പ്രതീക്ഷയോടെ നിക്ഷേപകർ; ഏഷ്യൻ വിപണികൾ കയറ്റത്തിൽ; ക്രൂഡ് ഓയിൽ താഴുന്നു; വിദേശികൾ വിൽപന സമ്മർദം കുറയ്ക്കുമോ?

റിലയൻസ് ഇൻഡസ്ട്രീസിന്റെ റിസൽട്ട് ഇന്നു പ്രസിദ്ധീകരിക്കും

Update:2023-10-27 08:15 IST

തുടർച്ചയായ ആറു ദിവസത്തെ ഇടിവിനു ശേഷം തിരിച്ചു കയറ്റത്തിന്റെ സാധ്യതകളാണ് നിക്ഷേപകർ ഇന്ന് അന്വേഷിക്കുന്നത്. ബെയറിഷ് വിപണിയിലെ ചെറിയ കയറ്റം പ്രതീക്ഷിക്കാമെന്നു സാങ്കേതിക വിശകലന വിദഗ്ധരും പറയുന്നു. ഏഷ്യൻ വിപണികൾ ഇന്ന് ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങിയതു പ്രതീക്ഷകൾ ശക്തമാക്കുന്നു.

താഴ്ന്ന നിലവാരത്തിൽ നല്ല ഓഹരികൾ വാങ്ങാൻ വിപണി ഇപ്പോൾ അവസരം നൽകുന്നു എന്നതും വിപണിയെ കയറാൻ സഹായിക്കും. യു.എസ്, യൂറോപ്യൻ വിപണികൾ ഇന്നലെ നഷ്ടത്തിലായിരുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേട്ടം കാണിക്കുന്നു. ക്രൂഡ് ഓയിൽ വില താഴ്ന്നതും വിപണിയെ സഹായിക്കും.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴം രാത്രി 19,005.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 18,965 വരെ താഴ്ന്നിട്ടു തിരിച്ചു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ ഇന്നലെ താഴ്ന്നു. യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്താതെ പണനയ അവലോകനം നടത്തി. ഇതു വിപണി പ്രതീക്ഷിച്ചതു തന്നെയായിരുന്നു.

കാറ്റിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന സീമൻസ് എനർജി മുന്നോട്ടു പോകാൻ ജർമൻ ഗവണ്മെന്റിന്റെ ഗാരന്റി തേടിയതായ റിപ്പോർട്ട് ഓഹരിയെ 35 ശതമാനം ഇടിച്ചു. കാറ്റാടി യന്ത്രങ്ങളുടെ സാങ്കേതിക തകരാറുകൾ കമ്പനിക്കു കഴിഞ്ഞ രണ്ടു വർഷം വലിയ നഷ്ടങ്ങൾ വരുത്തിയിരുന്നു. സ്റ്റാൻഡാർഡ് ചാർട്ടേഡ് ബാങ്കിനു ചൈനയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 100 കോടി ഡോളർ നഷ്ടം നേരിട്ടു. ഓഹരി 11 ശതമാനം ഇടിഞ്ഞു.

യു.എസിലെ കടപ്പത്ര വിപണി കഴിഞ്ഞ കുറേ ദിവസങ്ങളിലേതു പോലെ ഇന്നലെയും കയറിയിറങ്ങി. കടപ്പത്ര വില ആദ്യം കുറഞ്ഞിട്ടു തിരിച്ചു കയറി. അവയിലെ നിക്ഷേപനേട്ടം 4.97 ശതമാനം വരെ ഉയർന്നിട്ട് 4.86 ലേക്കു താണു.

ജൂലൈ - സെപ്റ്റംബർ പാദത്തിലെ യു.എസ് ജിഡിപി 4.9 ശതമാനം വളർന്നു. ധനശാസ്ത്രജ്ഞർ പ്രതീക്ഷിച്ചിരുന്നത് 4.7 ശതമാനമാണ്. ഇത് 2021-നു ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചയാണ്. വർഷാരംഭത്തിൽ പലരും യു.എസ് മാന്ദ്യത്തിലാകും എന്നു പ്രവചിച്ചതിനെ അസ്ഥാനത്താക്കുന്ന വളർച്ചയാണിത്. ഉപഭാേക്താക്കൾ ആവേശപൂർവം പണം ചെലവാക്കിയതും സർക്കാരിന്റെ ചെലവും നിക്ഷേപങ്ങളും വർധിച്ചതും ആണു ജി.ഡി.പി വളർച്ചയെ സഹായിച്ചത്. ഈ രീതിയിലുള്ള ഉപഭോഗവർധന നാലാം പാദത്തിൽ പ്രതീക്ഷിക്കേണ്ടെന്നും വളർച്ച ഒരു ശതമാനത്തിലേക്കു താഴുമെന്നും ആണു പുതിയ പ്രവചനം. 2024-ൽ ഒരു ചെറിയ മാന്ദ്യവും അവർ പ്രവചിക്കുന്നു.

യു.എസിലെ പ്രതിവാര തൊഴിലില്ലായ്മ പ്രതീക്ഷിച്ചതിലും വർധിച്ച് 2.1 ലക്ഷമായി. ഇതു മുന്നാേട്ടു സമ്പദ്ഘടന ദുർബലമാകുമെന്ന വാദക്കാർക്കു കരുത്തു പകർന്നു.

വ്യാഴാഴ്ച ഡൗ ജോൺസ് 251.63 പോയിന്റ് (0.76%) താഴ്ന്ന് 32,784.30 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 49.54 പോയിന്റ് (1.18%) ഇടിഞ്ഞ് 4137.23 ൽ അവസാനിച്ചു. ടെക് ഓഹരികളിൽ തുടർന്ന വിൽപനസമ്മർദം നാസ്ഡാക് കോംപസിറ്റിനെ ഇന്നലെയും കുത്തനേ താഴ്ത്തി. നാസ്ഡാക് 225.62 പോയിന്റ് (1.70%) താഴ്ന്ന് 12,595.60 ൽ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഫ്യൂച്ചേഴ്സിൽ ഡൗ 0.23 ഉം എസ് ആൻഡ് പി 0.41 ഉം നാസ്ഡാക് 0.63 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

ആമസാേൺ പ്രതീക്ഷയിലും മികച്ച വരുമാന വളർച്ചയോടു കൂടി മൂന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ചു. പ്രതീക്ഷയിലും കൂടുതൽ ആണ് പ്രതി ഓഹരി വരുമാനം. പരസ്യവരുമാനത്തിലും വലിയ വളർച്ചയുണ്ട്. എന്നാൽ നാലാം പാദ വരുമാനം സംബന്ധിച്ച കമ്പനിയുടെ നിഗമനം പ്രതീക്ഷയിലും കുറവായി. ചിപ് നിർമാതാക്കളായ ഇന്റൽ പ്രതീക്ഷയിലും മികച്ച റിസൽട്ടാണ് പ്രസിദ്ധീകരിച്ചത്. ഓഹരി 6.5 ശതമാനം കയറി.

ഏതാനും ദിവസത്തെ ഇടിവിനു ശേഷം ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കെെ ഒരു ശതമാനത്തോളം ഉയർന്നു.

ഇന്ത്യൻ വിപണി

വിദേശ നിക്ഷേപകരുടെ വിൽപന സമ്മർദമാണ് ഇന്നലെ ഇന്ത്യൻ വിപണിയെ തുടർച്ചയായ ആറാം ദിവസവും ഇടിച്ചിട്ടത്. നാലു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി മുഖ്യ സൂചികകൾ. സെപ്റ്റംബർ പകുതിയിലെ റെക്കോഡ് നിലയിൽ നിന്നു നിഫ്റ്റിയും സെൻസെക്സും ഏഴു ശതമാനം വീതം താണിട്ടുണ്ട്. ഈ താഴ്ചയിൽ സിംഹഭാഗവും കഴിഞ്ഞ ആറു ദിവസങ്ങളിൽ ആയിരുന്നു. ഈ ദിവസങ്ങളിൽ നിഫ്റ്റി മിഡ് ക്യാപ് സൂചിക 8.6 ശതമാനവും സ്മാേൾ ക്യാപ് സൂചിക 5.8 ശതമാനവും താഴ്ന്നു.

സെൻസെക്സ് വ്യാഴാഴ്ച 909.91 പോയിന്റ് (1.41%) ഇടിഞ്ഞ് 63,148.15 ൽ അവസാനിച്ചു. നിഫ്റ്റി 264.9 പോയിന്റ് (1.39%) താഴ്ന്ന് 18,857.25ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 551.85 പോയിന്റ് (1.29%) താഴ്ചയിൽ 42,280.15 ൽ വ്യാപാരം അവസാനിപ്പിച്ചു.

മിഡ് ക്യാപ് സൂചിക 1.16 ശതമാനം ഇടിവിൽ 38,116.75 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.34 ശതമാനം കുറഞ്ഞ് 12,390.7-ൽ അവസാനിച്ചു.

വിപണി കരടികളുടെ പിടിയിലാണ്. തുടർച്ചയായ ആറു ദിവസത്തെ താഴ്ചയ്ക്കു ശേഷം ഇന്നു ചിലർ ഒരു തിരിച്ചുകയറ്റം പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ അതു നീണ്ടു നിൽക്കാൻ തക്ക കരുത്തുള്ളതാകുമെന്നു കരുതാനാകില്ല. ചത്ത പൂച്ച പിടച്ചു ചാടും പോലെയേ ആ കയറ്റത്തെ കാണേണ്ടതുള്ളു എന്നു വിദഗ്ധർ പറയുന്നു.

വ്യാഴാഴ്ച ഡെറിവേറ്റീവ് കരാറുകൾ കാലാവധിയാകുന്ന ദിവസമായതും താഴ്ചയ്ക്ക് ആക്കം കൂട്ടി. അത് ഇന്നു വിപണിയിൽ ചെറിയ ഉണർവിനു സഹായിച്ചേക്കും.

നിഫ്റ്റിക്ക് ഇന്ന് 18,830 ലും 18,705 ലുമാണു പിന്തുണ. 18,990 ലും 19,115 ലും തടസങ്ങൾ പ്രതീക്ഷിക്കാം.

റിലയൻസ് ഇൻഡസ്ട്രീസിന്റെ റിസൽട്ട് ഇന്നു പ്രസിദ്ധീകരിക്കും.

വ്യാഴാഴ്ചയും വിദേശ നിക്ഷേപകർ കനത്ത വിൽപന നടത്തി. ബുധനാഴ്ച ക്യാഷ് വിപണിയിൽ 4236.6 കോടിയുടെ ഓഹരികൾ വിറ്റ അവർ ഇന്നലെ 7702.53 കോടിയുടെ ഓഹരികളാണു വിറ്റൊഴിഞ്ഞത്. ഈ മാസം ഇതു വരെ 25,098 കോടി രൂപ (300 കോടിയിലധികം ഡോളർ) അവർ ക്യാഷ് വിപണിയിൽ നിന്നു പിൻവലിച്ചു.

യു.എസിൽ കടപ്പത്രവില താഴ്ന്നപ്പോൾ അവയിൽ നിക്ഷേപിക്കാനാണു വിദേശഫണ്ടുകൾ പണം പിൻവലിക്കുന്നത്. യാതൊരു റിസ്കും ഇല്ലാത്ത യു.എസ് സർക്കാർ കടപ്പത്രത്തിൽ അഞ്ചു ശതമാനത്തോളം നിക്ഷേപനേട്ടം കിട്ടുന്ന നിലയായി. വിദേശ ഫണ്ടുകൾക്ക് മറ്റാെരു ചിന്താവിഷയം കൂടി ഉണ്ട്. ഫണ്ടിന്റെ യഥാർഥ ഗുണഭാേക്താക്കൾ ആരാണെന്നു വെളിപ്പെടുത്താനുള്ള തീയതി അടുത്തു വരുകയാണ്. പേരു വെളിപ്പെടുത്താതിരിക്കാൻ നിക്ഷേപം പിൻവലിക്കുന്നവരും കുറവല്ല. അവരുടെ വിൽപന സമ്മർദവും തുടരും.

സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 6558.45 കോടിയുടെ ഓഹരികൾ ഇന്നലെ വാങ്ങി.

മിക്ക വ്യാവസായിക ലോഹങ്ങളും വ്യാഴാഴ്ച താണു. അലൂമിനിയം 0.77 ശതമാനം കുറഞ്ഞ് ടണ്ണിന് 2197.35 ഡോളറിലായി. ചെമ്പ് 0.08 ശതമാനം താണ് ടണ്ണിന് 7938.90 ഡോളറിലെത്തി. ലെഡ് 0.15 ഉം നിക്കൽ 1.08 ഉം സിങ്ക് 1.66 ഉം ടിൻ 0.75 ഉം ശതമാനം താഴ്ന്നു.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില രണ്ടര ശതമാനം താണ് രണ്ടാഴ്ചയ്ക്കുള്ളിലെ ഏറ്റവും താഴ്ന്ന വിലയിലായി. ബ്രെന്റ് ഇനം ക്രൂഡ് രണ്ടര ശതമാനം കുറഞ്ഞ് 87.93 ഡോളറിലും ഡബ്ള്യുടിഐ ഇനം 83.58 ഡോളറിലും ക്ലോസ് ചെയ്തു. യുഎഇയുടെ മർബൻ ക്രൂഡ് 88.64 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണം ഉയർന്നനിലയിൽ തുടരുന്നു. വ്യാഴാഴ്ച 1994 ഡോളർ വരെ കയറിയ രാജ്യാന്തരവില 1985.60 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഉയർന്ന് 1987 ഡോളറിൽ എത്തി.

കേരളത്തിൽ പവൻ വില വ്യാഴാഴ്ച 120 രൂപ കൂടി 45,440 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

ഡോളർ ഇന്നലെ ഏഴു പൈസ കൂടി 83.25 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക വ്യാഴാഴ്ച ഉയർന്ന് 106.60 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.64-ലേക്കു കയറി.

ക്രിപ്‌റ്റോ കറൻസികൾ ഉയർന്ന നിലയിൽ നിന്ന് അൽപം പിന്മാറി. ബിറ്റ്കോയിൻ രണ്ടു ശതമാനം താണ് 34,000നു താഴെയായി.

വിപണി സൂചനകൾ

(2023 ഒക്ടോബർ 26, വ്യാഴം)


സെൻസെക്സ്30 63,148.15 - 1.41%

നിഫ്റ്റി50 18,857.25 -1.39%

ബാങ്ക് നിഫ്റ്റി 42,280.15 -1.29%

മിഡ് ക്യാപ് 100 38,116.75 -1.16%

സ്മോൾ ക്യാപ് 100 12,390.70 -0.34%

ഡൗ ജോൺസ് 30 32,784.30 -0.76%

എസ് ആൻഡ് പി 500 4137.23 -1.18%

നാസ്ഡാക് 12,595.60 -1.70%

ഡോളർ ($) ₹83.25 +₹0.07

ഡോളർ സൂചിക 106.60 +0.07

സ്വർണം (ഔൺസ്) $1985.60 +$05.00

സ്വർണം (പവൻ) ₹45,440 +₹120.00

ക്രൂഡ് ബ്രെന്റ് ഓയിൽ $87.93 -$2.20.

Tags:    

Similar News