വിപണികൾ കുതിപ്പിൽ; 20,000 ലക്ഷ്യമിട്ട് നിഫ്റ്റി; ആദായനികുതി പിരിവിൽ വലിയ വളർച്ച
ഇന്ത്യയുടെ വളർച്ച പ്രതീക്ഷ ഉയർത്തി ഐ.എം.എഫ്
വിപണികൾ ഉത്സാഹത്തിലാണ്. യൂറോപ്പ് ഇന്നലെ രണ്ടു ശതമാനം കയറി. തലേന്ന് കുതിച്ച യു.എസ് മാർക്കറ്റ് ഇന്നലെ അരശതമാനം കൂടി ഉയർന്നു. ഏഷ്യയിൽ ഇന്നു നല്ല മുന്നേറ്റം ഉണ്ട്. യു.എസ് കടപ്പത്രങ്ങളുടെ വിലയിടിവ് മാറി അവയിലെ നിക്ഷേപനേട്ടം കുറഞ്ഞതാണു യുദ്ധകാലത്തും വിപണികളെ ഉയർത്തുന്നത്. ക്രൂഡ് ഓയിൽ വിലയിലെ കയറ്റവും നിലച്ച മട്ടാണ്.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വ രാത്രി 19,776 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,800 ലേക്ക് കയറി. ഇന്ത്യൻ വിപണി ഇന്നും നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ഇന്നലെ രണ്ടു ശതമാനത്തലധികം കയറി. പ്രകൃതിവാതകവില കുതിച്ചു കയറിയെങ്കിലും ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നത് വിപണിക്ക് ആശ്വാസമായി.
യു.എസ് വിപണി ചൊവ്വാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് 134.65 പോയിന്റ് (0.40%) കയറി 33,739.3 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 22.58 (0.52%) ഉയർന്ന് 4358.24 ൽ അവസാനിച്ചു. നാസ്ഡാക് 78.61 പോയിന്റ് (0.58%) കയറി 13,562.84ലും ക്ലോസ് ചെയ്തു.
ക്രൂഡ് വില താണു തുടങ്ങിയതു വിപണിയെ ഉത്തേജിപ്പിച്ചു. കടപ്പത്ര വില ഉയർന്നതും പലിശനിരക്ക് അധികം കൂട്ടേണ്ടി വരില്ലെന്നു ഫെഡ് അധികൃതർ സൂചിപ്പിച്ചതും വിപണിക്കു കരുത്തായി.
യു.എസ് 10 വർഷ കടപ്പത്രങ്ങൾ ഇന്നലെയും ഉയർന്നു. 4.641 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന വിലയിലാണു ബോണ്ടുകൾ ഇപ്പോൾ.
ഏഷ്യൻ വിപണികൾ ഇന്നും കുതിപ്പിലാണ്. ജപ്പാനിൽ നിക്കൈ അര ശതമാനം ഉയർന്നു. കൊറിയൻ വിപണി രണ്ടു ശതമാനം ഉയർന്നാണു വ്യാപാരം തുടങ്ങിയത്. ഓസ്ട്രേലിയൻ വിപണിയും നേട്ടത്തിലാണ്. ചെെനയിലും ഓഹരികൾ ഉയർന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചൊവ്വാഴ്ച ആവേശത്തോടെ ഉയർന്നു വ്യപാരം തുടങ്ങി, അവസാനം വരെ ആവേശം നിലനിർത്തി. ഇന്നലെ സെൻസെക്സ് 66,180 വരെയും നിഫ്റ്റി 19,718 വരെയും കയറി. സെൻസെക്സ് 566.97 പോയിന്റ് (0.87%) ഉയർന്ന് 66,079.36 ൽ അവസാനിച്ചു. നിഫ്റ്റി 177.5 പോയിന്റ് (0.91%) കുതിച്ച് 19,689.85 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 473.65 പോയിന്റ് (1.08%) കയറി 44,360.15 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.36 ശതമാനം ഉയർന്ന് 40,285.5 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 1.2 ശതമാനം കയറി 12,760.25-ൽ അവസാനിച്ചു.
വിദേശ നിക്ഷേപകർ വിൽപന തുടരുകയാണ്. ഇന്നലെ അവർ ക്യാഷ് വിപണിയിൽ 1005.49 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1963.34 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഹെൽത്ത് കെയർ ഒഴികെ എല്ലാ മേഖലകളും ഇന്നലെ നേട്ടത്തിലാണ് അവസാനിച്ചത്. 4.01 ശതമാനം കയറ്റവുമായി റിയൽറ്റി സൂചിക നേട്ടത്തിനു മുന്നിൽ നിന്നു. പൊതുമേഖലാ ബാങ്കുകളുടെ സൂചിക 2.08 ശതമാനം കയറി. ധനകാര്യ സേവനങ്ങൾ, മീഡിയ, മെറ്റൽ, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ്, ഐടി തുടങ്ങിയവയും നല്ല നേട്ടമുണ്ടാക്കി.
സ്വർണ വിലയിലെ വർധന മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ജനറൽ ഫിനാൻസ് തുടങ്ങിയ സ്വർണപ്പണയ കമ്പനികളുടെ ഓഹരിവില ഉയർത്തി. കല്യാൺ ജ്വല്ലേഴ്സ് ഇന്നലെ റിക്കാർഡ് ഉയരത്തിലെത്തി. ടൈറ്റൻ, ടിബിസെഡ് തുടങ്ങിയ ജ്വല്ലറി ഓഹരികളും കയറി.
റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് രണ്ടാം പാദം മികച്ചതായിരുന്നു. പുറവങ്കരയുടെ വിൽപനവിലയിൽ ഏഴു ശതമാനം വളർച്ചയുണ്ട്. ചതുരശ്ര അടിക്ക് 7419 രൂപയുടെ സ്ഥാനത്ത് 7947 രൂപ വച്ച് കിട്ടി. ഓഹരി വില ഇന്നലെ 14 ശതമാനം കയറി. വിറ്റുവരവിൽ 52 ശതമാനം വളർച്ച ഉള്ള അജ്മേര റിയൽറ്റി ഓഹരി 15 ശതമാനം ഉയർന്നു.
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെ തിരിച്ചു കയറി.
ഇന്ത്യൻ വിപണി കുതിപ്പിന്റെ തുടക്കത്തിലാണെന്ന വിലയിരുത്തലാണ് സാങ്കേതിക വിശകലനക്കാർക്ക് ഉള്ളത്. 20,000 കടക്കാനുള്ള കരുത്ത് ഈ മുന്നേറ്റത്തിനുണ്ടോ എന്ന് ഇന്നത്തെ വിപണിഗതിയിൽ നിന്നു മനസിലാക്കാം. ഇന്നു നിഫ്റ്റിക്ക് 19,600 ലും 19,495 ലും പിന്തുണ ഉണ്ട്. 19,715 ഉം 19,810 ഉം തടസങ്ങളാകും.
ക്രൂഡ് ഓയിലും സ്വർണവും
ആഗോള വളർച്ചയെപ്പറ്റിയുള്ള ആശങ്കയും ചെെനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ് അകലെയാണെന്ന വിലയിരുത്തലും വ്യാവസായിക ലോഹങ്ങളുടെ വില ഇടിച്ചു. അലൂമിനിയം 0.71 ശതമാനം താണു ടണ്ണിന് 2222.51 ഡോളറിലായി. ചെമ്പ് 1.35 ശതമാനം ഇടിഞ്ഞു ടണ്ണിന് 7907.4 ഡോളറിലെത്തി. ലെഡ് 2.31 ഉം സിങ്ക് 1.53 ഉം നിക്കൽ 1.85 ഉം ടിൻ 0.81 ഉം ശതമാനം താഴ്ന്നു.
ക്രൂഡ് ഓയിൽ ഉയർന്ന നിവാരത്തിൽ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് 87.73 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം 85.96 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 89.71 ഡോളറിലും വ്യാപാരം നടക്കുന്നു.
സ്വർണവില ഉയർന്ന നിലയിൽ തുടരുകയാണ്. ചൊവ്വാഴ്ച 1861 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1862 ലേക്ക് കയറി.
കേരളത്തിൽ ഇന്നലെ പവൻവില 240 രൂപ കൂടി 42,920 രൂപയിൽ എത്തി.
ഡോളർ ചൊവ്വാഴ്ച മൂന്നു പെെസ കുറഞ്ഞ് 83.24 രൂപയിൽ ക്ലോസ് ചെയ്തു. രൂപ ഇന്നും നേട്ടം ഉണ്ടാക്കാൻ സാധ്യത ഉണ്ട്.
ഡോളർ സൂചിക ഇന്നലെ താഴ്ന്ന് 105.83 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.71 ലേക്കു താണു. രൂപയ്ക്കു സഹായകമാണ് ഈ മാറ്റം.
ക്രിപ്‌റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബിറ്റ്കോയിൻ 27,500 നു സമീപമാണ്.
വളർച്ചപ്രതീക്ഷ ഉയർത്തി ഐ.എം.എഫ്
ഐ.എം.എഫ് ഇന്ത്യയുടെ വളർച്ച പ്രതീക്ഷ അൽപം ഉയർത്തി. 6.1 ശതമാനം വളരും എന്നത് 6.3 ശതമാനം വളരും എന്നാണ് മാറ്റിയത്. ഇന്ത്യ ഈ ധനകാര്യ വർഷം 6.5 ശതമാനം വളരുമെന്ന റിസർവ് ബാങ്ക് നിഗമനത്തെ ശരിവയ്ക്കുന്നതാണിത്. അടുത്ത വർഷവും 6.3 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.
അതേ സമയം ചൈനയുടെ വളർച്ച 2023 ൽ അഞ്ചും 2024-ൽ 4.2 ഉം ശതമാനം മാത്രമായിരിക്കും എന്ന് ഫണ്ട് കണക്കാക്കുന്നു.യു.എസ് വളർച്ച ഇക്കൊല്ലം 2.1ഉം 2024 ൽ 1.5 ഉം ശതമാനം ആയിരിക്കും. ആഗോള വളർച്ച ഇക്കൊല്ലം മൂന്നും 2024 - ൽ 2.9 ഉം ശതമാനം ആകുമെന്ന വിലയിരുത്തലാണ് ഐ.എം.എഫിന് ഉള്ളത്.
നികുതി പിരിവിൽ വലിയ വളർച്ച
പ്രത്യക്ഷ നികുതി വരുമാനത്തിൽ ഗണ്യമായ വർധന. ഒക്ടോബർ ഒൻപതു വരെയുള്ള നികുതി പിരിവിൽ തലേ വർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധന ഉണ്ട്. റീഫണ്ടുകൾക്കു ശേഷം വരുമാനം 21.8 ശതമാനം വർധിച്ചു. ഈ വർഷവും ബജറ്റിൽ ലക്ഷ്യമിട്ടതിനേക്കാൾ ഗണ്യമായ വർധന പ്രത്യക്ഷ നികുതി പിരിവിൽ ഉണ്ടാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ തീയതി വരെ 9.38 ലക്ഷം കോടി രൂപ നികുതിയായി ലഭിച്ചു. ഇത്തവണ 11.07 ലക്ഷം കോടി. റീഫണ്ടിനു ശേഷമുള്ള തുക 7.86 ലക്ഷം കോടിയിൽ നിന്ന് 9.57 ലക്ഷം കോടിയായി.
വ്യക്തിഗത ആദായ നികുതിയിൽ 10.5ഉം കമ്പനികളുടെ ആദായനികുതിയിൽ 9.5 ഉം ശതമാനം വളർച്ചയാണു ബജറ്റിൽ പ്രതീക്ഷക്കുന്നത്. ഒക്ടോബർ ഒൻപതു വരെ വ്യക്തിഗത നികുതിയിൽ 31.85 ശതമാനം വളർച്ചയുണ്ട്. കമ്പനി നികുതിയിൽ 12.39 ശതമാനമാണു വളർച്ച.
വിപണി സൂചനകൾ
(2023 ഒക്ടോബർ 10, ചൊവ്വ)
സെൻസെക്സ് 30 66,079.36 +0.87%
നിഫ്റ്റി 50 19,689.85 +0.91%
ബാങ്ക് നിഫ്റ്റി 44,360.15 +1.08%
മിഡ് ക്യാപ് 100 40,289.50 +1.36%
സ്മോൾ ക്യാപ് 100 12,760.25 +1.2%
ഡൗ ജോൺസ് 30 33,739.30 +0.40%
എസ് ആൻഡ് പി 500 4358.24 +0.52%
നാസ്ഡാക് 13,562.80 +0.58%
ഡോളർ ($) ₹83.24 -₹0.03
ഡോളർ സൂചിക 105.83 -00.25
സ്വർണം(ഔൺസ്) $1861.00 -$00.90
സ്വർണം(പവൻ) ₹42,920 +₹240.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $87.72. -$0.43