി ഡോളറിന്റെ ചെലവു ചുരുക്കല്‍ പ്രഖ്യാപിച്ചു. യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ നഷ്ടത്തിലാണ്. ഡൗ 0.08ഉം എസ് ആന്‍ഡ് പി 0.17ഉം നാസ്ഡാക് 0.21 ഉം ശതമാനം താഴ്ന്നു നില്‍ക്കുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനില്‍ നിക്കൈ ആദ്യ മണിക്കൂറില്‍ 0.60 ശതമാനം കയറി. ദക്ഷിണ കൊറിയന്‍ വിപണി ആദ്യം ഉയര്‍ന്നിട്ടു താഴ്ചയിലായി. ചൈനീസ് സൂചികകള്‍ തുടക്കത്തില്‍ നേട്ടം കാണിച്ചു. ചൈനയില്‍ ചില്ലറ വിലക്കയറ്റം 0.2 ശതമാനവും മൊത്തവിലക്കയറ്റം 2.6 ഉം ശതമാനവും കുറഞ്ഞു. പ്രതീക്ഷയേക്കാള്‍ കൂടുതല്‍ ഇടിവ് ചില്ലറ വിലയില്‍ ഉണ്ടായി.
ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി ബുധനാഴ്ച അല്‍പം ഉയര്‍ന്നു വ്യാപാരം തുടങ്ങി. പിന്നീടു ഒടുവില്‍ നേരിയ നേട്ടത്തില്‍ അവസാനിച്ചു. എന്നാല്‍ വിശാലവിപണി നല്ല നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക ഒരു ശതമാനം ഉയര്‍ന്നു.
സെന്‍സെക്‌സ് 33.21 പോയിന്റ് (0.05%) കയറി 64,975.61ല്‍ അവസാനിച്ചു. നിഫ്റ്റി 36.80 പോയിന്റ് (0.19%) ഉയര്‍ന്ന് 19,443.5ല്‍ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 79.25 പോയിന്റ് (0.18%) താഴ്ന്ന് 43,658.65ല്‍ വ്യാപാരം അവസാനിപ്പിച്ചു.
മിഡ് ക്യാപ് സൂചിക 0.99 ശതമാനം ഉയര്‍ന്ന് 40,446.85ല്‍ ക്ലോസ് ചെയ്തപ്പാേള്‍ സ്‌മോള്‍ ക്യാപ് സൂചിക 0.70 ശതമാനം കയറി 13,335.15ല്‍ അവസാനിച്ചു.
ഇന്നു നിഫ്റ്റിക്ക് 19,410ലും 19,375ലുമാണു പിന്തുണ. 19,460ലും 19,500ലും തടസങ്ങള്‍ പ്രതീക്ഷിക്കാം.
ബാങ്ക്, ധനകാര്യ, ഐടി, മീഡിയ മേഖലകള്‍ ഇന്നലെ നഷ്ടത്തിലായി. ഹെല്‍ത്ത് കെയര്‍, ഫാര്‍മ, മെറ്റല്‍, റിയല്‍റ്റി, വാഹന, ഓയില്‍, എഫ്.എം.സി.ജി മേഖലകള്‍ ഇന്നലെ കൂടുതല്‍ നേട്ടം ഉണ്ടാക്കി.
വിദേശ നിക്ഷേപകര്‍ പതിവു പോലെ വില്‍പന തുടര്‍ന്നു. ബുധനാഴ്ച വിദേശികള്‍ ക്യാഷ് വിപണിയില്‍ 84.55 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകള്‍ 524.47 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
വ്യാവസായിക ലോഹങ്ങള്‍ ബുധനാഴ്ച ഉയര്‍ന്നു. അലൂമിനിയം 0.14 ശതമാനം കൂടി ടണ്ണിന് 2267.85 ഡോളറിലായി. ചെമ്പ് 0.25 ശതമാനം കയറി ടണ്ണിന് 8087.75 ഡോളറിലെത്തി. ലെഡ് 1.62ഉം നിക്കല്‍ 1.61ഉം സിങ്ക് 2.65ഉം ടിന്‍ 1.12ഉം ശതമാനം കയറി.
ക്രൂഡ് ഓയിലും സ്വര്‍ണവും
ക്രൂഡ് ഓയില്‍ വില വീണ്ടും താണ് ജൂലൈക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തി. രണ്ടര ശതമാനം താണ് ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ 79.54 ഡോളറിലും ഡബ്‌ള്യു.ടി.ഐ ഇനം 75.65 ഡോളറിലും ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി യഥാക്രമം 80.21 ഉം 76 ഉം ആയി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 80.85 ഡോളറില്‍ വ്യാപാരം നടക്കുന്നു.
സ്വര്‍ണം താഴോട്ടുള്ള യാത്ര തുടരുകയാണ്. ഇന്നലെ ഔണ്‍സിന് 1950.80 ഡോളറില്‍ വില ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1953.70 ഡോളറിലേക്കു കയറി. കേരളത്തില്‍ പവന്‍വില തിങ്കളാഴ്ച 120 രൂപ കറഞ്ഞ് 44,880 രൂപയിലെത്തി. വില ഇന്നും കുറയും.
ഡോളര്‍ ബുധനാഴ്ച രണ്ടു പൈസ കയറി 83.28 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക കയറിയിറങ്ങിയ ശേഷം ഇന്നലെ 105.59 ല്‍ അവസാനിച്ചു. ഇന്നു രാവിലെ 105.49 ലേക്കു താണു. ക്രിപ്റ്റോ കറന്‍സികള്‍ ഉയരുകയാണ്. ബിറ്റ്‌കോയിന്‍ 35,900 നു മുകളിലായി.
വിപണി സൂചനകള്‍
(2023 നവംബര്‍ 08, ബുധന്‍)
സെന്‍സെക്‌സ്30 64,975.61 +0.05%
നിഫ്റ്റി50 19,443.50 +0.19%
ബാങ്ക് നിഫ്റ്റി 43,658.65 -0.18%
മിഡ് ക്യാപ് 100 40,446.85 +0.99%
സ്‌മോള്‍ ക്യാപ് 100 13,335.15 +0.70%
ഡൗ ജോണ്‍സ് 30 34,112.30 -0.12%
എസ് ആന്‍ഡ് പി 500 4382.78 +0.10%
നാസ്ഡാക് 13,650.40 +0.08%
ഡോളര്‍ ($) ?83.28 +?0.02
ഡോളര്‍ സൂചിക 105.59 +0.08
സ്വര്‍ണം (ഔണ്‍സ്) $1950.80 -$ 18.90
സ്വര്‍ണം (പവന്‍) ?44,880 -?1200.00
ക്രൂഡ് ബ്രെന്റ് ഓയില്‍ $79.54 -$1.71