ഡോളര്‍ ഉയരുന്നു; സിമന്റില്‍ കരുത്തുകാട്ടാന്‍ അദാനി; പഞ്ചസാര ഓഹരികള്‍ക്കു പ്രിയം
ഉയരങ്ങളില്‍ വില്‍പനസമ്മര്‍ദം തുടരുന്നു; ഏഷ്യന്‍ വിപണികള്‍ താഴ്ചയില്‍
ഉയരാനുള്ള ഓരോ ശ്രമവും ലാഭമെടുത്തു മാറാനുള്ളവരുടെ വില്‍പന സമ്മര്‍ദത്തില്‍ ഉലയുന്നു. എങ്കിലും മുഖ്യ സൂചികകള്‍ ഈ ദിവസങ്ങളിലും സാവധാനം കയറുന്നുണ്ട്. ഈ പ്രവണത ഇന്നും തുടരുമെന്നാണു പ്രതീക്ഷ. ഡോളര്‍ അപ്രതീക്ഷിതമായി കയറുന്നതും വിപണിയെ ബാധിക്കും. ഏഷ്യന്‍ വിപണികള്‍ രാവിലെ താഴ്ചയിലാണ്.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,425 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,390 ആയി. ഇന്ത്യന്‍ വിപണി ഇന്നു ദുര്‍ബല നിലയില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ച കുത്തനേ ഇടിഞ്ഞു. യുഎസ് ഫെഡ് നയവും ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചുങ്കം കൂട്ടാനുള്ള യൂറോപ്യന്‍ യൂണിയന്‍ നീക്കവും വിപണിയെ സ്വാധീനിച്ചു. വാഹനകമ്പനി ഓഹരികള്‍ രണ്ടര ശതമാനം താഴ്ചയിലായി.
യുഎസ് വിപണികള്‍ ഇന്നലെയും ഭിന്നദിശകളിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് ചെറിയ താഴ്ചയില്‍ അവസാനിച്ചു. എസ് ആന്‍ഡ് പി തുടര്‍ച്ചയായ നാലാം ദിവസവും റെക്കോര്‍ഡ് തിരുത്തി. നാസ്ഡാകും റെക്കോര്‍ഡ് മറികടന്നു.
ഡൗ ജോണ്‍സ് സൂചിക 65.11 പോയിന്റ് (0.17%) താഴ്ന്നു 38,647.10 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 12.71 പോയിന്റ് (0.23%) ഉയര്‍ന്ന് 5433.74 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 59.12 പോയിന്റ് (0.34%) കയറി 17,667.60 ല്‍ ക്ലോസ് ചെയ്തു.
യുഎസ് മൊത്തവിലകള്‍ മേയില്‍ 0.2 ശതമാനം താഴ്ന്നു. 0.1 ശതമാനം കയറും എന്നു കരുതിയപ്പോഴാണ് അപ്രതീക്ഷിത താഴ്ച. ഇതു പലിശ കുറയ്ക്കലിനെപ്പറ്റി കടപ്പത്ര വിപണിയില്‍ പ്രതീക്ഷ ജനിപ്പിച്ചു. കടപ്പത്ര വിലകള്‍ ഉയര്‍ന്നു. അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു. എന്നാല്‍ ഡോളര്‍ സൂചിക ഉയരുകയാണ് ചെയ്തത്.
അഡോബ് കമ്പനിയുടെ രണ്ടാം പാദ റിസല്‍ട്ട് പ്രതീക്ഷയിലും മെച്ചമായ വരുമാനവും ലാഭവും കാണിച്ചു. വരും മാസങ്ങളിലെ വരുമാന -ലാഭ പ്രതീക്ഷകള്‍ ഉയര്‍ത്തുകയും ചെയ്തു. വിപണിക്കു ശേഷമുളള വ്യാപാരത്തില്‍ അഡോബ് ഓഹരി 6 ശതമാനം കുതിച്ചു.
വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനത്തിനായുളള ഈ ദിവസങ്ങളിലെ പോരാട്ടത്തില്‍ ആപ്പിള്‍ വീണ്ടും മൈക്രോസോഫ്റ്റിനെ പിന്നിലാക്കി. ഇന്നലെ വ്യാപാരം തീരുമ്പോള്‍ ആപ്പിള്‍ 3.285 ലക്ഷം കോടി (ട്രില്യണ്‍) ഡോളര്‍, മൈക്രോസോഫ്റ്റ് 3.282 ട്രില്യണ്‍ ഡോളര്‍ എന്നതാണു നില. എന്‍വിഡിയ 3.19 ട്രില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്തുണ്ട്.
യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നും ഭിന്ന ദിശകളിലാണ്. ഡൗ 0.08 ശതമാനം താണു. എസ് ആന്‍ഡ് പി മാറ്റമില്ലാതെ തുടരുന്നു. നാസ്ഡാക് 0.07 ശതമാനം ഉയര്‍ന്നു.
പത്തു വര്‍ഷ യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.24 ശതമാനം വരെ താഴ്ന്നിട്ട് 4.263 ശതമാനമായി ഉയര്‍ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ജപ്പാനിലും ഓസ്‌ട്രേലിയയിലും സൂചികകള്‍ ഇടിഞ്ഞു. ഇന്നു ബാങ്ക് ഓഫ് ജപ്പാന്‍ പണനയം പ്രഖ്യാപിക്കും.
ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി വ്യാഴാഴ്ചയും റെക്കോര്‍ഡ് തിരുത്തിയിട്ടു വില്‍പന സമ്മര്‍ദത്തെ തുടര്‍ന്നു ചെറിയ നേട്ടത്തില്‍ അവസാനിച്ചു. നിഫ്റ്റി 23,480.95 വരെയും സെന്‍സെക്‌സ് 77,145.46 വരെയും എത്തിയതാണ്.
സെന്‍സെക്‌സ് 204.33 പോയിന്റ് (0.27%) ഉയര്‍ന്ന് 76,810.90 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 75.95 പോയിന്റ് (0.33%) കയറി 23,398.90 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.10% താഴ്ന്ന് 49,846.70 ല്‍ ക്ലോസ് ചെയ്തു
മിഡ് ക്യാപ് സൂചിക 0.79 ശതമാനം ഉയര്‍ന്ന് 54,652.25 ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.67% കയറി 17,908.10ല്‍ അവസാനിച്ചു.
വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച ക്യാഷ് വിപണിയില്‍ 3033 കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 553.88 കോടി രൂപയുടെ ഓഹരികളും വിറ്റു.
എഫ്എംസിജി കമ്പനികള്‍ ഇന്നലെയും ഇടിവിലായി. ഐടി സൂചിക 1.03 ശതമാനം കയറി. റിയല്‍റ്റി സൂചിക 2.24 ശതമാനം ഉയര്‍ന്നു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സും വാഹനങ്ങളും നേട്ടത്തിലാണ്.
നിഫ്റ്റിക്ക് ഇന്ന് 23,185 ലും 23,105 ലും പിന്തുണ ഉണ്ട്. 23,370ഉം 23,470 ഉം തടസങ്ങളാകും.
പഞ്ചസാരയ്ക്കു കയറ്റം
പഞ്ചസാര മില്‍ ഓഹരികള്‍ രണ്ടു ദിവസമായി കയറ്റത്തിലാണ്. പഞ്ചസാരയുടെ കുറഞ്ഞ വില്‍പന വില (എംഎസ്പി) 41 രൂപയായി ഉയര്‍ത്തി നിശ്ചയിക്കും എന്ന അഭ്യൂഹത്തെ തുടര്‍ന്നാണിത്. അടുത്ത സീസണിലേക്ക് വില കൂട്ടും എന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. കെസിപി ഷുഗര്‍ 14-ഉം ശക്തി 8.7ഉം ഡാല്‍മിയ ഭാരത് 7.5 ഉം ധാംപുര്‍ 5.2ഉം ശതമാനം ഉയര്‍ന്നു. മാവന, സിംഭോളി, ശ്രീ രേണുക, കെഎം, ഡിസിഎം ശ്രീറാം, ഇഐഡി പാരി, ധരണി, ബജാജ് ഹിന്ദുസ്ഥാന്‍ തുടങ്ങിയവയും നല്ല കയറ്റത്തിലായി.
സിമന്റില്‍ പിടിമുറുക്കി അദാനി
ഗൗതം അദാനി സിമന്റ് വ്യവസായത്തില്‍ പിടി മുറുക്കുകയാണ്. 25,000 കോടി രൂപ മുടക്കി വിവിധ കമ്പനികള്‍ ഏറ്റെടുക്കാനാണു പ്ലാന്‍. ഹൈദരാബാദ് ആസ്ഥാനമായുളള പെന്ന സിമന്റ് ഏറ്റെടുക്കാന്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. 10,400 കോടി രൂപയാണ് ഇതിനു മുടക്കുക. സൗരാഷ്ട്ര സിമന്റും എബിജി ഗ്രൂപ്പിന്റെ വാദ് രാജ് സിമന്റും ജയപ്രകാശ് ഗ്രൂപ്പിന്റെ സിമന്റ് ബിസിനസും അദാനിയുടെ നോട്ടത്തിലാണ്. ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ 14.6 കോടി ടണ്‍ ശേഷിയുള്ള അള്‍ട്രാടെക് ആണ് ഇപ്പോള്‍ സിമന്റ് വിപണിയില്‍ ഒന്നാമത്. അംബുജ സിമന്റും എസിസിയും വാങ്ങിയ അദാനിയുടെ സിമന്റ് ശേഷി 7.9 കോടി ടണ്‍ ആണ്. 2028-ഓടെ 14 കോടി ടണ്‍ ശേഷിയില്‍ എത്താനാണ് അദാനി ലക്ഷ്യമിടുന്നത്. കുമാര്‍ മംഗളം ബിര്‍ല 20 കോടി ടണ്‍ ശേഷി ലക്ഷ്യമിടുന്നു.
അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്നലെ 6.67 ശതമാനം ഉയര്‍ന്നു. ഏതാനും ദിവസമായി ഈ കമ്പനിയില്‍ ബുള്ളുകള്‍ താല്‍പര്യം എടുക്കുന്നു. ഒരാഴ്ച കൊണ്ടു വില 26 ശതമാനം കയറി. അനിലിന്റെ റിലയന്‍സ് പവറും ഈ ദിവസങ്ങളില്‍ കുതിപ്പിലാണ്. പവര്‍ കടമെല്ലാം തീര്‍ത്തിട്ടുണ്ട്.
സ്വര്‍ണം താഴ്ന്നു
യുഎസ് ഫെഡ് തീരുമാനവും കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങല്‍ കുറച്ചതും സ്വര്‍ണബുള്ളുകള്‍ക്കു തിരിച്ചടിയായി. ഡിമാന്‍ഡ് വര്‍ധിക്കുന്നില്ല. യുഎസ് മൊത്തവിലകള്‍ കുറഞ്ഞതു പോലും വില കയറാന്‍ സഹായിച്ചില്ല. സ്വര്‍ണം ഇടിഞ്ഞ് 2304.90 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2303 ഡോളറിലേക്കു താണു.
കേരളത്തില്‍ ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ പവന് 52,920 രൂപയില്‍ തുടര്‍ന്നു. ഇന്നു വില കുറയാം.
വെള്ളിവില ഔണ്‍സിന് 28.90 ഡോളറിലാണ്. കേരളത്തില്‍ വെള്ളി കിലോഗ്രാമിനു 95,000 രൂപയില്‍ തുടര്‍ന്നു.
ഡോളര്‍ കുതിച്ചു
ഫെഡ് തീരുമാനത്തെ തുടര്‍ന്ന് ബുധനാഴ്ച കുത്തനേ താണ ഡോളര്‍ സൂചിക ഇന്നലെ തിരിച്ചു കയറി 105.20 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.25 ലാണ്.
രൂപ ബുധനാഴ്ച കാര്യമായ മാറ്റമില്ലാതെ അവസാനിച്ചു. ഡോളര്‍ 83.54 രൂപയില്‍ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയില്‍ താഴുന്നു
ക്രൂഡ് ഓയില്‍ ഉയര്‍ന്ന നിലയില്‍ നിന്നു താഴുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് 82.75 ഡോളറില്‍ ക്ലോസ് ചെയ്ത ശേഷം ഇന്നു രാവിലെ താഴ്ന്ന് 82.18 ഡോളറില്‍ എത്തി. ഡോളര്‍ ഉയരുന്നതാണു കാരണം. ഡബ്‌ള്യുടിഐ ഇനം 77.98 ഡോളറിലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 82.58 ഡോളറിലുമാണ്.
വ്യാവസായിക ലോഹങ്ങള്‍ ഇന്നലെയും കയറി. ചെമ്പ് 0.37 ശതമാനം ഉയര്‍ന്നു ടണ്ണിന് 9732.65 ഡോളറില്‍ എത്തി. അലൂമിനിയം 0.45 ശതമാനം കയറി 2563.73 ഡോളറായി.
ക്രിപ്‌റ്റോ കറന്‍സികള്‍ ഇടിഞ്ഞു. ഡോളര്‍ സൂചിക കയറുന്നതാണു കാരണം ബിറ്റ്‌കോയിന്‍ 66,700 ഡോളറിനു താഴെയായി. ഈഥര്‍ 3470 ഡോളറില്‍ നില്‍ക്കുന്നു.
വിപണിസൂചനകള്‍
(2024 ജൂണ്‍ 13, വ്യാഴം)
സെന്‍സെക്‌സ് 30 76,810.90 +0.27%
നിഫ്റ്റി50 23,398.90 +0.33%
ബാങ്ക് നിഫ്റ്റി 49,846.70 -0.10%
മിഡ് ക്യാപ് 100 54,652.25 +0.79%
സ്‌മോള്‍ ക്യാപ് 100 17,908.10 +0.67%
ഡൗ ജോണ്‍സ് 30 38,647.10 -0.17%
എസ് ആന്‍ഡ് പി 500 5433.74 +0.23%
നാസ്ഡാക് 17,667.60 +0.34%
ഡോളര്‍($) ₹83.54 ?0.00
ഡോളര്‍ സൂചിക 104.20 +0.55
സ്വര്‍ണം (ഔണ്‍സ്) $2304.90 -$20.60
സ്വര്‍ണം (പവന്‍) ₹52,920 ?00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.75 +$0.15