പലിശതീരുമാനങ്ങളിൽ ശ്രദ്ധിച്ചു വിപണി; പലിശ കുറയ്ക്കൽ എന്നു തുടങ്ങും എന്നു പരിശാേധന; തെരഞ്ഞെടുപ്പു ബോണ്ട് വിവാദം വ്യവസായ മേഖലയെ ബാധിച്ചില്ല

ക്രൂഡ് ഉയർന്നു നിൽക്കുന്നു

Update:2024-03-18 08:07 IST

പലിശ സംബന്ധിച്ച പ്രധാന കേന്ദ്രബാങ്കുകളുടെ നിലപാടും അതിൻ്റെ വ്യാഖ്യാനങ്ങളുമാകും ഈയാഴ്ച വിപണികളെ നയിക്കുക. ഇന്ത്യയിൽ മൂന്നു മാസം നീളുന്ന തെരഞ്ഞെടുപ്പുത്സവം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ വിജയമാണ് വിപണി പ്രതീക്ഷിക്കുന്നത്. പുറത്തുവന്ന സർവേകൾ ആ പ്രതീക്ഷകളെ ശരിവയ്ക്കുന്നുമുണ്ട്. എങ്കിലും രാഷ്ട്രീയം എപ്പോഴും അനിശ്ചിതത്വത്തിനു വഴി തുറക്കുന്നതാണല്ലോ. ആ ആശങ്ക വിപണിയിൽ ഉണ്ട്. അതിലുപരി വരുന്ന ആഴ്ചകളിൽ രാഷ്ട്രീയ താപനിലയിലെ ഉയർച്ചയാണു വ്യവസായം ലോകം ശ്രദ്ധിക്കുക. തെരഞ്ഞെടുപ്പു ബോണ്ട് വിഷയത്തിൽ വ്യവസായ മേഖല പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു.

യു.എസ് ഫെഡ് മാർച്ച് 20നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മാർച്ച് 21നും പണനയ പ്രഖ്യാപനം നടത്തും. രണ്ടു കേന്ദ്ര ബാങ്കുകളും ഈയാഴ്ച പലിശകുറയ്ക്കൽ പ്രഖ്യാപിക്കുകയില്ല എന്ന കാര്യത്തിൽ വിപണി ഏകാഭിപ്രായത്തിലാണ്. ജൂണിൽ കുറയ്ക്കുന്നതിൻ്റെ ഉറപ്പായ സൂചന കിട്ടുമോ എന്നാണു വിപണി ഉറ്റു നോക്കുന്നത്. ഫെഡ് ചെയർമാൻ്റെ പ്രസ്താവനയിലും വിശദീകരണത്തിലും അതിനു പഴുതുകൾ തിരയും.

ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 22,044ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,048 ആയി. ഇന്ത്യൻ വിപണി ഇന്നും ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ചയും നഷ്ടത്തിലായി. വിലക്കയറ്റ ഭീതിയാണു കാരണം. ഈയാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടും യു.എസ് ഫെഡും പണനയ അവലോകനം നടത്തും. യു.എസിലെ മൊത്തവില സൂചിക പ്രതീക്ഷയിലധികം വർധിച്ചത് പലിശ കുറയ്ക്കൽ വൈകും എന്നതിൻ്റെ സൂചനയായി കരുതപ്പെടുന്നു.

യു.എസ് വിപണി വെള്ളിയാഴ്ച താഴ്ന്നു തുടങ്ങിയിട്ടു കൂടുതൽ താഴോട്ടു പോയി. പലിശ ഉടനെങ്ങും കുറയില്ല എന്ന സൂചന വിപണിയെ ഉലച്ചു. ഇതോടെ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.308 ശതമാനമായി ഉയർന്നു.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 190.89 പോയിൻ്റ് (0.49%) താഴ്ന്ന് 38,714.77ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 33.39 പോയിൻ്റ് (0.65%) കുറഞ്ഞ് 5117.09ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 155.35 പോയിൻ്റ് (0.96%) താഴ്ന്ന് 15,973.17ൽ എത്തി.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്നദിശകളിലാണ്. ഡൗ 0.07 ശതമാനം താഴ്ന്നും എസ് ആൻഡ് പി 0.04 ഉം നാസ്ഡാക് 0.07 ഉം ശതമാനം ഉയർന്നും നിൽക്കുന്നു. ഏഷ്യൻ വിപണികൾ ഇന്നു വലിയ നേട്ടത്തിലാണ്. ജാപ്പനീസ് വിപണി രണ്ടു ശതമാനം കുതിച്ചു.

ഇന്ത്യൻ വിപണി

വെള്ളിയാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങിയിട്ടു കൂടുതൽ താഴ്ചയിൽ അവസാനിച്ചു. സെൻസെക്സ് 453.85 പോയിന്റ് (0.62%) ഇടിഞ്ഞ് 72,643.43ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 123.30 പോയിന്റ് (0.5 6%) താഴ്ന്ന് 22,023.35ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 195.85 പോയിന്റ് (0.42%) താണ് 46,594.10ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.46 ശതമാനം താണ് 46,685.60ൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 0.39 ശതമാനം ഉയർന്ന് 14,846.70ൽ വ്യാപാരം അവസാനിപ്പിച്ചു.

വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 848.56 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 682.26 കോടി രൂപയുടെ ഓഹരികൾ വിറ്റു.

വിപണിയിൽ ബെയറിഷ് പ്രവണത കൂടുതൽ ശക്തമായി. നിഫ്റ്റിക്ക് ഇന്ന് 21,950ലും 21,840ലും പിന്തുണ ഉണ്ട്. 22,040ലും 22,215ലും തടസങ്ങൾ ഉണ്ടാകാം.

സ്വർണം താഴ്ചയിൽ

അന്താരാഷ്ട്ര വിപണിയിൽ സ്വർണം ചാഞ്ചാടുകയാണ്. വാരാന്ത്യത്തിൽ മൊത്ത വില സൂചികയും വിലക്കയറ്റം സംബന്ധിച്ച പ്രതീക്ഷയുടെ വിശകലനവും സ്വർണത്തെ താഴ്ത്തി. വെള്ളിയാഴ്ച ഔൺസിന് 2155.60ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2152.90 ലേക്കു താഴ്ന്നു. കേരളത്തിൽ സ്വർണവില വ്യാഴം മുതൽ മാറ്റമില്ലാതെ തുടരുന്നു. പവന് 48,480 രൂപയിൽ ആണു വില. ഇന്നു വില കുറയാൻ സാധ്യത ഉണ്ട്.

ഡോളർ സൂചിക വാരാന്ത്യത്തിൽ 103.43 ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.51ലാണ്. രൂപ വെള്ളിയാഴ്ച അൽപം കയറി. ഡോളർ മൂന്നു പൈസ ഉയർന്ന് 82.89 രൂപയിൽ ക്ലോസ് ചെയ്തു .

ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുന്നു

ക്രൂഡ് ഓയിൽ ലഭ്യതയെപ്പറ്റി പുതിയ ആശങ്കകൾ ഉടലെടുത്ത ശേഷം കൂടിയ വില തുടരുകയാണ്. റഷ്യൻ റിഫൈനറിക്കു നേരേ യുക്രെയ്ൻ മിസൈൽ ആക്രമണം നടത്തിയതാണു പ്രധാന ഭീഷണി. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 85.42 ഡോളറിൽ എത്തി. ഡബ്ള്യു.ടി.ഐ ഇനം 81.18 ഡോളറിലും യു.എ.ഇയുടെ മർബൻ ക്രൂഡ് 85.63 ഡോളറിലും ആണ്.

ബിറ്റ്കോയിൻ ഇറങ്ങിക്കയറി

ക്രിപ്റ്റോ കറൻസികൾ വലിയ ചാഞ്ചാട്ടം കാണിക്കുകയാണ്. ബിറ്റ്കോയിൻ 73,000 ഡോളറിനു മുകളിൽ കയറിയിട്ട് വാരാന്ത്ര്യത്തിൽ 65,000ലേക്കു വീണു. വീണ്ടും കയറി 67,400 ഡോളറിനടുത്താണ് ഇന്നു രാവിലെ. 4000 ഡോളറിനു മുകളിൽ റെക്കോർഡിട്ട ഈഥറും ഇതേ പോലെ 3500 നു താഴെ എത്തി ഇന്നു രാവിലെ 3700 ഡോളറിൽ.

വിപണി സൂചനകൾ (2024 മാർച്ച് 15, വെള്ളി)

സെൻസെക്സ്30 72,643.43 -0.62%

നിഫ്റ്റി50 22,023.35 -0.56%

ബാങ്ക് നിഫ്റ്റി 46,594.10 -0.342%

മിഡ് ക്യാപ് 100 46,685.60 -0.46%

സ്മോൾ ക്യാപ് 100 14,846.70 +0.39%

ഡൗ ജോൺസ് 30 38,714.77 -0.49%

എസ് ആൻഡ് പി 500 5117.09 -0.65%

നാസ്ഡാക് 15,973.17 -0. 96- '%

ഡോളർ ($) ₹82.89 +₹0.03

ഡോളർ സൂചിക 103. 43 +0.07

സ്വർണം (ഔൺസ്) $2155.60 -$06.00

സ്വർണം (പവൻ) ₹48,480 ₹00.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $85.43 +$0.01

Tags:    

Similar News