വെടിക്കെട്ടായി മുഹൂർത്ത വ്യാപാരം; സംവത് 2080 ന് ആവേശത്തുടക്കം; ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ; ചില്ലറ വിലക്കയറ്റം ഇന്നറിയാം
ക്രൂഡ് ഓയിൽ താഴ്ചയിൽ
'സംവത് 2080' നു വെടിക്കെട്ട് തുടക്കം. ഞായറാഴ്ച വെെകുന്നേരം മുഹൂർത്ത വ്യാപാരത്തിൽ മുഖ്യസൂചികകൾ അരശതമാനത്തിലധികം ഉയർന്നു.. കഴിഞ്ഞയാഴ്ചയിലെ നേട്ടത്തിനു പിന്നാലെ ഇതു കൂടിയായപ്പോൾ വിക്രമ സംവത്സരം 2080 മികച്ചതാകുമെന്നു നിക്ഷേപകർക്കു വിശ്വാസം. അഞ്ചു വർഷത്തിനിടെ കണ്ട ഏറ്റവും നല്ല മുഹൂർത്തവ്യാപാരമായി ഇന്നലത്തേത്. എല്ലാ വ്യവസായ മേഖലകളും തിളങ്ങിയ ഈ മുഹൂർത്ത വ്യാപാരത്തിൽ സ്മോൾ ക്യാപ് സൂചിക 1.14 ശതമാനം കുതിച്ചു.
വെള്ളിയാഴ്ച രാത്രി യു.എസ് വിപണി രണ്ടു ശതമാനത്തോളം ഉയർന്നതിനു പിന്നാലെ ഉണ്ടായ ഈ വെടിക്കെട്ട് ഈയാഴ്ച വിപണിക്ക് ഉത്തേജനമാകും. ഇന്ന് ഇന്ത്യയിലും യുഎസിലും ചില്ലറ വിലക്കയറ്റ കണക്ക് പുറത്തു വരും. വിലക്കയറ്റ നിരക്ക് കുറയുമെന്നാണ് നിഗമനം. ക്രൂഡ് ഓയിലും സ്വർണവും താഴ്ചയിലാണ്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നുവെങ്കിലും വിപണികളിലെ ആശങ്കയ്ക്കു ശമനമുണ്ട്.
നാളെ ഇന്ത്യൻ വിപണിക്ക് അവധിയാണ്.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,541-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,575 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. മിക്കവയും ഒരു ശതമാനം താണു. ലാഭം കുറയുമെന്ന മുന്നറിയിപ്പിനെ തുടർന്നു മദ്യ കമ്പനി ഡിയാജിയോയുടെ ഓഹരി 15 ശതമാനം ഇടിഞ്ഞു.
യു.എസ് വിപണി വെള്ളിയാഴ്ച വലിയ മുന്നേറ്റം നടത്തി. ഫെഡ് ചെയർമാന്റെ പ്രസ്താവനയെ തുടർന്നുള്ള പ്രതികരണങ്ങളിൽ നിന്നു വിപണി വിട്ടുനിൽക്കുന്നതു പോലെയായി ഈ തിരിച്ചു കയറ്റം. പ്രധാന ഓഹരി സൂചികകൾ രണ്ടു ശതമാനം വരെ കയറി.
യു.എസ് കടപ്പത്ര വിലകൾ വെള്ളിയാഴ്ച കയറിയിറങ്ങി. അവയിലെ നിക്ഷേപനേട്ടം 4.646 ശതമാനമായി ഉയർന്നു.
ഡൗ ജോൺസ് 391.16 പോയിന്റ് (1.15%) കുതിച്ച് 34,283.10 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 67.89 പോയിന്റ് (1.56%) കയറി 4415.24 ൽ അവസാനിച്ചു. നാസ്ഡാക് 276.66 പോയിന്റ് ( 2.05%) ഉയർന്ന് 13,798. 16 ൽ ക്ലോസ് ചെയ്തു.
വ്യാപാരസമയത്തിനു ശേഷമാണു യു.എസ് റേറ്റിംഗ് താഴ്ത്തിയ മൂഡീസിന്റെ പ്രഖ്യാപനം വന്നത്. റേറ്റിംഗ് ട്രിപ്പിൾ എ നിലനിർത്തി. പക്ഷേ നെഗറ്റീവ് ആക്കി. ബജറ്റ് കാര്യത്തിൽ രാഷ്ട്രീയ വിയോജിപ്പ് തുടരുന്നതും വളരെ കൂടിയ കമ്മിയും ചൂണ്ടിക്കാണിച്ചാണു റേറ്റിംഗ് ഏജൻസിയുടെ നടപടി. ഇതേ വിഷയങ്ങൾ പറഞ്ഞാണു മൂന്നു മാസം മുൻപു റേറ്റിംഗ് ഏജൻസി ഫിച്ച് യുഎസ് റേറ്റിംഗ് ഡബിൾ എ യിലേക്കു താഴ്ത്തിയത്.
യു.എസിലെ ഒക്ടോബർ ചില്ലറ വിലക്കയറ്റം ഇന്നറിയാം. 3.3 ശതമാനമാണ് വിദഗ്ധരുടെ നിഗമനം. സെപ്റ്റംബറിൽ 3.7 ശതമാനമായിരുന്നു. എന്നാൽ, ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം സെപ്റ്റംബറിലെ 4.1 ശതമാനത്തിൽ തുടരും എന്നാണു നിഗമനം.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നഷ്ടത്തിലാണ്. ഡൗ സൂചിക 0.23 ശതമാനം കുറഞ്ഞു. എസ് ആൻഡ് പി 0.30 ഉം നാസ്ഡാക് 0.35 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കെെ ആദ്യ മണിക്കൂറിൽ 0.45 ശതമാനം കയറി. ഓസ്ട്രേലിയൻ വിപണി താഴ്ന്നു. ദക്ഷിണ കൊറിയൻ വിപണി തുടക്കത്തിൽ ഉയർന്നിട്ടു താണു. ചെെനീസ് വിപണി താഴ്ന്നാണു തുടങ്ങിയത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ച ഉയർന്നു വ്യാപാരം തുടങ്ങിയെങ്കിലും പിന്നീടു ചാഞ്ചാട്ടമായി. അവസാന മണിക്കൂറിലെ കുതിപ്പിലാണു മുഖ്യ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തത്.
സെൻസെക്സ് 72.48 പോയിന്റ് (0.11%) ഉയർന്ന് 64,904.68 ൽ അവസാനിച്ചു. നിഫ്റ്റി 30.05 പോയിന്റ് (0.15%) കയറി 19,425.35 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 136.5 പോയിന്റ് (0.31%) കയറി 43,820.1ൽ വ്യാപാരം അവസാനിപ്പിച്ചു.
മിഡ് ക്യാപ് സൂചിക 0.48 ശതമാനം ഉയർന്ന് 40,733.05 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.47 ശതമാനം കയറി 13,365.2-ൽ അവസാനിച്ചു.
കഴിഞ്ഞ ആഴ്ച സെൻസെക്സ് 0.84 ശതമാനവും നിഫ്റ്റി 1.01 ശതമാനവും നേട്ടം ഉണ്ടാക്കി.
മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 354.77 പോയിന്റ് (0.55%) കയറി 65,259.45 ല നിഫ്റ്റി 100.12 പോയിന്റ് (0.52%) ഉയർന്ന് 19,525.55 ലും എത്തി. ബാങ്ക് നിഫ്റ്റി 176.55 പോയിന്റ് (0.44%) ഉയർന്ന് 43,996.65 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.61 ശതമാനം കയറി 40,982.85 ലും സ്മോൾ ക്യാപ് സൂചിക 1.14 ശതമാനം കുതിച്ച് 13,517.7 ലും അവസാനിച്ചു. ഇൻഫോസിസ് അടക്കം ഐടി ഓഹരികൾ നല്ല നേട്ടം കുറിച്ചു.
Read This : ശുഭ മുഹൂർത്തം ആഘോഷമാക്കി സെൻസെക്സും നിഫ്റ്റിയും; ഓരോ സെക്കന്‍ഡിലും നേട്ടം ₹62 കോടി
വെള്ളിയാഴ്ച വിദേശികൾ ക്യാഷ് വിപണിയിൽ 261.81 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 822.64 കോടി രൂപയുടെ ഓഹരികൾ വാങ്ങി. മുഹൂർത്ത വ്യാപാരത്തിലും വിദേശികൾ വിൽപനക്കാരായിരുന്നു. 190.06 കോടിയുടെ വിൽപനയാണ് അന്നു ക്യാഷ് വിപണിയിൽ നടത്തിയത്. സ്വദേശി ഫണ്ടുകൾ 95.31 കോടിയുടെ ഓഹരികൾ വാങ്ങി.
നവംബറിൽ ഇതുവരെ വിദേശികൾ 6000 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചു. ഒക്ടോബറിൽ 24,548 കോടിയും സെപ്റ്റംബറിൽ 14,767 കോടിയും പിൻവലിച്ചിരുന്നു. അമേരിക്കയിൽ പലിശ ഉയർന്നതാണു നിക്ഷേപകർ മടങ്ങാൻ കാരണം.
മിക്ക വ്യാവസായിക ലോഹങ്ങളും വെള്ളിയാഴ്ച താഴ്ന്നു. അലൂമിനിയം 1.35 ശതമാനം താണു ടണ്ണിന് 2215 ഡോളറിലായി. ചെമ്പ് 0.31 ശതമാനം കുറഞ്ഞു ടണ്ണിന് 8005.6 ഡോളറിലെത്തി. ലെഡ് 0.38 ശതമാനം ഉയർന്നു. നിക്കൽ 2.67 ഉം സിങ്ക് 0.3 ഉം ടിൻ 1.39 ഉം ശതമാനം താഴ്ന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 81.43 ഡോളറിലും ഡബ്ള്യുടിഐ ഇനം 77.13 ഡോളറിലും ക്ലാേസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്നു യഥാക്രമം 80.90 ഉം 76.65 ഉം ആയി. യുഎഇയുടെ മർബൻ ക്രൂഡ് 82.45 ഡോളറിൽ വ്യാപാരം നടക്കുന്നു.
സ്വർണം താഴ്ചയിലാണ്. വെള്ളിയാഴ്ച സ്വർണം ഒരു ശതമാനം ഇടിഞ്ഞ് ഔൺസിന് 1939.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1942 വരെ കയറിയിട്ട് തിരിച്ചിറങ്ങി.
കേരളത്തിൽ പവൻവില വെള്ളിയാഴ്ച 240 രൂപ വർധിച്ച് 44,800 രൂപയിലെത്തി. ശനിയാഴ്ച വില 360 രൂപ കുറഞ്ഞ് 44,440 രൂപയിലായി.
ഡോളർ വെള്ളിയാഴ്ച 83.48 രൂപ വരെ കയറി. ഒടുവിൽ 83.34 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച കറൻസി വ്യാപാരത്തിന്റെ പ്ലാറ്റ്ഫോമിൽ തകരാർ നേരിട്ടതു റിസർവ് ബാങ്കിന്റെ അന്വേഷണത്തിലാണ്.
ഡോളർ സൂചിക ഉയർന്നു തന്നെ നിൽക്കുന്നു. സൂചിക 105.86 ൽ ക്ലോസ് ചെയ്തു.
ക്രിപ്‌റ്റോ കറൻസികൾ ഉയർന്ന നിലയിൽ തുടരുന്നു. ബിറ്റ്കോയിൻ 37,250 നു മുകളിലാണ്.
ചില്ലറവിലക്കയറ്റം കുറയും, പിന്നീടു വർധിക്കും
ഒക്ടോബറിലെ ചില്ലറ വിലക്കയറ്റം (സി.പി.ഐ) ഇന്നു വൈകുന്നേരം പുറത്തു വരും. സെപ്റ്റംബറിൽ 5.02 ശതമാനമായിരുന്നു. ഒക്ടോബറിലെ നിരക്ക് 4.8 ശതമാനം ആകുമെന്നാണു ധനകാര്യ വിദഗ്ധരുടെ നിഗമനം. നേരത്തേ ഗണ്യമായ കുറവ് പ്രതീക്ഷിച്ചിരുന്നെങ്കിലും പച്ചക്കറികളും പയറുവർഗങ്ങളും ഉയർന്നു നിന്നത് ആ പ്രതീക്ഷയെ തിരുത്തി.
തക്കാളി തുടങ്ങിയ പച്ചക്കറികളുടെ വിലക്കയറ്റത്തെ തുടർന്ന് ജൂലൈയിൽ ചില്ലറ വിലക്കയറ്റം 7.44 ശതമാനമായി കുതിച്ചു കയറിയിരുന്നു. പച്ചക്കറിവില കുറഞ്ഞതിനെ തുടർന്നു വിലക്കയറ്റവും കുറഞ്ഞു. എന്നാൽ സവാളയടക്കം പലതിനും വില കൂടിയത് ഒക്ടോബർ നിരക്ക് ഗണ്യമായി കുറയാൻ തടസമായി. ഇപ്പോഴത്തെ രീതിയിൽ വിലകൾ തുടർന്നാൽ നവംബറിലും ഡിസംബറിലും സി.പി.ഐ അഞ്ചു ശതമാനത്തിലധികം ആകുമെന്നു നിരീക്ഷകർ കരുതുന്നു. അതു കൊണ്ടാണു ഭക്ഷ്യ വിലക്കയറ്റ ഭീഷണി ഗുരുതരമാണെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഭക്ഷ്യവിലക്കയറ്റം സെപ്റ്റംബറിൽ 6.3 ശതമാനമായിരുന്നു. അതു കുറഞ്ഞിട്ടുണ്ടെങ്കിലും എത്ര കുറഞ്ഞു എന്ന കാര്യത്തിൽ വിദഗ്ധർക്ക് ഏകാഭിപ്രായമില്ല. 5.3 മുതൽ 6.2 വരെ ശതമാനം എന്നാണു വിദഗ്ധർ പറയുന്നത്. ഇന്ധന, ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം ഒക്ടോബറിൽ 4.5 ശതമാനമായി കുറഞ്ഞിട്ടുണ്ടാകും എന്നാണു നിഗമനം.
വിപണി സൂചനകൾ
(2023 നവംബർ 10, വെള്ളി)
സെൻസെക്സ്30 64,904.68 +0.11%
നിഫ്റ്റി50 19,425.35 +0.15%
ബാങ്ക് നിഫ്റ്റി 43,820.1 +0.31%
മിഡ് ക്യാപ് 100 40,733.05 +0.48%
സ്മോൾ ക്യാപ് 100 13,365.2 +0.47%
ഡൗ ജോൺസ് 30 34,283.10 +1.15%
എസ് ആൻഡ് പി 500 4415.24 +1.56%
നാസ്ഡാക് 13,798.11 +2.05%
ഡോളർ ($) ₹83.34 +₹0.06
ഡോളർ സൂചിക 105.86 -0.05
സ്വർണം (ഔൺസ്) $1939.70 -$19.50
സ്വർണം (പവൻ) ₹44,800 +₹240.00
(ശനി) സ്വർണം (പവൻ) ₹44,440 -₹360.00
ക്രൂഡ് ബ്രെന്റ് ഓയിൽ $81.43 +$1.46
മുഹൂർത്ത വ്യാപാരം
(2023 നവംബർ 12 ഞായർ)
സെൻസെക്സ്30 65,259.45 +0.55%
നിഫ്റ്റി50 19,525.55 +0.52%
ബാങ്ക് നിഫ്റ്റി 43,996.65 +0.44%
മിഡ് ക്യാപ് 100 40,982.85 +0.61%
സ്മോൾ ക്യാപ് 100 13,517.70 +1.14%