എണ്ണവിലയില്‍ തട്ടി ഒ.എന്‍.ജി.സിയും ഓയില്‍ ഇന്ത്യയും, മുന്നേറ്റം തുടര്‍ന്ന് സുസ്‌ലോണ്‍; വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു

വില്‍പ്പന ശിപാര്‍ശയില്‍ തളര്‍ന്ന് ടാറ്റ മോട്ടോഴ്‌സ്

Update:2024-09-11 10:35 IST

താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി കൂടുതല്‍ താഴ്ന്നിട്ടു തിരിച്ചു കയറി. പിന്നീടു ചാഞ്ചാട്ടത്തിലായി.

ക്രൂഡ് ഓയില്‍ വില താഴ്ന്നതിനെ തുടര്‍ന്ന് ഒ.എന്‍.ജി.സിയും ഓയില്‍ ഇന്ത്യയും നാലു ശതമാനം വരെ താഴ്ന്നു. അതേ കാരണത്താല്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഉയര്‍ന്നു.
എയര്‍ക്രാഫ്റ്റ് മാനേജ്‌മെന്റിനുള്ള സോഫ്റ്റ് വേറിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയതിനെ തുടര്‍ന്ന് രാംകോ സിസ്റ്റംസ് ഓഹരി 10 ശതമാനം ഉയര്‍ന്നു.
ഗോവയിലെ പ്ലാന്റ് പ്രവര്‍ത്തനം പുനരാരംഭിച്ചതിനെ തുടര്‍ന്ന് ഗോവ കാര്‍ബണ്‍ ലിമിറ്റഡ് ഓഹരി അഞ്ചു ശതമാനം കയറി.
വിദേശ നിക്ഷേപ ബാങ്ക് യു.ബി.എസ് വില്‍പന ശിപാര്‍ശ നല്‍കിയതിനെ തുടര്‍ന്ന് ടാറ്റാ മോട്ടോഴ്‌സ് ഓഹരി അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. ജെ.എല്‍.ആര്‍ ലാഭം ഇടിയുമെന്നും അതു ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരിയെ 20 ശതമാനം ഇടിക്കുമെന്നും യു.ബി.എസ് വിലയിരുത്തി.
സുസ്ലോണ്‍ എനര്‍ജി ഇന്നും അഞ്ചു ശതമാനം കയറി. ഈ വര്‍ഷം ഇതുവരെ 112 ശതമാനം കുതിപ്പാണ് ഓഹരിക്കുണ്ടായത്.
രൂപ ഇന്നു രാവിലെ നാമമാത്രമായി ഉയര്‍ന്നു. ഡോളര്‍ ഒരു പൈസ കുറഞ്ഞ് 83.97 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോക വിപണിയില്‍ 2,519 ഡോളറിലാണ്. കേരളത്തില്‍ പവന് 280 രൂപ കൂടി 53,720 രൂപയായി.
ക്രൂഡ് ഓയില്‍ താഴ്ന്നു തുടരുന്നു. ബ്രെന്റ് ഇനം 69.57 ഡോളറിലാണ്. മൂന്നു വര്‍ഷത്തിനു ശേഷമാണു ബ്രെന്റ് ക്രൂഡ് 70 ഡോളറിനു താഴെ എത്തിയത്. ചൈനീസ് ഡിമാന്‍ഡ് കുറയുന്നതാണു കാരണം.



Tags:    

Similar News