വിപണിയില്‍ പുതിയ അനിശ്ചിതത്വങ്ങള്‍; ടെക് ഭീമന്മാര്‍ക്കു ക്ഷീണം, മെറ്റാ ഇടിഞ്ഞു, കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരെ നടപടി

ക്രൂഡോയിലും ക്രിപ്‌റ്റോകളും താഴ്ചയില്‍

Update:2024-04-25 08:50 IST

വീണ്ടും അനിശ്ചിതത്വം വിപണിയെ ദുര്‍ബലമാക്കുന്നു. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോംസും ഐ.ബി.എമ്മും പുറത്തുവിട്ട റിസല്‍ട്ടുകള്‍ ടെക് മേഖലയുടെ കാര്യത്തില്‍ ആശങ്കകള്‍ വളര്‍ത്തുന്നു. ഇന്നു മൈക്രോ സോഫ്റ്റിന്റെ റിസല്‍ട്ടും വരാനുണ്ട്. ഈ പശ്ചാത്തലത്തില്‍ യു.എസ് ഫ്യൂച്ചേഴ്‌സും ഏഷ്യന്‍ വിപണികളും ഇടിവിലായി. കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരായ റിസര്‍വ് ബാങ്ക് നടപടിയും വിപണിയില്‍ ചലനമുണ്ടാക്കും.

ഇന്നു രാത്രി യു.എസ് ജി.ഡി.പി വളര്‍ച്ച കണക്കും നാളെ പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചറും അറിവാകും. വിപണിഗതിയെ നിര്‍ണായകമായി സ്വാധീനിക്കുന്ന കാര്യങ്ങള്‍ ആണ് അവ.

ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,370ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,367 ആയി. ഇന്ത്യന്‍ വിപണി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

വിദേശ വിപണികള്‍

യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച ഇടിവിലായി. ജര്‍മന്‍ ഔഷധ കമ്പനി ഇവോടെക് 34 ശതമാനം ഇടിഞ്ഞു. കമ്പനിക്ക് 2023ല്‍ നഷ്ടം വന്നതും ഓഹരി വ്യാപാര നിയമങ്ങള്‍ പാലിക്കാത്ത സി.ഇ.ഒയെ പുറത്താക്കേണ്ടി വന്നതും മൂലമാണിത്.

യു.എസ് വിപണി ബുധനാഴ്ച ഭിന്ന ദിശകളിലായി. എസ് ആന്‍ഡ് പിയും നാസ്ഡാകും നാമമാത്രമായി ഉയര്‍ന്നു, ഡൗ നാമമാത്രമായി താഴ്ന്നു. കമ്പനി റിസല്‍ട്ടുകളെ പറ്റിയുള്ള ആശങ്കയാണ് വിപണിയില്‍ കാണുന്നത്.

ഇന്നലെ ഡൗ ജോണ്‍സ് സൂചിക 42.77 പോയിന്റ് (0.11%) താഴ്ന്ന് 38,460.90ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 1.08 പോയിന്റ് (0.02%) ഉയര്‍ന്ന് 5071.63ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 16.11 പോയിന്റ് (0.10%) കയറി 15,712.80ല്‍ ക്ലോസ് ചെയ്തു.

വ്യാപാര സമയത്തിനു ശേഷം വന്ന മെറ്റാ പ്ലാറ്റ്‌ഫോംസിന്റെയും ഐ.ബി.എമ്മിന്റെയും റിസല്‍ട്ടുകള്‍ ഫ്യൂച്ചേഴ്‌സിനെ താഴ്ത്തി. സക്കര്‍ബര്‍ഗിന്റെ മെറ്റാ റിസല്‍ട്ട് പ്രതീക്ഷയിലും മെച്ചമായിരുന്നെങ്കിലും ഭാവി സൂചന മോശമായതോടെ ഓഹരി 16 ശതമാനം ഇടിഞ്ഞു. വരുമാനം 27 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായം ഇരട്ടിച്ചു. മാര്‍ക്കറ്റിംഗ് ചെലവ് 16 ശതമാനം കുറച്ചതാണു ലാഭവര്‍ധനയ്ക്കു കാരണം. അടുത്ത പാദത്തിലേക്ക് കമ്പനിയുടെ വരുമാന പ്രതീക്ഷ വിപണി കരുതിയതിലും കുറവാണ്. ഉപയോക്താക്കളുടെ എണ്ണം നേരിട്ടു പറയാത്ത കമ്പനി നല്‍കിയ സൂചന വളര്‍ച്ച കുറവാണെന്നാണ്. കമ്പനി ജോലിക്കാരുടെ എണ്ണം ഗണ്യമായി കുറച്ചു വരികയാണ്. കമ്പനിയുടെ റിയാലിറ്റി ലാബ് വലിയ നഷ്ടത്തിലാണ്.

ഐ.ബി.എം റിസല്‍ട്ട് പ്രതീക്ഷയിലും മോശമായതോടെ ഓഹരി ഫ്യൂച്ചേഴ്‌സില്‍ എട്ടു ശതമാനം ഇടിഞ്ഞു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു വലിയ ഇടിവിലാണ്. ഡൗ 0.21 ശതമാനവും എസ് ആന്‍ഡ് പി 0.64 ശതമാനവും നാസ്ഡാക് 1.16 ശതമാനവും താഴ്ന്നു നില്‍ക്കുന്നു.

യു.എസ് സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം അല്‍പം കയറി 4.652 ശതമാനത്തിലെത്തി. ഇന്നു വരുന്ന യു.എസ് ഒന്നാം പാദ ജി.ഡി.പി കണക്കും നാളെ വരുന്ന പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചറും ആണു വിപണി ഉറ്റു നോക്കുന്ന കാര്യങ്ങള്‍. അവ പലിശനിരക്ക് എന്നു കുറയ്ക്കും എന്നതിലേക്ക് സൂചന നല്‍കും.

ഏഷ്യന്‍ വിപണികള്‍ ഇന്നു നഷ്ടത്തിലായി. ജപ്പാനില്‍ നിക്കൈ 1.4 ശതമാനവും ദക്ഷിണ കൊറിയയില്‍ കോസ്പി ഒരു ശതമാനവും ഇടിഞ്ഞു. ചൈനീസ് വിപണികളും താഴുന്നു.

ദക്ഷിണകൊറിയയുടെ ഒന്നാം പാദ ജി.ഡി.പി വളര്‍ച്ച 3.4 ശതമാനമായി ഉയര്‍ന്നു. 2021 ലെ നാലാം പാദത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. ബാങ്ക് ഓഫ് ജപ്പാന്‍ ഇന്നു പണനയ അവലോകനം നടത്തും. ജാപ്പനീസ് യെനിനെ ബലപ്പെടുത്താന്‍ നടപടി ഉണ്ടാകുമോ എന്നു വിപണി ഉറ്റുനോക്കുന്നു.


ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി ഇന്നലെയും നേട്ടം തുടര്‍ന്നെങ്കിലും കാര്യമായ കയറ്റം സാധിച്ചില്ല. നിഫ്റ്റി 22,450-22,500 മേഖലയില്‍ പ്രതിബന്ധം നേരിടുകയാണെന്നാണു സാങ്കേതിക വിശകലന വിദഗ്ധര്‍ പറയുന്നത്.

സെന്‍സെക്‌സ് 114.49 പോയിന്റ് (0.16%) കയറി 73,852.94ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 34.40 പോയിന്റ് (0.15%) കൂടി 22,402.40ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 218.55 പോയിന്റ് (0.46%) ഉയര്‍ന്ന് 48,189.00ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.76 ശതമാനം ഉയര്‍ന്ന് 49,991.90ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.36 ശതമാനം കയറി 16,746.95ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ഐ.ടി, മീഡിയ, വാഹന, പി.എസ്.യു ബാങ്ക് എന്നിവ താഴ്ചയിലായി. മെറ്റല്‍, റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍ എന്നിവ നേട്ടം ഉണ്ടാക്കി.

ബുധനാഴ്ച വിദേശ നിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 2511.74 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3809.90 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

നിഫ്റ്റിക്ക് 22,450ലെ ഹ്രസ്വകാല തടസം മറി കടക്കാനായില്ലെങ്കില്‍ താഴ്ന്ന നിലയില്‍ സമാഹരണത്തിനു തയാറാകേണ്ടി വരും. നിഫ്റ്റിക്ക് ഇന്ന് 22,385ലും 22,330ലും പിന്തുണയുണ്ട്. 22,455ലും 22,510ലും തടസങ്ങള്‍ പ്രതീക്ഷിക്കുന്നു.

സ്വര്‍ണം താഴ്ചയില്‍

വലിയ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ഇന്നലെ സ്വര്‍ണം അല്‍പം താഴ്ന്നു. ഇന്നലെ ഔണ്‍സിന് 2316.20 ഡോളറില്‍ ക്ലോസ് ചെയ്തു. എന്നാല്‍ ഇന്നു രാവിലെ 2,320 ഡോളറിലേക്കു കയറി.

കേരളത്തില്‍ ബുധനാഴ്ച സ്വര്‍ണം പവന് 360 രൂപ വര്‍ധിച്ച് 53,280 രൂപയിലെത്തി.

രണ്ടു ദിവസത്തെ ഇടിവിനു ശേഷം ഇന്നലെ ടിന്‍ ഒഴികെയുള്ള വ്യാവസായിക ലോഹങ്ങള്‍ നേട്ടത്തിലായി. ചെമ്പ് 0.58 ശതമാനം ഉയര്‍ന്ന് 9654.68 ഡോളറായി. അലൂമിനിയം 0.81 ശതമാനം കയറി ടണ്ണിന് 2599.85 ഡോളറില്‍ എത്തി. ടിന്‍ 1.54 ശതമാനം ഇടിഞ്ഞപ്പോള്‍ സിങ്ക് 1.87 ശതമാനവും നിക്കല്‍ 1.07 ശതമാനവും ഉയര്‍ന്നു.

ഡോളര്‍ സൂചിക ബുധനാഴ്ച ഉയര്‍ന്ന് 105.86ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 105.77ലാണ്.

രൂപ കയറ്റം തുടരുകയാണ്. ഇന്നലെയും രണ്ടു പൈസ നഷ്ടപ്പെടുത്തിയ ഡോളര്‍ 83.32 രൂപയിലാണു ക്ലോസ് ചെയ്തത്. ഇന്നു ഡോളറിനു കയറ്റം പ്രതീക്ഷിക്കാവുന്ന നിലയിലാണു ഡോളര്‍ സൂചിക.

ക്രൂഡ് ഓയില്‍ താഴുന്നു

യു.എസ് സ്റ്റോക്ക് നില മെച്ചപ്പെട്ടതോടെ ക്രൂഡ് ഓയില്‍ തിരിച്ചിറങ്ങുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് 88.08 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 87.89 ഡോളറിലായി. ഡബ്‌ള്യു.ടി.ഐ ഇനം 82.69ലും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 88.44 ഡോളറിലും ആണ്.

ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നലെ മൂന്നു മുതല്‍ ഏഴുവരെ ശതമാനം ഇടിവിലായി. ബിറ്റ്‌കോയിന്‍ നാലു ശതമാനം ഇടിഞ്ഞ് 64,000 ഡോളറിലാണ്. ഈഥര്‍ മൂന്നു ശതമാനം താണ് 3,100 ഡോളര്‍ ആയി.

കൊട്ടക് മഹീന്ദ്ര ബാങ്കിന് എതിരേ നടപടി

കൊട്ടക് മഹീന്ദ്ര ബാങ്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതും പുതിയ ഇടപാടുകാരെ ഓണ്‍ലൈന്‍ ആയി ചേര്‍ക്കുന്നതും റിസര്‍വ് ബാങ്ക് വിലക്കി. ബാങ്കിന്റെ ഐ.ടി സംവിധാനത്തിലെ പാകപ്പിഴകള്‍ പലതവണ ചൂണ്ടിക്കാട്ടിയിട്ടും തിരുത്താത്തതിനെ തുടര്‍ന്നാണിതെന്നു റിസര്‍വ് ബാങ്ക് ഉത്തരവില്‍ പറയുന്നു.

ബാങ്കിന്റെ നിലവിലെ ഇടപാടുകാര്‍ക്കും കാര്‍ഡ് ഉടമകള്‍ക്കും ഈ ഉത്തരവ് ഒരു തടസവും ഉണ്ടാക്കുന്നില്ല. ശാഖകളിലൂടെ ഇടപാടുകാരെ ചേര്‍ക്കുന്നതിനും തടസമില്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാങ്ക് ഓഫ് ബറോഡയും 2020 ഡിസംബറില്‍ എച്ച്.ഡി.എഫ്.സി ബാങ്കിനും ഇതേ പോലെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വിലക്ക് 2022 മാര്‍ച്ചില്‍ പിന്‍വലിച്ചു. ബാങ്ക് ഓഫ് ബറോഡയുടേതു തുടരുന്നു. ഈ വര്‍ഷം ജെ.എം ഫിനാന്‍ഷ്യല്‍, ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് എന്നിവയ്ക്കും റിസര്‍വ് ബാങ്കില്‍ നിന്നു സമാന നടപടി ഉണ്ടായി.

വിപണിസൂചനകള്‍

(2024 ഏപ്രില്‍ 24, ബുധന്‍)

സെന്‍സെക്‌സ്30 73,852.94 +0.16%

നിഫ്റ്റി50 22,402.40 +0.15%

ബാങ്ക് നിഫ്റ്റി 48,189.00 +0.46%

മിഡ് ക്യാപ് 100 49,991.90 +0.76%

സ്‌മോള്‍ ക്യാപ് 100 16,746.95 +0.36%

ഡൗ ജോണ്‍സ് 30 38,460.90 -0.11%

എസ് ആന്‍ഡ് പി 500 5071.63 +0.02%

നാസ്ഡാക് 15,712.80 +0.10%

ഡോളര്‍ ($) ₹83.32 -₹0.02

ഡോളര്‍ സൂചിക 105.86 +0.18

സ്വര്‍ണം (ഔണ്‍സ്) $2316.20 -$06.30

സ്വര്‍ണം (പവന്‍) ₹53,280 +₹360.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $88.08 -$00.40

Tags:    

Similar News