കുതിപ്പിന് കാരണം കാണാതെ വിപണി; ചെങ്കടലിലെ ആക്രമണങ്ങൾ ആശങ്ക വളർത്തുന്നു; ഏഷ്യൻ വിപണികൾ ദുർബലം

ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ

Update:2023-12-19 08:21 IST

കുതിച്ചു കയറിയ ഇന്ത്യൻ വിപണിയെ മുന്നോട്ടു കൊണ്ടുപോകാൻ ബുള്ളുകൾക്കു കഴിയുന്നില്ല. പ്രതീക്ഷിച്ചതു പോലെ വിദേശ നിക്ഷേപകർ ഡോളറുമായി എത്തിയില്ല. തന്മൂലം അനിവാര്യമായ സമാഹരണത്തിലേക്കു വിപണി മാറി. വിദേശികൾ നിക്ഷേപത്തിലേക്കു മാറുകയോ വിപണിയെ ഉത്തേജിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകുകയാേ ചെയ്യും വരെ സമാഹരണം തുടരാം.

ചെങ്കടലിലെ ആക്രമണങ്ങൾ ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റുകയാണ്. ഇന്നലെ കയറിയിറങ്ങിയ ശേഷം ബ്രെന്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 78.15 ഡോളറിലായി. ഇനിയും കയറും എന്നാണു സൂചന.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ തിങ്കൾ രാത്രി ഗിഫ്റ്റ് നിഫ്റ്റി 21,470-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,457 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച നഷ്ടത്തിൽ അവസാനിച്ചു. ചെങ്കടൽ വഴിയുള്ള കണ്ടെയ്നർ നീക്കം തടസപ്പെടുന്നതിന്റെ പേരിൽ ക്രൂഡ് ഓയിൽ, ഷിപ്പിംഗ് കമ്പനികളുടെ ഓഹരികൾ ഉയർന്നു. ആഫ്രിക്ക ചുറ്റി വരേണ്ട കപ്പലുകളും ടാങ്കറുകളും കൂടുതൽ തുകയ്ക്കായി കരാർ പുതുക്കാൻ ചർച്ച നടത്തും.

യു.എസ് വിപണി തിങ്കളാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് സൂചിക ഇടയ്ക്കു 100 പോയിന്റ് കയറിയെങ്കിലും നാമമാത്ര നേട്ടവുമായാണു ക്ലാേസ് ചെയ്തത്. ഡൗ 0.86 പോയിന്റ് (0.00%) കയറി 37,306.02 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 21.37 പോയിന്റ് (0.45%) താഴ്ന്ന് 4740.56 ൽ അവസാനിച്ചു. നാസ്ഡാക് 91.27 പോയിന്റ് (0.62%) നേട്ടത്തിൽ 14,905.19 ലും അവസാനിച്ചു.

യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഇന്നു രാവിലെ 3.928 ശതമാനത്തിലേക്ക് താണു.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നഷ്ടത്തിലാണ്. ഡൗ 0.08 ഉം എസ് ആൻഡ് പി 0.07 ഉം നാസ്ഡാക് 0.13 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ

ഏഷ്യൻ വിപണികൾ ഇന്നു ദുർബലമായി. ജാപ്പനീസ്, കൊറിയൻ വിപണികൾ നേട്ടത്തിൽ തുടങ്ങിയിട്ടു താഴ്ചയിലായി. ഓസ്ട്രേലിയൻ, സൂചിക ഉയർന്നു. ചെെനീസ് വിപണി താഴ്ന്നു വ്യാപാരം തുടങ്ങി.

തലേ ആഴ്ചയിലെ ഉൽസാഹം ഇന്നലെ വിദേശ നിക്ഷേപ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ കാണിച്ചില്ല. അവർ 33.51 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 413.88 കോടിയുടെ ഓഹരികൾ വാങ്ങി.

തിങ്കളാഴ്ച രാവിലെ സെൻസെക്സും നിഫ്റ്റിയും താഴ്ന്ന നിലയിൽ വ്യാപാരം തുടങ്ങി. ഇടയ്ക്കു പലവട്ടം നേട്ടത്തിൽ എത്തിയെങ്കിലും അവിടെ നിൽക്കാനായില്ല.

സെൻസെക്സ് 168.66 പോയിന്റ് (0.24%) താണ് 71,315.09 ലും നിഫ്റ്റി 38 പോയിന്റ് (0.18%) താണ് 21,418.65ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 275.85 പോയിന്റ് (0.57%) താണ് 47,867.70 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.22 ശതമാനം കയറി 45,685.15 ലും സ്മോൾ ക്യാപ് സൂചിക 0.56 ശതമാനം കയറി 14,968.75 ലും അവസാനിച്ചു.

ടെക് ഓഹരികൾ ഇന്നലെ ചാഞ്ചാടി. തുടക്കത്തിൽ ഗണ്യമായി താഴ്ന്ന ശേഷം മിക്കവാറും ഓഹരികൾ തിരിച്ചു കയറി. എന്നാൽ പിന്നീടു താഴുകയായിരുന്നു. ഹെൽത്ത് കെയർ, ഫാർമ, കൺസ്യൂമർ ഡ്യുറബിൾസ്, മെറ്റൽ, മീഡിയ, വാഹന ഓഹരികൾ ഉയർന്നു. ബാങ്ക്, ധനകാര്യ, എഫ്എംസിജി, റിയൽറ്റി എന്നിവ ഇടിഞ്ഞു.

ഇന്നലെ മുഖ്യ സൂചികകൾ താഴ്ന്നെങ്കിലും വിപണി ബുള്ളിഷ് ആവേശം കൈവിട്ടിട്ടില്ല എന്നാണു വിദഗ്ധർ പറയുന്നത്. നിഫ്റ്റിക്ക് ഇന്ന് 21,375 ലും 21,300 ലും പിന്തുണ ഉണ്ട്. 21,470 ഉം 21,540 ഉം തടസങ്ങളാകാം.

ജെ.എസ്.ഡബ്ള്യു ഗ്രൂപ്പിന്റെ ചെയർമാൻ സജ്ജൻ ജിൻഡാലിനെതിരേ ഒരു മോഡലും ഡോക്ടറുമായ യുവതി നൽകിയ ലൈംഗികാതിക്രമ പരാതിക്കു വിപണി വലിയ ഗൗരവം കൊടുത്തില്ല. ആരോപണങ്ങൾ വാസ്തവമല്ലെന്ന സജ്ജന്റെ പ്രസ്താവനയെ വിപണി കൂടുതൽ ഗൗരവമായി എടുത്തു.

ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ ജെ.എസ്.ഡബ്ള്യു സ്റ്റീൽ 1.6 ശതമാനം താഴ്ന്നു ക്ലോസ് ചെയ്തു. ജെ.എസ്.ഡബ്ള്യു ഹോൾഡിംഗ്സ് 1.3 ഉം ശിവ സിമന്റ് 2.4 ഉം ശതമാനം താണു. ജെഎസ്ഡബ്ള്യു എനർജി 0.5 ഉം ജെ.എസ്.ഡബ്ള്യു ഇൻഫ്രാ 0.1 ഉം ശതമാനം ഉയർന്നു. 64 വയസുള്ള ജിൻഡലിനെതിരേ പരാതി നൽകിയ യുവതിക്കു 30 വയസുണ്ട്.

പഞ്ചസാര മില്ലുകൾക്ക് അനുകൂലമായി എഥനോൾ നയം മാറ്റിയത് പഞ്ചസാര മിൽ ഓഹരികളെ ഉയർത്തി.

സീ - സോണി ലയനനീക്കം സംശയത്തിലായി. ഡിസംബർ 23നകം ലയനം നടത്തണം എന്ന കരാർ വ്യവസ്ഥ ഒഴിവാക്കണമെന്നു സീ എന്റർടെയ്ൻമെന്റ് സോണി കോർപറേഷനാേട് അഭ്യർഥിച്ചു. അനുകൂല മറുപടി ലഭിക്കാനിടയില്ല. സീയുടെ പവൻ ഗോയങ്കയെ സംയുക്ത കമ്പനിയുടെ എംഡി ആക്കുന്നതിനു സീ ആഗ്രഹിക്കുന്നു. സാേണി അതിനു തയാറല്ല. രാവിലെ താഴ്ചയിലായിരുന്ന സീ എന്റർടെയ്ൻമെന്റ് ഓഹരി

വെെകുന്നേരം ഉയർന്നു ക്ളോസ് ചെയ്തു. സീ മീഡിയ നഷ്ടത്തിൽ അവസാനിച്ചു.

ചെങ്കടൽ പ്രശ്നം ഇങ്ങനെ 

ചെങ്കടൽ വഴിയുള്ള കപ്പൽ നീക്കം ആക്രമണ ഭീഷണിയിലായതിനെ തുടർന്ന് ഏഷ്യ-യൂറോപ്പ് ചരക്കുനീക്കം ആഫ്രിക്ക ചുറ്റിയാക്കി. ഇതു യാത്രാസമയം രണ്ടാഴ്ച കൂട്ടും. യാത്രച്ചെലവ് 30 ശതമാനം വരെ കൂടും. ഇത് ലോകവാണിജ്യത്തിനു തന്നെ വലിയ തിരിച്ചടിയാകും. മാന്ദ്യത്തിന്റെ വക്കിൽ നിൽക്കുന്ന യൂറോപ്പ് കൂടുതൽ ബുദ്ധിമുട്ടിലാകും. ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങൾക്കു പ്രതീക്ഷിച്ച കയറ്റുമതി വളർച്ച സാധിക്കാതെ പോകും. ചെങ്കടൽ തീരത്തും ആഫ്രിക്കയുടെ വടക്കുകിഴക്കൻ മുനമ്പിലും പ്രവർത്തിക്കുന്ന കടൽക്കാെള്ളക്കാരും ചില ഭീകര സംഘങ്ങളും ചേർന്നാണ് ഈ മേഖലയിൽ കപ്പലുകൾ ആക്രമിക്കുന്നതും പിടിച്ചെടുക്കുന്നത്. പ്രധാനമായും യെമനിൽ പ്രവർത്തിക്കുന്ന ഹൗതി ഭീകരസേനയാണ് ഇപ്പോൾ ഇക്കൂട്ടരെ നിയന്ത്രിക്കുന്നത് എന്നാണു പാശ്ചാത്യ ഏജൻസികൾ കരുതുന്നത്.

ചെങ്കടൽ പ്രശ്നം ഇന്നലെ ക്രൂഡ് ഓയിൽ വില മൂന്നു ശതമാനം ഉയർത്തി. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 79.51 ഡോളർ വരെ കയറിയിട്ട് താഴ്ന്ന് 78.05 ഡോളറിലും ഡബ്ള്യുടിഐ ഇനം 72.47 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 78.21 ഡോളറിൽ എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 77.32 ഡോളറിൽ വ്യാപാരം നടക്കുന്നു. അമേരിക്ക ചെങ്കടലിലെ ചരക്കുനീക്ക പ്രശ്നം ചർച്ച ചെയ്യാൻ വിവിധ രാജ്യങ്ങളുടെ ചർച്ച വിളിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ നാവിക സേനകൾ ചെങ്കടൽ മേഖലയിലേക്കു കൂടുതൽ കപ്പലുകളും വിമാനങ്ങളും എത്തിക്കും.

ബുള്ളുകൾ കണക്കു കൂട്ടിയതുപോലെ സ്വർണം തിരിച്ചു കയറിയില്ല. സ്വർണവില തിങ്കളാഴ്ച ചെറിയ നേട്ടമേ ഉണ്ടാക്കിയുള്ളു.

സ്വർണം ഔൺസിന് 2027.4 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2026.34 ഡോളർ ആയി താണു.

കേരളത്തിൽ പവൻവില തിങ്കളാഴ്ച 80 രൂപ വർധിച്ച് 45,920 രൂപയായി.

ഡോളർ സൂചിക തിങ്കളാഴ്ച ചെറിയ മേഖലയിൽ കയറിയിറങ്ങി. 101.96 ൽ നിന്ന് 102.59 ലേക്കു കയറി.

ഡോളർ തിങ്കളാഴ്ച തുടക്കത്തിൽ ദുർബലമായ ശേഷം നേട്ടത്തോടെ ക്ലോസ് ചെയ്തു. ആറു പെസ താഴ്ന്ന് 82.94 രൂപയിൽ വ്യാപാരം തുടങ്ങി 82.92 വരെ താഴ്ന്ന ഡോളർ 83.04-ൽ ക്ലോസ് ചെയ്തു.

ക്രിപ്‌റ്റോ കറൻസികൾ വീണ്ടും കയറ്റത്തിലായി. ബിറ്റ്കോയിൻ ഇന്നു രാവിലെ 43,500 ഡോളറിനു സമീപമാണ്.


വിപണിസൂചനകൾ (2023 ഡിസംബർ 18, തിങ്കൾ)

സെൻസെക്സ്30 71,315.09 -0.24%

നിഫ്റ്റി50 21,418.65 -0.18%

ബാങ്ക് നിഫ്റ്റി 47,867.70 -0.57%

മിഡ് ക്യാപ് 100 45,685.15 +0.22%

സ്മോൾ ക്യാപ് 100 14,968.75 +0.56%

ഡൗ ജോൺസ് 30 37,306.00 +0.00%

എസ് ആൻഡ് പി 500 4740.56 +0.45%

നാസ്ഡാക് 14,905.20 +0.62%

ഡോളർ ($) ₹83.06 +₹0.06

ഡോളർ സൂചിക 102.51 -0.04

സ്വർണം (ഔൺസ്) $2027.40 +$07.86

സ്വർണം (പവൻ) ₹45,920 +₹80.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $76.55 -$0.05.

Tags:    

Similar News