കയറ്റം തുടരാൻ വിപണികൾ; യുദ്ധഭീതി കുറയുന്നു; ഏഷ്യൻ വിപണികൾ ഉയരുന്നു; ക്രൂഡ് ഓയിൽ 87 ഡോളറിനു താഴെ; രൂപ നേട്ടത്തിന്
റിലയൻസ് റിസൽട്ട് ഇന്ന്
വിപണികൾ വീണ്ടും നേട്ടത്തിൻ്റെ വഴിയിലായി. ആഗോള വിപണികൾ വെള്ളിയാഴ്ച ഇടിവിലാണ് അവസാനിച്ചതെങ്കിലും ഇന്നു രാവിലെ പോസിറ്റീവ് സൂചനകളാണു കാണുന്നത്. പശ്ചിമേഷ്യയിൽ സംഘർഷഭീതി കുറഞ്ഞു. യു.എസ് ഫ്യൂച്ചേഴ്സ് ഉയർന്നു നീങ്ങുന്നു. ഏഷ്യൻ വിപണികൾ കയറി. ക്രൂഡ് ഓയിൽ വില 87 ഡോളറിനു താഴെയായി. സ്വർണം താഴ്ന്നു. ഇതെല്ലാം ഇന്നു രാവിലെ ഇന്ത്യൻ വിപണിയെ ഉയർത്തുമെന്നാണു കരുതുന്നത്.
ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 22,203ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,240ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ചെറിയ നഷ്ടത്തിൽ അവസാനിച്ചു. പശ്ചിമേഷ്യൻ സംഘർഷമാണു വിപണിയെ ഉലച്ചത്. യു.എസ് വിപണി വെള്ളിയാഴ്ച ഭിന്ന ദിശകളിൽ നീങ്ങി. ഡൗ ചെറിയ നേട്ടം കുറിച്ചപ്പോൾ നാസ്ഡാക് വലിയ ഇടിവിലായി. എസ് ആൻഡ് പി തുടർച്ചയായ ആറാം ദിവസവും താഴ്ന്നു. നാസ്ഡാകിന് 5.52ഉം എസ് ആൻഡ് പിക്ക് 3.05ഉം ശതമാനം പ്രതിവാര നഷ്ടം ഉണ്ടായി.
മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, ടെസ്ല, മെറ്റാ പ്ലാറ്റ്ഫോംസ്, അമേരിക്കൻ എയർലൈൻസ് തുടങ്ങിയവയുടെ റിസൽട്ട് ഈയാഴ്ച വരും. വിപണിഗതിയെ സ്വാധീനിക്കാവുന്നവയാണ് ഈ റിപ്പോർട്ടുകൾ.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 211.02 പോയിൻ്റ് (0.56%) കയറി 37,986.40ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 43.89 പോയിൻ്റ് (0.88%) താഴ്ന്ന് 4967.23ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 319.49 പോയിൻ്റ് (2.05%) ഇടിഞ്ഞ് 15,282.00ൽ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.34 ശതമാനവും എസ് ആൻഡ് പി 0.35 ശതമാനവും നാസ്ഡാക് 0.46 ശതമാനവും ഉയർന്നു നിൽക്കുന്നു. യു.എസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം വീണ്ടും കയറി 4.653 ശതമാനത്തിലെത്തി. ഹ്രസ്വകാല കടപ്പത്രങ്ങളിൽ നിക്ഷേപനേട്ടം അഞ്ചു ശതമാനം കടന്നു.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലായി. ജപ്പാനിലെ നിക്കൈ ഒരു ശതമാനം ഉയർന്നാണു വ്യാപാരം തുടങ്ങിയത്. ദക്ഷിണ കൊറിയൻ വിപണി 0.75 ശതമാനവും ഓസ്ട്രേലിയൻ വിപണി ഒന്നര ശതമാനവും ഉയർന്നു.
ഇന്ത്യൻ വിപണി
തലേ ദിവസം ഉയർന്നു തുടങ്ങിയിട്ട് ഇടിഞ്ഞ ഇന്ത്യൻ വിപണി വെള്ളിയാഴ്ച താഴ്ന്നു തുടങ്ങിയിട്ടു വലിയ നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 71,816 വരെ താഴ്ന്നിട്ട് 1395 പോയിൻ്റും നിഫ്റ്റി 21,777 വരെ ഇടിഞ്ഞിട്ട് 403 പോയിൻ്റും ഉയർന്ന വ്യാപാരമാണ് കണ്ടത്.
സെൻസെക്സ് 599.34 പോയിന്റ് (0.83%) നേട്ടത്തിൽ 73,088.33 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 151.15 പോയിന്റ് (0.69%) കയറി 22,147.00 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 504.70 പോയിന്റ് (1.07%) ഉയർന്ന് 47,574.15 ൽ ക്ലോസ് ചെയ്തു.
മിഡ്ക്യാപ് സൂചിക 0.61 ശതമാനം താഴ്ന്നു 48,696.95ൽ ക്ലോസ് ചെയ്തു. സ്മോൾക്യാപ് സൂചിക 0.10 ശതമാനം നഷ്ടത്തോടെ 16,270.40ൽ വ്യാപാരം അവസാനിപ്പിച്ചു.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 129.39 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 52.50 കോടി രൂപയുടെ ഓഹരികൾ വിറ്റു.
കഴിഞ്ഞയാഴ്ച വിദേശ നിക്ഷേപകർ 18,500 കോടി രൂപയുടെ ഓഹരികളാണു വിറ്റൊഴിഞ്ഞത്. ആദ്യ രണ്ടാഴ്ചകളിൽ അവർ വാങ്ങലുകാരായിരുന്നു. മൗറീഷ്യസ് വഴിയുള്ള നിക്ഷേപത്തിനു നികുതിബാധ്യത കൂട്ടുന്ന ഒരു ഭേദഗതി ഇന്ത്യ - മൗറീഷ്യസ് ഇരട്ടനികുതി ഒഴിവാക്കൽ കരാറിൽ പെടുത്തിയതാണ് വിദേശ നിക്ഷേപകരെ അലട്ടിയത്. ഭേദഗതി നടപ്പാക്കിയിട്ടില്ലെന്നും മാറ്റങ്ങൾക്കു സാഹചര്യമുണ്ടെന്നും ഗവണ്മെൻ്റ് വിശദീകരിച്ചത് വാരാന്ത്യത്തിൽ അവരെ ആശ്വസിപ്പിച്ചു എന്നാണു സൂചന.
നിഫ്റ്റി 22,100 നു മുകളിൽ ക്ലോസ് ചെയ്തത് ഇന്നു വിപണിയുടെ മുന്നേറ്റത്തിനു സഹായിക്കും. തിരുത്തൽ കഴിഞ്ഞെന്നും 22,300- 22,500 മേഖല കടന്നാൽ നിഫ്റ്റിക്ക് പുതിയ ഉയരങ്ങളിലേക്ക് യാത്ര തുടരാമെന്നും ബുള്ളുകൾ കരുതുന്നു. നിഫ്റ്റിക്ക് ഇന്ന് 22,085ലും 21,880ലും പിന്തുണ ഉണ്ട്. 22,185ലും 22,285ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.
റിലയൻസ് റിസൽട്ട്
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ റിസൽട്ട് ഇന്നു പുറത്തു വിടും. പെട്രോളിയം ഉൽപന്നങ്ങളുടെ ബിസിനസിൽ ലാഭമാർജിൻ ഗണ്യമായി കുറഞ്ഞെന്നും അതിനാൽ കമ്പനിയുടെ അറ്റാദായം 3.5 ശതമാനം വരെ കുറയുമെന്നും ചില വിശകലനക്കാർ കണക്കാക്കുന്നു. എന്നാൽ നികുതിക്കു മുമ്പ് 15 ശതമാനം ലാഭ വർധന കാണുന്ന ബ്രോക്കറേജുകളും ഉണ്ട്. അറ്റാദായ നിഗമനം 18,000 കോടി രൂപ മുതൽ 22,000 കോടി രൂപ വരെയാണ്. ടെലികോമിലും റീട്ടെയിലിലും നല്ല മുന്നേറ്റം എല്ലാ വിശകലനക്കാരും പ്രതീക്ഷിക്കുന്നുണ്ട്.
സ്വർണം ഇടിവിൽ
വാരാന്ത്യത്തിൽ ഉയർന്നു ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ താഴ്ചയിലാണ്. വെള്ളിയാഴ്ച ഔൺസിന് 2392 ഡോളറിൽ ആയിരുന്ന സ്വർണം ഇന്നു രാവിലെ 2376 ഡോളറിലേക്കു താഴ്ന്നു. പശ്ചിമേഷ്യയിലടക്കം സംഘർഷ ഭീതി കുറഞ്ഞതാണു കാരണം. ഇനിയും വില താഴാം എന്നാണു സൂചന.
കേരളത്തിൽ വെള്ളിയാഴ്ച സ്വർണം പവന് 400 രൂപ കൂടി 54,520 രൂപ ആയി. ശനിയാഴ്ച 80 രൂപ കുറഞ്ഞ് 54,440 രൂപയിലെത്തി. ഇന്നു വില വീണ്ടും കുറയാം.
ലോഹങ്ങൾ കയറ്റം തുടരുകയാണ്. റഷ്യയിൽ നിന്നുള്ള ലോഹങ്ങൾക്ക് അമേരിക്കയും ബ്രിട്ടനും പുതിയ ഉപരോധം പ്രഖ്യാപിച്ചതാണു പ്രധാന കാരണം.വെള്ളിയാഴ്ച അലൂമിനിയം 1.78 ശതമാനം കയറി ടണ്ണിന് 2661.09 ഡോളർ ആയി. ചെമ്പ് 1.50 ശതമാനം ഉയർന്ന് 9797.07 ഡോളറിൽ എത്തി. സിങ്ക് 0.81 ശതമാനവും ടിൻ 3.98 ശതമാനവും നിക്കൽ 4.57 ശതമാനവും ഉയർന്നു.
ഡോളർ സൂചിക വെള്ളിയാഴ്ച മാറ്റമില്ലാതെ 106.15ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 106 നു താഴെയായി. വെള്ളിയാഴ്ച വിദേശനാണ്യ വിപണിയിൽ രൂപ നേട്ടം ഉണ്ടാക്കി. ഡോളർ ഏഴു പൈസ നഷ്ടപ്പെടുത്തി 83.47 രൂപയിൽ ക്ലോസ് ചെയ്തു. രൂപ നേട്ടം തുടരാനാണു സാധ്യത.
ക്രൂഡ് ഓയിൽ താഴുന്നു
പശ്ചിമേഷ്യൻ സംഘർഷ ഭീതി കുറഞ്ഞതോടെ ക്രൂഡ് ഓയിൽ വില വീണ്ടും ഇടിവിലായി. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 86.64 ഡോളറിൽ എത്തി. ഡബ്ള്യു.ടി.ഐ ഇനം 82.92 ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 87.24 ഡോളറിലും ആണ്.
ക്രിപ്റ്റോ കറൻസികൾ വിലസ്ഥിരതയിലേക്കു നീങ്ങുകയാണ്. ബിറ്റ്കോയിൻ ഖനനം ചെയ്യുമ്പോൾ കിട്ടുന്ന ടോക്കണുകളുടെ എണ്ണം പകുതിയാക്കുന്നതു നിക്ഷപകർക്കിടയിൽ ചില്ലറയല്ലാത്ത അനിശ്ചിതത്വം ഉണ്ടാക്കിയിരുന്നു. ക്രിപ്റ്റോകളിൽ നിന്നു വലിയ പിന്മാറ്റം ഉണ്ടാകുമെന്നു പലരും ഭയപ്പെട്ടു. വാരാന്ത്യത്തോടെ ആശങ്കകൾ മാറി. ബിറ്റ്കോയിൻ ഇന്നു രാവിലെ 65,000 ഡോളറിനടുത്താണ്.
വിപണിസൂചനകൾ (2024 ഏപ്രിൽ 19, വെള്ളി)
സെൻസെക്സ്30 73,088.33 +0.83%
നിഫ്റ്റി50 22,147.65 +0.69%
ബാങ്ക് നിഫ്റ്റി 47,574.15 +1.07%
മിഡ് ക്യാപ് 100 48,696.95 -0.61%
സ്മോൾ ക്യാപ് 100 16,270.40 -0.10%
ഡൗ ജോൺസ് 30 37,986.40 +0.56%
എസ് ആൻഡ് പി 500 4967.23 -0.88%
നാസ്ഡാക് 15,282.00 -2.05%
ഡോളർ ($) ₹83.47 -₹0.07
ഡോളർ സൂചിക 106.10 -0.05
സ്വർണം (ഔൺസ്) $2392.20 +$ 13.30
സ്വർണം (പവൻ) ₹54,520 +₹ 400.00
സ്വർണം (പവൻ ശനി) ₹54,440 -₹ 80.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $87.00 -$00.11