വിദേശികള്‍ ഒറ്റദിവസം 12,350 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി

വിപണിയില്‍ വിൽപന സമ്മർദത്തിന്‌ സാധ്യത, രാജ്യാന്തര സ്വർണവില 1892.6 ഡോളറിൽ

Update:2023-06-30 09:21 IST

പുതിയ ഉയരങ്ങളിലെത്തിയ ഇന്ത്യൻ സൂചികകൾ വീണ്ടും കയറ്റത്തിനുള്ള ആവേശം കാണിക്കുന്നു. യു.എസ് വിപണിയുടെ കയറ്റവും ഇതിനു സഹായിക്കുന്നു. വിദേശ നിക്ഷേപകർ വലിയ ഉത്സാഹത്തിലാണ് ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടുന്നത്. അതേ സമയം ലാഭത്തിൽ വിറ്റു പിന്മാറാൻ സ്വദേശി ഫണ്ടുകളും വ്യക്തികളും ഉത്സാഹിക്കുന്നതു വിലയിടിക്കുമെന്ന ആശങ്കയും ഉണ്ട്.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എം.സി.എക്സ് നിഫ്റ്റി ബുധൻ രാത്രി ഒന്നാം സെഷനിൽ 19,150 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 19,172.5 ലേക്കു കയറി. ഇന്നു രാവിലെ 19,225 ലേക്ക് ഉയർന്നിട്ട് അൽപം താണു. ഇന്ത്യൻ വിപണി നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ ബുധനും വ്യാഴവും ചെറിയ മേഖലയിൽ കയറിയിറങ്ങി. പലിശ കൂട്ടുമെന്ന നിലപാട് യു.എസ്, യൂറോപ്യൻ, ബ്രിട്ടീഷ് കേന്ദ്ര ബാങ്കുകളുടെ മേധാവികൾ ആവർത്തിച്ചത്  കരുതലാേടെ നീങ്ങാൻ വിപണികളെ പ്രേരിപ്പിച്ചു. സ്വീഡിഷ് റീട്ടെയിൽ ചെയിൻ എച്ച് ആൻഡ് എമിന്റെ കഴിഞ്ഞ ക്വാർട്ടർ വിൽപനയും ലാഭവും പ്രതീക്ഷയിലധികം വർധിച്ചതോടെ ആ ഓഹരി 18 ശതമാനം കുതിച്ചു.
ബുധനാഴ്ച യു.എസ് സൂചികകൾ ഭിന്ന ദിശകളിൽ നീങ്ങി. എന്നാൽ വ്യാഴാഴ്ച ഡൗ ജാേൺസും എസ് ആൻഡ് പിയും ആധികാരികമായ കുതിപ്പ് നടത്തി. ഒന്നാം പാദത്തിലെ യു.എസ് ജി.ഡി.പി വളർച്ച രണ്ടു ശതമാനമാണെന്നു പുതുക്കിയ കണക്കിൽ വന്ന പ്രതിവാര തൊഴിലില്ലായ്മ കുറഞ്ഞതും കാരണമായി. പ്രധാന യു.എസ് ബാങ്കുകളുടെ നില ഭദ്രമാണെന്നു സ്ട്രെസ് ടെസ്റ്റിൽ തെളിഞ്ഞതു ബാങ്ക് ഓഹരികളെയും സൂചികകളെയും ഉയർത്തി.
ഡൗ ജോൺസ് 296.75 പോയിന്റ് (0.80%) നേട്ടത്തിൽ 34,122.42 ൽ അവസാനിച്ചു. എസ് ആൻഡ് പി 19.58 പോയിന്റ് (0.45%) ഉയർന്ന് 4396.44 ൽ എത്തി. നാസ്ഡാക് നാമമാത്രമായ 0.42 പോയിന്റ് (0% ) മാറ്റത്താേടെ13,591.33 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഭിന്നദിശകളിലായി. ഡൗ ജോൺസ് 0.09 ശതമാനം താണു. എസ് ആൻഡ് പി 0.09 ശതമാനം കയറി. നാസ്ഡാക് 0.22 ശതമാനം ഉയർന്നു.
ഏഷ്യൻ ഓഹരികൾ ഇന്നു ഭിന്നദിശകളിലാണ്. ജപ്പാനിലെ നിക്കൈ സൂചിക തുടക്കത്തിൽ 0.8 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിൽ ഓഹരികൾ ഉയർന്നു. ഓസ്ട്രേലിയൻ വിപണി നേരിയ താഴ്ചയിലായി. എന്നാൽ ചെെനീസ് വിപണി തുടക്കത്തിൽ ഉയർന്നിട്ടു താഴ്ന്നു. ചൈനയിലെ മനുഫാക്ചറിംഗ് പി.എം.ഐ ജൂണിൽ 49 ആയി. തുടർച്ചയായ മൂന്നാം മാസമാണ് മനുഫാക്ചറിംഗ് ചുരുങ്ങി എന്ന് സൂചിക കാണിക്കുന്നത്. ചെെനീസ് വ്യവസായിക മേഖല തിരിച്ചു കയറ്റം തുടങ്ങിയിട്ടില്ല എന്നാണ് ഇതിന്റെ അർഥം.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ബുധനാഴ്ച ചരിത്ര നേട്ടത്തിൽ എത്തി. സെൻസെക്സ് 64,000 വും നിഫ്റ്റി 19,000 വും മറി കടന്നു. രാവിലെ തന്നെ റെക്കോർഡ് പിന്തള്ളിയാണു വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 64,050.44 വരെയും നിഫ്റ്റി 19,011.25 വരെയും ഉയർന്നു. സെൻസെക്സ് 499.39 പോയിന്റ് (0.79%) ഉയർന്ന് 63,915.42 ലും നിഫ്റ്റി 154.70 പോയിന്റ് (0.82%) കയറി 18,972.10 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.63 ശതമാനം ഉയർന്ന് 35,520.95 ലും സ്മോൾ ക്യാപ് സൂചിക 0.35% കയറി 10,791.35 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ബുധനാഴ്ച നടത്തിയതു സമീപ കാലത്തെ ഏറ്റവും വലിയ വാങ്ങലാണ്. അവർ ക്യാഷ് വിപണിയിൽ 12,350 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതോടെ ജൂണിലെ വിദേശ നിക്ഷേപം 46,000 കോടി രൂപ കടന്നു. സ്വദേശിഫണ്ടുകൾ 1021.01 കോടിയുടെ ഓഹരികൾ വിറ്റു.
മീഡിയ ഒഴികെ എല്ലാ മേഖലകളും ബുധനാഴ്ച നേട്ടത്തിലായിരുന്നു. റിയൽറ്റി, മെറ്റൽ, ഹെൽത്ത് കെയർ, ഓട്ടാേ തുടങ്ങിയവ മികച്ച നേട്ടം കൈവരിച്ചു.
വിപണി ഹ്രസ്വകാല കുതിപ്പിനുള്ള പ്രവണതയാണു കാണിക്കുന്നതെന്ന വിലയിരുത്തൽ തുടരുന്നു. ഇന്നു നിഫ്റ്റിക്ക് 18,890-ലും 18,800 ലും പിന്തുണ ഉണ്ട്. 19,005 ലും 19,100 ലും തടസം ഉണ്ടാകാം.
വ്യാവസായിക ലോഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഇടിവിലായിരുന്നു. അലൂമിനിയം രണ്ടു ദിവസം കൊണ്ട് 1.65 ശതമാനം താഴ്ന്നു ടണ്ണിന് 2159.85 ഡോളറിലായി. ചെമ്പ് 2.4 ശതമാനം ഇടിഞ്ഞ് ടണ്ണിന് 8165.35 ഡോളറിൽ എത്തി. നിക്കൽ, സിങ്ക്, ടിൻ, ലെഡ് എന്നിവയും താഴ്ചയിലായിരുന്നു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില മൂന്നു ശതമാനത്തോളം കയറി. യുഎസ് സ്റ്റോക്ക് കുറവായതും ഡോളർ സൂചിക താണതും ആണു കാരണം. ബ്രെന്റ് ഇനം 74.34 ഉം ഡബ്ള്യുടിഐ ഇനം 69.86 ഉം ഡോളറിൽ എത്തി.
കഴിഞ്ഞ ദിവസം സൂചിപ്പിച്ചതു പോലെ സ്വർണം 1900 ഡോളറിനു താഴെ 1892.6-ൽ എത്തി. പക്ഷേ യുഎസ് സാമ്പത്തിക സൂചകങ്ങൾ മികച്ച ഉയർച്ച കാണിച്ചത് സ്വർണം തിരിച്ചു കയറാൻ സഹായിച്ചു. ഇന്നലെ 1909.10 ലാണു ക്ലോസിംഗ്.
കേരളത്തിൽ പവൻവില ബുധനാഴ്ച 240 രൂപയും ഇന്നലെ 160 രൂപയും കുറഞ്ഞ് 43,080 രൂപയിൽ എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഡോളർ ബുധനാഴ്ച 82.04 രൂപയിലാണു ക്ലോസ് ചെയ്തത്. ലോക വിപണിയിൽ ഡോളർ സൂചിക ഇന്നലെ ഉയർന്ന് 103.34 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 103.39 ആയി. ക്രിപ്റ്റോ കറൻസികൾ കയറ്റിറക്കം തുടരുന്നു. ബിറ്റ് കോയിൻ 30,400 ഡോളറിലേക്ക് താണു.

യുഎസ് സമ്പദ്ഘടന കരുത്തോടെ കുതിക്കുന്നു
അമേരിക്കൻ സമ്പദ്ഘടന എല്ലാ അശുഭ പ്രവചനങ്ങളെയും തെറ്റിച്ചു കൊണ്ട് കരുത്തോടെ കുതിക്കുന്നു എന്നു കാണിക്കുന്നതാണ് പുതിയ സാമ്പത്തിക സൂചകങ്ങളും കണക്കുകളും. വിലക്കയറ്റം പിടിച്ചു നിർത്താൻ ഇനിയും പലിശ വർധിപ്പിക്കണം എന്ന യുഎസ് ഫെഡിന്റെയും മറ്റു പാശ്ചാത്യ കേന്ദ്ര ബാങ്കുകളുടെയും നിലപാടുകളെ ഈ കണക്കുകൾ ശരിവയ്ക്കുന്നു.
ജനുവരി - മാർച്ച് പാദത്തിലെ യുഎസ് ജിഡിപി വളർച്ച രണ്ടു ശതമാനമായിരുന്നെന്ന് അവസാനത്തെ പുതുക്കലിൽ കാണുന്നു. ഒരു മാസം മുൻപു രണ്ടാമത്തെ പുതുക്കലിൽ 1.3 ശതമാനമായിരുന്നു നിഗമനം. അതിലും മെച്ചമാകുമെന്ന് കരുതിയെങ്കിലും ഇത്ര വലിയ മാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല. കയറ്റുമതിയും ജനങ്ങളുടെ ഉപഭാേഗച്ചെലവും ആദ്യം കണക്കാക്കിയതിലും കൂടുതലായതാണ് ഉയർച്ചയിലേക്കു നയിച്ചത്. കയറ്റുമതി 7.8 ശതമാനം കൂടി. വ്യക്തികളുടെ ഉപഭാേഗച്ചെലവ് 4.2 ശതമാനം വർധിച്ചു.
2023 ൽ നാമമാത്രമായ 0.3 ശതമാനം ജിഡിപി വളർച്ചയാണ് നേരത്തേ ഐഎംഎഫും മറ്റും കണക്കാക്കിയിരുന്നത്. പിന്നീട് ഒരു ശതമാനം എന്നാക്കിയിരുന്നു. അതു വീണ്ടും ഉയർത്തി നിശ്ചയിക്കണം എന്ന മട്ടിലാണ് കാര്യങ്ങൾ പോകുന്നത്.
കഴിഞ്ഞ ഒക്ടോബർ - ഡിസംബർ പാദത്തിൽ 2.6 ശതമാനമായിരുന്നു ജിഡിപി വളർച്ചത്തോത്.
പ്രതിവാര തൊഴിലില്ലായ്മാ വർധന വീണ്ടും കുറഞ്ഞതായി പുതിയ കണക്കുകൾ കാണിക്കുന്നു. ആനുകൂല്യത്തിനുള്ള അപേക്ഷകൾ 26,000 എണ്ണം കുറഞ്ഞു.
ഇന്ന് സ്വകാര്യ ഉപഭാേഗ ചെലവിലെ വിലക്കയറ്റത്തിന്റെ പുതിയ കണക്കു വരും. അതു യുഎസ് ഫെഡ് തീരുമാനങ്ങൾക്ക് ആധാരമാക്കുന്ന പ്രധാന കണക്കാണ്. ഇന്ധന, ഭക്ഷ്യ ചെലവുകൾ ഒഴിവാക്കിയുള്ള വിലക്കയറ്റം 4.7 ശതമാനമാകുമെന്നാണു നിഗമനം. തലേ മാസവും ഇതായിരുന്നു വിലക്കയറ്റ നിരക്ക്.

വിപണി സൂചനകൾ


(2023 ജൂൺ 28, ബുധൻ /29 വ്യാഴം)
സെൻസെക്സ് 30 63,915.42 +0.79%
നിഫ്റ്റി 50 18,972.10 +0.82%
ബാങ്ക് നിഫ്റ്റി 44,327.80 +0.47%
മിഡ് ക്യാപ് 100 35,520.95 +0.63%
സ്മോൾക്യാപ് 100 10,791.35 +0.35%
ഡൗ ജോൺസ് 30 34,122.42 +0.80%
എസ് ആൻഡ് പി 500 4396.44 +0.45%
നാസ്ഡാക് 13,591.33 -0.00%
ഡോളർ ($) ₹82.04 +01 പൈസ
ഡോളർ സൂചിക 103.34 +0.85
സ്വർണം(ഔൺസ്) $1909.10 -$05.80
സ്വർണം(പവൻ ) ₹43,080 -₹ 400.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $74.34 +$2.08
Tags:    

Similar News