ആശ്വാസറാലി പ്രതീക്ഷിച്ച് ഇന്ത്യൻ വിപണി; ഏഷ്യൻ വിപണികൾ കുതിപ്പിൽ; ക്രൂഡ് ഓയിൽ വില താഴുന്നു
യു.എസ് 10 വർഷ കടപ്പത്രങ്ങൾ ഇന്നലെ ഉയർന്നു. 4.647 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന വിലയിലേക്കു കയറി.
ആശ്വാസ റാലിയോ പഴയ മുന്നേറ്റത്തിന്റെ തുടർച്ചയോ പ്രതീക്ഷിച്ചാണ് ഇന്ന് ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെച്ചൊല്ലി അധികം വേവലാതി വേണ്ടെന്ന് അമേരിക്കൻ വിപണി തീരുമാനിച്ചത് ഇന്ന് മറ്റ് ഏഷ്യൻ വിപണികളെപ്പാേലെ ഇന്ത്യൻ വിപണിയെയും തുണയ്ക്കും.
വ്യാഴാഴ്ച ചില്ലറ വിലക്കയറ്റ കണക്ക് പുറത്തു വരുന്നതു വിപണിയുടെ ഗതി നിർണയിക്കും. നാളെ ടി.സി.എസിന്റെ രണ്ടാം പാദ റിസൽട്ട് വരുന്നത് ഐടി കമ്പനികളുടെ പ്രകടനത്തിന്റെ ആമുഖമാകും.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,600 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,625 ലേക്ക് കയറി. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച മുക്കാൽ ശതമാനത്തോളം ഇടിഞ്ഞു. ക്രൂഡ് വിലയും സംഘർഷവുമാണ് കാരണം. ഇന്നു ഫ്യൂച്ചേഴ്സ് ചെറിയ താഴ്ചയിലാണ്.
യു.എസ് വിപണി തിങ്കളാഴ്ച മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് 197.07 പോയിന്റ് (0.59%) കയറി 33,604.65 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 27.16 പോയിന്റ് (0.63%) ഉയർന്ന് 4335.66 ൽ അവസാനിച്ചു. നാസ്ഡാക് 52.9 പോയിന്റ് (0.39%) കയറി 13,484.24ലും ക്ലോസ് ചെയ്തു. തുടക്കത്തിൽ ഗണ്യമായി താഴ്ന്ന ശേഷമാണു യു.എസ് ഓഹരികൾ നേട്ടത്തിലായത്. യുദ്ധവും ക്രൂഡ് വിലക്കയറ്റവും നീണ്ടു നിൽക്കില്ല എന്ന വിലയിരുത്തലിലാണു വിപണി. യുദ്ധം പടരാനിടയില്ലെന്നും അവർ കണക്കാക്കുന്നു.
യു.എസ് 10 വർഷ കടപ്പത്രങ്ങൾ ഇന്നലെ ഉയർന്നു. 4.647 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന വിലയിലേക്കു കയറി. വെള്ളിയാഴ്ച 4.88 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന വിലയിലേക്കു താണതാണ്.
ഏഷ്യൻ വിപണികൾ ഇന്നു കുതിപ്പിലാണ്. ജപ്പാനിൽ നിക്കൈ 2.25 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ, കൊറിയൻ വിപണികൾ ഒരു ശതമാനത്തിലധികം കയറി. ചെെനയിലും ഓഹരികൾ ഉയർന്നു.
ഇന്ത്യൻ വിപണി
യുദ്ധവും ക്രൂഡ് ഓയിൽ വിലക്കയറ്റവും മൂലം ഇന്ത്യൻ വിപണി തിങ്കളാഴ്ച താഴ്ന്നു തുടങ്ങി, കൂടുതൽ താണു, തിരിച്ചു കയറാൻ ശ്രമിച്ചെങ്കിലും വലിയ നഷ്ടത്തിൽ വ്യാപാരം അവസാനിച്ചു.
സെൻസെക്സ് 65,434 വരെയും നിഫ്റ്റി 19,480 വരെയും താഴ്ന്നതാണ്. സെൻസെക്സ് 483.24 പോയിന്റ് (0.73%) ഇടിഞ്ഞ് 65,512.39 ൽ അവസാനിച്ചു. നിഫ്റ്റി 141.15 പോയിന്റ് (0.72%) താഴ്ന്ന് 19,512.35 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 474.1 പോയിന്റ് (1.07%) തകർച്ചയോടെ 43,886.5 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.34 ശതമാനം ഇടിഞ്ഞ് 39,744.65 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 1.78 ശതമാനം തകർച്ചയിൽ 12,609-ൽ അവസാനിച്ചു.
വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 997.76 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2661.27 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഹെൽത്ത് കെയർ ഒഴികെ എല്ലാ മേഖലകളും ഇന്നലെ നഷ്ടത്തിലായിരുന്നു. 3.09 ശതമാനം ഇടിഞ്ഞ പൊതുമേഖലാ ബാങ്കുകൾ നഷ്ടത്തിനു മുന്നിൽ നിന്നു. ധനകാര്യ സേവനങ്ങൾ, മീഡിയ, മെറ്റൽ, റിയൽറ്റി, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയവയും വലിയ നഷ്ടത്തിലായി. ഐടി ഓഹരികൾ രാവിലെ ഉയർന്നെങ്കിലും ഉച്ചയ്ക്കു ശേഷം അൽപം താഴ്ചയിലായി.
ഇന്ത്യൻ വിപണി 19,500-ലെ സപ്പോർട്ട് മേഖലയിൽ നിന്ന് മുന്നേറ്റം തുടരുമെന്ന വിലയിരുത്തലാണുള്ളത്. ഇന്നു നിഫ്റ്റിക്ക് 19,485 ലും 19,420 ലും പിന്തുണ ഉണ്ട്. 19,570 ഉം 19,635 ഉം തടസങ്ങളാകും.
അലൂമിനിയവും ലെഡും ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ഉയർന്നു. അലൂമിനിയം 0.21 ശതമാനം താണു ടണ്ണിന് 2238.29 ഡോളറിലായി. ചെമ്പ് 1.63 ശതമാനം ഉയർന്നു ടണ്ണിന് 8015.4 ഡോളറിലെത്തി. ലെഡ് 1.39 ശതമാനം താണു. സിങ്ക് 0.07 ഉം നിക്കൽ 1.84 ഉം ടിൻ 2.88 ഉം ശതമാനം കയറി.
ക്രൂഡ് ഓയിലും സ്വർണവും
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ നാലു ശതമാനത്തിലധികം കയറി. എന്നാൽ ഇന്നു രാവിലെ അൽപം താഴ്ചയിലാണ്. ബ്രെന്റ് ഇനം ക്രൂഡ് 87.75 ഡോളറിലും ഡബ്ള്യുടിഐ ഇനം 85.93 ഡോളറിലും എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 89.85 ഡോളറിലാണ്.
സ്വർണവില വീണ്ടും ഉയർന്നു. തിങ്കളാഴ്ച1861.9 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1865 ലേക്ക് കയറി.
കേരളത്തിൽ ഇന്നലെ പവൻവില 160 രൂപ കൂടി 42,680 രൂപയിൽ എത്തി. ഇന്നും വില കൂടും എന്നാണു സൂചന.
ഡോളർ തിങ്കളാഴ്ച 83.27 രൂപയിൽ ക്ലോസ് ചെയ്തു. ഡോളറിന്റെ ഏറ്റവും ഉയർന്ന ക്ലോസിംഗാണിത്.
ഡോളർ സൂചിക ഇന്നലെ 106.08 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.95 ലേക്കു താണു. രൂപയ്ക്കു സഹായകമാണ് ഈ മാറ്റം.
ക്രിപ്‌റ്റോ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ്കോയിൻ 27,500 നു സമീപമാണ്.
വിപണി സൂചനകൾ
(2023 ഒക്ടോബർ 9, തിങ്കൾ)
സെൻസെക്സ് 30 65,512.39 -0.73%
നിഫ്റ്റി 50 19, 512.35 -0.72%
ബാങ്ക് നിഫ്റ്റി 43,886.50 -1.07%
മിഡ് ക്യാപ് 100 39,744.65 -1.34%
സ്മോൾ ക്യാപ് 100 12,609.00 -1.78%
ഡൗ ജോൺസ് 30 33,604.60 +0.59%
എസ് ആൻഡ് പി 500 4335.66 +0.63%
നാസ്ഡാക് 13,484.20 +0.39%
ഡോളർ ($) ₹83.27 +₹0.02
ഡോളർ സൂചിക 106.08 +00.04
സ്വർണം(ഔൺസ്) $1861.90 +$27.80
സ്വർണം(പവൻ) ₹42,680 +₹160.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $88.15 +$3.57