ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ; ദിശാബോധമില്ലാതെ ഇന്ത്യൻ വിപണി; ക്രൂഡ് ഓയിൽ താഴുന്നു

ഉപകമ്പനി തുടങ്ങാൻ തീരുമാനിച്ച മുരുഗപ്പ കമ്പനി ഓഹരികൾ ഇന്നലെ 20 ശതമാനം കുതിച്ചു

Update:2023-11-23 08:29 IST

വിപണി വീണ്ടും ദിശ തേടുകയാണ്. യു.എസ്, യൂറോപ്യൻ വിപണികൾ ഇന്നലെ ഉയർന്നു ക്ലോസ് ചെയ്തെങ്കിലും ഏഷ്യൻ വിപണികൾ ഇന്നു ഭിന്നദിശകളിലാണു നീങ്ങുന്നത്. ഇന്നലെ വലിയ ചാഞ്ചാട്ടം കണ്ട ഇന്ത്യൻ വിപണി ഇന്നും വ്യക്തമായ ദിശാബോധം കാണിക്കുന്നില്ല. ക്രൂഡ് ഓയിൽ വില കുറയുന്ന പ്രവണത കാണിക്കുന്നുണ്ട്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,897.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,903 ലേക്കു കയറിയിട്ട് താണു. ഇന്ത്യൻ വിപണിക്ക് ഇന്ന് ദുർബല തുടക്കമാണ് ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ വിപണികൾ ഇന്നലെ ഉയർന്നു ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ വിലയിൽ ചെറിയ താഴ്ച ഉണ്ടായതു വിപണിക്ക് ഉണർവ് നൽകി. ഈയാഴ്ച ചേരാനിരുന്ന ഒപെക് യോഗം നവംബർ 30 -ലേക്ക് മാറ്റിവച്ചത് വില താഴാൻ സഹായിച്ചു.

യു.എസ് വിപണി ഇന്നലെ നേട്ടത്തിൽ അവസാനിച്ചു. ഓപ്പൺ എഐയിൽ സാം ആൾട്ട്മാൻ സിഇഒ ആയി തിരിച്ചെത്തിയതും ബോർഡ് പുന:സംഘടിപ്പിച്ചതും ഐടി മേഖലയിൽ ആശ്വാസം ജനിപ്പിച്ചു.

ഡൗ ജോൺസ് 184.74 പോയിന്റ് (0.53%) കയറ്റ 35,273.03 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 18.43 പോയിന്റ് (0.41%) ഉയർന്ന് 4556.62 ൽ അവസാനിച്ചു. നാസ്ഡാക് 65.88 പോയിന്റ് (0.46%) കയറി 14, 265.86. ൽ ക്ലോസ് ചെയ്തു. താങ്ക്സ് ഗിവിംഗ് പ്രമാണിച്ചു യുഎസ് വിപണിക്ക് ഇന്ന് അവധിയാണ്.

യു.എസ് കടപ്പത്ര വിലകൾ താഴ്ന്നു. അവയിലെ നിക്ഷേപനേട്ടം 4.408 ശതമാനമായി കൂടി.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നഷ്ടത്തിലാണ്. ഡൗ സൂചിക 0.10-ഉം എസ് ആൻഡ് പി 0.11 ഉം നാസ്ഡാക് 0.06-ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നും ഭിന്ന ദിശകളിലാണ്. ഓസ്ട്രേലിയയിലും ഹോങ് കോങ്ങിലും വിപണി താഴ്ന്നു. ജപ്പാനിലും ദക്ഷിണ കൊറിയയിലും ചൈനയിലും വിപണി ഉയർന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ബുധനാഴ്ച നേട്ടത്തിൽ ആരംഭിച്ച് ചാഞ്ചാട്ടങ്ങൾക്കു ശേഷം നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 66,000 നും നിഫ്റ്റി 19,800 നും മുകളിൽ ക്ലോസ് ചെയ്തു. 19,800-19,900 മേഖലയിലെ തടസം മറികടക്കാൻ ഇതു വഴി തുറക്കും എന്ന പ്രതീക്ഷയുണ്ട്.

സെൻസെക്സ് 92.47 പോയിന്റ് (0.14%) ഉയർന്ന് 66,023.24 ലും നിഫ്റ്റി 28.45 പോയിന്റ് (0.14%) കയറി 19,811.85 ലും എത്തി. ബാങ്ക് നിഫ്റ്റി 239.55 പോയിന്റ് താഴ്ന്ന് 43,449.6 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.34 ശതമാനം കയറി 42,027.1 ലും സ്മോൾ ക്യാപ് സൂചിക 1. 21 ശതമാനം താഴ്ന്ന് 13,689.95 ലും അവസാനിച്ചു.

പി.എസ്.യു ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, റിയൽറ്റി, മീഡിയ, മെറ്റൽ മേഖലകൾ താഴ്ചയിലായി. ഐടിയും ഓട്ടാേയും എഫ്എംസിജിയും ഫാർമസ്യൂട്ടിക്കൽസും ഹെൽത്ത് കെയറും നല്ല നേട്ടം ഉണ്ടാക്കി.

ഇന്നു നിഫ്റ്റിക്ക് 19,765 ലും 19,660 ലും പിന്തുണ ഉണ്ട്. 19,830 ഉം 19,905 ഉം തടസങ്ങളാകും.

വിദേശ നിക്ഷേപകർ തുടർച്ചയായ നാലാം ദിവസവും വിൽപനക്കാരായി. ക്യാഷ് വിപണിയിൽ അവർ 306.56 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 721. 24 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ഐ.ഡി.ബി.ഐ ബാങ്ക് മൂല്യ നിർണയത്തിന് ഏജൻസിയെ കണ്ടെത്താൻ പുതിയ അപേക്ഷ ക്ഷണിച്ചു. ഇതു ബാങ്കിന്റെ സ്വകാര്യവൽക്കരണം അടുത്ത ധനകാര്യ വർഷമേ നടക്കൂ എന്ന് ഉറപ്പാക്കുന്നു. ബാങ്കിന്റെ ഓഹരി വില നാലു ശതമാനം വരെ താഴ്ന്നു. 

മുരുഗപ്പ ഗ്രൂപ്പിലെ സി.ജി പവർ സെമി കണ്ടക്ടർ അസംബ്ലിംഗിന് ഒരു ഉപകമ്പനി തുടങ്ങാൻ തീരുമാനിച്ചു. കമ്പനിയുടെ ഓഹരി 20 ശതമാനം കുതിച്ചു. ഗ്രൂപ്പിലെ പുതിയ തലമുറ നേതൃത്വത്തിൽ വന്ന ശേഷമുള്ള സുപ്രധാന നീക്കമാണിത്.

സുസ്ലോൺ എനർജി തുടർച്ചയായ മൂന്നാം ദിവസവും അഞ്ചു ശതമാനം താണു. കഴിഞ്ഞ ദിവസം ഒരു വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിലയായ 44 രൂപയിൽ എത്തിയ ശേഷമാണു താഴ്ച തുടങ്ങിയത്. ഒരു വർഷം കൊണ്ട് ഓഹരി 360 ശതമാനം ഉയർന്നിരുന്നു.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ താഴ്ചയിലായിരുന്നു. അലൂമിനിയം 1.57 ശതമാനം താഴ്ന്നു ടണ്ണിന് 2223.15 ഡോളറിലായി. ചെമ്പ് 0.85 ശതമാനം താണു ടണ്ണിന് 8252.84 ഡോളറിലെത്തി. ലെഡ് 1.19-ഉം നിക്കൽ 0.79 ഉം സിങ്ക് 1.5 ഉം ടിൻ 0.69 ഉം ശതമാനം ഇടിഞ്ഞു.

ക്രൂഡ്ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില ഇന്നലെ നാലു ശതമാനം താഴ്ന്നിട്ടു തിരിച്ചു കയറി. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 81.96 ഡോളറിലും ഡബ്ള്യുടിഐ ഇനം 76.68 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഇവ യഥാക്രമം 80.78 ഉം 76.08 ഉം ആയി. യുഎഇയുടെ മർബൻ ക്രൂഡ് 83.34 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണവില ഇന്നലെ വലിയ ചാഞ്ചാട്ടത്തിലായി. ഔൺസിന് 2006.50 ഡോളർ വരെ ഉയർന്നിട്ടു വില ഇടിഞ്ഞു.1990.30 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 1994.40ലേക്കു സ്വർണം കയറി.

കേരളത്തിൽ പവൻവില മാറ്റമില്ലാതെ 45,480-ൽ തുടർന്നു.

ഡോളർ നാലു പൈസ താഴ്ന്ന് 83.32 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് ഇന്നലെ ഡോളർ വിറ്റഴിച്ചതു രൂപയെ സഹായിച്ചു.

ഡോളർ സൂചിക ഇന്നലെ കയറി 103.92 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.86 ലേക്കു താണു.

ക്രിപ്‌റ്റോ കറൻസികൾ ഉയരുകയാണ്. ബിറ്റ്കോയിൻ 37,500 ഡോളറിലേക്കു കയറി. 

ആൾട്ട്മാൻ വീണ്ടും ഓപ്പൺ എ.ഐ സി.ഇ.ഒ


നിർമിതബുദ്ധി മേഖലയിലെ പ്രമുഖ കമ്പനി ഓപ്പൺ എ.ഐയിൽ സാം ആൾട്ട്മാനെ വീണ്ടും സി.ഇ.ഒ ആക്കി. ബോർഡ് ഘടന അഴിച്ചു പണിയുകയും ചെയ്തു. ഓപ്പൺ എ.ഐയുടെ 49 ശതമാനം ഓഹരി കൈയാളുന്ന മെെക്രാേസാേഫ്റ്റ് കമ്പനിയുടെ സാരഥി സത്യ നദെല്ലയാണു മാറ്റങ്ങൾക്കു ചുക്കാൻ പിടിച്ചത്. സിലിക്കൺ വാലിയിൽ നദെല്ലയുടെ സ്വാധീനം വർധിപ്പിച്ച സംഭവവികാസങ്ങളാണ് ഈയാഴ്ച നടന്നത്.

കൂടുതൽ അധികാരങ്ങളോടെയാണ് ആൾട്ട്മാൻ സി.ഇ.ഒ ആകുന്നത്. സെയിൽസ് ഫോഴ്സ് സിഇഒ ആയിരുന്ന ബ്രെറ്റ് ടെയ്ലറാണു പുതിയ ചെയർമാൻ. ആൾട്ട്മാനെ പുറത്താക്കുന്നതിൽ പങ്കാളികളായ എല്ലാവരെയും ബോർഡിൽ നിന്നു മാറ്റി. യുഎസ് ട്രഷറി സെക്രട്ടറി ആയിരുന്ന ലാറി സമ്മേഴ്സ് പുതിയ ബോർഡിൽ ഉണ്ട്.

മൈക്രോസോഫ്റ്റ്, സെകോയ കാപ്പിറ്റൽ, ടെെഗർ ഗ്ലോബൽ, ത്രൈവ് കാപ്പിറ്റൽ തുടങ്ങി ഓപ്പൺ എ.ഐയിലെ പ്രമുഖ നിക്ഷേപകരുടെ പ്രതിനിധികളെ പിന്നീടു ബോർഡിൽ പെടുത്തും.

ഓപ്പൺ എഐയിലെ അട്ടിമറിക്കു പര്യവസാനം ആയെങ്കിലും നിർമിത ബുദ്ധി മേഖലയിൽ ഇതു വലിയ മാറ്റങ്ങൾക്കു വഴി തുറന്നു. എൻവിഡിയ, സെയിൽസ്ഫാേഴ്സ്, ക്വാൽകോം തുടങ്ങിയ കമ്പനികളും പഴയ ഗൂഗിൾ സി.ഇ.ഒ എറിക് ഷ്മിട്ട് പോലുള്ള നിക്ഷേപകരും മറ്റു നിർമിത ബുദ്ധി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപത്തിന് ഒരുങ്ങുകയാണ്. ഓപ്പൺ എ.ഐയെ മാത്രം ആശ്രയിക്കുന്നതിൽ അപകടം ഉണ്ടെന്ന പാഠമാണ് ഈ അട്ടിമറി നൽകിയത്. ഹഗ്ഗിംഗ് ഫേസ്, മിസ്ട്രാൽ എഐ തുടങ്ങിയവയിൽ നിക്ഷേപം വർധിക്കുമെന്നാണു സൂചന. 

വിപണി സൂചനകൾ

(2023 നവംബർ 22, ബുധൻ)

സെൻസെക്സ്30 66,023.24 +0.14%

നിഫ്റ്റി50 19,811.85 +0.14%

ബാങ്ക് നിഫ്റ്റി 43,449.60 -0.55%

മിഡ് ക്യാപ് 100 42,027.10 +0.34%

സ്മോൾ ക്യാപ് 100 13,689.95 -1.21%

ഡൗ ജോൺസ് 30 35,273.00+0.53%

എസ് ആൻഡ് പി 500 4556.62 +0.41%

നാസ്ഡാക് 14,265.90 +0.46%

ഡോളർ ($) ₹83.32 -₹0.04

ഡോളർ സൂചിക 103.92 +0.36

സ്വർണം (ഔൺസ്) $1990.30 -$08.40

സ്വർണം (പവൻ) ₹45,480 ₹ 00.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $81.96 -$0.36

Tags:    

Similar News