ആവേശം കൈവിടാതെ വിപണി; വില്‍പന സമ്മര്‍ദവും തുടരും, ക്രൂഡ് വിലയില്‍ ഇടിവ്

സ്വര്‍ണം ചാഞ്ചാട്ടത്തില്‍

Update:2024-07-10 07:55 IST

വില്‍പനസമ്മര്‍ദങ്ങള്‍ക്കിടയിലും ഇന്ത്യന്‍ വിപണി ഇന്നലെ നല്ല കയറ്റം നടത്തി റെക്കോഡ് തിരുത്തി. ഇന്നും കയറ്റം തുടരുമെന്ന പ്രതീക്ഷയിലാണ് ബുള്ളുകള്‍. പാശ്ചാത്യ ഏഷ്യന്‍ സൂചനകള്‍ അത്ര ശക്തമല്ലെങ്കിലും വിപണിയിലെ ആവേശത്തിനു കുറവില്ല. ക്രൂഡ് ഓയില്‍ വില 85 ഡോളറിനു താഴെയായതും വിപണിക്കു സന്തോഷകരമാണ്.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,450ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,485 വരെ കയറിയിട്ട് അല്‍പം താണു. ഇന്ത്യന്‍ വിപണി ഇന്ന് ദുര്‍ബല തുടക്കം കുറിക്കും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി

യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച ഒരു ശതമാനത്തിലധികം താഴ്ന്നു. ഫ്രാന്‍സിലെ രാഷ്ട്രീയ അനിശ്ചിതത്വം ആണു കാരണം. രണ്ടാം പാദത്തില്‍ ബിസിനസ് ലക്ഷ്യം നേടിയില്ല എന്നു കമ്പനി അറിയിച്ചതു ബ്രിട്ടീഷ് പെട്രോളിയം ഓഹരിയെ നാലു ശതമാനം താഴ്ത്തി.
യു.എസ് വിപണികള്‍ ഇന്നലെയും ഭിന്ന ദിശകളില്‍ നീങ്ങി. ഡൗ ജോണ്‍സ് നാമമാത്രമായി താഴ്ന്നു. മറ്റു സൂചികകള്‍ തുടര്‍ച്ചയായ ആറാം ദിവസവും ഉയര്‍ന്നു റെക്കോഡ് കുറിച്ചു.
ഇന്നലെ സെനറ്റ് കമ്മിറ്റിയില്‍ യു.എസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ നടത്തിയ പ്രസ്താവന വിപണിയുടെ പ്രതീക്ഷ പോലെയായി. ഉയര്‍ന്ന പലിശ നീണ്ടുനില്‍ക്കുന്നത് വളര്‍ച്ചയ്ക്കു ദോഷമാകുമെന്നും വിലക്കയറ്റം അല്‍പം കൂടി മെരുങ്ങിയാല്‍ നിരക്കു കുറയ്ക്കുമെന്നും ആണ് പവല്‍ പറഞ്ഞത്. സെപ്റ്റംബറില്‍ നിരക്കു കുറയ്ക്കുെമെന്ന പ്രതീക്ഷ കൂടുതല്‍ ബലപ്പെട്ടു. വ്യാഴാഴ്ച ചില്ലറവിലക്കയറ്റ കണക്ക് അറിയാം. വിലക്കയറ്റം കുറഞ്ഞാല്‍ വിപണിക്കു സമാധാനമാകും. രണ്ടാം പാദ റിസല്‍ട്ടുകള്‍ വിപണിയെ സ്വാധീനിക്കും.
ഇതിനിടെ അടുത്ത രണ്ടു മാസം വിപണി പത്തുശതമാനം തിരുത്തലിലേക്കു വീഴാന്‍ സാധ്യത ഉള്ളതായി ചില നിക്ഷേപ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഡൗ ജോണ്‍സ് സൂചിക 52.82 പോയിന്റ് (0.13%) താഴ്ന്ന് 39,291.97ല്‍ അവസാനിച്ചു. എസ് ആന്‍ഡ് പി 4.13 പോയിന്റ് (0.07%) ഉയര്‍ന്ന് 5576.98ല്‍ ക്ലോസ് ചെയ്തു. നാസ്ഡാക് 25.55 പോയിന്റ് (0.14%) നേട്ടത്തില്‍ 18,429.29ല്‍ വ്യാപാരം അവസാനിപ്പിച്ചു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.04 ശതമാനവും എസ് ആന്‍ഡ് പി 0.10 ശതമാനവും നാസ്ഡാക് 0.12 ശതമാനവും ഉയര്‍ന്നു നില്‍ക്കുന്നു.
മിക്ക ഏഷ്യന്‍ വിപണികളും ഇന്നു തുടക്കത്തില്‍ താഴ്ന്നു. ജാപ്പനീസ്, ഹോങ് കോങ് വിപണികള്‍ ഉയര്‍ന്നു. ജപ്പാനില്‍ നിക്കൈ 41,700 എന്ന റെക്കോര്‍ഡ് മറികടന്നു. ചൈനയിലെ ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കുറവായി.
ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി ചൊവ്വാഴ്ച ചെറിയ കയറ്റത്തില്‍ വ്യാപാരം തുടങ്ങിയിട്ടു കൂടുതല്‍ ഉയര്‍ന്നു. പ്രധാന സൂചികകള്‍ അര ശതമാനത്തോളം കയറി. ഐ.ടിയും ഓയില്‍ - ഗ്യാസും ഒഴികെ എല്ലാ മേഖലകളും നേട്ടം ഉണ്ടാക്കി. ഓട്ടോ (2.23%), ഫാര്‍മ (1.57%), പൊതുമേഖലാ ബാങ്ക് (1.28%), റിയല്‍റ്റി (1.14%), ഹെല്‍ത്ത് കെയര്‍ (1.14%), കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് (1.74 %) തുടങ്ങിയവ നല്ല കയറ്റം കാണിച്ചു.
സെന്‍സെക്‌സ് 391.26 പോയിന്റ് (0.49%) ഉയര്‍ന്ന് 80,351.64ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 112.65 പോയിന്റ് (0.46%) കുതിച്ച് 24,433.20ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.27% (143 പോയിന്റ്) കയറി 52,568.80ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.33 ശതമാനം കൂടി 57,077.55ലും സ്‌മോള്‍ ക്യാപ് സൂചിക 0.26 ശതമാനം കയറി 18,956.75ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകര്‍ ചൊവ്വാഴ്ച ക്യാഷ് വിപണിയില്‍ 314.46 കോടിയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1416.46 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
നിഫ്റ്റി 24,400നു മുകളില്‍ ക്ലോസ് ചെയ്തത് ബുള്ളുകളുടെ ആവേശം വര്‍ധിപ്പിച്ചു. 24,500 കടന്നാല്‍ 24,800 ആകും പ്രധാന തടസമേഖല.
ഇന്നു സൂചികയ്ക്ക് 24,360ലും 24,290ലും പിന്തുണ ഉണ്ട്. 24,445ലും 24,515ലും തടസം ഉണ്ടാകാം.
വാര്‍ത്തകള്‍
പ്രതിരോധമേഖലയിലെ കമ്പനികളില്‍ പണം നിക്ഷേപിക്കുന്ന എച്ച്.ഡി.എഫ്.സി ഡിഫന്‍സ് ഫണ്ട് ജൂലൈ 22 മുതല്‍ പുതിയ എസ്.ഐ.പി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) അപേക്ഷകള്‍ സ്വീകരിക്കുകയില്ലെന്ന് അറിയിച്ചു. നിലവിലുളള എസ്.ഐ.പികള്‍ തുടരും. പുതിയ ലംപ്‌സം നിക്ഷേപങ്ങള്‍ നിയന്ത്രിതമായി മാത്രം സ്വീകരിക്കും. യൂണിറ്റുകള്‍ തിരിച്ചു കൊടുക്കാനും ഫണ്ട് മാറാനും തടസമില്ല. പ്രതിരോധ മേഖലയില്‍ അധികം കമ്പനികള്‍ ഇല്ലാത്തതാണ് പുതിയ നിക്ഷേപം സ്വീകരിക്കുന്നതു കുറയ്ക്കാന്‍ കാരണം. ഇപ്പോള്‍ അസാധാരണ കുതിപ്പ് കാണിക്കുന്ന ഓഹരികളാണു പ്രതിരോധ മേഖലയില്‍ ഉള്ളത്. പലതും മള്‍ട്ടി ബാഗറുകള്‍ ആയി.
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിപണിയില്‍ ചില്ലറ നിക്ഷേപകര്‍ ഇടിച്ചുകയറുന്നത് ദുരന്തത്തിലേക്കു വഴിതെളിക്കുമെന്ന് നിക്ഷേപ വിദഗ്ധന്‍ വിജയ് കേഡിയ പറഞ്ഞു. ഈ അമിതോത്സാഹം നിര്‍ത്താന്‍ സെബി നടപടി എടുക്കണം. എഫ് ആന്‍ഡ് ഒയിലെ ലോട്ട് സൈസ് അഞ്ചു ലക്ഷം രൂപയില്‍ നിന്ന് ഇരുപതോ മുപ്പതോ ലക്ഷം രൂപയാക്കണമെന്ന് സെബിയുടെ ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം ശിപാര്‍ശ ചെയ്തിരുന്നു.
പേയ്ടിഎം ജീവനക്കാരെ പിരിച്ചു വിടുന്നതായുള്ള പരാതി സംബന്ധിച്ചു തൊഴില്‍ മന്ത്രാലയം കമ്പനിക്കു നോട്ടീസ് അയച്ചു. 1600ലധികം പേരെ ഒഴിവാക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഓഹരി കഴിഞ്ഞ ദിവസങ്ങളില്‍ ഗണ്യമായി ഉയര്‍ന്നിരുന്നു. ഇന്നലെ 2.4 ശതമാനം താണു.
സ്വര്‍ണം ചാഞ്ചാട്ടത്തില്‍
സ്വര്‍ണം ചൊവ്വാഴ്ച 2,353 ഡോളറിനും 2,368 ഡോളറിനും ഇടയില്‍ ചാഞ്ചാടിയിട്ട് അല്‍പം നേട്ടത്തോടെ 2,365 ഡോളറില്‍ ക്ലോസ് ചെയ്തു. പലിശക്കാര്യത്തില്‍ വ്യക്തത വന്നിട്ടേ വിപണിക്കു ദിശാബോധം കിട്ടൂ. ഇന്നു രാവിലെ 2,370 ഡോളറിലേക്കു കയറി.
കേരളത്തില്‍ സ്വര്‍ണവില ഇന്നലെ പവന് 280 രൂപ കുറഞ്ഞ് 59,680 രൂപയില്‍ എത്തി. ഇന്ന് അല്‍പം വര്‍ധിക്കാം. വെള്ളിവില ഔണ്‍സിന് 30.72 ഡോളറിലാണ്. കേരളത്തില്‍ വെള്ളി കിലോഗ്രാമിനു 98,000 രൂപയില്‍ തുടര്‍ന്നു.
ഡോളര്‍ സൂചിക ചൊവ്വാഴ്ച അല്‍പം കയറി 105.13ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക105.16 ലേക്കു കയറി.
രൂപ ഇന്നലെയും രാവിലെ കയറിയിട്ട് ക്ലോസിംഗില്‍ ദുര്‍ബലമായി. ഡോളര്‍ ഒരു പൈസ കുറഞ്ഞ് 83.49 രൂപയില്‍ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയില്‍ വില ഇന്നലെ ഒന്നര ശതമാനത്തോളം താണു. ബ്രെന്റ് ഇനം ഇന്നലെ 84.66 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 84.72 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ ഇനം 81.53 ഡോളറിലും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 84.77 ഡോളറിലുമാണ്.
വ്യാവസായിക ലോഹങ്ങള്‍ ചൊവ്വാഴ്ച ദുര്‍ബലമായി. ചെമ്പ് 0.02 ശതമാനം കയറി ടണ്ണിന് 9,762 ഡോളറില്‍ എത്തി. അലൂമിനിയം 0.16 ശതമാനം താഴ്ന്നു ടണ്ണിന് 2,527.35 ഡോളറായി.
ക്രിപ്റ്റാേ കറന്‍സികള്‍ ഉയര്‍ന്നു. ബിറ്റ്‌കോയിന്‍ 57,700 ഡോളറിലാണ്. ഈഥര്‍ 3,050 ഡോളറിലേക്കു കയറി.
വിപണിസൂചനകള്‍
(2024 ജൂലൈ 09, ചാെവ്വ)
സെന്‍സെക്‌സ് 30 80,351.64 +0.49%
നിഫ്റ്റി50 24,433.20 +0.46:%
ബാങ്ക് നിഫ്റ്റി 52,568.80 +0.27%
മിഡ് ക്യാപ് 100 57,077.55 +0.33%
സ്‌മോള്‍ ക്യാപ് 100 18,956.75 +0.26%
ഡൗ ജോണ്‍സ് 30 39,291.97 -0.13%
എസ് ആന്‍ഡ് പി 500 5576.98 +0.07%
നാസ്ഡാക് 18,429.29 +0.14%
ഡോളര്‍($) ₹83.49 -₹0.01
ഡോളര്‍ സൂചിക 105.13 +0.13
സ്വര്‍ണം (ഔണ്‍സ്) $2365.00 -$05.40
സ്വര്‍ണം (പവന്‍) ₹53,680 -₹280
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $84.66 -$01.09
Tags:    

Similar News