ഏഷ്യൻ വിപണികൾ താഴ്ചയിൽ; ഇന്ത്യൻ വിപണിക്ക് ഇന്ന് അവധി; ജി.ഡി.പി വളർച്ച ഗതി നിർണയിക്കും; ഡോളർ താഴുന്നു; സ്വർണം കയറുന്നു

പേയ്ടിഎമ്മിൽ നിന്നു വാറൻ ബഫറ്റ് നിക്ഷേപം മുഴുവൻ പിൻവലിച്ചത് ഓഹരിയെ താഴ്ത്തി.

Update:2023-11-27 08:12 IST

വിപണികൾ ഉത്സാഹത്തോടെ പുതിയ ആഴ്ചയിലേക്കു കടക്കും എന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചെെനയിലെ ഒരു വലിയ ബാങ്കിതര ധനകാര്യ കമ്പനി തകർച്ചയിലായത് ഏഷ്യൻ വിപണികളെ തളർത്തി. ഡോളർ ദുർബലമായതു മൂലം സ്വർണവില കയറി.

ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഇന്ന് ഇന്ത്യൻ വിപണികൾക്ക് അവധിയാണ്. നാളെയേ ഓഹരികൾ, ഡെറിവേറ്റീവുകൾ, ഉൽപന്ന ഡെറിവേറ്റീവുകൾ, കറൻസികൾ തുടങ്ങിയവയുടെ വ്യാപാരം ആരംഭിക്കൂ.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,878-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,865 ലേക്കു താഴ്ന്നു.

വ്യാഴാഴ്ച ജൂലൈ - സെപ്റ്റംബർ പാദത്തിലെ ജി.ഡി.പി വളർച്ചക്കണക്ക് പുറത്തു വരുന്നതാണ് ഈയാഴ്ച ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന പ്രധാന സംഭവം. 6.5 ശതമാനം വളർച്ച റിസർവ് ബാങ്ക് പ്രവചിച്ചിരുന്നു. എന്നാൽ പിന്നീടു റിസർവ് ബാങ്ക് തന്നെ വളർച്ച അതിലും കൂടുതലാകുമെന്ന് പറഞ്ഞു. വിവിധ ഏജൻസികളുടെ വിലയിരുത്തൽ ഏഴ് ശതമാനം വളർച്ചയാണ്.

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ജർമനിയുടെ സെപ്റ്റംബർ പാദത്തിലെ ജി.ഡി.പി വളർച്ച 0.8 ശതമാനം കുറവായി. അതേ സമയം ജർമൻ വ്യവസായികളുടെ പ്രതീക്ഷാ സൂചിക ഗണ്യമായ ഉയർച്ച കാണിച്ചു.

യു.എസ് വിപണി വെള്ളിയാഴ്ച ഭിന്ന ദിശകളിൽ നീങ്ങി. ഡൗ ജോൺസും എസ് ആൻഡ് പിയും ചെറിയ ഉയർച്ച കാണിച്ചപ്പോൾ നാസ്ഡാക് അൽപം താണു. ഡൗ 117.12 പോയിന്റ് (0.33%) കയറി 35, 390.15 ലും എസ് ആൻഡ് പി 2.72 പോയിന്റ് (0.06%) കയറി 4559.34ലും ക്ലോസ് ചെയ്തു. നാസ്ഡാക് 15 പോയിന്റ് (0.11%) താണ് 14,250,85 ൽ അവസാനിച്ചു. മൂന്നു സൂചികകളും തുടർച്ചയായ നാലാമത്തെ ആഴ്ച പ്രതിവാര നേട്ടം ഉണ്ടാക്കി.

ഈയാഴ്ച പാർപ്പിട വിൽപന കണക്കുകളും ഫാക്ടറി പ്രവർത്തന സർവേ ഫലങ്ങളും വരാനുണ്ട്. ഫെഡ് തീരുമാനങ്ങൾക്ക് ആധാരമാക്കുന്ന പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (PCE) വ്യാഴാഴ്ച പുറത്തു വരും. ഇന്ധന-ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള ഒക്ടോബറിലെ കാതൽ പി.സി.ഇ 3.5 ശതമാനം ആകുമെന്നാണു നിഗമനം. സെപ്റ്റംബറിൽ 3.7 ശതമാനമായിരുന്നു. ഇതിലെ പ്രതിമാസ വർധന 0.2 ശതമാനമായി കുറയുമെന്നും പ്രതീക്ഷയുണ്ട്. അങ്ങനെയായാൽ ഫെഡ് ലക്ഷ്യമിടുന്ന രണ്ടു ശതമാനം വിലക്കയറ്റ നിരക്ക് സമീപസ്ഥമായി എന്നു കരുതാം.

യു.എസ് കടപ്പത്ര വിലകൾ വീണ്ടും താഴ്ന്നു. അവയിലെ നിക്ഷേപനേട്ടം തിങ്കളാഴ്ച രാവിലെ നിക്ഷേപനേട്ടം 4.5 ശതമാനത്തിലേക്കു കയറി.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നഷ്ടത്തിലാണ്. ഡൗ 0.15 ഉം എസ് ആൻഡ് പി 0.19 ഉം നാസ്ഡാക് 0.30 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ പൊതുവേ ഇന്നു കയറ്റത്തിൽ തുടങ്ങിയിട്ട് താഴ്ന്നു. ജാപ്പനീസ് സൂചിക നിക്കെെ തുടക്കത്തിൽ കയറിയിട്ടു നഷ്ടത്തിലേക്കു മാറി. സൂചിക 33 വർഷത്തെ ഉയർന്ന നിലയിലാണ്.

ചെെനയിൽ വിപണികൾ താഴ്ന്നു. ചൈനയിലെ ബാങ്കിതര ധനകാര്യ കമ്പനികളിൽ മുൻപന്തിയിലുള്ള ചോംഗ്ചി എന്റർപ്രൈസസ് കുഴപ്പത്തിലായി. കമ്പനിയുടെ ബാധ്യതകളേക്കാൾ വളരെ കുറവാണ് ആസ്തികൾ. കമ്പനി പാപ്പർ ഹർജി നൽകിയേക്കും. കമ്പനിക്കെതിരേ ചൈനീസ് സർക്കാർ ക്രിമിനൽ അന്വേഷണം തുടങ്ങി.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി വെള്ളിയാഴ്ചയും അനിശ്ചിതത്വത്തിന്റെ പിടിയിലായി. തുടക്കം മുതൽ ചാഞ്ചാട്ടമായിരുന്നു. ഒടുവിൽ നേരിയ നഷ്ടത്തിൽ അവസാനിച്ചു. മുഖ്യ സൂചികകൾക്കു തലേ ദിവസത്തെ ഉയർന്ന നിലയിൽ സ്പർശിക്കാൻ കഴിഞ്ഞില്ല.

സെൻസെക്സ് 47.77 പോയിന്റ് (0.07%) താഴ്ന്ന് 65,970.04 ലും നിഫ്റ്റി 7.3 പോയിന്റ് (0.04%) താഴ്ന്ന് 19,794.7 ലും എത്തി. ബാങ്ക് നിഫ്റ്റി 191.6 പോയിന്റ് കയറി 43,769.1 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.06 ശതമാനം കുറഞ്ഞ് 42,050.45 ലും സ്മോൾ ക്യാപ് സൂചിക 0.30 ശതമാനം കയറി 13,827.5 ലും അവസാനിച്ചു.

ഫാർമസ്യൂട്ടിക്കൽസും ഹെൽത്ത് കെയറും ലോഹങ്ങളും ബാങ്കുകളും ഉയർന്നു. ഐ.ടിയും എഫ്.എം.സി.ജിയും കൺസ്യൂമർ ഡ്യൂറബിൾസും ഉയർന്നു. ഇന്ത്യൻ വിപണി താഴ്ചയിലായിരുന്നു.

വിദേശ നിക്ഷേപകർ വെള്ളിയാഴ്ചയും ഓഹരികളിൽ അറ്റവാങ്ങലുകാരായി. ക്യാഷ് വിപണിയിൽ അവർ 2625.21 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 134.46 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഭിന്നദിശകളിലായി. അലൂമിനിയം 0.23 ശതമാനം താണ് ടണ്ണിന് 2219.34 ഡോളറിലായി. ചെമ്പ് 0.28 ശതമാനം ഉയർന്നു ടണ്ണിന് 8329.95 ഡോളറിലെത്തി. ലെഡ് 0.65-ഉം നിക്കൽ 2.13 ഉം ടിൻ 0.61 ഉം ശതമാനം ഇടിഞ്ഞു. സിങ്ക് 0.92 ശതമാനം കയറി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച അൽപം താണു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 80.58 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം 75.54 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഇവ യഥാക്രമം 80.30 ഉം 75.26 ഉം ആയി. യു.എ.ഇയുടെ മർബൻ ക്രൂഡ് 82.17 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണവില വെള്ളിയാഴ്ച ഉയർന്ന് ഔൺസിന് 2003.70 ൽ ക്ലാേസ് ചെയ്തു. തിങ്കളാഴ്ച രാവിലെ വീണ്ടും കുതിച്ച് 2016 ഡോളറിൽ എത്തി. ഡോളർ ദുർബലമാകുന്നതാണു സ്വർണത്തെ കയറ്റുന്ന ഒരു ഘടകം.

കേരളത്തിൽ പവൻവില ശനിയാഴ്ച 200 രൂപ വർധിച്ച് 45,680 രൂപയായി. ഇന്നു വീണ്ടും വില വർധിച്ചേക്കും. സർവകാല റെക്കാേഡായ 45,920 രൂപ ഒക്ടോബർ 28, 29 തീയതികളിൽ ആയിരുന്നു.

ഡോളർ മൂന്നു പൈസ ഉയർന്ന് 83.37 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക വെള്ളിയാഴ്ച കുറഞ്ഞ് 103.40 ൽ ക്ലോസ് ചെയ്തു. തിങ്കൾ രാവിലെ 103.34 ലേക്കു താണു.

ക്രിപ്‌റ്റോ കറൻസികൾ ഉയരത്തിൽ തുടരുന്നു. ബിറ്റ്കോയിൻ 37,800 ഡോളറിനടുത്താണ്. വെള്ളിയാഴ്ച 38,000 ഡോളർ കടന്നിട്ടു താഴുകയായിരുന്നു.

പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ കുതിപ്പിൽ


പൊതുമേഖലാ ഇൻഷുറൻസ്കമ്പനികൾക്ക് വലിയ കുതിപ്പ് ലഭിച്ചു. എൽ.ഐ.സി ലിസ്റ്റിംഗിനു ശേഷമുള്ള ഏറ്റവും മികച്ച ഉയർച്ചയാണു വെള്ളിയാഴ്ച നേടിയത്. 10 ശതമാനത്തിലധികം കയറി 682 രൂപയിലെത്തി ഓഹരി. ജനറൽ ഇൻഷ്വറൻസ് കോർപറേഷനും (ജി.ഐ.സി) ന്യൂ ഇന്ത്യ അഷ്വറൻസും 20 ശതമാനം വീതം കുതിച്ചു.

ജി.ഐ.സി രണ്ടാഴ്ച കൊണ്ട് 27 ശതമാനം ഉയർന്നിട്ടുണ്ട്. വെള്ളിയാഴ്ച ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയായ 316 രൂപ വരെ ഉയർന്ന ശേഷം 304.45 ൽ ക്ലോസ് ചെയ്തു. ന്യൂ ഇന്ത്യ അഷ്വറൻസും ഒരു വർഷത്തെ ഏറ്റവും ഉയർന്ന വിലയായ 209 രൂപയിൽ എത്തി. ഈ ഓഹരി കഴിഞ്ഞയാഴ്ച 39 ഉം ഒരു മാസം കൊണ്ട് 53 -ഉം ശതമാനം ഉയർന്നു. പൊതുമേഖലാ ജനറൽ ഇൻഷ്വറൻസ് കമ്പനികൾ വിപണി വിഹിതം 54 ശതമാനമായി ഉയർത്തിയതും എൽ.ഐ.സി വളർച്ചത്താേത് കൂട്ടാൻ കുടുതൽ പുതിയ സ്കീമുകൾ അവതരിപ്പിക്കുമെന്നു പ്രഖ്യാപിച്ചതും വിലവർധനയെ സഹായിച്ചു.

പ്രതിരാേധ ഓഹരികൾ വെള്ളിയാഴ്ച നല്ല നേട്ടം കാണിച്ചു. ഭെൽ എട്ടു ശതമാനവും ഭാരത് ഡൈനമിക്സും എച്ച്.എ. എല്ലും അഞ്ചു ശതമാനം വീതം കയറി.

പേയ്ടിഎം: ബഫറ്റ് നഷ്ടം സഹിച്ചു പിന്മാറി


പേയ്ടിഎമ്മിൽ നിന്നു വാറൻ ബഫറ്റ് നിക്ഷേപം മുഴുവൻ പിൻവലിച്ചത് ഓഹരിയെ താഴ്ത്തി. 507 കോടി രൂപ നഷ്ടത്തിലാണു ബഫറ്റ് ഓഹരികൾ വിറ്റത്. വിദേശഫണ്ടുകളാണ് ഓഹരികൾ വാങ്ങിയത്. ഇതേ തുടർന്നു പേയ്ടിഎം ഓഹരി 3.23 ശതമാനം താണ് 893 രൂപയായി. പേയ്ടിഎമിൽ ബഫറ്റിന്റെ ബെർക് ഷയർ ഹാഥവേയ്ക്ക് 2.46 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. മുഴുവൻ ഓഹരിയും നഷ്ടത്തിൽ വിറ്റു മാറിയത് കമ്പനിയുടെ സമീപഭാവിയെപ്പറ്റി വലിയ പ്രതീക്ഷ ഇല്ലാത്തതു കൊണ്ടാണെന്ന്  വിലയിരുത്തുന്നു.

ചെയർമാന്റെ വിവാഹമോചനവും റെയ്മണ്ട് ഓഹരിയും


റെയ്മണ്ട് ലിമിറ്റഡിന്റെ ചെയർമാനും എം.ഡിയുമായ ഗൗതം സിംഘാനിയയും ഭാര്യയും വിവാഹബന്ധം വേർപെടുത്തിയതിന്റെ പേരിൽ ഓഹരി ഈയിടെ 14 ശതമാനത്തോളം ഇടിഞ്ഞു. പിരിഞ്ഞ ഭാര്യ നവാസ് മോദി തനിക്കും രണ്ടു പുത്രിമാർക്കുമായി സിംഘാനിയയുടെ സമ്പത്തിന്റെ 75 ശതമാനം ചോദിച്ചു. ഇതു സംബന്ധിച്ച  ചർച്ചകൾ നടക്കുകയാണ്.

വിവാഹമോചനവും സ്വത്ത് വിഭജനവും റെയ്മണ്ട് ലിമിറ്റഡിന്റെ ബിസിനസിനെ തളർത്തുമോ എന്നു വിപണിക്ക് ആശങ്കയുണ്ട്. തന്റെ കുടുംബ പ്രശ്നങ്ങൾ ബിസിനസിനെ ബാധിക്കുകയില്ലെന്നു കാണിച്ചു ഗൗതം കമ്പനിയിലെ ജീവനക്കാർക്ക് കഴിഞ്ഞ ദിവസം ഇമെയിൽ അയച്ചിരുന്നു.

വിപണി സൂചനകൾ

(2023 നവംബർ 24, വെള്ളി)


സെൻസെക്സ്30 65,970.04 -0.07%

നിഫ്റ്റി50 19,794.70 -0.04%

ബാങ്ക് നിഫ്റ്റി 43,769.10 +0.44%

മിഡ് ക്യാപ് 100 42,050.45 +0.06%

സ്മോൾ ക്യാപ് 100 13,827.50 +0.30%

ഡൗ ജോൺസ് 30 35,390.15+0.33%

എസ് ആൻഡ് പി 500 4559.34 +0.06%

നാസ്ഡാക് 14,250.85 -0.11%

ഡോളർ ($) ₹83.37 +₹0.03

ഡോളർ സൂചിക 103.40 -0.53

സ്വർണം (ഔൺസ്) $2003.70 +$10.60

സ്വർണം (പവൻ) ₹45,680 ₹ 200.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $80.58 -$0.84

Tags:    

Similar News