പശ്ചിമേഷ്യൻ സംഘർഷം; വിപണികൾ ആശങ്കയിൽ; ക്രൂഡ് ഓയിൽ ചാഞ്ചാടുന്നു; ഏഷ്യൻ വിപണികൾ താഴ്ന്നു
ഇന്നു രാവിലെ സ്വർണം 2357 ഡോളറിലേക്കു കയറി
പശ്ചിമേഷ്യയിലെ സംഘർഷനില കൂടുതൽ അപകടകരമായ ഘട്ടത്തിലേക്കു കടന്നു. ഇറാൻ്റെ മിസൈൽ വർഷവും അവയിൽ 99 ശതമാനത്തെയും മാനത്തു വച്ച് തകർത്ത ഇസ്രയേലിൻ്റെ പ്രതിരോധവും യുദ്ധത്തെ വ്യാപകമാക്കുമോ എന്ന ഭീതി പരക്കെ ഉണ്ട്. എന്നാൽ പാശ്ചാത്യ വിപണികൾ നൽകുന്ന സൂചന ആശ്വാസത്തിൻ്റേതാണ്. ക്രൂഡ് ഓയിലും സ്വർണവും കാര്യമായി ഉയർന്നില്ല. ഓഹരി ഫ്യൂച്ചേഴ്സ് ഉയർന്നു. വ്യാപകയുദ്ധം ഉണ്ടാകില്ല എന്ന വിശ്വാസമാണു യു.എസ് വിപണിയും ഉൽപന്ന വിപണികളും കാണിക്കുന്നത്.
തെറ്റായ ഒരു ചെറിയ നീക്കം പോലും വലിയ പോരാട്ടത്തിലേക്കു നയിക്കാവുന്ന സാഹചര്യത്തിൻ്റെ ആശങ്കയിലാണ് ഇന്നു രാവിലെ ഏഷ്യൻ വിപണികൾ. ഇന്ത്യൻ വിപണി അമിത ആശങ്കയിലേക്കു വീഴുകയില്ലെന്നാണു കരുതപ്പെടുന്നത്. എങ്കിലും അനിശ്ചിതത്വമാകും വിപണിയെ നയിക്കുക. രാമനവമി പ്രമാണിച്ച് ഓഹരിവിപണിക്കു ബുധനാഴ്ച അവധിയാണ്.
ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 22,452ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അൽപം ഉയർന്നു. ഇന്ത്യൻ വിപണി ഇന്നും ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ചെറിയ തോതിൽ താണു. എന്നാൽ തുടർച്ചയായ രണ്ടാം മാസവും ചെറിയ വളർച്ച കാണിച്ച ജി.ഡി.പി കണക്ക് യു.കെയിലെ ഓഹരികളെ ഉയർത്തി.
യു.എസ് വിപണി വെള്ളിയാഴ്ച കുത്തനേ ഇടിഞ്ഞു. വിലക്കയറ്റം, ബാങ്കുകളുടെ ലാഭത്തിൽ വന്ന ഇടിവ്, പശ്ചിമേഷ്യയിലെ സംഘർഷ സാധ്യത തുടങ്ങിയവ വിപണിയെ വലിച്ചു താഴ്ത്തി. ജെ.പി മോർഗൻ റിസൽട്ട് പ്രതീക്ഷയിലും മോശമായതും വിപണിയെ ഉലച്ചു. ഇന്നു ഗോൾഡ്മാൻ സാക്സിൻ്റെ റിസൽട്ട് വരും.
ഡൗ ജോൺസ് സൂചിക 475.84 പോയിൻ്റ് (1.24%) ഇടിഞ്ഞ് 37,983.24ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 75.65 പോയിൻ്റ് (1.46%) തകർന്ന് 5123.41 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 267.10 പോയിൻ്റ് (1.62%) ഇടിഞ്ഞ് 16,175.09ൽ ക്ലോസ് ചെയ്തു.
എന്നാൽ യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു തുടക്കത്തിൽ 0.4 ശതമാനം വരെ കയറിയെങ്കിലും പിന്നീട് നേട്ടം 0.2 ശതമാനത്തിലേക്കു കുറഞ്ഞു. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.53 ശതമാനത്തിലേക്കു കയറി. പലിശ കൂടും എന്നാണ് ഇതിലെ സൂചന. ജനുവരി - മാർച്ചിൽ ഐഫോൺ വിൽപന 9.6 ശതമാനം കുറഞ്ഞു എന്ന റിപ്പോർട്ട് ആപ്പിളിൻ്റെയും മറ്റ് ടെക് കമ്പനികളുടെയും ഓഹരികളെ താഴ്ത്തും.
ഏഷ്യൻ വിപണികൾ ഇന്നു വലിയ താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ സൂചിക ഒന്നര ശതമാനം ഇടിഞ്ഞു. ദക്ഷിണകൊറിയയിലും ഓസ്ട്രേലിയയിലും വിപണി താണു. ചെെനീസ് വിപണി ഉയർന്നു.
ഇന്ത്യൻ വിപണി
വെള്ളിയാഴ്ച ഇന്ത്യൻ വിപണി വലിയ തകർച്ചയിലായി. ഇരട്ടനികുതി ഒഴിവാക്കാൻ മൗറീഷ്യസുമായുള്ള കരാറിൽ മാറ്റങ്ങൾ വരുത്തിയതിനെ ചൊല്ലിയുള്ള ആശങ്കകൾ വിപണിയെ വീഴ്ത്തുകയായിരുന്നു. ഫോറിൻ പോർട്ട് ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) വിപണിയിൽ വലിയ തോതിൽ വിൽപനക്കാരായി. 8027 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റത്. കരാറിലെ മാറ്റങ്ങൾ വിജ്ഞാപനം ചെയ്തിട്ടില്ലെന്നു ഗവണ്മെൻ്റ് പിന്നീടു വിശദീകരിച്ചു. പക്ഷേ വിദേശ നിക്ഷേപകരുടെ ആശങ്ക മാറിയില്ല. നികുതി ഒഴിവു സൗകര്യം ഒഴിവാകും എന്നാണ് അവരുടെ ഭയം. പശ്ചിമേഷ്യൻ സംഘർഷം കൂടുമെന്ന ആശങ്കയും യു.എസിൽ പലിശ കുറയ്ക്കൽ വൈകും എന്ന ഭീതിയും വിപണിയെ താഴോട്ടു വലിച്ചു.
സെൻസെക്സ് 793.25 പോയിന്റ് (1.06%) ഇടിഞ്ഞ് 74,244.90 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 234.40 പോയിന്റ് (1.03%) താഴ്ന്ന് 22,519.40ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 422.05 പോയിന്റ് (0.86%) താഴ്ന്നു 48,564.55 ൽ ക്ലോസ് ചെയ്തു.
മിഡ്ക്യാപ് സൂചിക 0.62 ശതമാനം താണ് 50,067.55ൽ ക്ലോസ് ചെയ്തു. സ്മോൾക്യാപ് സൂചിക 0.45 ശതമാനം കുറഞ്ഞ് 16,496.40ൽ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 6341.53 കോടി രൂപയുടെ ഓഹരികൾ വാങ്ങി. എല്ലാ വ്യവസായമേഖലകളും വെള്ളിയാഴ്ച താഴ്ചയിലായിരുന്നു. വിപണി കരടികളുടെ പിടിയിലാണ്.
നിഫ്റ്റിക്ക് ഇന്ന് 22,495ലും 22,360ലും പിന്തുണ ഉണ്ട്. 22,545ലും 22,800ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.
സ്വർണം 2400 എത്തി, താഴ്ന്നു, വീണ്ടും കയറുന്നു
വെള്ളിയാഴ്ച സ്വർണം ലോക വിപണിയിൽ ഔൺസിന് 2400 ഡോളർ കടന്നു. എന്നാൽ അവിടെ നിൽക്കാൻ സാധിച്ചില്ല. വിലക്കയറ്റം, പലിശ തുടങ്ങിയവ സംബന്ധിച്ച വിപണിയുടെ ഊഹാപോഹങ്ങൾ സ്വർണത്തെ തലേന്നത്തെ നേട്ടങ്ങൾ മുഴുവൻ നഷ്ടപ്പെടുത്തി ക്ലോസ് ചെയ്യാൻ പ്രേരിപ്പിച്ചു. സ്വർണം വാരാന്ത്യത്തിലേക്ക് 2343.90 ഡോളറിലാണു ക്ലോസ് ചെയ്തത്. വാരാന്ത്യത്തിൽ ഇറാൻ - ഇസ്രയേൽ സംഘർഷം വർധിച്ചതിനെ തുടർന്ന് ഇന്നു രാവിലെ സ്വർണം 2357 ഡോളറിലേക്കു കയറി.
കേരളത്തിൽ വെള്ളിയാഴ്ച സ്വർണം പവന് 800 രൂപ കൂടി 53,760 രൂപ എന്ന റെക്കോർഡിൽ എത്തി. ആഗോള വിപണിയെ പിന്തുടർന്ന് ശനിയാഴ്ച വില 560 രൂപ കുറഞ്ഞ് 53,200 രൂപയിൽ എത്തി.
റഷ്യയിൽ നിന്നുള്ള ലോഹങ്ങൾക്ക് അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചത് അലൂമിനിയം, ചെമ്പ്, നിക്കൽ തുടങ്ങിയവയുടെ വില ഉയർത്തി. ഏപ്രിൽ 13 നു ശേഷമുള്ള റഷ്യൻ ഉൽപന്നങ്ങൾക്കാണു യു.എസ് ഉപരോധം. നേരത്തേ കയറ്റത്തിലായിരുന്ന ലോഹങ്ങൾ ഇതോടെ കുതിപ്പിലായി.
\ഡോളർ സൂചിക വെള്ളിയാഴ്ച 106 നു മുകളിൽ കയറി. പശ്ചിമേഷ്യൻ യുദ്ധഭീതിയും പലിശ കൂടുതൽ കാലം ഉയർന്നു നിൽക്കും എന്ന ആശങ്കയും ഡോളറിനെ കയറ്റുകയായിരുന്നു. ഇന്നു രാവിലെ ഡോളർ സൂചിക 106.02ലാണ്. വെള്ളിയാഴ്ച വിദേശനാണ്യ വിപണിയിൽ രൂപ ഇടിഞ്ഞു. ഡോളർ 22 പൈസ കയറി 83.41 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ കയറിയിറങ്ങി
ക്രൂഡ് ഓയിൽ വില ഉയർന്നാണു വാരാന്ത്യത്തിലേക്കു പോയത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആദ്യം കയറിയെങ്കിലും തിങ്കളാഴ്ച വില അൽപം കുറഞ്ഞു. പിന്നീടു കയറി. ബ്രെൻ്റ് ഇനം ഇന്നു രാവിലെ 90.44 ൽ എത്തി. ഡബ്ള്യു.ടി.ഐ ഇനം 85.51ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 89.77 ഡോളറിലും ആണ്.
ഇറാൻ്റെ ആക്രമണ വാർത്തയെ തുടർന്നു ക്രിപ്റ്റോകറൻസികൾ 12 ശതമാനം വരെ ഇടിഞ്ഞു. പ്രത്യാക്രമണം ഉടനെയില്ല എന്നു വന്നതോടെ വില തിരിച്ചു കയറാനാരംഭിച്ചു. ബിറ്റ്കോയിൻ 71,000 ഡോളറിനു മുകളിൽ എത്തിയ ശേഷം ശനിയാഴ്ച രാത്രി 61,500 ഡോളറിലേക്കു താഴ്ന്നു. തിങ്കളാഴ്ച രാവിലെ 65,000 നു മുകളിലായി. മറ്റു ക്രിപ്റ്റോകളും ചാഞ്ചാടി.
ടി.സി.എസ് മികവു കാട്ടി
ടി.സി.എസ് വെള്ളിയാഴ്ച പുറത്തുവിട്ട നാലാം പാദ റിസൽട്ട് വിപണിയുടെ നിഗമനങ്ങളേക്കാൾ മെച്ചമായിരുന്നു. ഡോളർ കണക്കിൽ 2023 -24 ലെ വരുമാനം 3.4 ശതമാനം കൂടി. പ്രവർത്തന ലാഭ മാർജിൻ 24.6 ശതമാനത്തിൽ തുടർന്നു. നാലാം പാദത്തിൽ അറ്റാദായം 9.1 ശതമാനം കൂടി 12,434 കോടി രൂപയായി. നാലാം പാദ വരുമാനം 61,237 കോടി രൂപയാണ്.
പുതിയ വർഷത്തിലേക്കു കടക്കുന്നത് 4270 കോടി ഡോളറിൻ്റെ കരാറുകളുമായാണ്. കടന്നുപോയ വർഷത്തേക്കാൾ വളരെ മെച്ചമാകും പുതിയ വർഷം എന്ന് സി.ഇ.ഒ കെ. കൃതിവാസൻ പറഞ്ഞു. മാർച്ച് 31നു കമ്പനിയിലെ ജീവനക്കാരുടെ എണ്ണത്തിൽ ഡിസംബറിനെ അപേക്ഷിച്ച് 1759 പേരുടെ കുറവുണ്ട്. കമ്പനി 4.7 ശതമാനം മുതൽ 15 ശതമാനം വരെ ശമ്പള വർധന പ്രഖ്യാപിച്ചു. കമ്പനി റിക്രൂട്ട്മെൻ്റ് തുടരും. ഐ.ടി മേഖലയുടെ ദുരവസ്ഥ മാറിയെന്നു കാണിക്കുന്നതായി ടി.സി.എസ് റിസൽട്ട്. ഇൻഫോസിസും മറ്റും ഈയാഴ്ച റിസൽട്ട് പുറത്തു വിടും.
വിലയിലും വളർച്ചയിലും നേരിയ ആശ്വാസം
വെള്ളിയാഴ്ച ഗവണ്മെൻ്റ് പുറത്തുവിട്ട ചില്ലറവിലക്കയറ്റ കണക്കും വ്യവസായ ഉൽപാദന വളർച്ചയുടെ കണക്കും പ്രത്യക്ഷത്തിൽ ആശ്വാസകരമാണ്. എന്നാൽ ഉള്ളിൽ കടന്നു നോക്കുമ്പോൾ ആശ്വാസമില്ല. മാർച്ചിലെ ചില്ലറ വിലക്കയറ്റം 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.85 ശതമാനം ആയി. ഫെബ്രുവരിയിൽ 5.09 ശതമാനമായിരുന്നു. ഭക്ഷ്യ വിലക്കയറ്റത്തിൽ നാമമാത്ര കുറവേ ഉള്ളൂ. 7.76 ശതമാനത്തിൽ നിന്ന് 7.68 ശതമാനത്തിലേക്ക്.
ഇന്ധന - വൈദ്യുത ചെലവിൽ കാര്യമായ കുറവ് (3.24 ശതമാനം ഇടിപ്പ്) വന്നതാണ് യഥാർഥത്തിൽ വിലക്കയറ്റ നിരക്ക് താഴ്ത്തിയത്. പെട്രോൾ, ഡീസൽ, പാചക വാതക, പ്രകൃതിവാതക വിലകളിൽ കേന്ദ്രം കുറവു വരുത്തിയതാണു കാരണം. പച്ചക്കറി വില 28.3 ഉം പയറുവർഗങ്ങളുടെ വില 17.7 ഉം ശതമാനം ഉയർന്നാണു നിൽക്കുന്നത്. ഏപ്രിൽ - ജൂൺ കാലയളവിൽ വിലക്കയറ്റം 5.1 ശതമാനത്തിലും കൂടുതലായിരിക്കും എന്നാണ് ഇതു കാണിക്കുന്നത്. ഉഷ്ണക്കാറ്റ് ഉണ്ടാകുമെന്ന കാലാവസ്ഥ പ്രവചനം ഭക്ഷ്യവില കൂടുമെന്നാണു സൂചിപ്പിക്കുന്നത്.
ഫെബ്രുവരിയിലെ വ്യവസായ ഉൽപാദന വളർച്ച 5.7 ശതമാനമായി ഉയർന്നതു കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ വളർച്ച കുറവായിരുന്നതു കൊണ്ടാണ്. മാർച്ചിലും ഇതേ സാഹചര്യം ഉള്ളതു കൊണ്ട് വളർച്ച അഞ്ചു ശതമാനത്തിലധികം കാണിക്കാനാകും.
വിപണിസൂചനകൾ (2024 ഏപ്രിൽ 12, വെള്ളി)
സെൻസെക്സ്30 74,244.90 -1.06%
നിഫ്റ്റി50 22,519.40 -1.03%
ബാങ്ക് നിഫ്റ്റി 48,564.55 -0.86%
മിഡ്ക്യാപ് 100 50,067.55 -0.62%
സ്മോൾക്യാപ് 100 16,496.40 -0.45%
ഡൗ ജോൺസ് 30 37,983.20 -1.24%
എസ് ആൻഡ് പി 500 5123.41 -1.46%
നാസ്ഡാക് 16,175.10 -1.62%
ഡോളർ ($) ₹83.41 +₹0.22
ഡോളർ സൂചിക 106.04 +0.76
സ്വർണം (ഔൺസ്) $2343.90 -$28.50
സ്വർണം (പവൻ) ₹53, 760 +₹800.00
സ്വർണം (പവൻ) ശനി ₹53,200 -₹560.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $90.45 +$00.26