വിദേശികളുടെ വില്‍പന തുടരുന്നു; വില്‍പനയ്ക്കു പിന്നില്‍ സെബി നിബന്ധന? ദിശാബോധം കാണിക്കാതെ വിദേശ വിപണികള്‍; പൊതുമേഖലാ ഓഹരികള്‍ക്കു തിരിച്ചടി
സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി 34% ഇടിഞ്ഞു. മറ്റു മീഡിയാ ഓഹരികള്‍ക്കും ഇടിവായി
വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വില്‍പന തുടരുന്നതും ലാഭമെടുക്കലും ചേര്‍ന്ന് ഇന്നലെ വിപണിയെ വലിയ തിരുത്തലിലേക്കു നയിച്ചു. ഈ തിരുത്തലിന് ഒരു ചെറിയ ആശ്വാസ റാലി ഇന്നു പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും ബുള്ളുകള്‍ക്കു തല ഉയര്‍ത്താവുന്നതല്ല വിപണിയുടെ അവസ്ഥ.
വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് ഓഹരികള്‍ വാങ്ങുന്നതെന്ന് അറിയിക്കണം എന്ന വ്യവസ്ഥ ഫെബ്രുവരി ഒന്നിനു നടപ്പാക്കാനുളള സെബി തീരുമാനം വിപണിയിലെ വിറ്റൊഴിയലിനു കാരണമായിട്ടുണ്ട്. യഥാര്‍ഥ ഗുണഭോക്താക്കള്‍ക്കു തങ്ങള്‍ ആരെന്നു പരസ്യപ്പെടുത്താന്‍ താല്‍പര്യമില്ല. അതിനാല്‍ അവര്‍ നിക്ഷേപം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നു. ഈയിടെ വിദേശനിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റതിന്റെ പശ്ചാത്തലം ഇതാണ്. ഈ പ്രവണത തുടരുമെന്നാണു സൂചന. വ്യവസ്ഥ നടപ്പാക്കല്‍ നീട്ടിവച്ചാല്‍ വിദേശികള്‍ ആവേശപൂര്‍വ്വം വാങ്ങലുകാരാകും. അതിനുള്ള സാധ്യത ഇനിയും തെളിഞ്ഞിട്ടില്ല.
ആഗോള വിപണികള്‍ പ്രത്യേക ദിശാബോധം കാണിക്കുന്നില്ല. കമ്പനികളുടെ ഫലങ്ങളിലും സാമ്പത്തിക സൂചകങ്ങളിലുമാണു വിപണികള്‍ ശ്രദ്ധിക്കുന്നത്.
ചൊവ്വാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,268-ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,274 ലേക്കു കയറി. പിന്നീടു താണു. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച ചെറിയ നഷ്ടത്തില്‍ അവസാനിച്ചു. വാഹനവ്യവസായത്തിനു 2024നേട്ടമാകുമെന്ന ഗോള്‍ഡ്മാന്‍ സാക്‌സിന്റെ വിലയിരുത്തല്‍ ഫോക്‌സ് വാഗന്റെ ഓഹരിയെ അഞ്ചു ശതമാനം ഉയര്‍ത്തി.
യു.എസ് വിപണി ഇന്നലെ ഭിന്ന ദിശകളിലായിരുന്നു. മൂന്നു ദിവസം കയറിയ ഡൗ ജോണ്‍സ് ഇന്നലെ താഴ്ന്നു. മറ്റു രണ്ടു സൂചികകള്‍ കയറി.
ഡൗ ജോണ്‍സ് ഇന്നലെ 96.36 പോയിന്റ് (0.25%) താഴ്ന്ന് 37,905.45ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 14.17 പോയിന്റ് (0.29%) ഉയര്‍ന്ന് 4864.60 ല്‍ അവസാനിച്ചു. നാസ്ഡാക്
65.66 പോയിന്റ് (0.43%) ഉയര്‍ന്ന് 15,425.94 ല്‍ ക്ലോസ് ചെയ്തു. യുഎസ് ഫ്യൂച്ചേഴ്‌സ് നേട്ടത്തിലാണ്. ഡൗ 0.03 ഉം എസ് ആന്‍ഡ് പി 0.29 ഉം നാസ്ഡാക് 0.43ഉം ശതമാനം കയറി. നെറ്റ്ഫ്‌ലിക്‌സിനു പ്രതീക്ഷയിലധികം വരിക്കാരെ കിട്ടിയത് നാസ്ഡാക് ഫ്യൂച്ചേഴ്‌സിനെ ഉയര്‍ത്തി.
ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ് വ്യാപാരം തുടങ്ങിയത്. ചൈന ഓഹരി വിപണിക്കായി 27,800 കോടി ഡോളറിന്റെ ഒരു ഉത്തേജന പദ്ധതി തയാറാക്കുന്നതായ റിപ്പോര്‍ട്ട് ഇന്നലെ ഹോങ് കോങ് വിപണിയെ മൂന്നു ശതമാനം ഉയര്‍ത്തി. ഇന്നും ഹോങ് കോങ് ഉയര്‍ന്നു.
ഇന്ത്യൻ വിപണി
ഇന്നലെ നല്ല ഉയരത്തില്‍ വ്യാപാരമാരംഭിച്ച ഇന്ത്യന്‍ വിപണി പിന്നീട് വലിയ തകര്‍ച്ചയിലായി. സെന്‍സെക്‌സ് 72,039 വരെ കയറിയ ശേഷം 70,234 വരെയും നിഫ്റ്റി 21,750 വരെ കയറിയ ശേഷം 21,192 വരെയും ഇടിഞ്ഞു. ബിഎസ്ഇയുടെ വിപണി മൂല്യം 8.4 ലക്ഷം കോടി രൂപ കുറഞ്ഞു.
സെന്‍സെക്‌സ് 1053.1 പോയിന്റ് (1.47%) താഴ്ന്ന് 70,370.55 ലും നിഫ്റ്റി 333 പോയിന്റ് (1.54%) ഇടിഞ്ഞ് 21,238.80 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 1051.8 പോയിന്റ് (2.28%) ഇടിഞ്ഞ് 45,006.40 ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1493.20 പോയിന്റ് (3.11 ശതമാനം) തകര്‍ന്ന് 46,596.60 ലും സ്‌മോള്‍ ക്യാപ് സൂചിക 445.85 പോയിന്റ് (2.87 ശതമാനം) ഇടിഞ്ഞ് 15,073.05 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകര്‍ ഇന്നലെയും വില്‍പനക്കാരായി. ക്യാഷ് വിപണിയില്‍ അവര്‍ 3115.39 കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 214.40 കോടിയുടെ ഓഹരികള്‍ വാങ്ങി.
മുഖ്യ സൂചികകളില്‍ ഇന്നലെ ഒന്നര ശതമാനം തിരുത്തല്‍ ഉണ്ടായ നിലയ്ക്ക് ഇന്നു വിപണിയില്‍ ഒരു തിരിച്ചുകയറ്റം പ്രതീക്ഷിക്കാവുന്നതാണ് എന്നാല്‍ ബെയറിഷ് പിടിയില്‍ നിന്നു വിട്ടു മാറാന്‍ വിപണിക്ക് കഴിയുമോ എന്നതു സംശയമാണ്. ഓരോ ഉയര്‍ച്ചയിലും വില്‍പനസമ്മര്‍ദം വിലകളെ താഴ്ത്തും. നിഫ്റ്റി 21,200 ന്റെ പിന്തുണയില്‍ നിന്നു കയറാന്‍ തുടങ്ങിയാലും 21,400 - 21,500 മേഖലയില്‍ വില്‍പന സമ്മര്‍ദം തടസമാകും എന്നു വിദഗ്ധര്‍ കരുതുന്നു. നിഫ്റ്റിക്ക് ഇന്ന് 21,180 ലും 20,840ലും പിന്തുണ ഉണ്ട്. 21,290ലും 21,750ലും തടസങ്ങള്‍ ഉണ്ടാകും.
ഈയിടെ വലിയ നേട്ടം ഉണ്ടാക്കിയിരുന്ന റെയില്‍വേ, പൊതുമേഖലാ ഓഹരികള്‍ ഇന്നലെ കുത്തനേ താണു. റൈറ്റ്‌സ്, ഇര്‍കോണ്‍, റെയില്‍ടെല്‍, ഹഡ്‌കോ, എസ്ടിസി തുടങ്ങിയവയുടെ ഓഹരി 10 ശതമാനത്തിലധികം ഇടിഞ്ഞു. പൊതുമേഖലാ എണ്ണ കമ്പനികളുടെ മൂന്നാം പാദ റിസല്‍ട്ട് മോശമാകുമെന്ന നിഗമനത്തില്‍ ആ ഓഹരികള്‍ അഞ്ചു മുതല്‍ ഏഴു വരെ ശതമാനം താഴ്ന്നു. പൊതുമേഖലാ ഓഹരികളുടെ വിപണിമൂല്യം ചൊവ്വാഴ്ച 2.41 ലക്ഷം കോടി രൂപ കണ്ട് കുറഞ്ഞു. ഡിസംബര്‍ മൂന്നിനു ശേഷം പൊതുമേഖലാ ഓഹരികളുടെ വിപണിമൂല്യത്തില്‍ 10 ലക്ഷം കോടി രൂപയുടെ വര്‍ധന ഉണ്ടായതാണ്.
ഒരു കോടി വീടുകള്‍ക്ക് പുരപ്പുറ സൗരോര്‍ജ പദ്ധതി നടപ്പാക്കും എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സൗരോര്‍ജ കമ്പനികള്‍ക്ക് വലിയ ഊര്‍ജമായി. എന്നാല്‍ നിലവിലുള്ള പദ്ധതിയില്‍ നിന്നു കാര്യമായ സബ്‌സിഡി വര്‍ധന പുതിയ പദ്ധതിയില്‍ ഇല്ലെന്നാണ് പിന്നീട് അറിവായത്.
റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഇന്നലെ വലിയ തിരിച്ചടി നേരിട്ടു. നിഫ്റ്റി റിയല്‍റ്റി 5.31 ശതമാനം ഇടിഞ്ഞു. പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ഓബറോയ് റിയല്‍റ്റി, ശോഭ, ലോധ തുടങ്ങിയവ കൂടുതല്‍ താഴ്ചയിലായി.
സീ - സോണി ചര്‍ച്ച പൊളിഞ്ഞതോടെ സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി 34 ശതമാനം ഇടിഞ്ഞു. മറ്റു മീഡിയാ ഓഹരികള്‍ക്കും ഇടിവായി. നിഫ്റ്റി മീഡിയ 12.87 ശതമാനം താഴ്ന്നാണു ക്ലോസ് ചെയ്തത്. നെറ്റ് വര്‍ക്ക് 18, ഡിഷ് ടിവി, ടിവി 18, സണ്‍ ടിവി, ഹാഥ് വേ തുടങ്ങിയവ വലിയ ഇടിവിലാണ്.
ക്രൂഡ് ഓയിലും സ്വര്‍ണവും
ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ബാരലിന് 79.58 ഡോളര്‍ ആയി. ഡബ്‌ള്യു.ടി.ഐ ഇനം 74.38 ല്‍ എത്തി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 79.86 ഡോളറിലേക്കു താണു.
സ്വര്‍ണം ഇന്നലെ കയറിയിട്ട് ഇന്നു താഴ്ചയിലാണ്. ഔണ്‍സിന് 2029.90 ഡോളറില്‍ ചൊവ്വാഴ്ച ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2026.30 ലേക്കു വില താഴ്ന്നു.
കേരളത്തില്‍ പവന്‍വില ഇന്നലെയും 46,240 രൂപയില്‍ തുടര്‍ന്നു.
ഡോളര്‍ സൂചിക ഇന്നു രാവിലെ 103.55 ലേക്കു കയറി.
ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ചയിലാണ്. ബിറ്റ് കാേയിന്‍ ചൊവ്വാഴ്ച 39,000 ഡോളറിനു താഴെയായി. ഇന്നു രാവിലെ 39,900 ഡോളറിലേക്കു കയറി.
വിപണിസൂചനകൾ (2024 ജനുവരി 23, ചൊവ്വ)
സെൻസെക്സ്30 70,370.55 -1.47%
നിഫ്റ്റി50 21,238.80 -1.54%
ബാങ്ക് നിഫ്റ്റി 45,006.40 -2.28%
മിഡ് ക്യാപ് 100 46,569.60 -3.11%
സ്മോൾ ക്യാപ് 100 15,073.05 -2.87 ക%
ഡൗ ജോൺസ് 30 37,905.45 -0.25%
എസ് ആൻഡ് പി 500 4864.60 +0.29%
നാസ്ഡാക് 15,425.94 - +0.43%
ഡോളർ ($) ₹83.15 +₹0.09
ഡോളർ സൂചിക 103.55 +0.19
സ്വർണം (ഔൺസ്) $2029.90 +$07.70
സ്വർണം (പവൻ) ₹46,240 +₹00.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $79.78 -$0.28