വിപണികൾക്ക് ഉത്സാഹം കുറവ്; യു.എസ്-ചൈന ഉച്ചകാേടി വിജയം; വിപണിയിൽ കാണുന്നത് തെരഞ്ഞെടുപ്പ് റാലിയോ?

ക്രൂഡ് ഓയിൽ താഴുന്നു

Update:2023-11-16 08:37 IST

ആഗാേള സംഘർഷ ലഘൂകരണത്തിനു സഹായിക്കുന്ന ധാരണകളുമായി യു.എസ് - ചൈന ഉച്ചകാേടി സമാപിച്ചു. ക്രൂഡ് ഓയിൽ വില താഴാേട്ടു നീങ്ങുകയാണ്. ഇത്തരം അനുകൂല ഘടകങ്ങൾ ഉണ്ടെങ്കിലും വിപണി അധികം ഉത്സാഹത്തിലല്ല.


യു.എസ്, യൂറോപ്യൻ വിപണികൾ ഇന്നലെ മിതമായ നേട്ടത്തിലാണ് അവസാനിച്ചത്. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,764-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,770 വരെ കയറിയിട്ട് 19,750 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.


യൂറോപ്യൻ സൂചികകൾ ചാെവ്വാഴ്ച ചെറിയ നേട്ടത്തിലാണ് അവസാനിച്ചത്. ഐ.ടി ഓഹരികൾ ഗണ്യമായി ഉയർന്നു. ജർമനിയിലെ ചിപ് നിർമാതാക്കളായ ഇൻഫിനിയോൺ ബിസിനസ് പ്രതീക്ഷയിലും മെച്ചമാണെന്ന സൂചന നൽകിയതോടെ ഓഹരി എട്ടു ശതമാനം കയറി. ബിസിനസ് മോശമായതിനാൽ 1500 പേരെ പിരിച്ചു വിടുമെന്നും ആസ്തികൾ വിൽക്കുമെന്നും അറിയിച്ച ആൽസ്തോമിന്റെ ഓഹരി 15 ശതമാനം ഇടിഞ്ഞു.

യു.എസ് വിപണി ബുധനാഴ്ച ചെറിയ നേട്ടമേ ഉണ്ടാക്കിയുള്ളൂ. ഡൗ ജോൺസ് 163.51 പോയിന്റ് (0.47%) ഉയർന്ന് 34,991.21 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 7.18 പോയിന്റ് (1.91%) കയറി 4502.88 ൽ അവസാനിച്ചു. നാസ്ഡാക് 9.45 പോയിന്റ് (0.07%) ഉയർന്ന് 14,103.84 ൽ ക്ലോസ് ചെയ്തു.

യു.എസ് കടപ്പത്ര വിലകൾ ബുധനാഴ്ച കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.54 ശതമാനമായി കൂടി. യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നഷ്ടത്തിലാണ്. ഡൗ സൂചിക 0.19-ഉം എസ് ആൻഡ് പി 0.24 ഉം നാസ്ഡാക് 0.39 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

ബിസിനസ് വളർച്ച കുറവാകുമെന്ന മുന്നറിയിപ്പ് നൽകിയ സിസ്കോ സിസ്റ്റംസ് ഓഹരി 11 ശതമാനം ഇടിഞ്ഞു. സൈബർ സെക്യൂരിറ്റി കമ്പനിയായ പാലോ ആൾടോ നെറ്റ് വർക്സ് വരുമാനം കുറയുമെന്ന് അറിയിച്ചു. ഓഹരി ഒൻപതു ശതമാനം താണു.

റീട്ടെയിൽ കമ്പനി 'ടാർഗറ്റ്' മികച്ച വരുമാന - ലാഭ വളർച്ച കാണിക്കുകയും ഭാവി പ്രതീക്ഷ ഉയർത്തുകയും ചെയ്തത് ഓഹരി വില 18 ശതമാനം കുതിക്കാൻ കാരണമായി. റീട്ടെയിൽ ഭീമൻ വോൾമാർട്ടും മേയ്സീസും ഇന്നു റിസൽട്ട് പുറത്തുവിടും.

ഏഷ്യൻ വിപണികൾ ഇന്നു നഷ്ടത്തിൽ തുടങ്ങി. ഓസ്ട്രേലിയൻ വിപണി 0.3 ശതമാനം താണു. ജപ്പാനിൽ നിക്കെെ സൂചിക 0.40 ശതമാനം വരെ താഴ്ചയിലായി. കൊറിയൻ വിപണി ഉയർന്നു. ചൈനീസ് വിപണികളും താഴ്ന്നു വ്യാപാരം തുടങ്ങി.

 

ഇന്ത്യൻ വിപണി


സമീപകാല നഷ്ടങ്ങളെല്ലാം നികത്തി ഇന്ത്യൻ വിപണി ഇന്നലെ പുതിയൊരു കുതിപ്പിനു തുടക്കമിട്ടു. ബുൾ വിപണിയിലെ ഹ്രസ്വകാല തിരുത്തലുകൾ ആണു കണ്ടതെന്നു തെളിയിക്കുന്ന വിധം വിപണി മുന്നോട്ടു നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം നിക്ഷേപകർ. ലോക്സഭാ തെരഞ്ഞെടുപ്പുകൾക്കു തൊട്ടു മുൻപ് പതിവുള്ള മുന്നേറ്റമാണ് ഇപ്പോൾ കാണുന്നതെന്ന വിലയിരുത്തലും വിപണിയിൽ ഉണ്ട്.

ബുധനാഴ്ച സെൻസെക്സ് 742.06 പോയിന്റ് (1.15%) കുതിച്ച് 65,675.93 ലും നിഫ്റ്റി 231.9 പോയിന്റ് (1.19%) ഉയർന്ന് 19,675.45 ലും എത്തി. ബാങ്ക് നിഫ്റ്റി 310.45 പോയിന്റ് (0.75%) കയറി 44,201.7 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.96 ശതമാനം കയറി 41,404.85 ലും സ്മോൾ ക്യാപ് സൂചിക 1.32 ശതമാനം ഉയർന്ന് 13,789.25 ലും അവസാനിച്ചു.

റിയൽ എസ്റ്റേറ്റ് കമ്പനികൾ ഇന്നലെ വലിയ കുതിച്ചു ചാട്ടം നടത്തി. നിഫ്റ്റി റിയൽറ്റി 2.95 ശതമാനം ഉയർന്നു.

ഐ.ടി സൂചിക 2.59 ശതമാനം കയറി. ടി.സി.എസ്, ഇൻഫി, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്.സി.എൽ ടെക് തുടങ്ങിയവ വലിയ നേട്ടം ഉണ്ടാക്കി. എംഫസിസ്, ബിർലാ സോഫ്റ്റ്, കോ ഫോർജ് തുടങ്ങിയവ അഞ്ചു ശതമാനത്തിലധികം കയറി. യു.എസിൽ ഐ.ടി കമ്പനികൾ താഴ്ചയിലായത് ഇന്ന് ഇന്ത്യൻ ഐ.ടി ഓഹരികളെ താഴ്ത്തുമോ എന്ന ആശങ്ക ഉയർത്തുന്നു.

ബജാജ് ഫിനാൻസിന്റെ ഇൻസ്റ്റാ ഇ.എം.ഐ കാർഡ്, ഇ കോം എന്നിവ വഴി വായ്പകൾ നൽകുന്നതു റിസർവ് ബാങ്ക് ഇന്നലെ വിലക്കി. ഡിജിറ്റൽ വായ്പാ സേവനങ്ങൾക്കുള്ള മാർഗരേഖകൾ മുഴുവൻ പാലിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയാണു വിലക്ക്. ഇന്നലെ വ്യാപാരത്തിന്റെ അവസാന മണിക്കൂറിൽ ബജാജ് ഫിനാൻസ് ഓഹരി 200 രൂപ (2.7 ശതമാനം) ഇടിഞ്ഞു. തലേന്നത്തെ അപേക്ഷിച്ച് 1.95 ശതമാനം താഴ്ന്നാണ് ഓഹരി ക്ലോസ് ചെയ്തത്. ഓഹരിയിൽ ഇന്നും വലിയ ചലനങ്ങൾ ഉണ്ടാകാം. ആർബിഐ നിർദേശ പ്രകാരമുള്ള തിരുത്തൽ അതിവേഗം നടത്തുമെന്ന് കമ്പനി അറിയിച്ചു.

നിഫ്റ്റിക്കു 19,800-19,850 മേഖലയിൽ വലിയ പ്രതിരോധം ഉണ്ടാകാം. അവിടം കടന്നാൽ പുതിയ ലക്ഷ്യങ്ങളിലേക്കു കണ്ണൂ വയ്ക്കാം എന്നാണു വിദഗ്ധർ പറയുന്നത്. ഇന്നു നിഫ്റ്റിക്ക് 19,605 ലും 19,540 ലും പിന്തുണ ഉണ്ട്. 19,695 ഉം 19,760 ഉം തടസങ്ങളാകും.

ബുധനാഴ്ച വിദേശികൾ വാങ്ങലുകാരായി. ഈ മാസം ആദ്യമായാണ് അവർ വിറ്റതിനേക്കാൾ കൂടുതൽ ഓഹരികൾ വാങ്ങിയത്. ക്യാഷ് വിപണിയിൽ അവർ 550.19 കോടി രൂപയുടെ ഓഹരികൾ വാങ്ങി.. സ്വദേശി ഫണ്ടുകൾ 609.82 കോടി രൂപയുടെ ഓഹരികൾ വാങ്ങി. യുഎസിൽ പലിശ കുറയുന്നതാേടെ വിദേശികൾ ഇന്ത്യൻ ഓഹരികളിലേക്കു മടങ്ങിവരുമെന്നാണു പ്രതീക്ഷ.

അലൂമിനിയം ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച നല്ല കയറ്റത്തിലായി. പലിശ നിരക്ക് കുറയാനുള്ള സാധ്യതയാണു വിപണിയെ ഉത്തേജിപ്പിച്ചത്. അലൂമിനിയം 0.22 ശതമാനം താഴ്ന്നു ടണ്ണിന് 2229.57 ഡോളറിലായി. ചെമ്പ് 1.13 ശതമാനം കയറി ടണ്ണിന് 8172.1 ഡോളറിലെത്തി. ലെഡ് 3.09 ഉം നിക്കൽ 0.93 ഉം സിങ്ക് 4.26 ഉം ടിൻ 2.03 ഉം ശതമാനം കുതിച്ചു കയറി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബുധനാഴ്ച ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 81.18 ഡോളറിലും ഡബ്ള്യുടിഐ ഇനം 76.36 ഡോളറിലും ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ഇവ യഥാക്രമം 80.50 ഉം 75.92 ഉം ആയി. യുഎഇയുടെ മർബൻ ക്രൂഡ് 81.89 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണം ഇന്നലെ താഴ്ചയിലായി. ഔൺസിന് 1976 ഡോളർ വരെ എത്തിയ ശേഷം ബുധനാഴ്ച 1960.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1957.30 വരെ താണു.

കേരളത്തിൽ പവൻവില ബുധനാഴ്ച 320 രൂപ കൂടി 44,760 രൂപയിലായി. ഇന്നു വില കുറയാം. ഡോളർ ബുധനാഴ്ച രാവിലെ 83 രൂപയെ സമീപിച്ചെങ്കിലും പിന്നീട് ഉയർന്നു. 19 പെെസ താഴ്ന്ന് 83.14 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നും ഡോളർ കയറ്റം തുടരാം.

ഡോളർ സൂചിക ബുധനാഴ്ച അൽപം ഉയർന്നു. കടപ്പത്രവില കുറയുകയും ജാപ്പനീസ് യെൻ കരുത്താർജിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. സൂചിക 104.38 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.47 ലേക്കു കയറി.

ക്രിപ്‌റ്റോ കറൻസികൾ ഇന്നലെ ഏഴു ശതമാനം കുതിച്ചു കയറി. ബിറ്റ്കോയിൻ 38,000 ഡോളർ വരെ എത്തി. 

ഉൽപന്ന കയറ്റുമതി അൽപം വർധിച്ചു 

ഇന്ത്യയുടെ ഉൽപന്ന കയറ്റുമതി മാസങ്ങൾക്കു ശേഷം വർധിച്ചെങ്കിലും ഇറക്കുമതി അതിലേറെ കൂടിയതിനാൽ വ്യാപാരകമ്മി കുതിച്ചുകയറി. 2631 കോടി ഡോളർ ആണു കമ്മി. ഏപ്രിൽ - ഒക്ടോബർ ഏഴു മാസത്തെ വ്യാപാര കമ്മി 14,707 കോടി ഡോളറിൽ എത്തി. 

കയറ്റുമതി 6.21 ശതമാനം വർധിച്ച് 3357 കോടി ഡോളർ ആയി. ഇറക്കുമതി 12.3 ശതമാനം കൂടി 6503 കോടി ഡോളറിൽ എത്തി. സ്വർണത്തിന്റെ ഇറക്കുമതിക്ക് 723 കോടി ഡോളർ ആയി. ക്രൂഡ് ഓയിലിന് 1766 കോടി ഡോളർ മുടക്കി.

ഏപ്രിൽ- ഒക്ടോബർ ഏഴു മാസ കാലയളവിൽ കയറ്റുമതി എഴു ശതമാനം കുറഞ്ഞ് 24,489 കോടി ഡോളർ ആയി. ഇക്കാലത്ത് ഇറക്കുമതി 8.95 ശതമാനം കുറഞ്ഞ് 39,196 കോടി ഡോളർ ആയി. സ്വർന്ന ഇറക്കുമതി 23 ശതമാനം കയറി 2950 കോടി ഡോളറിലെത്തി. ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് 18.72 ശതമാനം കൂടി 10,000 കോടി ഡോളറായി.

മഞ്ഞുരുക്കി ഉച്ചകോടി 

യു.എസ് പ്രസിഡന്റ് ജോ ബെെഡനും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിംഗും തമ്മിലുള്ള കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും ബന്ധത്തിലെ മഞ്ഞ് ഉരുക്കാൻ സഹായിച്ചു. 

സൈനിക തലത്തിലെ ആശയവിനിമയം ഉന്നതതല ചർച്ചയും പുനരാരംഭിക്കുന്നത് അടക്കമുള്ള ചില ധാരണകൾ ഉണ്ടായി. രാജ്യാന്തര ബന്ധങ്ങളിലെ സംഘർഷ ലഘൂകരണത്തിന് ഇതു സഹായിക്കും. വിപണികളിൽ പെട്ടെന്നു ചലനം ഉണ്ടാക്കാവുന്ന കാര്യങ്ങൾ ഒന്നും ഉച്ചകാേടിയിൽ ഇല്ല. എങ്കിലും വിപണിക്ക് പോസിറ്റീവ് ആണു ചർച്ച. 

വിപണി സൂചനകൾ
(2023 നവംബർ 15, ബുധൻ)
സെൻസെക്സ്30 65, 675.93 +1.15%
നിഫ്റ്റി50 19,675.45 +1.19%
ബാങ്ക് നിഫ്റ്റി 44,201.7 +0.75%
മിഡ് ക്യാപ് 100 41,404.85 +0.96%
സ്മോൾ ക്യാപ് 100 13,789.25 +1.32%
ഡൗ ജോൺസ് 30 34,991.21 +0.47%
എസ് ആൻഡ് പി 500 4502.88 +0.16%
നാസ്ഡാക് 14,103.84 +0.07%
ഡോളർ ($) ₹83.14 -₹0.19
ഡോളർ സൂചിക 104.38 +0.33
സ്വർണം (ഔൺസ്) $1960.20 -$ 03.50
സ്വർണം (പവൻ) ₹44,760 +₹320.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $81.18 -$1.21





Tags:    

Similar News