അനിശ്ചിതത്വം വീണ്ടും, ആശങ്കകള്‍ മാറുന്നില്ല; ഇന്ത്യയുടെ വിപണിമൂല്യം അഞ്ചു ലക്ഷംകോടി ഡോളറില്‍, ഏഷ്യന്‍ വിപണികള്‍ താഴ്ചയില്‍
സ്വര്‍ണവും ക്രിപ്‌റ്റോകറന്‍സിയും കയറ്റത്തില്‍
വ്യക്തമായ ദിശാബോധം ഇല്ലാതെയാണ് വിപണി നീങ്ങുന്നത്. രാഷ്ട്രീയ ആശങ്കകള്‍ വിട്ടുമാറുന്നില്ല. വിദേശികള്‍ വിറ്റുമാറുന്നതു നല്ല കാര്യമായി ആരും കാണുന്നില്ല. സ്വദേശി പണമാണു വിപണിയെ മുന്നോട്ടു നയിക്കുന്നത്. ഇന്നലെ വ്യാപാരത്തിനിടെ ഇന്ത്യന്‍ വിപണിമൂല്യം അഞ്ചു ട്രില്യണ്‍ (ലക്ഷംകോടി) ഡോളര്‍ കടന്നതു വിപണിയില്‍ ആത്മവിശ്വാസം വര്‍ധിക്കാന്‍ സഹായിച്ചു. കരുതലോടെയുളള ശുഭാപ്തിവിശ്വാസമാണു നിക്ഷേപകര്‍ പ്രകടിപ്പിക്കുന്നത്. ഏഷ്യന്‍ വിപണികള്‍ താഴ്ന്നതും നിക്ഷേപകര്‍ക്ക് ആശങ്ക പകരുന്നു.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,612ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,630ല്‍ എത്തി. ഇന്ത്യന്‍ വിപണി ഇന്ന് അല്പം ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ചയും ചെറിയ നഷ്ടത്തിലായി.
യു.എസ് വിപണി ചൊവ്വാഴ്ച നേട്ടത്തില്‍ അവസാനിച്ചു. എസ് ആന്‍ഡ് പി പുതിയ ഉയരത്തില്‍ ക്ലോസ് ചെയ്തു. ഇന്നു വരാനിരിക്കുന്ന എന്‍വിഡിയ റിസല്‍ട്ടിലാണ് എല്ലാവരുടെയും ശ്രദ്ധ. കഴിഞ്ഞ രണ്ടു പാദങ്ങളിലും 200 ശതമാനത്തിലധികം വരുമാന വളര്‍ച്ച കാണിച്ച കമ്പനി അതു തുടരുമോ എന്നാണ് എല്ലാവരും നോക്കുന്നത്. 2023ല്‍ മൂന്നു മടങ്ങിലേറെ ഉയര്‍ന്ന ഓഹരി ഇക്കൊല്ലം ഇതുവരെ 90 ശതമാനം കയറിയിട്ടുണ്ട്. മൈേക്രാ സോഫ്റ്റ്, ഗൂഗിള്‍, ഓപ്പണ്‍ എ.ഐ തുടങ്ങിയവയുടെ ബജറ്റില്‍ മുഖ്യ പങ്കും ചെലവാക്കുന്നത് എന്‍വിഡിയ ചിപ്പുകളും ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകളും വാങ്ങാനാണ്. 1990കളില്‍ സിസ്‌കോയ്ക്കു നെറ്റ്‌വര്‍ക്കിംഗില്‍ ഉണ്ടായിരുന്ന നേതൃപദവിയാണ് ഇപ്പോള്‍ എന്‍വിഡിയയ്ക്ക് ഉള്ളതെന്നാണു പലരും കരുതുന്നത്.
ഡൗ ജോണ്‍സ് സൂചിക 66.22 പോയിന്റ് (0.17%) ഉയര്‍ന്ന് 39,872.99ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 13.28 പോയിന്റ് (0.25%) കയറി 5321.41ല്‍ അവസാനിച്ചു. നാസ്ഡാക് 37.75 പോയിന്റ് (0.22%) ഉയര്‍ന്ന് 16,832.62ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ നഷ്ടത്തിലാണ്. ഡൗ 0.02 ശതമാനവും എസ് ആന്‍ഡ് പി 0.03 ശതമാനവും നാസ്ഡാക് 0.07 ശതമാനവും താഴ്ന്നു നില്‍ക്കുന്നു.
പത്തു വര്‍ഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.414 ശതമാനമായി കുറഞ്ഞു.
ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്.
ഇന്ത്യന്‍ വിപണി
ചൊവ്വാഴ്ച ഇന്ത്യന്‍ വിപണി ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം കാര്യമായ മാറ്റമില്ലാതെ അവസാനിച്ചു. രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി ഉച്ചയ്ക്കു ശേഷം ഗണ്യമായി ഉയര്‍ന്നു. നിഫ്റ്റി 22,404ലെ തുടക്കത്തില്‍ നിന്ന് 22,591 വരെ കയറി. സെന്‍സെക്‌സ് 52.63 പോയിന്റ് (0.07%) താഴ്ന്ന് 73,953.31ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 27.05 പോയിന്റ് (0.12%) ഉയര്‍ന്ന് 22,529.05ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 151.30 പോയിന്റ് (0.31%) താഴ്ന്ന് 48,048.20ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയും ഭിന്ന ദിശകളിലായിരുന്നു. മിഡ്ക്യാപ് സൂചിക 0.38 ശതമാനം കയറി 52,068.30ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ക്യാപ് സൂചിക 0.41 ശതമാനം താഴ്ന്ന് 16,939.85ല്‍ അവസാനിച്ചു.
വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച വിപണിയില്‍ 1874.54 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3548.97 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
വിപണി അനിശ്ചിതത്വത്തിലാണ് അവസാനിച്ചത്. നിഫ്റ്റി 22,500ന് മുകളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസം ക്ലോസ് ചെയ്തു. 22,600 കടന്നാലേ വിപണി ഉയര്‍ച്ചയുടെ പാതയില്‍ ആകൂ. അതുവരെ കയറ്റിറക്കങ്ങള്‍ തുടരും. ഇന്നു നിഫ്റ്റിക്ക് 22,440ലും 22,395ലും പിന്തുണ ഉണ്ട്. 22,580ലും 22,625ലും തടസങ്ങള്‍ ആകാം.
സ്വര്‍ണം താഴ്ന്നിട്ടു കയറുന്നു
ലാഭമെടുക്കലിനെ തുടര്‍ന്ന് സ്വര്‍ണം ചൊവ്വാഴ്ച ചാഞ്ചാട്ടത്തിലായി. 2,410 ഡോളര്‍ വരെ താഴ്ന്ന സ്വര്‍ണം പിന്നീട് ചെറിയ നേട്ടേത്താടെ ഔണ്‍സിന് 2421.80 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്ന് 2,420 ഡോളറിലായി.
കേരളത്തില്‍ സ്വര്‍ണം പവന് ചൊവ്വാഴ്ച 480 രൂപ കുറഞ്ഞ് 54,640 രൂപ ആയി.
വെള്ളി അല്‍പം താണു. രാജ്യാന്തര വില 31.94 ഡോളറിലാണ്. കേരളത്തില്‍ ഇന്നലെ വെള്ളി കിലോഗ്രാമിനു 99,000 രൂപ എത്തി.
രൂപ ഇന്നലെ രാവിലെ വലിയ നേട്ടം ഉണ്ടാക്കിയെങ്കിലും വൈകുന്നേരം തലേദിവസത്തെ നിരക്കില്‍ ക്ലോസ് ചെയ്തു.
ഡോളര്‍ സൂചിക ചൊവ്വാഴ്ച 104.66ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.63ലേക്കു താണു.
ക്രൂഡ് താണു
ക്രൂഡ് ഓയില്‍ ഇന്നലെയും കയറിയിറങ്ങി. ചൊവ്വാഴ്ച ബ്രെന്റ് ഇനം 82.88ലേക്കു താണു. ഡബ്‌ള്യു.ടി.ഐ 79.26 ലും മര്‍ബന്‍ 84.20 ഡോളറിലുമാണ്.
ഒരാഴ്ചയിലേറെ തുടര്‍ച്ചയായി കയറിയ ചെമ്പ് ഇന്നലെ ലാഭമെടുക്കലിനെ തുടര്‍ന്ന് ഇന്നലെ അല്‍പം താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായി അനങ്ങാതിരുന്ന അലൂമിനിയം ഇന്നലെ നാലു ശതമാനത്തിലധികം കുതിച്ചു. 0.78 ശതമാനം താഴ്ന്ന് ചെമ്പു വില ടണ്ണിന് 10,772.35 ഡോളറില്‍ എത്തി. അലൂമിനിയം 4.17 ശതമാനം കുതിച്ച് 2735.02 ഡോളര്‍ ആയി. ടിന്‍ 1.33 ശതമാനം താണു. നിക്കല്‍, ലെഡ്, സിങ്ക് തുടങ്ങിയവ ഉയര്‍ന്നു.
ക്രിപ്‌റ്റോകള്‍ കുതിപ്പില്‍
ക്രിപ്‌റ്റോ കറന്‍സികള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നു. ബിറ്റ്‌കോയിന്‍ 70,200 ഡോളറിലാണ്. ഈഥര്‍ വീണ്ടും കയറി 3,785 ഡോളറിലായി. ഈഥറിന് ഇ.ടി.എഫ് അനുവദിക്കാന്‍ സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രണ്ടു ദിവസം കൊണ്ട് അതിന്റെ വില 30 ശതമാനം കയറി. അവലാഞ്ച എന്ന ക്രിപ്‌റ്റോ രണ്ടു ദിവസം കൊണ്ട് 20 ശതമാനം ഉയര്‍ന്നു.
വിപണിമൂല്യം അഞ്ചു ലക്ഷംകോടി ഡോളര്‍ കവിഞ്ഞു
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യം ഇന്നലെ വ്യാപാരത്തിനിടെ അഞ്ചു ലക്ഷംകോടി (ട്രില്യണ്‍) ഡോളര്‍ കടന്നു. കഴിഞ്ഞ നവംബര്‍ 29നാണ് മൂല്യം നാലു ലക്ഷംകോടി കടന്നത്. ആറു മാസം കൊണ്ടു വിപണിമൂല്യം ഒരു ലക്ഷംകോടി ഡോളര്‍ വര്‍ധിച്ചു.
2007 മേയ് 28 നാണ് ഇന്ത്യന്‍ വിപണി ഒരു ലക്ഷംകോടി ഡോളര്‍ കടന്നത്. 2017 മേയ് 16 ന് രണ്ടു ലക്ഷംകോടി, 2021 മേയ് 24 ന് മൂന്നു ലക്ഷംകോടി എന്നീ നാഴികക്കല്ലുകള്‍ പിന്നിട്ടു.
അമേരിക്കയാണ് ഏറ്റവും വലിയ വിപണിമൂല്യമുള്ള രാജ്യം. 55.7 ലക്ഷംകോടി ഡോളര്‍. ചൈന (9.4), ജപ്പാന്‍ (6.4), ഹോങ് കോങ് (5.5) എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍.
വിപണി സൂചനകള്‍
(2024 മേയ് 21, ചൊവ്വ)
സെന്‍സെക്‌സ്30 73,953.31 -0.07%
നിഫ്റ്റി50 22,529.05 +0.12%
ബാങ്ക് നിഫ്റ്റി 48,048.20 -0.31%
മിഡ് ക്യാപ് 100 52,068.30 +0.38%
സ്‌മോള്‍ ക്യാപ് 100 16,939. 85 -0.41%
ഡൗ ജോണ്‍സ് 30 39,873.00 +0.17%
എസ് ആന്‍ഡ് പി 500 5321.41 +0.25%
നാസ്ഡാക് 16,832.60 +0.22%
ഡോളര്‍($) ₹83.33 -₹0.00
ഡോളര്‍ സൂചിക 104.66 +0.21
സ്വര്‍ണം (ഔണ്‍സ്) $2421.80 +$06.40
സ്വര്‍ണം (പവന്‍) ₹54,640 -₹480
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.53 -$01.55