ആശ്വാസ റാലി കാത്തു വിപണി; ഫെഡ് നയ പ്രഖ്യാപനം രാത്രി; വിപണിയിലെ തിരുത്തൽ തുടരുമെന്നും ഇല്ലെന്നും തർക്കം; എണ്ണക്കമ്പനികൾക്കു വലിയ തിരിച്ചടി
ക്രൂഡ് വില 87 ഡോളർ കടന്നു
വീണ്ടുമൊരു വൻ തകർച്ചയ്ക്കു ശേഷം ആശ്വാസത്തിനു വക കാത്താണ് ഇന്നു വിപണി വ്യാപാരം ആരംഭിക്കുക. ജപ്പാൻ 17 വർഷത്തിനു ശേഷം പലിശ ഉയർത്തിയതിൻ്റെ ആഘാതം ഇന്നലെ വിപണികളെ ഉലച്ചു. ഇന്നു യു.എസ് വിപണി തുടങ്ങിയ ശേഷം യു.എസ് ഫെഡ് പണനയപ്രഖ്യാപനം നടത്തും. അത് ഓഹരികളെ മാത്രമല്ല, ഡോളർ, സ്വർണം, കടപ്പത്രങ്ങൾ തുടങ്ങിയവയെയും ബാധിക്കും. നിരക്കുമാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും നിരക്ക് മാറ്റം എന്ന് എന്ന സൂചന അതിൽ ഉണ്ടാകുമെന്ന് എല്ലാവരും കരുതുന്നു.
വിപണിയിലെ തിരുത്തൽ അവസാനിച്ചെന്നും അല്ല നിഫ്റ്റി 21,500 വരെ എത്തിയേ അവസാനിക്കൂ എന്നും കരുതുന്ന രണ്ടു വിഭാഗമാണു വിപണിയിൽ ഉള്ളത്. ഇന്നു വിപണി പ്രതീക്ഷിക്കുന്ന ആശ്വാസറാലി വ്യാപാര സമയം മുഴുവൻ തുടരാനാകുമോ എന്നത് ഈ വിഭാഗങ്ങളുടെ ബല പരീക്ഷയെ ആശ്രയിച്ചിരിക്കുന്നു. ക്രൂഡ് ഓയിൽ വിലക്കയറ്റവും വിപണിയെ ബാധിക്കുന്ന വിഷയമാണ്.
ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 21,899ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,910 ആയി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച നേട്ടത്തിൽ അവസാനിച്ചു. ഇന്നു യു.എസ് ഫെഡ് തീരുമാനം വരുന്നതിലാണു വിപണിയുടെ ശ്രദ്ധ. ബാങ്ക് ഓഫ് ഇംഗ്ലണ്ട് നാളെയാണു നയം പ്രഖ്യാപിക്കുക.
യു.എസ് വിപണി ചൊവ്വാഴ്ച നേട്ടത്തിൽ തുടങ്ങിയിട്ടു കൂടുതൽ നേട്ടത്തിൽ അവസാനിച്ചു. പലിശ കുറയ്ക്കൽ അകലെ എന്നു കരുതുന്നവർക്കാണു വിപണിയിൽ ആധിപത്യം. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.29 ശതമാനമായി താഴ്ന്നത് അതു കൊണ്ടാണ്.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 320.33 പോയിൻ്റ് (0.83%) ഉയർന്ന് 39,110.76ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 29.09 പോയിൻ്റ് (0.56%) കയറി 5178.51ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 63.34 പോയിൻ്റ് (0.39%) ഉയർന്ന് 16,166.79ൽ എത്തി. യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.02 ശതമാനവും എസ് ആൻഡ് പി 0.09 ശതമാനവും നാസ്ഡാക് 0.09 ശതമാനവും താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഉയർന്നു. ബാങ്ക് ഓഫ് ജപ്പാൻ 17 വർഷമായി തുടർന്ന നെഗറ്റീവ് പലിശ ഇന്നലെ അവസാനിപ്പിച്ചു. -0.1 ശതമാനത്തിൽ നിന്ന് പൂജ്യം ശതമാനത്തിലേക്കു കുറഞ്ഞ പലിശ ഉയർത്തി. ഇതു ഡോളർ വില 150 യെന്നിനു മുകളിലാക്കി. ജപ്പാനിലെ വ്യാവസായിക തൊഴിലാളികളുടെ ശമ്പളം 3.7 ശതമാനം വർധിപ്പിക്കുന്ന കരാർ ഉണ്ടായതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. ശമ്പളവർധന പണപ്പെരുപ്പം വർധിപ്പിക്കുമെന്നും അതു നല്ലതാണെന്നും ബാങ്ക് ഓഫ് ജപ്പാൻ വിലയിരുത്തി.
ഇന്ത്യൻ വിപണി
ചൊവ്വാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങിയിട്ടു കൂടുതൽ താഴ്ന്ന് അവസാനിച്ചു. വിപണിമൂല്യം അഞ്ചര ലക്ഷം കോടി രൂപ കുറഞ്ഞു 380.6 ലക്ഷം കോടി രൂപയിലെത്തി. മാർച്ച് ഏഴിലെ റെക്കോർഡ് നിലയിൽ നിന്നു സെൻസെക്സ് 2107 പോയിൻ്റ് താഴ്ചയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്.
സെൻസെക്സ് 736.37 പോയിന്റ് (1.01%) ഇടിഞ്ഞ് 72,012.05ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 238.25 പോയിന്റ് (1.08%) വീണ് 21,817.45ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 191.10 പോയിന്റ് (0.41%) താണ് 46,384.80ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.24 ശതമാനം താണ് 45,926.30ൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 1.19 ശതമാനം ഇടിഞ്ഞ് 14,586.85ൽ വ്യാപാരം അവസാനിപ്പിച്ചു.
ചൊവ്വാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1421.48 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 7449.48 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണി കൂടുതൽ ബെയറിഷ് ആയി. സമാഹരണ മേഖലയ്ക്കു താഴെ നിഫ്റ്റി വീണതു കൂടുതൽ ആഴത്തിലേക്കു സൂചിക നീങ്ങും എന്നതിന്റെ സൂചനയായി കാണാം. 21,700 വഴി 21,500 ലേക്കു സൂചിക എത്തുമെന്നാണു ചില വിദഗ്ധർ കണക്കാക്കുന്നത്. എന്നാൽ നിഫ്റ്റിയിലെ തിരുത്തൽ അവസാനഘട്ടത്തിലായി എന്നു കരുതുന്ന വിദഗ്ധരുമുണ്ട്. നിഫ്റ്റിക്ക് ഇന്ന് 21,790ലും 21,680ലും പിന്തുണ ഉണ്ട്. 22,930ലും 22,050ലും തടസങ്ങൾ ഉണ്ടാകാം.
ടി.സി.എസിലെ 0.6 ശതമാനം ഓഹരി ടാറ്റാ സൺസ് വിറ്റതിനെ തുടർന്ന് ടി.സി.എസ് ഓഹരി നാലു ശതമാനം ഇടിഞ്ഞു. ക്രൂഡ് ഓയിൽ വില കുതിച്ചതും കമ്പനികൾ ഇന്ധനവില ലിറ്ററിനു രണ്ടു രൂപ വച്ച് കുറച്ചതും ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ വിലയിടിച്ചു. ബി.പി.സി.എൽ എട്ടും ഐ.ഒ.സി ഒൻപതും എച്ച്.പി.സി.എൽ 11 ഉം ശതമാനം ഇടിഞ്ഞു.
തങ്ങൾക്കെതിരായ യു.എസ് അന്വേഷണത്തെപ്പറ്റി ഒന്നും അറിയില്ലെന്ന അദാനി ഗ്രൂപ്പിൻ്റെ വിശദീകരണത്തെ തുടർന്ന് ഗ്രൂപ്പ് കമ്പനികൾ ഇന്നലെ നേട്ടത്തിലായി.
സ്വർണം വീണ്ടും താഴ്ചയിൽ
വാരാന്ത്യത്തിൽ താണു നിന്ന സ്വർണം തിങ്കളാഴ്ച ഉയർന്നെങ്കിലും അതു നിലനിർത്താനായില്ല. ഔൺസിന് 2164 ഡോളറിലേക്കു കയറിയ ശേഷം 2157 ലേക്കു താണു ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 2159.60 ഡോളറിൽ എത്തി. പക്ഷേ ഇന്നു രാത്രി ഫെഡ് നയം വന്ന ശേഷമേ സ്വർണം ദിശാബോധം വീണ്ടെടുക്കൂ. കേരളത്തിൽ സ്വർണം ഇന്നലെ റെക്കോഡ് കുറിച്ചു. പവന് 360 രൂപ കുതിച്ച് 48,640 രൂപ ആയി.
ഡോളർ സൂചിക 103.84 ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 103.89 വരെ എത്തി. രൂപ തിങ്കളാഴ്ച അൽപം ദുർബലമായി. ഡോളർ 13 പൈസ ഉയർന്ന് 83.04 രൂപയിൽ ക്ലോസ് ചെയ്തു .
ക്രൂഡ് ഓയിൽ 87 ഡോളർ കടന്നു
റഷ്യൻ റിഫൈനറികൾക്കു നേരേ യുക്രെയ്ൻ മിസൈൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ കയറ്റം തുടരുകയാണ്. ഏഴ് റിഫൈനറികളിൽ ഈ മാസം ആക്രമണം നടന്നു. ഏഴും അടച്ചിട്ടു. ഇത് ഉൽപാദനത്തിൽ ഏഴു ശതമാനം കണ്ട് കുറവു വരുത്തി.
ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 0.6 ശതമാനം കുതിച്ച് 87.38 ഡോളറിൽ എത്തി. പിന്നീട് 87.25 ലേക്കു താണു. ഡബ്ള്യു.ടി.ഐ ഇനം 83.12 ഡോളറിലും യു.എ.ഇയുടെ മർബൻ ക്രൂഡ് 87.37 ഡോളറിലും ആണ്.
ക്രിപ്റ്റോകൾ വീഴ്ചയിൽ
ക്രിപ്റ്റോകറൻസികൾ കൈവിട്ട വീഴ്ചയിലാണ്. പുതിയ നിക്ഷേപകർ പൊടുന്നനെ കുറഞ്ഞു. യു.എസ് ഫെഡ് തീരുമാനം അറിഞ്ഞ ശേഷമേ പുതിയ നിക്ഷേപകർ വരൂ എന്നാണു സൂചന.73,300നു മുകളിൽ എത്തിൽ ശേഷം ബിറ്റ്കോയിൻ ഇതിനകം 13 ശതമാനത്തിലധികം ഇടിഞ്ഞു. ഇന്നലെ മാത്രം എട്ടു ശതമാനം തകർച്ചയുണ്ടായി. ഇന്നുരാവിലെ 62,100 ഡോളറിനടുത്താണു ബിറ്റ്കോയിൻ. ഈഥർ ഒൻപതു ശതമാനം താണ് 3172ഡോളർ വരെ എത്തി.
വിപണി സൂചനകൾ (2024 മാർച്ച് 19, ചൊവ്വ)
സെൻസെക്സ്30 72,012.05 -1.01%
നിഫ്റ്റി50 21,817.45 -1.08%
ബാങ്ക് നിഫ്റ്റി 46,384.80 -0.41%
മിഡ് ക്യാപ് 100 45,926.30 -1.24%
സ്മോൾ ക്യാപ് 100 14,586.85 -1.19
ഡൗ ജോൺസ് 30 39,110.76 +0.83%
എസ് ആൻഡ് പി 500 5178.51 +0.56%
നാസ്ഡാക് 16,166.79 +0.39%
ഡോളർ ($) ₹82.91 +₹0.03
ഡോളർ സൂചിക 103.82 +0.39
സ്വർണം (ഔൺസ്) $2157.60 -$03.60
സ്വർണം (പവൻ) ₹48,640 +₹360.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $87.38 +$0.56