ബാഹ്യ സൂചനകൾ ആവേശകരം; ടി.സി.എസും ഇൻഫിയും ഗതി നിർണയിക്കും; ചില്ലറ വിലക്കയറ്റം കൂടുമെന്നു സൂചന
ക്രിപ്റ്റോ കറൻസികൾക്ക് അംഗീകാരം വരുന്നു
യു.എസ് വിപണികൾ ആവേശ ചിത്രമാണ് ഇന്നലെ രാത്രി നൽകിയത്. ഇന്നു രാവിലെ ഏഷ്യൻ വിപണികളും ഉത്സാഹം പ്രകടിപ്പിക്കുന്നു. അതിന്റെ തുടർച്ച ഇന്ത്യയിൽ പ്രതീക്ഷിക്കുന്നുണ്ട്. അതേ സമയം ഇന്നു പുറത്തു വരുന്ന ടിസിഎസ്, ഇൻഫോസിസ് റിസൽട്ടുകൾ വിപണിഗതിയെ സ്വാധീനിക്കും.
ബുധനാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 21,710.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 21,733 വരെ കയറി. ഇന്ത്യൻ വിപണി അൽപം ഉയർന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
ബുധനാഴ്ചയും യൂറോപ്യൻ വിപണികൾ താഴ്ചയിലായി.
എന്നാൽ യു.എസ് വിപണി ബുധനാഴ്ച ഗണ്യമായ നേട്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് 170.57 പോയിന്റ് (0.45%) ഉയർന്ന് 37,695.73 ൽ ക്ലോസ് ചെയ്തപ്പോൾ എസ് ആൻഡ് പി 26.95 പോയിന്റ് (0.57%) കയറി 4783.45 ൽ അവസാനിച്ചു. നാസ്ഡാക് 111.94 പോയിന്റ് (0.75%) ഉയർന്ന് 14,969.65 ൽ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ ഉയർച്ചയിലാണ്. ഡൗ 0.09 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.23 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
യു.എസ് 10 വർഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം 4.028 ശതമാനമായി ഉയർന്നു.
ഇന്നു വരുന്ന യു.എസ് ചില്ലറ വിലക്കയറ്റ കണക്കിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. ഡിസംബറിൽ 3.2 ശതമാനം വിലക്കയറ്റമാണു പ്രതീക്ഷ. നവംബറിൽ 3.1 ശതമാനമായിരുന്നു. ഫെഡറൽ റിസർവ് പലിശനിരക്ക് നിശ്ചയിക്കുന്നതിന് ആധാരമാക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ഇത്.
ഏഷ്യൻ വിപണികൾ ഇന്ന് കയറ്റത്തിലാണ്. ജാപ്പനീസ് നിക്കൈ സൂചിക രണ്ടു ശതമാനം കയറി 35,000 നു മുകളിൽ എത്തി. 1990-നു ശേഷം ആദ്യമാണ് ഈ ഉയരത്തിൽ എത്തുന്നത്. ഓസ്ട്രേലിയൻ, കൊറിയൻ വിപണികളും ഉയർന്നു.
ചെെനീസ് വിപണികൾ ഇന്നും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.
ഇന്ത്യൻ വിപണി
ബുധനാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങി.പിന്നീടു ചാഞ്ചാടി. ഉച്ചയ്ക്കു ശേഷം വിപണി ചാഞ്ചാട്ടം മാറ്റി കയറ്റത്തിലായി. സെൻസെക്സ് 71,110 വരെ താഴ്ന്നിട്ട് 71, 734 വരെയും നിഫ്റ്റി 21,448 വരെ താഴ്ന്നിട്ട് 21,642 വരെയും കയറിയിട്ടാണ് ക്ലോസ് ചെയ്തത്.
സെൻസെക്സ് 271.50 പോയിന്റ് (0.38%) ഉയർന്ന് 71,657.71 ലും നിഫ്റ്റി 73.85 പോയിന്റ് (0.34%) കയറി 21,618.70 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 118.20 പോയിന്റ് (0.25%) ഉയർന്ന് 47,360.85 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.29 ശതമാനം ഉയർന്ന് 47,107.15 ലും സ്മോൾ ക്യാപ് സൂചിക 0.15 ശതമാനം താഴ്ന്ന് 15,386.70 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപ ഫണ്ടുകൾ ബുധനാഴ്ച ക്യാഷ് വിപണിയിൽ 1721.35 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2080.01 കോടിയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിക്ക് ഇന്ന് 21,555 ലും 21,400 ലും പിന്തുണ ഉണ്ട്. 21,635 ഉം 21,800 ഉം തടസങ്ങളാകാം.
ഇന്നു ടി.സി.എസും ഇൻഫോസിസ് ടെക്നോളജീസും മൂന്നാം പാദ ഫലങ്ങൾ പ്രസിദ്ധീകരിക്കും. ടിസിഎസ് ഒറ്റയക്ക വരുമാന - ലാഭ വളർച്ചകൾ കാണിക്കും എന്നാണു നിഗമനം. വരുമാനം 60,400 കോടി രൂപയിലും ലാഭം 11,620 കോടി രൂപയിലും എത്തുമെന്നു ബ്രോക്കറേജുകൾ കണക്കാക്കുന്നു. ഇൻഫി വരുമാനം നാമമാത്രമായി കൂടി 38,660 കോടിയും അറ്റാദായം ഏഴു ശതമാനം കുറഞ്ഞ് 6100 കോടി രൂപയും ആകുമെന്നാണു കണക്കുകൂട്ടൽ.
ഇന്നലെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി 2.9 ശതമാനം വരെ ഉയർന്ന് 2659 രൂപയിൽ എത്തി.
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി ഇന്നലെ വിഭജിച്ചു. മുഖവില 10 രൂപയിൽ നിന്ന് അഞ്ചു രൂപയാക്കി. ഓഹരിവില 20 ശതമാനം കയറി. തലേന്ന് 1338 രൂപയിൽ അവിഭക്ത ഓഹരി
ക്ലോസ് ചെയ്ത സ്ഥാനത്ത് വിഭക്ത ഓഹരി 802.40 രൂപയിൽ എത്തി.
റെയിൽവേയുടെ പൊതുമേഖലാ കമ്പനികൾ ഇന്നലെ രണ്ടു മുതൽ ഏഴു വരെ ശതമാനം ഉയർന്നു.
റിലയൻസിന്റെ കീഴിലുള്ള ടിവി18 ബ്രോഡ്കാസ്റ്റ് 17 ഉം നെറ്റ് വർക്ക്18 ഇരുപതും ശതമാനം കുതിച്ചു. ഡിസ്നിയുടെ ഇന്ത്യൻ ബിസിനസ് റിലയൻസിൽ ലയിപ്പിക്കുന്നതിന്റെ സാഹചര്യത്തിലാണ് ഈ കയറ്റം.
കൂടുതൽ ഇലക്ട്രിക് ബസുകൾക്ക് ഓർഡർ ലഭിക്കുമെന്ന സൂചനയിൽ ഒലെക്ട്ര ഗ്രീൻടെക് ഓഹരി 10 ശതമാനം ഉയർന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില ഇന്നലെയും കയറിയിറങ്ങി. ബ്രെന്റ് ഇനം ക്രൂഡ് 76.91 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 77.09ലേക്കു കയറി. ഡബ്ള്യുടിഐ ഇനം 71.64 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 77.35 ഡോളറിലെത്തി.
സ്വർണം ലോക വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 2020-2040 ഡോളറിൽ കയറിയിറങ്ങിയിട്ട് 2027.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2026.90 ലേക്കു താണു.
ബുധനാഴ്ച കേരളത്തിൽ പവൻവില മാറ്റമില്ലാതെ 46,160 രൂപയിൽ തുടർന്നു.
ഡോളർ സൂചിക ബുധനാഴ്ച താഴ്ന്ന് 102.36- ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.29 ആയി.
ബുധനാഴ്ച ഡോളർ എട്ടു പൈസ താഴ്ന്ന് 83.03 രൂപയിൽ ക്ലോസ് ചെയ്തു.
ക്രിപ്റ്റാേ കറൻസി ഇടിഎഫ് അനുവദിക്കാൻ നീക്കം
ക്രിപ്റ്റോ ഇ.ടി.എഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) അനുവദിക്കാൻ തക്കവിധം ചട്ടങ്ങളിൽ മാറ്റം വരുത്താൻ യുഎസ് എസ്ഇസി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ) നടപടി തുടങ്ങി. കുറേ മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. അതിനിടെ പല വ്യാജവാർത്തകളും പ്രചരിച്ചിരുന്നു.
സ്പോട്ട് ഇടിഎഫ് തുടങ്ങുന്നതോടെ ക്രിപ്റ്റോ കറൻസികളിലേക്കു വലിയ തോതിൽ പുതിയ നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ പ്രധാനമായും ചെറുപ്പക്കാരുടെ മേഖലയായ ക്രിപ്റ്റോ നിക്ഷേപത്തിലേക്ക് വലിയ ഫണ്ടുകളും കടന്നു വരും എന്നതാണ് ഈ അംഗീകാരത്തിന്റെ പ്രായോഗിക ഫലം.
എസ്.ഇ.സി നീക്കത്തെ തുടർന്ന് ബിറ്റ് കോയിൻ വില ചാഞ്ചാടി. പിന്നീട് അൽപം താണു. എന്നാൽ മറ്റു ക്രിപ്റ്റോ കറൻസികൾ കുതിച്ചു. ബിറ്റ്കോയിൻ ഇന്നു രാവിലെ 46,700 ഡോളറിലാണ്. ഈതർ 15 ശതമാനം കുതിച്ചു 2600 ഡോളറിൽ എത്തി. ലൈറ്റ് കോയിൻ എട്ടും എക്സ് ആർപി അഞ്ചും ശതമാനം കയറി.
ചില്ലറ വിലക്കയറ്റം വീണ്ടും കയറുന്നു
ഡിസംബറിലെ ചില്ലറ വിലക്കയറ്റ കണക്ക് നാളെയും മൊത്തവിലക്കയറ്റ കണക്ക് തിങ്കളാഴ്ചയും പ്രസിദ്ധീകരിക്കും. നവംബറിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി)യും നാളെ പ്രസിദ്ധീകരിക്കും. വൈകുന്നേരം 5.30 നാണു പ്രസിദ്ധീകരണം.
ചില്ലറ വിലക്കയറ്റം (സി.പി.ഐ) 5.9 ശതമാനമായി ഉയരും എന്നാണു ധനശാസ്ത്രജ്ഞരുടെ പൊതുനിഗമനം. ഇതു നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാകും. നവംബറിൽ 5.55 ശതമാനമായിരുന്നു. പച്ചക്കറികളുടെയും ധാന്യങ്ങളുടെയും വിലക്കയറ്റമാണു നിരക്ക് താഴുന്നതിനു തടസം.
ചില്ലറ വിലക്കയറ്റം നാലു ശതമാനത്തിലേക്കു ചുരുക്കുകയാണു റിസർവ് ബാങ്കിന്റെ ലക്ഷ്യം. പക്ഷേ അത് എളുപ്പമല്ലെന്നാണ് സൂചന. ഓഗസ്റ്റിൽ 6.83 ശതമാനമായിരുന്ന വിലക്കയറ്റം സെപ്റ്റംബറിൽ 5.02 ശതമാനവും ഒക്ടോബറിൽ 4.87 ശതമാനവും ആയി കുറഞ്ഞിരുന്നു. പിന്നീടാണ് കയറ്റം തുടങ്ങിയത്.
ഇന്ധന, ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം നാലു ശതമാനത്തിനു താഴെയാകുമെന്ന് ബാർക്ലേയ്സ് ബാങ്ക് വിലയിരുത്തി. നവംബറിലെ 4.05-ൽ നിന്ന് 3.99 ശതമാനമാകുമെന്നാണു ബാങ്ക് പറയുന്നത്. അതേ സമയം ഡിസംബറിലെ ഭക്ഷ്യവിലക്കയറ്റം എട്ടിൽ നിന്ന് 8.3 ശതമാനമായി കൂടും എന്നു ബാങ്ക് കണക്കാക്കുന്നു.
നവംബറിലെ മൊത്തവില സൂചിക 0.26 ശതമാനം വർധിച്ചിരുന്നു. ഒക്ടോബറിൽ 0.52 ശതമാനം ചുരുങ്ങിയതാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ മൊത്തവില സൂചിക കുറഞ്ഞു വരികയായിരുന്നു. ഡിസംബറിൽ ചെറിയ കയറ്റം പ്രതീക്ഷിക്കുന്നുണ്ട്.
നവംബറിലെ വ്യവസായ ഉൽപാദന വളർച്ച 3.5 ശതമാനമായി കുറയും എന്നാണു ധനശാസ്ത്രജ്ഞരുടെ നിഗമനം.
വിപണിസൂചനകൾ(2024 ജനുവരി 10, ബുധൻ)
സെൻസെക്സ്30 71,657.71 +0.38%
നിഫ്റ്റി50 21,618.70 +0.34%
ബാങ്ക് നിഫ്റ്റി 47,360.85 +0.25%
മിഡ് ക്യാപ് 100 47,107.15 +0.29%
സ്മോൾ ക്യാപ് 100 15,386.70 -0.15%
ഡൗ ജോൺസ് 30 37,695.73 +0.45%
എസ് ആൻഡ് പി 500 4783.45 +0.57%
നാസ്ഡാക് 14,969.65 +0.75%
ഡോളർ ($) ₹83.03 -₹0.08
ഡോളർ സൂചിക 102.36 -0.16
സ്വർണം (ഔൺസ്) $2027.30 -$02.80
സ്വർണം (പവൻ) ₹46,160 ₹00.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $76.91 -$0.51