കയറ്റം തുടരാന്‍ തടസങ്ങള്‍, വിദേശ സൂചനകള്‍ നെഗറ്റീവ്; ഐ.ടി ഭീമന്മാരില്‍ നോട്ടം, റിലയന്‍സ് പ്രതീക്ഷ പോലെ
സ്വര്‍ണം ഇടിയുന്നു, സംഘര്‍ഷ ഭീതി കുറഞ്ഞതോടെ ക്രൂഡ് ഓയില്‍ കയറുന്നു
വിപണി കയറ്റം തുടരാനുള്ള മൂഡിലാണ്. എന്നാല്‍ കമ്പനി റിസല്‍ട്ടുകളും ചില മേഖലകളെപ്പറ്റി വിപണിക്കുളള നെഗറ്റീവ് കാഴ്ചപ്പാടും തുടക്കത്തില്‍ തിരിച്ചടിക്കു കാരണമാകാം. ഇന്നലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുറത്തുവിട്ട റിസല്‍ട്ട് പ്രതീക്ഷ പോല തന്നെ വന്നെങ്കിലും വിദേശ ബ്രോക്കറേജുകള്‍ വിപരീതാഭിപ്രായമാണു പറയുന്നത്.
പാശ്ചാത്യ വിപണികള്‍ ഇന്നലെ നല്ല നേട്ടം കുറിച്ചു. ഇന്ന് ഏഷ്യന്‍ വിപണികളും കയറ്റത്തിലാണ്. ഇന്നലെ കുതിച്ച ഇന്ത്യന്‍ വിപണിയില്‍ ഇന്നു വില്‍പന സമ്മര്‍ദവും ഉണ്ടാകാം. യു.എസില്‍ ടെക് ഭീമന്മാരുടെ റിസല്‍ട്ട് എങ്ങനെയാകും എന്നതാണ് വിപണികളുടെ ഗതി നിയന്ത്രിക്കുക.
ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 22,458ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,372 ആയി. ഇന്ത്യന്‍ വിപണി ദുര്‍ബല നിലയില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച നല്ല നേട്ടത്തില്‍ അവസാനിച്ചു. യു.കെയിലെ ഫുട്‌സീം (എഫ്.ടി.എസ്.ഇ 100) റെക്കോര്‍ഡ് ഉയരത്തിലായി. ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ ബ്രിട്ടീഷ് പൗണ്ട് ഡോളറിനോടും യൂറോയോടും ദുര്‍ബലമായി.
യു.എസ് വിപണി തിങ്കളാഴ്ച ഉത്സാഹത്തിലായിരുന്നു. എസ് ആന്‍ഡ് പി ആറു ദിവസത്തെ തുടര്‍ച്ചയായ ഇടിവിനു ശേഷം തിരിച്ചു കയറി. കഴിഞ്ഞയാഴ്ച 14 ശതമാനം ഇടിഞ്ഞ എന്‍വിഡിയ ഓഹരി ഇന്നലെ നാലു ശതമാനം ഉയര്‍ന്നു.
ടെസ്ല ഇന്നു റിസല്‍ട്ട് പുറത്തുവിടുന്നുണ്ട്. വില്‍പന കുറഞ്ഞതും വില കുറച്ചതും ജോലിക്കാരെ കുറയ്ക്കുന്നതും അടക്കം നെഗറ്റീവ് വാര്‍ത്തകളാണു കുറേ നാളായി ടെസ്ലയില്‍ നിന്നു വന്നിരുന്നത്. ഈ വര്‍ഷം ഇതുവരെ ടെസ്ല ഓഹരി വില 41 ശതമാനം ഇടിഞ്ഞു. ഇന്നലെ ഓഹരി 3.4 ശതമാനം താഴ്ന്നു. മെറ്റാ ബുധനാഴ്ചയും മൈക്രോസോഫ്റ്റും ആല്‍ഫബെറ്റും വ്യാഴാഴ്ചയും റിസല്‍ട്ട് പുറത്തുവിടും.
തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 253.58 പോയിന്റ് (0.67%) കയറി 38,240.00ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 43.37 പോയിന്റ് (0.87%) ഉയര്‍ന്ന് 5010.60 വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 169.29 പോയിന്റ് (1.11%) ഇടിഞ്ഞ് 15,451.30ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു കാര്യമായ മാറ്റം കാണിക്കുന്നില്ല. ഡൗ 0.04 ശതമാനം ഉയര്‍ന്നും എസ് ആന്‍ഡ് പി 0.06 ശതമാനവും നാസ്ഡാക് 0.15 ശതമാനവും താഴ്ന്നും നില്‍ക്കുന്നു.
യു.എസ് സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം അല്‍പം കുറഞ്ഞ് 4.613 ശതമാനത്തിലെത്തി.
ഏഷ്യന്‍ വിപണികള്‍ ഇന്നും കയറ്റത്തിലാണ്. പക്ഷേ തുടക്കത്തിലെ നേട്ടം പിന്നീടു നഷ്ടമായി
ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി വെള്ളിയാഴ്ചത്തെ നേട്ടം തിങ്കളാഴ്ചയും തുടര്‍ന്നു. മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളും കുതിച്ചു. എല്ലാ വ്യവസായമേഖലകളും കയറ്റത്തിലായി.
സെന്‍സെക്‌സ് 560.29 പോയിന്റ് (0.77%) നേട്ടത്തില്‍ 73,648.62ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 189.40 പോയിന്റ് (0.86%) കയറി 22,336.40 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 350.75 പോയിന്റ് (0.74%) ഉയര്‍ന്ന് 47,924.90 ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.82 ശതമാനം ഉയര്‍ന്ന് 49,096.40 ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 1.31 ശതമാനം കുതിപ്പോടെ 16,484.20ല്‍ വ്യാപാരം അവസാനിപ്പിച്ചു.
തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 2915.23 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3,54,293 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
നിഫ്റ്റി 22,300ന് മുകളില്‍ ക്ലോസ് ചെയ്തത് തുടര്‍ മുന്നേറ്റത്തിനു സഹായിക്കും. ഇന്ന് 22,400-22,500 മേഖലയിലേക്കു നിഫ്റ്റി കടക്കുമെന്നാണു പ്രതീക്ഷ
നിഫ്റ്റിക്ക് ഇന്ന് 22,240ലും 22,130ലും പിന്തുണയുണ്ട്. 22,360ലും 22,480ലും തടസങ്ങള്‍ പ്രതീക്ഷിക്കുന്നു.
സ്വര്‍ണം ഇടിവില്‍
മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന ഇടിവാണ് ഇന്നലെ സ്വര്‍ണത്തിനുണ്ടായത്. ഔണ്‍സിന് 64.30 ഡോളര്‍ അഥവാ 2.7 ശതമാനം തകര്‍ച്ച. ഇന്നു രാവിലെയും ഇടിവ് തുടര്‍ന്നു. കുറച്ചു ദിവസം ഈ പ്രവണത തുടരാം.
പശ്ചിമേഷ്യന്‍ യുദ്ധഭീതി ഒഴിവായതും പലിശ ഉടനെങ്ങും കുറയ്ക്കുകയില്ല എന്നു തീര്‍ച്ചയായതും ആണു വിപണിയെ താഴ്ത്തിയത്. ചൈനയില്‍ നിന്നടക്കമുള്ള ഡിമാന്‍ഡില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച 2392.20ല്‍ ക്ലോസ് ചെയ്ത സ്വര്‍ണം ഇന്നലെ 2327.90 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 2,333 വരെ കയറിയിട്ടു വീണ്ടും ഇടിഞ്ഞ് 2,298 ഡോളര്‍ ആയി. ഇന്നു രാവിലെ 1.22 ശതമാനം ഇടിവാണുള്ളത്.
കേരളത്തില്‍ തിങ്കളാഴ്ച സ്വര്‍ണം പവന് 400 രൂപ കുറഞ്ഞ് 54,040 രൂപയിലെത്തി. ഇന്നു പവന്‍വില ആയിരം രൂപയിലധികം കുറയും.
സ്വര്‍ണത്തിന്റെ താഴ്ച കുറേക്കൂടി തുടര്‍ന്നിട്ട് അവസാനിക്കും എന്നാണു വിപണിയുടെ നിഗമനം. യുഎസ് ചില്ലറ വിലക്കയറ്റം കഴിഞ്ഞ മാസം ഉയര്‍ന്നു നിന്നതാണു പലിശ കുറയ്ക്കല്‍ വൈകും എന്ന സൂചനയിലേക്കു നയിച്ചത്. ഈ വെള്ളിയാഴ്ച പുറത്തുവരുന്ന പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (പിസിഇ) എന്ന സൂചിക എന്താകും എന്നാണു വിപണി ഇനി നോക്കുക. യു.എസ് ഫെഡ് പ്രധാനമായും ആ സൂചികയാണു തീരുമാനങ്ങള്‍ക്ക് ആധാരമാക്കുന്നത്. പി.സി.ഇ അപ്രതീക്ഷിതമായി താഴ്ന്നാല്‍ സ്വര്‍ണം വീണ്ടും 2,400 ഡോളറിനു മുകളില്‍ എത്തും.
സമീപ ആഴ്ചകളിലെ 18 ശതമാനം കുതിപ്പിനെ തുടര്‍ന്ന് നിക്ഷേപവിദഗ്ധര്‍ സ്വര്‍ണത്തിന്റെ വര്‍ഷാവസാന ലക്ഷ്യവില ഗണ്യമായി ഉയര്‍ത്തിയിരുന്നു. 2300-2400 ഡോളര്‍ പറഞ്ഞിരുന്നവര്‍ 2,500ന് മുകളിലേക്കു ലക്ഷ്യവില വച്ചു. ഇന്നലത്തെ ഇടിവിനെ തുടര്‍ന്ന് ആരും തന്നെ ലക്ഷ്യവില കുറച്ചിട്ടില്ല.
വെള്ളി, ഡോളര്‍, രൂപ
സ്വര്‍ണത്തിനൊപ്പം വെള്ളിയും പ്ലാറ്റിനവും പല്ലാഡിയവും താഴ്ന്നു. വെള്ളിവില അഞ്ചു ശതമാനം ഇടിഞ്ഞ് 27 ഡോളറില്‍ എത്തി. പ്ലാറ്റിനം ഒന്നും പല്ലാഡിയം 1.3 ശതമാനവും താഴ്ന്നു.
കഴിഞ്ഞ ആഴ്ചത്തെ വലിയ കുതിപ്പിനു ശേഷം ലോഹങ്ങള്‍ ഇന്നലെ ലാഭമെടുക്കലിനെ തുടര്‍ന്നു താണു. ചെമ്പ് 0.56 ശതമാനം കുറഞ്ഞ് ടണ്ണിന് 9,741.83 ഡോളര്‍ ആയി.
ഡോളര്‍ സൂചിക തിങ്കളാഴ്ച 106.40 വരെ കയറിയിട്ട് 106.12ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 106ന് താഴെയായി.
രൂപ കയറ്റം തുടരുകയാണ്. ഡോളര്‍ സൂചിക ഉയര്‍ന്നപ്പോഴും രൂപ നേട്ടമുണ്ടാക്കി എന്നതാണ് ഇന്നലത്തെ പ്രത്യേകത. ഡോളര്‍ 11 പൈസ നഷ്ടത്തില്‍ 83.36 രൂപയിലാണു ക്ലോസ് ചെയ്തത്. രണ്ടു വ്യാപാരദിനം കൊണ്ട് ഡോളറിന് 18 പൈസ കുറഞ്ഞു.
ക്രൂഡ് ഓയില്‍ കയറുന്നു
സംഘര്‍ഷ ഭീതി കുറഞ്ഞതോടെ താഴ്ന്ന ക്രൂഡ് ഓയില്‍ വില ഇന്നു രാവിലെ ഉയര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് ചെറിയ കയറ്റിറക്കങ്ങള്‍ക്കു ശേഷം 87 ഡോളറില്‍ തന്നെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 87.46 ഡോളറിലെത്തി. ഡബ്‌ള്യു.ടി.ഐ ഇനം 82.85ലും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 87.19 ഡോളറിലും ആണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ ഉയരുകയാണ്. ബിറ്റ് കോയിന്‍ മൂന്നര ശതമാനം ഉയര്‍ന്ന് 67,000 ഡോളര്‍ കടന്നു. ഈഥര്‍ അടക്കമുള്ള മറ്റു ക്രിപ്‌റ്റോകളും കയറി.
പ്രതീക്ഷ പോലെ റിലയന്‍സ്
റിലയന്‍സ് ഇന്‍ഡസ്ട്രീസ് റിസല്‍ട്ട് പ്രതീക്ഷ പോലെ തീരെ കുറഞ്ഞ അറ്റാദായ വളര്‍ച്ചയാണു കാണിച്ചത്. നാലാംപാദത്തില്‍ 45,065 കോടി രൂപയുടെ പ്രവര്‍ത്തനലാഭം ഉണ്ട്. അറ്റാദായം 21,243 കോടി.
ജിയോയും റീട്ടെയിലും മികച്ച വളര്‍ച്ച കാണിച്ചു. റീട്ടെയിലില്‍ പ്രവര്‍ത്തനലാഭം 18 ശതമാനം കൂടി. ഡിജിറ്റല്‍ (ജിയോ) വിഭാഗത്തിന്റെ ലാഭം 9 ശതമാനം കൂടി. ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗം ലാഭം 47 ശതമാനം വര്‍ധിപ്പിച്ചു.
റിലയന്‍സിന്റെ കഴിഞ്ഞ ധനകാര്യവര്‍ഷത്തെ വിറ്റുവരവ് 10 ലക്ഷം കോടി രൂപ കടന്നു. വാര്‍ഷിക അറ്റാദായം 69,621 കോടി രൂപ.
വിപണിസൂചനകള്‍
(2024 ഏപ്രില്‍ 22, തിങ്കള്‍)
സെന്‍സെക്‌സ്30 73,648.62 +0.77%
നിഫ്റ്റി50 22,336.40 +0.86%
ബാങ്ക് നിഫ്റ്റി 47,924.90 +0.74%
മിഡ് ക്യാപ് 100 49,096.40 +0.82%
സ്‌മോള്‍ ക്യാപ് 100 16,484.20 +1.31%
ഡൗ ജോണ്‍സ് 30 38,240.00 +0.67%
എസ് ആന്‍ഡ് പി 500 5010.60 +0.87%
നാസ്ഡാക് 15,451.30 +1.11%
ഡോളര്‍ ($) ₹83.36 -₹0.11
ഡോളര്‍ സൂചിക 106.08 -0.02
സ്വര്‍ണം (ഔണ്‍സ്) $2327.90 +$64.30
സ്വര്‍ണം (പവന്‍) ₹54,040 -₹400.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $87.00 $00.00