പലിശപ്പേടി മാറി, ഓഹരികൾ കുതിച്ചു; ഇന്ത്യയിലും യു.എസിലും വിലക്കയറ്റത്തിൽ ആശ്വാസം

ഡോളർ സൂചിക താഴ്ന്നു, സ്വർണം കയറി

Update:2023-11-15 08:33 IST

അമേരിക്കയിൽ ചില്ലറവിലക്കയറ്റം പ്രതീക്ഷയിലും കുറവായത് എല്ലായിടത്തും ഓഹരിവിപണികളെ ഉയർത്തുന്നു. പലിശവർധനയെപ്പറ്റി ഭയം വേണ്ട എന്നതാണ് വിപണിയുടെ പുതിയ നിഗമനം.

പലിശഭയം അകന്നതോടെ ഇന്നലെ യു.എസ്, യൂറോപ്യൻ വിപണികൾ രണ്ടു ശതമാനത്തോളം കുതിച്ചു. ഇന്നു രാവിലെ ഏഷ്യൻ വിപണികളും രണ്ടു ശതമാനം കയറ്റത്തിലാണ്. ഇതേ പാതയിൽ ഇന്ത്യൻ വിപണിയും നീങ്ങുമെന്ന പ്രതീക്ഷയിലാണു നിക്ഷേപകർ. ഇന്ത്യയിലെ ചില്ലറ, മൊത്ത വിലക്കയറ്റ സൂചികകളും ആശ്വാസകരമായ നിലയിലായി. അതും വിപണിയെ ഉയരാൻ സഹായിക്കും.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വ രാത്രി 19,741-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,760 വരെ കയറിയിട്ട് 19,735 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

പലിശപ്പേടി മാറിയതിനെ തുടർന്ന് സ്വർണവില ഉയരുകയും ഡോളർ ദുർബലമാകുകയും ചെയ്തു. യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം കുറഞ്ഞു.

യൂറോപ്യൻ സൂചികകൾ ചാെവ്വാഴ്ച മികച്ച നേട്ടത്തിലാണ് അവസാനിച്ചത്. ഡാക്സും സി.എ.സിയും രണ്ടു ശതമാനത്തോളം കുതിച്ചു. യു.എസ് വിലക്കയറ്റത്തിൽ അപ്രതീക്ഷിതമായി വന്ന കുറവ് യൂറോപ്യൻ വിപണികളെയും സഹായിച്ചു.

യുഎസ് വിപണി ചാെവ്വാഴ്ച വലിയ മുന്നേറ്റം നടത്തി. ചില്ലറവിലക്കയറ്റത്തിൽ വന്ന അപ്രതീക്ഷിത കുറവ് വിപണിയുടെ പല ആശങ്കകളും അകറ്റി. അതിന്റെ ആവേശത്തിൽ ഡൗ ജോൺസ് സൂചിക 500 ലധികം പോയിന്റ് ഉയർന്നിരുന്നു.

യു.എസ് കടപ്പത്ര വിലകൾ ചാെവ്വാഴ്ച കയറി. അവയിലെ നിക്ഷേപനേട്ടം 4.434 ശതമാനമായി താഴ്ന്നു.

ഡൗ ജോൺസ് 489.83 പോയിന്റ് (1.43%) കുതിച്ച് 34,827.70 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 84.15 പോയിന്റ് (1.91%) കയറി 4495.70 ൽ അവസാനിച്ചു. നാസ്ഡാക് 326.64 പോയിന്റ് (2.37%) ഉയർന്ന് 14,094.38 ൽ ക്ലോസ് ചെയ്തു.

യുഎസ് റേറ്റിംഗ് താഴ്ത്തിയ മൂഡീസിന്റെ പ്രഖ്യാപനത്തെ തിങ്കളാഴ്ച യുഎസ് വിപണി കണക്കിലെടുത്തതേ ഇല്ല. ഡിസംബർ 31 വരെ ഗവണ്മെന്റ് പ്രവർത്തനം തുടരാവുന്ന വിധം ഇടക്കാല ബജറ്റ് പാസാക്കിയതാേടെ മറ്റു ചില ആശങ്കകളും മാറി.

ഒക്ടോബറിലെ യു.എസ് ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കുറവായി. 3.3 ശതമാനം പ്രതീക്ഷിച്ചിടത്ത് 3.2 ശതമാനം മാത്രം. സെപ്റ്റംബറിൽ 3.7 ശതമാനമായിരുന്നു. 2022 ജൂണിലെ 9.1 ശതമാനത്തിൽ നിന്നു വലിയ താഴ്ച. ഇന്ധന വിലയിലും പാർപ്പിട വിലയിലും ഉണ്ടായ ആശ്വാസമാണു പ്രധാന കാരണം.

രണ്ടു ശതമാനം മാത്രം വിലക്കയറ്റം എന്നതാണു യു.എസ് ഫെഡറൽ റിസർവിന്റെ ലക്ഷ്യം. അടുത്ത വർഷം ഒക്ടോബറോടെ ആ ലക്ഷത്തിനടുത്ത് എത്താനാകുമെന്നു മൂഡീസ് അനലിറ്റിക്സിലെ ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡി പറഞ്ഞു.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നേട്ടത്തിലാണ്. ഡൗ സൂചിക 0.06-ഉം എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.10 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യു.എസ് പ്രസിഡന്റ് ജോ ബൈഡനും ചെെനീസ് പ്രസിഡന്റ് ഷി ചിൻപിംഗും തമ്മിൽ ഇന്നു നടക്കുന്ന ചർച്ചയിൽ ഉഭയകക്ഷി ബന്ധത്തിലെ മഞ്ഞുരുകുമോ എന്നാണു വിപണി ഉറ്റുനോക്കുന്നത്.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ഓസ്ട്രേലിയൻ വിപണി ഒന്നര ശതമാനത്തിലധികം ഉയർന്നു. ജപ്പാനിൽ ജിഡിപി പ്രതീക്ഷയിലും കൂടുതൽ ചുരുങ്ങിയെങ്കിലും നിക്കെെ സൂചിക 2.05 ശതമാനം വരെ കയറി. കൊറിയയിലും കുതിപ്പാണ്. ചൈനീസ് വിപണികളും ഉയർന്നു വ്യാപാരം തുടങ്ങി.

ജപ്പാന്റെ ജൂലൈ - സെപ്റ്റംബർ ത്രൈമാസ ജി.ഡി.പി രണ്ടു ശതമാനം ചുരുങ്ങി. ഏപ്രിൽ - ജൂണിൽ 4.8 ശതമാനം വളർന്നതാണ്. 0.6 ശതമാനം ചുരുങ്ങും എന്നായിരുന്നു റോയിട്ടേഴ്സ് സർവേയിലെ നിഗമനം. നാലു പാദങ്ങൾക്കു ശേഷമാണു ജിഡിപി ചുരുങ്ങിയത്.


ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി മുഹൂർത്ത വ്യാപാരത്തിലെ നേട്ടമെല്ലാം തിങ്കളാഴ്ച നഷ്ടപ്പെടുത്തി. തുടക്കം മുതൽ താഴ്ചയിലായിരുന്നു.

തിങ്കളാഴ്ച സെൻസെക്സ് 325.58 പോയിന്റ് (0.50%) താഴ്ന്ന് 64,933.87 ലും നിഫ്റ്റി 82 പോയിന്റ് (0.42%) ഇടിഞ്ഞ് 19,443.55 ലും എത്തി. ബാങ്ക് നിഫ്റ്റി 105.4 പോയിന്റ് (0.24%) താഴ്ന്ന് 43,891.25 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.07 ശതമാനം കയറി 41,009.70 ലും സ്മോൾ ക്യാപ് സൂചിക 0.68 ശതമാനം ഉയർന്ന് 13,610 ലും അവസാനിച്ചു.

പി.എസ്.യു ബാങ്ക് ഓഹരികൾ 2.64 ശതമാനം ഉയർന്നു. ഇന്ത്യൻ ബാങ്കും യൂണിയൻ ബാങ്കും ഏഴു ശതമാനത്തോളം കയറി. ചില പൊതുമേഖലാ ബാങ്കുകളിലെ ഓഹരി കേന്ദ്രം വിൽക്കുമെന്ന ശ്രുതി വിപണിയിൽ പരക്കുന്നുണ്ട്. മെറ്റൽ ഓഹരികളും കയറി.

ഐ.ടി, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ്, എഫ്‌എംസിജി, ധനകാര്യ സേവന, റിയൽറ്റി കമ്പനികൾ നഷ്ടത്തിലായി.

നിഫ്റ്റി 19,550 - 19,600 മേഖല കടന്നാലേ ഉയർച്ച തുടരാൻ സാധിക്കൂ എന്നാണു വിലയിരുത്തൽ. നിഫ്റ്റിക്ക് 19,420 ലും 19,375 ലും പിന്തുണ ഉണ്ട്. 19,485 ഉം 19,530 ഉം തടസങ്ങളാകും.

തിങ്കളാഴ്ച വിദേശികൾ ക്യാഷ് വിപണിയിൽ 1244.44 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 830.4 കോടി രൂപയുടെ ഓഹരികൾ വാങ്ങി. പലിശ വർധന ഉണ്ടാകില്ലെന്നും അടുത്ത വർഷം രണ്ടാം പകുതിയിൽ പലിശ കുറച്ചു തുടങ്ങുമെന്നും ആണു പുതിയ നിഗമനം. അതു നടന്നാൽ വിദേശികൾ ഇന്ത്യൻ ഓഹരികളിലേക്കു മടങ്ങിവരുമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്.

മിക്ക വ്യാവസായിക ലോഹങ്ങളും തിങ്കളാഴ്ച ഉയർന്നിട്ടു ചൊവ്വാഴ്ച താഴ്ന്നു. ഇന്നലെ അലൂമിനിയം 0.59 ശതമാനം കയറി ടണ്ണിന് 2234.51 ഡോളറിലായി. ചെമ്പ് 0.01 ശതമാനം കുറഞ്ഞു ടണ്ണിന് 8080.5 ഡോളറിലെത്തി. ലെഡ് 0.75 ഉം നിക്കൽ 0.02 ഉം സിങ്ക് 0.06 ഉം ടിൻ 0.61 ഉം ശതമാനം താഴ്ന്നു.

ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 82.47 ഡോളറിലും ഡബ്ള്യുടിഐ ഇനം 78.09 ഡോളറിലും ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ഇവ യഥാക്രമം 82.57 ഉം 78.31 ഉം ആയി. യുഎഇയുടെ മർബൻ ക്രൂഡ് 83.25 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണം വീണ്ടും കയറ്റത്തിലായി. കാരണം പലിശ വർധനയെ പറ്റിയുള്ള ആശങ്ക അകന്നത്. ചൊവ്വാഴ്ച രാജ്യാന്തര വിപണിയിൽ സ്വർണവില ഒരു ശതമാനത്തോളം കയറി ഔൺസിന് 1963.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1962.60 വരെ താഴ്ന്നു.

കേരളത്തിൽ പവൻവില തിങ്കളാഴ്ച 80 രൂപ കുറഞ്ഞ് 44,360 രൂപയിലെത്തി. ചൊവ്വാഴ്ച 80 രൂപ കൂടി 44,440 രൂപയിലായി. ഇന്നു സ്വർണവില ഗണ്യമായി കൂടുമെന്നാണു സൂചന.

ഡോളർ തിങ്കളാഴ്ച ഒരു പെെസ താഴ്ന്ന് 83.33 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നലെ രാജ്യാന്തര ഡോളർ സൂചികയിൽ ഒന്നര ശതമാനത്തോളം ഇടിവുണ്ടായത് ഇന്നു ഡോളർ - രൂപ വിനിമയനിരക്കിനെ രൂപയ്ക്കനുകൂലമായി മാറ്റും. ഡോളർ 83 രൂപയുടെ താഴെ വന്നാലും ആശ്ചര്യമില്ല.

പലിശപ്പേടി മാറിയതോടെ ഡോളർ സൂചിക ചാെവ്വാഴ്ച കുത്തനേ താണു. സൂചിക 104.05 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.17 ലേക്കു കയറി.

ക്രിപ്‌റ്റോ കറൻസികൾ ഇന്നലെ പെട്ടെന്നു താഴ്ന്നു. ബിറ്റ്കോയിൻ 35,500 നു മുകളിലായി. 

വിലക്കയറ്റത്തിൽ ചില്ലറ ആശ്വാസം 

രാജ്യത്തെ വിലക്കയറ്റ കാര്യത്തിൽ ചെറിയ ആശ്വാസ സൂചനയായി ചില്ലറ, മൊത്തവില സൂചികകൾ. ഒക്ടോബറിലെ ചില്ലറ വിലക്കയറ്റം 4.87 ശതമാനമാണ്. തലേ മാസത്തെ 5.02 ശതമാനത്തിൽ നിന്നു നേരിയ കുറവു മാത്രം. 4.8 ശതമാനമാകും എന്നായിരുന്നു പ്രതീക്ഷ. മൊത്തവിലക്കയറ്റം 0.52 ശതമാനം കുറഞ്ഞു. തലേ മാസം 0.26 ശതമാനമായിരുന്നു കുറവ്. തുടർച്ചയായ ഏഴാം മാസമാണ് മൊത്തവിലക്കയറ്റം കുറഞ്ഞു വരുന്നത്.

ചില്ലറ വിലക്കയറ്റം കുറേക്കൂടി കുറയുമെന്നു പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ സവാളയുടെയും മറ്റും വില വീണ്ടും കൂടിയതു മൂലം പ്രതീക്ഷ പാളി. പയറുവർഗങ്ങളുടെ വിലക്കയറ്റം 18.8 ശതമാനവും മുട്ട വിലക്കയറ്റം 9.3 ഉം പഴങ്ങളുടേത് 9.34 ഉം ശതമാനമായി.

വിലക്കയറ്റം നാലു ശതമാനത്തിൽ താഴെ ആക്കണമെന്നതാണു റിസർവ് ബാങ്ക് ലക്ഷ്യം. അതിൽ നിന്ന് ഉയരത്തിലാണ് ചില്ലറ വിലക്കയറ്റം എങ്കിലും തൽക്കാലം റിസർവ് ബാങ്ക് പലിശ കൂട്ടുകയില്ല എന്നു വിപണി ഉറപ്പായി കരുതുന്നു.

മൊത്തവിലക്കയറ്റത്തിൽ ഭക്ഷ്യവിലകൾ ഒരു ശതമാനത്തിലധികം കയറിയത് വരും മാസങ്ങളിലേക്കു പ്രശ്നം ഉണ്ടാക്കാം. 

വിപണി സൂചനകൾ

(2023 നവംബർ 13, തിങ്കൾ)


സെൻസെക്സ്30 65,933.87 -0.50%

നിഫ്റ്റി50 19,443.55 -0.42%

ബാങ്ക് നിഫ്റ്റി 43,891.25 -0.24%

മിഡ് ക്യാപ് 100 41,009.70 +0.07%

സ്മോൾ ക്യാപ് 100 13,610.00 +0.68%

ഡൗ ജോൺസ് 30 34,337.90 +0.16%

എസ് ആൻഡ് പി 500 4411.05 -0.08%

നാസ്ഡാക് 13,767.70 - 0.22%

ഡോളർ ($) ₹83.33 -₹0.01

ഡോളർ സൂചിക 105.63 -0.26

സ്വർണം (ഔൺസ്) $1946.80 +$07.10

സ്വർണം (പവൻ) ₹44,360 -₹ 80.00

ക്രൂഡ് ബ്രെന്റ് ഓയിൽ $81.43 +$1.46

(2023 നവംബർ 14, ചൊവ്വ)

ഡൗ ജോൺസ് 30 34,337.90 +0.16%

എസ് ആൻഡ് പി 500 4411.05 -0.08%

നാസ്ഡാക് 13,767.70 - 0.22%

ഡോളർ സൂചിക 104.05 -1.58

സ്വർണം (ഔൺസ്) $1963.70 +$16.90

സ്വർണം (പവൻ) ₹44,440 +₹80.00

ക്രൂഡ് ബ്രെന്റ് ഓയിൽ $82.47 +$1.01

Tags:    

Similar News