ആവേശം തുടരുന്നു, 25,000 ലക്ഷ്യമിട്ടു നിഫ്റ്റി; തിരുത്തലിനെ കരുതണമെന്നു വിദഗ്ധര്‍, ഏഷ്യന്‍ വിപണികള്‍ താഴ്ചയില്‍
ചില്ലറ വിലക്കയറ്റം നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, എച്ച്.സി.എല്‍ ടെക് ലാഭം കുതിച്ചു
ആവേശത്തില്‍ നിന്ന് ആവേശത്തിലേക്കു കുതിക്കുകയാണു വിപണി. ബജറ്റ് വരെ തിരുത്തില്ലാതെ മുന്നേറും എന്ന ധാരണ ജനിപ്പിച്ചാണു ബുള്ളുകള്‍ നീങ്ങുന്നത്. കരുതലോടെ മാത്രം നിക്ഷേപം നടത്തുക എന്നാണു വിദഗ്ധരുടെ ഉപദേശം. ഉയര്‍ന്ന വിലനിലവാരം തിരുത്തലിലേക്കു നീങ്ങിയാല്‍ വലിയ നഷ്ടം വരും എന്നാണ് അവര്‍ പറയുന്നത്. വിലക്കയറ്റം കൂടിയതു വിപണിഗതിയെ ബാധിക്കില്ല എന്നു പൊതുവേ കരുതപ്പെടുന്നു. വന്‍കമ്പനികളുടെ റിസല്‍ട്ടുകളാണ് ഈയാഴ്ച വിപണിയെ പ്രധാനമായും സ്വാധീനിക്കുക.
യു.എസ് വിപണി വെള്ളിയാഴ്ച വലിയ നേട്ടത്തിലായിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനു നേരേ നടന്ന വധശ്രമം ട്രംപിന്റെ വിജയ സാധ്യത ഉറപ്പിച്ചതായാണു വിലയിരുത്തല്‍. ഏഷ്യന്‍ വിപണികള്‍ താഴ്ചയിലാണ്.
മുഹറം പ്രമാണിച്ചു ബുധനാഴ്ച വിപണിക്ക് അവധിയാണ്.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,603ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,600 നു താഴെ ആയി. ഇന്ത്യന്‍ വിപണി ഇന്ന് ചെറിയ നേട്ടത്തോടെ തുടക്കം കുറിക്കും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച ഒരു ശതമാനത്തിലധികം കുതിച്ചു കയറി. ടെക്‌നോളജി ഓഹരികള്‍ നേട്ടം നയിച്ചു.
യു.എസ് വിപണി വെള്ളിയാഴ്ച നല്ല കയറ്റത്തിനു ശേഷം താഴ്ന്നു ക്ലോസ് ചെയ്തു. ഡൗ 40,257.24 ഉം എസ് ആന്‍ഡ് പി 5655.50 ഉം നാസ്ഡാക് 18,671.07 ഉം വരെ കയറി. വമ്പന്‍ ബാങ്കുകളില്‍ ജെപി മോര്‍ഗനും സിറ്റി ഗ്രൂപ്പും പ്രതീക്ഷേയേക്കാള്‍ മികച്ച രണ്ടാം പാദ റിസല്‍ട്ട് പുറത്തിറക്കി. വെല്‍സ് ഫാര്‍ഗോ നിരാശപ്പെടുത്തി. ഇന്നു ഗോള്‍ഡ്മാന്‍ സാക്‌സും നാളെ മോര്‍ഗന്‍ സ്റ്റാന്‍ലിയും ബാങ്ക് ഓഫ് അമേരിക്കയും റിസല്‍ട്ട് പുറത്തു വിടും.
വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 247.15 പോയിന്റ് (0.62%) നേട്ടത്തോടെ 40,000.90ല്‍ അവസാനിച്ചു. എസ് ആന്‍ഡ് പി 30.81 പോയിന്റ് (0.55%) കയറി 5615.35ല്‍ ക്ലോസ് ചെയ്തു. നാസ്ഡാക് 115.04 പോയിന്റ് (0.63%) ഉയര്‍ന്ന് 18,398.40ല്‍ വ്യാപാരം അവസാനിപ്പിച്ചു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.18 ശതമാനവും എസ് ആന്‍ഡ് പി 0.17 ഉം നാസ്ഡാക് 0.26 ശതമാനവും ഉയര്‍ന്നു നില്‍ക്കുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നും താഴ്ചയിലായി. ജപ്പാനില്‍ നിക്കൈ രണ്ടര ശതമാനം ഇടിഞ്ഞു. ചൈനീസ് വിപണിയും ഇടിവിലാണ്.
ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച കുതിച്ചു കയറി. സെന്‍സെക്‌സ് 80,893.51ലും നിഫ്റ്റി 24,592.20ലും എത്തി റെക്കോര്‍ഡ് കുറിച്ചു. ഐ.ടി സൂചിക 4.54 ശതമാനം കുതിച്ചതാണു വിപണിയെ സഹായിച്ചത്. ടി.സി.എസ് 6.6 ശതമാനവും ഇന്‍ഫി 3.41 ശതമാനവും കയറി. റിയല്‍റ്റിയും ഓട്ടോയും താഴ്ന്നു. മോര്‍ഗന്‍ സ്റ്റാന്‍ലി റേറ്റിംഗ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഓയില്‍ ഇന്ത്യ 18 ശതമാനം വരെ ഉയര്‍ന്നു. ഫെഡറല്‍ ബാങ്ക് ഓഹരി 197.19 രൂപവരെ ഉയര്‍ന്നു റെക്കോര്‍ഡ് കുറിച്ചു.
സെന്‍സെക്‌സ് 622 പോയിന്റ് (0.78%) കയറി 80,519.34ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 186.20 പോയിന്റ് (0.77%) കുതിച്ച് 24,502.15 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.02% (8.25 പോയിന്റ്) കയറി 52,278.90 ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.04 ശതമാനം ഉയര്‍ന്ന് 51,173.80 ലും സ്‌മോള്‍ ക്യാപ് സൂചിക 0.16% കയറി 18,949.05 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച ക്യാഷ് വിപണിയില്‍ 4021.60 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1651.45 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
നിഫ്റ്റി 24,500 നു മുകളില്‍ ക്ലോസ് ചെയ്തത് ബുള്ളുകള്‍ക്ക് ആവേശമായി. 24,800 -25,000 എന്ന അടുത്ത ലക്ഷ്യത്തില്‍ ഉടനേ എത്താം എന്ന വിശ്വാസത്തിലാണ് അവര്‍. ഇന്നു സൂചികയ്ക്ക് 24,375 ലും 24,315 ലും പിന്തുണ ഉണ്ട്. 24,575 ലും 24,635 ലും തടസം ഉണ്ടാകാം.
സ്വര്‍ണം താഴ്ന്നു
സ്വര്‍ണവില വരാന്ത്യത്തില്‍ താഴ്ന്ന് ഔണ്‍സിന് 2411.60 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,408 ഡോളറിലേക്കു താണു.
കേരളത്തില്‍ സ്വര്‍ണവില ശനിയാഴ്ച പവന് 53,840 രൂപയില്‍ തുടര്‍ന്നു. ഇന്നു വില കുറയാം.
വെള്ളിവില ഔണ്‍സിന് 30.75 ഡോളറിലാണ്. കേരളത്തില്‍ വെള്ളി കിലോഗ്രാമിനു 99,000 രൂപയില്‍ തുടര്‍ന്നു.
ഡോളര്‍ സൂചിക വെള്ളിയാഴ്ച താഴ്ന്ന് 104.09 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക104.29 ലേക്കു കയറി.
രൂപ വെള്ളിയാഴ്ച ക്ലോസിംഗില്‍ നില മെച്ചപ്പെടുത്തതി. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 83.53 രൂപയില്‍ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയില്‍ വില താഴ്ചയിലാണ്. ബ്രെന്റ് ഇനം വാരാന്ത്യത്തില്‍ 85.03 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 84.94 ഡോളറിലേക്കു താഴ്ന്നു. ഡ.ബ്ല്യു.ടി.ഐ ഇനം 82.13 ഡോളറിലും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 84.75 ഡോളറിലുമാണ്.
വ്യാവസായിക ലോഹങ്ങള്‍ വെള്ളിയാഴ്ചയും താഴ്ന്നു. ചെമ്പ് 0.22 ശതമാനം താണു ടണ്ണിന് 9672.35 ഡോളറില്‍ എത്തി. അലൂമിനിയം 0.37 ശതമാനം താഴ്ന്ന് ടണ്ണിന് 2484.65 ഡോളറായി.
ക്രിപ്‌റ്റോ കറന്‍സികള്‍ വാരാന്ത്യത്തില്‍ ഉയര്‍ന്നു. ബിറ്റ്‌കോയിന്‍ 60,350 നടുത്ത് എത്തി. ഇന്നു രാവിലെ 61,350 ഡോളറിനു മുകളിലായി. ഈഥര്‍ 3280 ഡോളറിലേക്കു കയറി.
വിലക്കയറ്റം കൂടി, വ്യവസായ ഉത്പാദനം വര്‍ധിച്ചു
ജൂണില്‍ ചില്ലറ വിലക്കയറ്റം നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന 5.08 ശതമാനത്തിലേക്കു കയറി. ഭക്ഷ്യവിലക്കയറ്റം 9.36 ശതമാനമായതാണു പ്രധാന കാരണം. മേയില്‍ ചില്ലറവിലക്കയറ്റം 4.75 ശതമാനവും ഭക്ഷ്യവിലക്കയറ്റം 8.7 ശതമനവുമായിരുന്നു.
പച്ചക്കറികളും പയറുവര്‍ഗങ്ങളുമാണു ഭക്ഷ്യവിലക്കയറ്റം വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം പച്ചക്കറി വിലകളിലെ വര്‍ധന 293 ശതമാനമായിരുന്നു. പയറുവര്‍ഗങ്ങളുടേത് 16.1 ശതമാനവും.13 മാസമായി പയര്‍ വര്‍ഗങ്ങളുടെ വിലക്കയറ്റം ഇരട്ടയക്കത്തിലാണ്. പച്ചക്കറികള്‍ എട്ടു മാസമായി 10 ശതമാനത്തിലധികമായി തുടരുന്നു.
റിസര്‍വ് ബാങ്ക് ഉടനെങ്ങും നിരക്കു കുറയ്ക്കില്ല എന്നു ചില്ലറ വിലക്കയറ്റ കണക്കു കാണിക്കുന്നു.
വ്യവസായ ഉത്പപാദന സൂചിക മേയില്‍ 5.9 ശതമാനം വര്‍ധിച്ചു. ഏപ്രിലില്‍ അഞ്ചു ശതമാനം ആയിരുന്നു. ഏഴുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് മേയിലേത്. വൈദ്യുതി ഉത്പാദനം 13.7 ശതമാനം വര്‍ധിച്ചു. ഫാക്ടറി ഉത്പാദന വളര്‍ച്ച തലേ മാസത്തെ 6.3ല്‍ നിന്നു 4.6 ശതമാനം ആയി കുറഞ്ഞു.
എച്ച്.സി.എല്‍ ടെക് ലാഭം കുതിച്ചു
എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ ഒന്നാം പാദ വരുമാനം 6.6 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായം 20.4 ശതമാനം കുതിച്ചു. 28,057 കോടി രൂപ വരുമാനത്തില്‍ 4,257 കോടി അറ്റാദായം ഉണ്ട്. കമ്പനി ഓഹരി ഒന്നിനു 12 രൂപ വച്ച് ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു.
നികുതി വരുമാനം കൂടുന്നു
ജൂലൈ 11 വരെ ഗവണ്മെന്റിനു പ്രത്യക്ഷനികുതി വരുമാനം 5.74 ലക്ഷം കോടി രൂപയാണ്. ഇതു തലേവര്‍ഷം ഇതേ തീയതി വരെയുള്ള പിരിവിനേക്കാള്‍ 19.54 ശതമാനം അധികമാണ്.
കമ്പനി നികുതി 12.47 ശതമാനം വര്‍ധിച്ച് 2.10 ലക്ഷം കോടി ആയി. വ്യക്തിഗത ആദായനികുതി 21.41 ശതമാനം കുതിച്ച് 3.46 ലക്ഷം കോടി രൂപയിലെത്തി. ഓഹരിവിലകള്‍ കുതിച്ചുയര്‍ന്നതു മൂലം സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് 7,285 കോടിയില്‍ നിന്നു 16,634 കോടിയായി.
റിസല്‍ട്ടുകള്‍ ഈയാഴ്ച
ജൂലൈ 15: ജിയോ ഫിനാന്‍ഷ്യല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്ഡിഎഫ്‌സി എഎംസി, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഏഞ്ചല്‍ വണ്‍.
ജൂലൈ 16: ബജാജ് ഓട്ടോ, എല്‍ ആന്‍ഡ് ടി ഫിനാന്‍സ്, ക്രിസില്‍.
ജൂലൈ 17: ഏഷ്യന്‍ പെയിന്റ്‌സ്, എല്‍ടി മൈന്‍ഡ് ട്രീ, എലെകോണ്‍ എന്‍ജിനിയറിംഗ്.
ജൂലൈ18: ഇന്‍ഫോസിസ്, ഹാവല്‍സ്, പോളികാബ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, എല്‍ ആന്‍ഡ് ടി ടെക് സര്‍വീസസ്, ഡാല്‍മിയ ഭാരത്, സിയറ്റ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്.
ജൂലൈ19: റിലയന്‍സ്, വിപ്രോ, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ബി.പി.സി.എല്‍, യൂണിയന്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്.
ജൂലൈ 20: എച്ച്.ഡി.എഫ്.സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ജെകെ സിമന്റ്, കാന്‍ ഫിന്‍ ഹോംസ്.
വിപണിസൂചനകള്‍
(2024 ജൂലൈ 12, വെള്ളി)
സെന്‍സെക്‌സ് 30 80,519.34 +0.78 .%
നിഫ്റ്റി50 24,502.15 +0.77%
ബാങ്ക് നിഫ്റ്റി 52,278.90 +0.02%
മിഡ് ക്യാപ് 100 57,173.80 +0.04%
സ്‌മോള്‍ ക്യാപ് 100 18,949.05 +0.16%
ഡൗ ജോണ്‍സ് 30 40,000.90 +0.62%
എസ് ആന്‍ഡ് പി 500 5615.35 +0.55%
നാസ്ഡാക് 18,398.40 +0.63%
ഡോളര്‍($) ₹83.53 -₹0.03
ഡോളര്‍ സൂചിക 104.09 -0.35
സ്വര്‍ണം (ഔണ്‍സ്) $2411.60 -$03.60
സ്വര്‍ണം (പവന്‍) ₹53,840 ₹00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $85.03 -$00.58