പ്രതീക്ഷയോടെ നിക്ഷേപകര്‍; ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ; ക്രൂഡ് വില ഉയർന്നു തന്നെ
ഇന്ത്യൻ സർക്കാർ കടപ്പത്രങ്ങളെ ജെ.പി മോർഗൻ എമേർജിംഗ് മാർക്കറ്റ് ബോണ്ട് സൂചികയിൽ പെടുത്തിയത് അവയിൽ വിദേശ നിക്ഷേപം വർധിപ്പിക്കും. ഈ രംഗത്തെ മറ്റു രണ്ടു സൂചികകളിലും ഇന്ത്യയെ ഉൾപ്പെടുത്തിയേക്കും
തകർച്ചയുടെ ഒരാഴ്ചയ്ക്കു ശേഷം വിപണി ഇന്നു തുറക്കുന്നത് ദുർബലമായ പ്രതീക്ഷയോടെയാണ്. ഇത്രയും താഴ്ചയ്ക്കു ശേഷം ഒരു ആശ്വാസറാലി ഉണ്ടാകുമോ എന്നാണു നിക്ഷേപകർ ശ്രദ്ധിക്കുന്നത്.
ലോകവിപണിയിൽ ക്രൂഡ് ഓയിൽ 93 ഡോളറിനു മുകളിൽ തുടരുകയാണ്. ഇനിയും ഉയരുമെന്നാണു സൂചന. കഴിഞ്ഞ വെള്ളിയാഴ്ച റഷ്യ ഡീസൽ കയറ്റുമതി വിലക്കുക കൂടി ചെയ്തത് ഇന്ധനവിലയും അതുവഴി പൊതു വിലക്കയറ്റവും വർധിക്കുമെന്ന് ഉറപ്പായി. റഷ്യൻ നടപടിയാേടുള്ള പാശ്ചാത്യ വിപണികളുടെ പ്രതികരണം ഇന്നേ അറിവാകൂ.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,642.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,699 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ തുടക്കം കുറിക്കും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ചെറിയ നഷ്ടത്തിൽ അവസാനിച്ചു. പലിശ നിരക്ക് ഉയർന്നു നിൽക്കുന്നതിനെപ്പറ്റിയുള്ള ആശങ്ക വിപണിയിൽ പ്രകടമാണ്.
യു.എസ് വിപണികൾ തുടർച്ചയായ നാലാം ദിവസവും ഇടിഞ്ഞു. ഉയർന്ന പലിശനിരക്ക് കൂടുതൽ കാലത്തേക്കു തുടരുമെന്ന ഫെഡറൽ റിസർവ് സൂചനയും ഒക്ടോബർ ആദ്യം യു.എസ് സർക്കാരിന്റ പ്രവർത്തനം ഭാഗികമായി സ്തംഭിക്കാം എന്ന വിഷയവും ആണു തുടർച്ചയായ താഴ്ചയ്ക്കു കാരണം. യു.എസ് ഗവണ്മെന്റ് പ്രവർത്തനത്തിനു വേണ്ട പണം അനുവദിക്കുന്ന കാര്യത്തിൽ പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുമായി ധാരണ ഉണ്ടാക്കാൻ ഭരണ കക്ഷിയായ ഡെമോക്രാറ്റുകൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ധാരണ ഇല്ലെങ്കിൽ പല ഡിപ്പാർട്ട്മെൻറുകൾക്കും ഫണ്ട് ലഭിക്കില്ല.
ഡൗ ജോൺസ് 106.58 പോയിന്റ് (0.31%) താഴ്ന്ന് 33,963.8 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 9.94 പോയിന്റ് (0.23%) കുറഞ്ഞ് 4320.06 ലും നാസ്ഡാക് 12.18 പോയിന്റ് (0.09%) താഴ്ന്ന് 13,211.8 ലും ക്ലോസ് ചെയ്തു.
യു.എസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ചെറിയ കയറ്റം കാണിക്കുന്നു. ഡൗ 0.14 ഉം എസ് ആൻഡ് പി 0.13 ഉം നാസ്ഡാക് 0.23 ഉം ശതമാനം താണു.
പത്തുവർഷ യു.എസ് കടപ്പത്രങ്ങളുടെ വില നിക്ഷേപത്തിന് 4.46 ശതമാനം ആദായം കിട്ടത്തക്ക നിലയിലേക്കു താഴ്ന്നു.
വെള്ളിയാഴ്ച അര ശതമാനത്തോളം ഇടിഞ്ഞാണ് ഏഷ്യൻ വിപണികൾ അവസാനിച്ചത്. ഇന്നു ജപ്പാനിലൊഴികെ വിപണികളുടെ തുടക്കം താഴ്ചയിലാണ്.
ബാങ്ക് ഓഫ് ജപ്പാൻ നിരക്ക് മാറ്റാതെയാണു പണനയ പ്രഖ്യാപനം നടത്തിയത്. എങ്കിലും വിപണി അതിൽ ആശ്വസിക്കുന്നില്ല.
ഇന്ത്യൻ വിപണി
പലിശ ഭീതി അടക്കമുള്ള വിഷയങ്ങൾ വെള്ളിയാഴ്ചയും ഇന്ത്യൻ വിപണിയെ താഴ്ത്തി. ഇന്ത്യൻ വിപണി നാമമാത്രമായി താണ് വ്യാപാരം തുടങ്ങി, പിന്നീടു കയറിയിറങ്ങി. സെൻസെക്സ് 65,952 വരെയും നിഫ്റ്റി 19,657 വരെയും താഴ്ന്നു. സെൻസെക്സ് 221.09 പോയിന്റ് (0.33%) താഴ്ന്ന് 66,009.15 ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 68.1 പോയിന്റ് (0.34%) കുറഞ്ഞ 19,674.25 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 11.8 പോയിന്റ് (0.03%) താഴ്ന്ന് 44,612.05 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.11 ശതമാനം താഴ്ന്ന് 40,139.15 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.26 ശതമാനം ഉയർന്ന് 12,476.25 ൽ അവസാനിച്ചു.
പൊതു മേഖലാ ബാങ്കുകളും വാഹന കമ്പനികളും മാത്രമാണ് ഉയർന്ന മേഖലകൾ. ഹെൽത്ത് കെയർ, ഫാർമസ്യൂട്ടിക്കൽസ്, റിയൽറ്റി എന്നിവ വലിയ വീഴ്ചയിലായി.
ഇന്ത്യൻ സർക്കാർ കടപ്പത്രങ്ങളെ ജെ.പി മോർഗൻ എമേർജിംഗ് മാർക്കറ്റ് ബോണ്ട് സൂചികയിൽ പെടുത്തിയത് അവയിൽ വിദേശ നിക്ഷേപം വർധിപ്പിക്കും. ഈ രംഗത്തെ മറ്റു രണ്ടു സൂചികകളിലും ഇന്ത്യയെ ഉൾപ്പെടുത്തിയേക്കും. അങ്ങനെ വന്നാൽ 4000 കോടിയിലധികം ഡോളറിന്റെ നിക്ഷേപം എത്തുമെന്നാണു പ്രതീക്ഷ.
വിദേശ ഫണ്ടുകൾ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1326.74 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 801. -27 കോടിയുടെ ഓഹരികൾ വാങ്ങി.
കഴിഞ്ഞയാഴ്ച സെൻസെക്സ് 2.7 ഉം നിഫ്റ്റി 2.57 ഉം ശതമാനം നഷ്ടം വരുത്തി. വിദേശ ഫണ്ടുകൾ കഴിഞ്ഞയാഴ്ച ക്യാഷ് വിപണിയിൽ നിന്ന് 5300 - ൽ പരം കോടി രൂപ പിൻവലിച്ചു. സെപ്റ്റംബറിൽ അവർ ഇതുവരെ 10,000 കോടിയിലേറെ രൂപ പിൻവലിച്ചിട്ടുണ്ട്. സ്വദേശി നിക്ഷേപകരുടെ ബലത്തിലാണു വിപണി നീങ്ങുന്നത്.
വിൽപന സമ്മർദം തുടരും എന്നാണ് വിലയിരുത്തൽ. 19,600-നു താഴേക്കു നിഫ്റ്റി നീങ്ങിയാൽ 19,200-19,100 മേഖല വരെ തിരുത്തൽ തുടരാം എന്നു വിദഗ്ധർ നിഗമിക്കുന്നു. അതേസമയം നാലു ദിവസം തുടർച്ചയായി താണ വിപണി ഒരാശ്വാസ റാലി ഇന്നു പ്രതീക്ഷിക്കുന്നുണ്ട്. വിപണിയെ വലിച്ചു താഴ്ത്താവുന്ന പുതിയ വിവരങ്ങൾ ഒന്നും ഇല്ലാത്തതും ബുള്ളുകൾക്കു പ്രതീക്ഷ പകരുന്നു.
ഇന്നു നിഫ്റ്റിക്ക് 19,655 ലും 19,570 ലും പിന്തുണ ഉണ്ട്. 19,760 ഉം 19,850 ഉം തടസങ്ങളാകും.
വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങൾ ആശ്വാസറാലിയിൽ ആയിരുന്നു. അലൂമിനിയം 0.81 ശതമാനം കയറി ടണ്ണിന് 2241.18 ഡോളറിലായി. ചെമ്പ് 0.39 ശതമാനം ഉയർന്നു ടണ്ണിന് 8161.59 ഡോളറിൽ എത്തി. ടിൻ 1.12 ശതമാനം താണപ്പാേൾ നിക്കൽ 0.46 ശതമാനവും സിങ്ക് 2.36 ശതമാനവും ലെഡ് 0.53 ശതമാനവും കയറി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ കയറ്റം തുടരുകയാണ്. വെള്ളിയാഴ്ച ബ്രെന്റ് ഇനം ക്രൂഡ് അൽപം താണ് 93.27 ഡോളറിലാണു ക്ലോസ് ചെയ്തത്. എന്നാൽ ഇന്നു രാവിലെ ബ്രെന്റ് ഇനം 93.72 ഡോളറിലും ഡബ്ള്യുടിഐ ഇനം 90.47 ഡോളറിലും എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 94.75 ഡോളറിലാണ്. ലഭ്യത കുറഞ്ഞതാണു ക്രൂഡ് ഓയിലിനെ 100 ഡോളറിനടുത്തേക്കു കയറ്റുന്നത്.
സ്വർണ വില അൽപം ഉയർന്ന് വെള്ളിയാഴ്ച 1925.80 ഡോളറിൽ ക്ലോസ് ചെയ്തു. പക്ഷേ ഇന്നു രാവിലെ 1925 ഡോളറിനടുത്തേക്കു താണു. കേരളത്തിൽ പവൻ വില വെള്ളിയാഴ്ച 160 രൂപ കുറഞ്ഞ് 43,880 രൂപയായി. ശനിയാഴ്ച വില 80 രൂപ കയറി 43,960 രൂപയിലെത്തി.
രൂപ നേട്ടമുണ്ടാക്കി. ഡോളർ 16 പൈസ താണ് 82.93 രൂപയിൽ ക്ലോസ് ചെയ്തു. ഗവണ്മെന്റ് കടപ്പത്രങ്ങളിലേക്കു വിദേശ നിക്ഷേപം വരും എന്നതാണു കാരണം.
ഫെഡ് നയത്തെ തുടർന്നു ഡോളർ സൂചിക ഉയർന്നു നിൽക്കുന്നു. വെള്ളിയാഴ്ച 105.58 ൽ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 105.50 ലേക്കു താണു. ക്രിപ്‌റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ് കോയിൻ ഇന്നു രാവിലെ 26,600 നു താഴെയാണ്.
വിപണി സൂചനകൾ
(2023 സെപ്റ്റംബർ 22, വെള്ളി)
സെൻസെക്സ് 30 66,009.15 -0.33%
നിഫ്റ്റി 50 19,674.25 -0.34%
ബാങ്ക് നിഫ്റ്റി 44,612.05 -0.03%
മിഡ് ക്യാപ് 100 40,139.15 -0.11%
സ്മോൾ ക്യാപ് 100 12,476.25 -0.26%
ഡൗ ജോൺസ് 30 33,963.80 -0.31%
എസ് ആൻഡ് പി 500 4320.06 -0.23%
നാസ്ഡാക് 13,211.80 -0.09%
ഡോളർ ($) ₹82.93 -₹0.16
ഡോളർ സൂചിക 105.58 +00.22
സ്വർണം(ഔൺസ്) $1925.80 +$05.30
സ്വർണം(പവൻ) ₹43,960 .₹00.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $93.27 -$0.23