നേട്ടം തുടരാന്‍ ബുള്ളുകള്‍, രാഷ്ട്രീയ ആശങ്ക മാറ്റാന്‍ മന്ത്രിമാര്‍ രംഗത്ത്; ചില്ലറ വിലക്കയറ്റത്തില്‍ നാമമാത്ര ആശ്വാസം, 10,000 ഡോളര്‍ കടന്ന് ചെമ്പ്
സ്വര്‍ണം താഴുന്നു, ക്രൂഡോയിലില്‍ ചാഞ്ചാട്ടം
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമുള്ള കയറ്റം ഇന്നും തുടരാം എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ വിപണി വ്യാപാരത്തിന് ഒരുങ്ങുന്നത്. രാഷ്ട്രീയ ആശങ്കകള്‍ നീക്കാന്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷായും ജയശങ്കറും നേരിട്ട് രംഗത്തിറങ്ങിയത് ഇക്കാര്യത്തില്‍ ബി.ജെ.പി നേതൃത്വത്തിന്റെ താല്‍പര്യം പ്രകടമാക്കുന്നു. അതിനു തക്ക പ്രതികരണം വിപണിയില്‍ ഉണ്ടാകുമെന്നു പലരും കരുതുന്നു. ഏപ്രിലില്‍ ചില്ലറ വിലക്കയറ്റം നാമമാത്രമായാണെങ്കിലും കുറഞ്ഞതും വിപണിക്ക് അനുകൂലമാണ്. ഏഷ്യന്‍ വിപണികള്‍ സമ്മിശ്രമാണ്.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 22,213ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,248 ആയി. ഇന്ത്യന്‍ വിപണി ഇന്ന് ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ഏപ്രിലില്‍ ചില്ലറ വിലക്കയറ്റം 4.83 ശതമാനമായി കുറഞ്ഞു. തലേമാസം 4.85 ശതമാനമായിരുന്നു. കാതല്‍ വിലക്കയറ്റം 3.2 ശതമാനമായി താണു. ഭക്ഷ്യ വിലക്കയറ്റം 8.7 ശതമാനം എന്ന ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. എങ്കിലും ആശ്വാസകരമാണ് കണക്കുകള്‍.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ മിക്കതും തിങ്കളാഴ്ച നഷ്ടത്തില്‍ അവസാനിച്ചു. ബുധനാഴ്ച യു.എസ് വിലക്കയറ്റ കണക്ക് വരും വരെ വിപണി പാര്‍ശ്വ നീക്കങ്ങളിലാകും.
യു.എസ് വിപണി തിങ്കളാഴ്ച ഭിന്നദിശകളിലായി. ഡൗ ജോണ്‍സ് സൂചിക 81.33 പോയിന്റ് (0.21%) താഴ്ന്ന് 39,431.5lല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 1.26 പോയിന്റ് (0.02%) കുറഞ്ഞ് 5221.42ല്‍ അവസാനിച്ചു. നാസ്ഡാക് 47.37 പോയിന്റ് (0.29%) കയറി 16,388.24ല്‍ ക്ലോസ് ചെയ്തു.
വീഡിയോ ഗെയിം റീട്ടെയിലിംഗിലുള്ള ഗെയിം സ്റ്റോപ് ഓഹരി ഇന്നലെ 74 ശതമാനം കുതിച്ചു.റോറിംഗ് കിറ്റി എന്ന ഡിജിറ്റല്‍ മീം സ്റ്റോക്ക് പ്രചാരകന്‍ ഈ ഓഹരിയിലെ ഷോര്‍ട്ട് വ്യാപാരത്തിനെതിരേ ആഹ്വാനം ചെയ്തതാണു കാരണം. വീഡിയോ ഗെയിമിന്റെ 24 ശതമാനത്തോളം ഓഹരികളില്‍ ഷോര്‍ട്ട് വ്യാപാരം ഉണ്ടായിരുന്നു. വില കുതിച്ചു കയറിയപ്പോള്‍ ഷോര്‍ട്ട് അടിച്ചവര്‍ക്ക് 124 കോടി ഡോളറിന്റെ നഷ്ടം നേരിട്ടു. റോറിംഗ് കിറ്റിയുടെ തിരിച്ചുവരവ് റെഡ്ഡിറ്റ്, റോബിന്‍ഹുഡ് തുടങ്ങിയ ഓഹരികളെ 115 ശതമാനം വരെയും എ.എം.സി ഓഹരികളെ 74 ശതമാനം വരെയും ഉയര്‍ത്തി. ഷോര്‍ട്ടിംഗ് ഉള്ള ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ഡേ ട്രേഡര്‍മാരടക്കമുള്ളവരെ പ്രേരിപ്പിച്ചാണ് റോറിംഗ് കിറ്റിയും മറ്റും ലക്ഷ്യം കാണുന്നത്.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.02 ശതമാനവും എസ് ആന്‍ഡ് പി 0.03 ശതമാനവും നാസ്ഡാക് 0.01 ശതമാനവും താഴ്ന്നു നില്‍ക്കുന്നു.
പത്തു വര്‍ഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.48 ശതമാനമായി കുറഞ്ഞു.
ഏഷ്യന്‍ വിപണികള്‍ പൊതുവേ ഇന്നു താഴ്ചയിലാണ്. ജപ്പാനില്‍ ആദ്യം താണിട്ടു തിരിച്ചു കയറി. ചൈനീസ് വിപണികള്‍ നേട്ടത്തിലാണ്.
ഇന്ത്യന്‍ വിപണി
തിങ്കളാഴ്ച ഇന്ത്യന്‍ വിപണി വലിയ താഴ്ചയിലേക്കു വീണിട്ടു തിരികെ കയറി നേട്ടത്തില്‍ ക്ലോസ് ചെയ്തു. താഴ്ന്ന നിലയില്‍ നിന്ന് സെന്‍സെക്‌സ് 997 പോയിന്റും നിഫ്റ്റി 311 പോയിന്റും തിരിച്ചു കയറി. രാവിലെ ചെറിയ താഴ്ചയില്‍ വ്യാപാരം തുടങ്ങിയ സൂചികകള്‍ താമസിയാതെ ഒരു ശതമാനം നഷ്ടത്തിലേക്കു വീണു. പിന്നീടു വിപണി ക്രമേണ ഉയരുകയായിരുന്നു.
ഇതു വിപണിയുടെ ഗതി മാറുന്നതിന്റെ സൂചനയായി കാണാന്‍ നിരീക്ഷകര്‍ മടിക്കുകയാണ്. 22,150-22,300 മേഖല മറികടന്നാലേ ഗതി മാറി എന്നു കണക്കാക്കാന്‍ പറ്റൂ എന്നാണ് അവര്‍ പറയുന്നത്.
രാഷ്ട്രീയ ആശങ്ക മൂലമുള്ള വില്‍പന സമ്മര്‍ദം തുടരുകയാണ്. വിദേശികള്‍ ഇന്ത്യയില്‍ വിറ്റ് ചൈനയില്‍ ഓഹരികള്‍ വാങ്ങുകയാണ്. ഈ സാഹചര്യത്തില്‍ വിപണിയെ സഹായിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായും വിദേശകാര്യമന്ത്രി എസ് . ജയശങ്കറും രംഗത്തുവന്നു. ജൂൺ നാലിനു തലേന്നു വരെ ഓഹരികള്‍ വാങ്ങിക്കോളൂ, റിസല്‍ട്ട് വരുമ്പോള്‍ ഓഹരികള്‍ കുതിക്കും എന്നാണു ഷാ പറഞ്ഞത്. എന്‍.ഡി.എ 400 സീറ്റ് നേടും എന്നും ഷാ പറഞ്ഞു. വോട്ടിംഗ് ഓരോ ഘട്ടം പിന്നിടുമ്പോഴും ജയിക്കുന്നത് ആരാണെന്നു വ്യക്തമാകുമെന്നും വിപണി ശാന്തമാകുമെന്നും ജയശങ്കര്‍ പറഞ്ഞു. ഇവരുടെ പ്രസ്താവനകള്‍ക്കു ശേഷമാണു വിപണി കയറ്റത്തിലായത്.
തിങ്കളാഴ്ച സെന്‍സെക്‌സ് 111.66 പോയിന്റ് (0.15%) ഉയര്‍ന്ന് 72,776.13ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 48.85 പോയിന്റ് (0.22%) കയറി 22,104.05ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 333 പോയിന്റ് (0.70%) ഉയര്‍ന്ന് 47,754.10ല്‍ ക്ലോസ് ചെയ്തു.
വിശാല വിപണി ഭിന്ന ദിശകളിലായിരുന്നു. മിഡ്ക്യാപ് സൂചിക 0.41 ശതമാനം കയറി 49,735.40ല്‍ ക്ലോസ് ചെയ്തു. എന്നാല്‍ സ്‌മോള്‍ക്യാപ് സൂചിക 0.43 ശതമാനം താഴ്ന്ന് 16,037.80ല്‍ അവസാനിച്ചു.
വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച ക്യാഷ് വിപണിയില്‍ 2117.50 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2709.81 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
21,900ന് താഴേക്കു നിഫ്റ്റി താഴ്ന്നിട്ടും തിരിച്ചു കയറിയത് ബുള്ളുകള്‍ക്ക് ആവേശമായിട്ടുണ്ട്. എന്നാല്‍ 22,200-22,300 മേഖല കരുത്തോടെ മറികടക്കാനായാലേ മുന്നേറ്റം ഉറപ്പാകൂ. ഇന്നു നിഫ്റ്റിക്ക് 21,900ലും 21,825ലും പിന്തുണയുണ്ട്. 22,135ഉം 22,210ഉം തടസങ്ങള്‍ ആകാം.
സ്വര്‍ണം താഴുന്നു
വാരാന്ത്യത്തില്‍ കയറിയ സ്വര്‍ണം ഔണ്‍സിന് 2,336.70 ഡോളറിലാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 2,341 ഡോളറിലേക്കു സ്വര്‍ണം കയറി.
കേരളത്തില്‍ സ്വര്‍ണം പവന് ഇന്നലെ 80 രൂപ കുറഞ്ഞ് 53,720 രൂപ ആയി. ഇന്നും വില കുറയും.
രൂപ ഇന്നലെയും താഴ്ന്നു. ഡോളര്‍ നാലു പൈസ നേട്ടത്തോടെ 83.53 രൂപ എന്ന റെക്കോര്‍ഡില്‍ ക്ലോസ് ചെയ്തു.
ഡോളര്‍ സൂചിക വെള്ളിയാഴ്ച 105.22ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.28ലേക്കു കയറി.
ക്രൂഡ് ഓയില്‍ ചാഞ്ചാടുകയാണ്. ബ്രെന്റ് ഇനം ഇന്നലെ 83.45 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 83.53 ലും ഡബ്‌ള്യു.ടി.ഐ 79.3ലും മര്‍ബന്‍ 84.16 ഡോളറിലുമാണ്.
ചെമ്പ് @ 10,000 ഡോളര്‍
ചെമ്പ് ലോക വിപണിയില്‍ 10,000 ഡോളറിനു മുകളില്‍ ക്ലോസ് ചെയ്തു. ഇന്നലെ ടണ്ണിനു 10,008ല്‍ ഓപ്പണ്‍ ചെയ്തിട്ട് 10,090 ഡോളറില്‍ ക്ലോസ് ചെയ്തു. 2022 ഏപ്രിലിനു ശേഷം ഇതാദ്യമാണ് ചെമ്പ് 10,000 ഡോളര്‍ കടന്നത്. 2022 മാര്‍ച്ച് നാലിലെ 10,803 ഡോളറാണു റെക്കോഡ് വില. ഡിമാന്‍ഡ് കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വിലക്കയറ്റം. കുറേ കാലത്തേക്കു ലഭ്യത കുറഞ്ഞു നില്‍ക്കും എന്നാണു വിലയിരുത്തല്‍.
വിപണിസൂചനകള്‍
(2024 മേയ് 13, തിങ്കള്‍)
സെന്‍സെക്‌സ്30 72,776.13 +0.15%
നിഫ്റ്റി50 22,104.05 +0.22%
ബാങ്ക് നിഫ്റ്റി 47,754.10 -0.70%
മിഡ് ക്യാപ് 100 49,735.40 +0.41%
സ്‌മോള്‍ ക്യാപ് 100 16,037.80 -0.43%
ഡൗ ജോണ്‍സ് 30 39,431.51 -0.21%
എസ് ആന്‍ഡ് പി 500 5221.42 -0.02%
നാസ്ഡാക് 16,388.24 +0.29%
ഡോളര്‍($) ₹83.49 -₹0.02
ഡോളര്‍ സൂചിക 105.22 -0.08
സ്വര്‍ണം (ഔണ്‍സ്) $2336.70 -$24.00
സ്വര്‍ണം (പവന്‍) ₹53,720 -₹80
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $83.45 +$0.89