ആവേശപ്രതീക്ഷയോടെ നിക്ഷേപകർ; നിഫ്റ്റി 20,000 ലേക്ക്; ഏഷ്യൻ വിപണികൾ താഴെ; സ്വർണം റെക്കോഡിലേക്ക്
ഹിൻഡൻബർഗ് റിപ്പോർട്ട് വിശ്വാസ്യമല്ലെന്ന സുപ്രീം കോടതിയുടെ പരാമർശത്തെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികളിൽ വലിയ കുതിപ്പ്
യു.എസ് ഫെഡ് ഇനി പലിശ വർധിപ്പിക്കില്ലെന്ന സൂചനയിൽ യു.എസ് ഓഹരികൾ കയറി. എന്നാൽ ഫെഡ് നിലപാട് മാറിയിട്ടില്ലെന്ന വേറൊരു വ്യാഖ്യാനം ഏഷ്യൻ ഓഹരികളെ രാവിലെ താഴ്ത്തി. പലിശ കുറയാം എന്ന പ്രതീക്ഷയിൽ യുഎസ് കടപ്പത്ര വിലകൾ ഉയർന്നു. അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു. ഇതോടെ ഡോളർ താഴുകയും സ്വർണവില റെക്കോഡിലേക്കു കുതിക്കുകയും ചെയ്തു.
ഇന്ത്യൻ ഓഹരികൾക്ക് ഇന്നലെ വ്യാപാരാവസാനത്തിൽ കണ്ട കുതിപ്പ് ഇന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു നിക്ഷേപകർ.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ചാെവ്വ രാത്രി ഗിഫ്റ്റ് നിഫ്റ്റി 20,018-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 20,032 ലേക്കു കയറിയിട്ട് അൽപം താഴ്ന്നു. ഇന്ത്യൻ വിപണി ഇന്ന് നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ ചാെവ്വാഴ്ച ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഫ്രാൻസിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിച്ചതായും ജർമനിയിൽ ആത്മവിശ്വാസം താഴ്ന്ന നിലയിൽ തുടരുന്നതായും സർവേകൾ കാണിച്ചു. ജർമനി മാന്ദ്യത്തിലാണ്.
യു.എസ് വിപണി ചാെവ്വാഴ്ച ഗണ്യമായി ഉയർന്നെങ്കിലും പിന്നീട് ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് 83.51 പോയിന്റ് (0.24%) ഉയർന്ന് 35,416.98 ലും എസ് ആൻഡ് പി 4.46 പോയിന്റ് (0.10%) കയറി 4554.89 ലും നാസ്ഡാക് 40.73 പോയിന്റ് (0.29%) ഉയർന്ന് 14,281.76 ലും അവസാനിച്ചു.
യു.എസ് കടപ്പത്ര വിലകൾ തിരിച്ചു കയറി. അവയിലെ നിക്ഷേപനേട്ടം നിക്ഷേപനേട്ടം 4.286 ശതമാനത്തിലേക്കു താഴ്ന്നു. ഇനി പലിശവർധന വേണ്ടി വരില്ലെന്ന സൂചന ഒരു ഫെഡ് റിപ്പോർട്ടിൽ ഉണ്ടായത് കടപ്പത്രങ്ങളെ ഉയർത്തി. ഇതാേടെ ഡോളർ താഴ്ന്നു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ ഉയരത്തിലാണ്. ഡൗ 0.12 ഉം എസ് ആൻഡ് പി 0.10 ഉം നാസ്ഡാക് 0.15 ഉം ശതമാനം ഉയർന്നു.
ഏഷ്യൻ വിപണികൾ ഇന്നു പൊതുവേ താഴ്ന്നാണു തുടങ്ങിയത്. ഓസ്ട്രേലിയൻ വിപണി മാത്രം ഉയർന്നു. ജാപ്പനീസ്, കൊറിയൻ, ചെെനീസ് വിപണികൾ താഴ്ന്നു നീങ്ങുന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചാെവ്വാഴ്ച തുടക്കത്തിൽ ചെറിയ കയറ്റിറക്കങ്ങളുമായി നിന്നിട്ട് അവസാന മണിക്കൂറിൽ കുതിച്ചു കയറി. വിപണിയുടെ അനിശ്ചിത ഭാവം മാറ്റിയതുപോലെയായി. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളും ജിഡിപി കണക്കും വിപണിഗതിയിൽ വലിയ സ്വാധീനം ചെലുത്തും എന്നതു നിക്ഷേപകർ വിസ്മരിക്കരുത്.
തുടർച്ചയായ മൂന്നാം ദിവസവും വിദേശ നിക്ഷേപകർ വലിയതോതിൽ ഓഹരികൾ വാങ്ങി. അവർ 783.82 കോടിയുടെ ഓഹരികൾ വാങ്ങിയപ്പോൾ സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1324.98 കോടിയുടെ ഓഹരികൾ വാങ്ങി.
ചൊവ്വാഴ്ച സെൻസെക്സ് 204.16 പോയിന്റ് (0.31%) ഉയർന്ന് 66,174.2 ലും നിഫ്റ്റി 95 പോയിന്റ് (0.48%) കയറി 19,889.7 ലും എത്തി. ബാങ്ക് നിഫ്റ്റി 112.85 പോയിന്റ് (0.26%) കയറി 43,880.95 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.54 ശതമാനം ഉയർന്ന് 42,278 ലും സ്മോൾ ക്യാപ് സൂചിക 0.30 ശതമാനം കയറി 13,868.9 ലും അവസാനിച്ചു.
നിഫ്റ്റി 20,000 നു മുകളിലേക്കുള്ള യാത്ര പുനരാരംഭിക്കുമെന്നാണ് നിക്ഷേപ വിദഗ്ധർ വിലയിരുത്തുന്നത്. 19,800 -19,900 മേഖലയിലെ തടസം മറികടക്കുന്ന നിലയിലാണു നിഫ്റ്റി ഇപ്പോൾ എന്ന് അവർ കരുതുന്നു.
നിഫ്റ്റിക്ക് ഇന്ന് 19,825 ലും 19,750 ലും പിന്തുണ ഉണ്ട്. 19,915 ഉം 19,985 ഉം തടസങ്ങളാകാം.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിൽ നീങ്ങി. അലൂമിനിയം 0.46 ശതമാനം കയറി ടണ്ണിന് 2221.85 ഡോളറിലായി. ചെമ്പ് 0.04 ശതമാനം താഴ്ന്നു ടണ്ണിന് 8277.35 ഡോളറിലെത്തി. ലെഡ് 1.23-ഉം സിങ്ക് 0.72 ഉം ടിൻ 2.3 ഉം ശതമാനം ഇടിഞ്ഞു. നിക്കൽ 3.63 ശതമാനം കയറി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില രണ്ടു ശതമാനം കയറി. ഉൽപാദനം സംബന്ധിച്ചു തീരുമാനിക്കാൻ ഒപെക് യോഗം നാളെ നടക്കും. ഉൽപാദനം കുറയ്ക്കണമെന്ന സൗദി നിർദേശത്തെ പല അംഗരാജ്യങ്ങളും അനുകൂലിക്കുന്നില്ല. ഇതിനിടെ അസർബൈജാനിലെ എണ്ണ ഉൽപാദനത്തിൽ ഗണ്യമായ തടസം നേരിട്ടിട്ടുണ്ട്. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 81.66 ഡോളറിലും ഡബ്ള്യുടിഐ ഇനം 76.41 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് വില 81.89 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 82.92 ഡോളറിൽ വ്യാപാരം നടക്കുന്നു.
സ്വർണവില റെക്കോഡ് കുറിക്കാൻ ഒരുങ്ങുന്നു
സ്വർണവില വീണ്ടും കുതിച്ചു. ചാെവ്വാഴ്ച 1.35 ശതമാനം ഉയർന്ന് ഔൺസിന് 2041.50 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 2052 ഡോളറിൽ എത്തിയിട്ട് അൽപം താണ് 2049.90 ലായി. ഡോളർ ദുർബലമാകുന്നതാണു സ്വർണത്തെ ഉയർത്തുന്നത്. വെള്ളി വിലയും കയറി 25 ഡോളറിനു മുകളിലായി.
ഈ നിലയ്ക്കു പോയാൽ 10 ദിവസത്തിനകം സ്വർണം ഔൺസിനു 2100 ഡോളർ വരെ എത്തി റെക്കോർഡ് കുറിക്കുമെന്നു പല വിപണി നിരീക്ഷകരും വിലയിരുത്തുന്നു. 2063 ഡോളറാണു നിലവിലെ റെക്കോഡ്.
2024 അവസാനം സ്വർണവില 2400 ഡോളർ ആകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക പുതിയ റിപ്പോർട്ടിൽ പറഞ്ഞു. യുഎസ് ഫെഡ് പലിശവർധന അവസാനിച്ചെന്നു പ്രഖ്യാപിക്കുമ്പോഴും പലിശ കുറച്ചു തുടങ്ങുമ്പാേഴും സ്വർണവില കയറും എന്ന് അവരുടെ റിപ്പാേർട്ടിൽ പറയുന്നു.
കേരളത്തിൽ പവൻവില ഇന്നു സർവകാല റെക്കാേർഡായ 45,920 രൂപ മറികടന്ന് 46,000 രൂപയുടെ മുകളിൽ എത്തുമെന്നാണു വ്യാപാര മേഖലയിലെ കണക്കുകൂട്ടൽ. ചാെവ്വാഴ്ച പവൻ വില മാറ്റമില്ലാതെ 45,880 രൂപയിൽ തുടർന്നു. ഒക്ടോബർ 28, 29 തീയതികളിൽ ആയിരുന്നു റെക്കാേർഡ് വില.
യുഎസിലെ കടപ്പത്ര വിലകൾ ഉയരുകയും അവയിലെ നിക്ഷേപനേട്ടം കുറയുകയും ചെയ്യുന്നതു ഡോളറിനെ വീണ്ടും താഴ്ത്തുന്നു. ഡോളർ സൂചിക ഇന്നലെ 102.73 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.52 ലേക്കു താണു.
ഇന്നലെ ഡോളർ 83.42 രൂപ വരെ കയറി വ്യാപാരം നടന്നെങ്കിലും പിന്നീടു 83.34 രൂപയിലാണു ക്ലോസ് ചെയ്തത്. ഇന്നും രൂപ ചെറിയ നേട്ടം ഉണ്ടാക്കുമെന്നാണു സൂചന.
ക്രിപ്‌റ്റോ കറൻസികൾ ഉയർന്നു നീങ്ങി. ബിറ്റ്കോയിൻ ഇന്നലെ രണ്ടു ശതമാനം കയറി 38,000 ഡോളറിനു മുകളിലായി.
ഇന്ത്യയുടെ വിപണിമൂല്യം നാല് ട്രില്യൺ ഡോളർ, ലോകത്തിൽ അഞ്ചാമത്
ഓഹരികളുടെ ഇപ്പോഴത്തെ കയറ്റം ഇന്ത്യൻ മൂലധന വിപണിയുടെ മൂല്യം റെക്കാേർഡ് ഉയരത്തിൽ എത്തിച്ചു. ഇന്നലെ ബിഎസ്ഇയുടെ വിപണിമൂല്യം 336 ലക്ഷം കോടി രൂപ കടന്നു. 4.02 ലക്ഷം കോടി ഡോളർ വരും ഇത്. ഇതാദ്യമാണു ഡോളറിൽ വിപണിമൂല്യം നാലു ട്രില്യൺ (ലക്ഷം കോടി) കടക്കുന്നത്.
ഇതാേടെ ലോകത്തിലെ അഞ്ചാമത്തെ വിപണിമൂല്യം ഇന്ത്യയുടേതായി. 48 ട്രില്യൺ ഡോളർ ഉള്ള അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ചെെന 10.7 ട്രില്യൺ ഡോളർ, ജപ്പാൻ 5.5 ട്രില്യൺ ഡോളർ ഹോങ് കോങ് 4.7ട്രില്യൺ ഡോളർ എന്നിവയാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.
ഇന്നലെ അദാനി ഗ്രൂപ്പ് ഓഹരികളിൽ ഉണ്ടായ വലിയ കുതിപ്പാണ് ഇന്ത്യൻ വിപണിമൂല്യം ഇത്രയും ഉയർത്തിയത്. അദാനി ഗ്രൂപ്പിലെ 10 ഓഹരികൾക്കും കൂടി ഇന്നലെ 1.2 ലക്ഷം കോടി രൂപയുടെ (1,440 കോടി ഡോളർ) വർധന ഉണ്ടായി. ഗ്രൂപ്പിലെ കമ്പനികൾ 20 ശതമാനം വരെ നേട്ടം ഉണ്ടാക്കി. അദാനി ടോട്ടൽ ഗ്യാസ് 19.97%, എനർജി 18.65%, പവർ 12.34%, ഗ്രീൻ 12.25%, എൻഡിടിവി 12.12%, വിൽമർ 9.94%, എന്റർപ്രൈസസ് 8.9%, പോർട്സ് 5.3%, അംബുജ 4.08%, എസിസി 2.66% എന്നിങ്ങനെയായിരുന്നു കയറ്റം.
ഹിൻഡൻബർഗ് റിപ്പോർട്ട് വിശ്വാസ്യമല്ലെന്ന സുപ്രീം കോടതിയുടെ പരാമർശത്തെ തുടർന്നാണ് അദാനി ഗ്രൂപ്പിന്റെ തിരിച്ചു കയറ്റം.
വിപണി സൂചനകൾ
(2023 നവംബർ 28, ചൊവ്വ)
സെൻസെക്സ്30 66,174.20 +0.31%
നിഫ്റ്റി50 19,889.70 +0.48%
ബാങ്ക് നിഫ്റ്റി 43,880.95 +0.26%
മിഡ് ക്യാപ് 100 42,278.00 +0.54%
സ്മോൾ ക്യാപ് 100 13,868.90 +0.30%
ഡൗ ജോൺസ് 30 35,416.98 +0.24%
എസ് ആൻഡ് പി 500 4554.89 +0.10%
നാസ്ഡാക് 14,281.76 +0.29%
ഡോളർ ($) ₹83.34 -₹0.03
ഡോളർ സൂചിക 102.73 -0.47
സ്വർണം (ഔൺസ്) $2041.50 +$26.90
സ്വർണം (പവൻ) ₹45,880 +₹00.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $81.66 +$1.68