കുതിപ്പ് തുടരാൻ ബുള്ളുകൾ; വിലക്കയറ്റത്തിൽ ഗണ്യമായ കുറവുണ്ടാകും; വിപണി പുതിയ റിക്കാർഡ് കുറിക്കുമോ? വിദേശത്തു നിന്നു ഭിന്ന സൂചനകൾ; ലോഹങ്ങൾക്കു വലിയ മുന്നേറ്റം

ഇന്ത്യൻ ഓഹരി വിപണി പുതിയ ഉയരങ്ങൾ കീഴടക്കുമോ? ക്രൂഡും ലോഹങ്ങളും ഉയരുന്നു. ഹിന്ദുജ കുടുംബത്തിലെ വഴക്കു തീരുമ്പോൾ

Update:2022-11-14 08:13 IST

ബുളളിഷ് ആവേശത്തോടെ കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ച വിപണികൾ അതു തുടരും എന്ന വിശ്വാസമാണ് ഇന്നു രാവിലെ പ്രകടിപ്പിക്കുന്നത്. വലിയ കുതിപ്പുകൾക്കു പിന്നാലെ വരുന്ന കിതപ്പിനെപ്പറ്റി പലർക്കും ആശങ്ക ഉണ്ടെന്നതു സ്വാഭാവികം. എങ്കിലും വിപണിയുടെ ഉണർവിനു കുറേക്കൂടി ഉയരാനുള്ള കരുത്തുണ്ടെന്നാണു ബുള്ളുകൾ കരുതുന്നത്. പുതിയ റിക്കാർഡുകൾ കുറിച്ച ശേഷമേ സൂചികകൾ ഹ്രസ്വകാലത്തേക്കു പിന്നോട്ടു മാറൂ എന്നാണ് അവരുടെ നിഗമനം.

വിപണി വലിയ തകർച്ചയിലേക്കു പോകുന്നു എന്നു പ്രവചിക്കുന്നവർ ഇപ്പോഴും ഉണ്ട്. പക്ഷേ അതിനു ചെവി കൊടുക്കുന്നവർ കുറവാണ്. ഗൂഢ (ക്രിപ്റ്റോ) കറൻസി വിപണിയുടെ തകർച്ച തുടരുന്നതു പോലും വിപണി ഗുരുതര വിഷയമായി കാണുന്നില്ല. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നതും ജപ്പാനിലെ നിക്കെെ അടക്കം ഏഷ്യൻ സൂചികകൾ താഴ്ന്നു വ്യാപാരം നടക്കുന്നതും അവഗണിക്കാവുന്ന കാര്യങ്ങളല്ല. അതേ സമയം ചൈന തങ്ങളുടെ തകർച്ചയിലായ റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുദ്ധരിക്കാൻ ബൃഹദ് പദ്ധതി പ്രഖ്യാപിച്ചതു വിപണിയെ സഹായിക്കുമെന്നു പ്രതീക്ഷയുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ അയച്ചിട്ടുമുണ്ട്.


കഴിഞ്ഞയാഴ്ച യുഎസ് വിലക്കയറ്റം അൽപം കുറഞ്ഞതാണു വിപണിയെ ആവേശത്തിലാക്കിയത്. മാസങ്ങളായി ക്ഷീണത്തിലായിരുന്ന ടെക്നോളജി ഓഹരികൾക്കടക്കം വിപണിക്കു മൊത്തത്തിൽ വലിയ ഉണർവുണ്ടായി. ഇന്ത്യൻ വിപണിക്ക് ഇന്നു വരുന്ന ഒക്ടോബറിലെ ചില്ലറ വിലക്കയറ്റ കണക്ക് അതു പാേലെ ഉത്തേജനമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വെള്ളിയാഴ്ച രണ്ടു ശതമാനത്തോളം കുതിച്ചു കയറിയ ഇന്ത്യൻ വിപണിക്കൊപ്പം ചൈനയടക്കം ഏഷ്യൻ രാജ്യങ്ങളിലും വലിയ ഉണർവുണ്ടായി. യൂറോപ്പിലും നല്ല നേട്ടത്തോടെയാണു സൂചികകൾ ക്ലോസ് ചെയ്തത്. എന്നാൽ അമേരിക്കയിൽ വിപണി മിശ്ര പ്രവണത കാണിച്ചു. ടെക്നോളജി ഓഹരികൾ കുതിച്ചപ്പോൾ പരമ്പരാഗത വ്യവസായങ്ങൾ നേരിയ നേട്ടത്തിൽ ഒതുങ്ങി. നാസ്ഡാക് സൂചിക 1.88 ശതമാനം ഉയർന്നപ്പോൾ ഡൗ ജോൺസ് 0.1 ശതമാനം മാത്രം നേട്ടമേ ഉണ്ടാക്കിയുള്ളു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് 0.2 മുതൽ 0.3 വരെ ശതമാനം താഴ്ചയിലാണ്.

ഓസ്ട്രേലിയൻ, ജാപ്പനീസ് വിപണികൾ ഇന്നു നേട്ടത്തോടെ തുടങ്ങിയെങ്കിലും പിന്നീടു താഴ്ചയിലായി. ചൈനയിലെ ഹോങ് കോങ്, ഷാങ്ഹായ് വിപണി സൂചികകൾ നേട്ടത്തിലാണ്.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 18,505 വരെ ഉയർന്നിട്ട് 18,488-ൽ 6 ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക അൽപം താണ് 18,445 ലെത്തി. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

വെള്ളിയാഴ്ച ഇന്ത്യൻ വിപണി വലിയ കുതിപ്പാണു നടത്തിയത്. സെൻസെക്സ് 1181.34 പോയിൻ്റ് (1.95%) കയറി 61,795.04-ലും നിഫ്റ്റി 321.5 പോയിൻ്റ് (1.78%) കയറി 18,349.75 ലും ക്ലോസ് ചെയ്തു. വിശാല വിപണിയിൽ ലാഭമെടുക്കൽ മൂലം നേട്ടം കുറവായിരുന്നു. മിഡ് ക്യാപ് സൂചിക 0.07-ഉം സ്മോൾ ക്യാപ് സൂചിക 0.38-ഉം ശതമാനമേ ഉയർന്നുള്ളു. പിഎസ് യു ബാങ്കുകൾ, വാഹന കമ്പനികൾ, എഫ്എംസിജി എന്നിവ ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലായി. നിഫ്റ്റി ഐ ടി 3.81 ശതമാനം ഉയർച്ചയോടെ നേട്ടത്തിനു മുന്നിലായി.

കഴിഞ്ഞ ആഴ്ച സെൻസെക്സ് 1.39 ശതമാനവും നിഫ്റ്റി 1.28 ശതമാനവും ഉയർന്നു.

സൂചികകൾ ബുളളിഷ് ആവേശത്തോടെയാണ് അവസാനിച്ചത്. ഇപ്പോഴത്തെ മുന്നേറ്റം തുടർന്നാൽ 19,000-ലേക്കു നിഫ്റ്റിയും 63,500ലേക്ക് സെൻസെക്സും എത്തുമെന്നു ബുള്ളുകൾ കരുതുന്നു.

നിഫ്റ്റിക്ക് 18,280- ലും 18,220-ലും സപ്പോർട്ട് ഉണ്ട്. 18,360-ലും 18,425-ലും തടസം പ്രതീക്ഷിക്കുന്നു.

വിദേശ നിക്ഷേപകർ വിപണിയിൽ ആവേശത്തോടെ നിക്ഷേപത്തിനു തയാറാകുന്നുണ്ട്. കുറച്ചു ദിവസം വിട്ടു നിന്നവരും വെള്ളിയാഴ്ച നിക്ഷേപകരായി. 3958.23 കോടി രൂപയാണ് അന്നു വിദേശികൾ ഓഹരികളിൽ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകൾ 615.54 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നവംബറിൽ ഇതുവരെ 19,000 കോടി രൂപ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികളിൽ നിക്ഷേപിച്ചു. യുഎസ് പലിശ വർധന സമാപന ഘട്ടത്തിലേക്കു നീങ്ങുന്നതിനാൽ അവർ തുടർന്നും നിക്ഷേപകരാകുമെന്നാണു നിഗമനം.

ക്രൂഡും ലോഹങ്ങളും ഉയരുന്നു

ക്രൂഡ് ഓയിൽ വില ഉയരുകയാണ്. ചൈനയിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതാണ് ഇതിനു കാരണം. വെള്ളിയാഴ്ച രണ്ടര ശതമാനം ഉയർന്ന് 95.99 ഡോളറിലാണ് ബ്രെൻ്റ് ഇനം ക്രൂഡ് വ്യാപാരം അവസാനിച്ചത്. ഇന്നു രാവിലെ 96.7 ഡോളറിലേക്കു ക്രൂഡ് കയറി.

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച വലിയ കുതിപ്പ് നടത്തി. ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കും എന്ന സൂചനയിലായിരുന്നു ഇത്. ചെമ്പ് അഞ്ചു ശതമാനത്തിലധികം ഉയർന്ന് ടണ്ണിന് 8440 ഡോളർ എത്തി. അലൂമിനിയം 6.24 ശതമാനം ഉയർന്ന് 2464 ഡോളറായി. നിക്കൽ എട്ടും ടിൻ 6.5-ഉം സിങ്ക് നാലും ലെഡ് അഞ്ചും ശതമാനമുയർന്നു. ഇരുമ്പയിരു 90 ഡോളറിനു മുകളിലെത്തി.
സ്വർണം വെള്ളിയാഴ്ച 1773 ഡോളർ വരെ ഉയർന്നു ക്ലോസ് ചെയ്തു. ഡോളർ സൂചിക 107-നു താഴാേട്ടു വീണതാണു കാരണം. ഇന്നു രാവിലെ സ്വർണം 1763-1765 ഡോളറിൽ വ്യാപാരം നടക്കുന്നു.
കേരളത്തിൽ സ്വർണം പവന് വെള്ളിയാഴ്ച 360 രൂപയും ശനിയാഴ്ച 320 രൂപയും വർധിച്ച് 38,560 രൂപയായി.
രൂപ വെള്ളിയാഴ്ച വലിയ നേട്ടമുണ്ടാക്കി. ഡോളർ 105 പൈസ കുറഞ്ഞ് 80.78 രൂപയായി. രൂപ ഇന്നു ചെറിയ നേട്ടം ഉണ്ടാക്കാം
വെള്ളിയാഴ്ച 106.29 -ൽ ക്ലോസ് ചെയ്ത ഡോളർ സൂചിക ഇന്ന് 106.7വരെ കയറി. പൗണ്ട്, യൂറോ, യെൻ, യുവാൻ തുടങ്ങിയ കറൻസികൾ നേട്ടത്തിലാണ്.

വിലക്കയറ്റം കുറയുന്നു

ഇന്ന് ഇന്ത്യയുടെ ഒക്ടോബറിലെ ചില്ലറ വിലക്കയറ്റം, മൊത്ത വിലക്കയറ്റം, വിദേശ വ്യാപാരം എന്നിവയുടെ കണക്കു പുറത്തുവിടും. വിലക്കയറ്റ കണക്ക് വ്യാപാര സമയം കഴിഞ്ഞാണു വരിക. ചില്ലറ വിലക്കയറ്റം ഏഴു ശതമാനത്തിൽ താഴെയാകുമെന്ന സൂചന കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നൽകിയിരുന്നു. ഓഗസ്റ്റിലെ ഏഴിൽ നിന്ന് സെപ്റ്റംബറിൽ 7.41 ശതമാനത്തിലേക്ക് ചില്ലറ വിലക്കയറ്റം കയറിയിരുന്നു. മൊത്ത വിലക്കയറ്റം ഓഗസ്റ്റിലെ 12.4 ൽ നിന്ന് സെപ്റ്റംബറിൽ 10.7 ശതമാനമായി താഴ്ന്നിരുന്നു.
റേറ്റിംഗ് ഏജൻസികൾ പ്രതീക്ഷിക്കുന്നത് ചില്ലറ വിലക്കയറ്റം 6.7 ശതമാനമായി കുറയുമെന്നാണ്. ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 6.1ൽ നിന്ന് 5.9 ശതമാനമായി താഴുമെന്നാണു നിഗമനം. മൊത്ത വിലക്കയറ്റം 8.4 ശതമാനമായി കുറയുമെന്നു കണക്കാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചില്ലറ വിലക്കയറ്റം 4.5 ശതമാനവും മൊത്ത വിലക്കയറ്റം 13.8 ശതമാനവുമായിരുന്നു. വിലക്കയറ്റം കുറഞ്ഞു വന്നാൽ ഡിസംബർ 5-7 തീയതികളിലെ പണനയ കമ്മിറ്റി റീപോ നിരക്കു വർധന മിതമായ നിരക്കിലാക്കും എന്നു പ്രതീക്ഷയുണ്ട്. കഴിഞ്ഞ മൂന്നു തവണയും 50 ബേസിസ് പോയിൻ്റ് വീതമാണു റീപോ നിരക്കു കൂട്ടിയത്.

യുഎസിലും ആശ്വാസം


യുഎസ് ഫെഡിൻ്റെ പലിശ വർധന അടുത്ത മാസം തുടരുമെങ്കിലും അതിൻ്റെ തോത് 75 ബേസിസ് പോയിൻ്റിൽ നിന്ന് 50 ബേസിസ് പോയിൻ്റിലേക്കു കുറയുമെന്ന നിഗമനമാണ് ഇപ്പോഴുള്ളത്. ഡിസംബർ 14-15-ലെ ഫെഡ് കമ്മിറ്റി ഫെഡ് റേറ്റ് 3.75-4.00-ൽ നിന്ന് 4.25-4.5 ശതമാനമായി കൂട്ടും എന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. നേരത്തേ കരുതിയിരുന്നത് 4.5 - 4.75 ശതമാനമാക്കും എന്നാണ്. ഈ നിഗമനങ്ങളാണു വ്യാഴം, വെള്ളി ദിവസങ്ങളിൽ യുഎസ് വിപണിയെ വലിയ നേട്ടത്തിലേക്കു നയിച്ചത്. ഈ പ്രതീക്ഷ കെടുത്തുന്ന ഒന്നും വാരാന്ത്യത്തിൽ സംഭവിച്ചിട്ടില്ല.

വ്യവസായ വളർച്ചയിലെ ആശങ്കകൾ

സെപ്റ്റംബറിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി) യിലെ വളർച്ച 3.1 ശതമാനമായി ഉയർന്നു. ഓഗസ്റ്റിൽ സൂചിക 0.7 ശതമാനം ചുരുങ്ങിയതാണ്. റേറ്റിംഗ് ഏജൻസി ഇക്ര ശതമാനം 5.1 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ അതുണ്ടായില്ല.
സെപ്റ്റംബറിലെ വളർച്ച പ്രതീക്ഷിച്ചിടത്തോളം വരാത്തതിനു പ്രധാന കാരണം ഫാക്ടറി ഉൽപാദനത്തിലെ കുറവാണ്. ഖനനം 4.6 ശതമാനവും വൈദ്യുതി ഉൽപാദനം 11.6 ശതമാനവും വളർച്ച കാണിച്ചു. എന്നാൽ ഫാക്ടറി ഉൽപാദനം 1.8 ശതമാനമേ വളർന്നുള്ളൂ.
കൺസ്യൂമർ ഡ്യുറബിൾസി (പ്രധാനമായും ഗൃഹോപകരണങ്ങൾ) ൻ്റെയും സോപ്പ്, ഷാമ്പൂ, അലക്കുപൊടി, ടൂത്ത് പേസ്റ്റ് തുടങ്ങിയവ ഉൾപ്പെട്ട ഫാസ്റ്റ് മൂവിംഗ് ഉൽപന്ന (എഫ്‌എംസിജി) ങ്ങളുടെയും ഉൽപാദനത്തിൽ രണ്ടു മാസമായി വലിയ ഇടിവാണു കാണുന്നത്. സെപ്റ്റംബറിൽ ഡ്യൂറബിൾസ് ഉൽപാദനം 4.5 ശതമാനം കുറഞ്ഞപ്പോൾ എഫ്എംസിജി ഉൽപാദനം 7.1 ശതമാനം ഇടിഞ്ഞു. ഉത്സവ സീസണു മുമ്പത്തെ മാസങ്ങളിലെ ഉൽപാദനം കുറഞ്ഞതു നൽകുന്ന സൂചന ഒട്ടും ശുഭകരമല്ല. വിലക്കയറ്റം കുറഞ്ഞു വരുമ്പോൾ വിൽപനയും അതുവഴി ഉത്പാദനവും കൂടുമെന്നാണ് ഇപ്പോഴത്തെ നിഗമനം.
ഏപ്രിൽ-സെപ്റ്റംബർ അർധ വർഷ ഐഐപി വളർച്ച ഏഴു ശതമാനമുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലത്തു വളർച്ച 23.8 ശതമാനം ഉണ്ടായിരുന്നതാണ്. ജൂലൈ - സെപ്റ്റംബറിലെ വളർച്ച വെറും 1.5 ശതമാനം മാത്രമാണ് എന്നതും കാര്യങ്ങളുടെ പോക്ക് പന്തിയല്ല എന്നു കാണിക്കുന്നു.

ഹിന്ദുജ കുടുംബത്തിലെ വഴക്കു തീരുമ്പോൾ ...

ഹിന്ദുജ സഹോദരന്മാരുടെ വഴക്ക് ഒത്തുതീർപ്പിലേക്ക് എന്നു സൂചന. എല്ലാ ബിസിനസും കൂട്ടായി നടത്താനുള്ള പഴയ തീരുമാനം മാറ്റി. ശ്രീചന്ദ്, ഗോപീചന്ദ്, അശോക്, പ്രകാശ് എന്നീ നാലു സഹോദരന്മാരുടേതാണ് ഹിന്ദുജ ഗ്രൂപ്പ്. ഒന്നിച്ചുള്ള മാനേജ്മെൻറ് നിർത്തി ഇനി ഗ്രൂപ്പ് കമ്പനികൾ നാലു സഹോദരന്മാർക്കുമായി വീതിക്കും എന്നാണു സൂചന. നിരവധി രാജ്യങ്ങളിൽ ബിസിനസ് സ്ഥാപനങ്ങൾ ഉള്ള ഗ്രൂപ്പിൻ്റെ വിഭജനം മാസങ്ങൾ കൊണ്ടേ നടക്കൂ.

മൂത്ത സഹോദരൻ ശ്രീചന്ദ് പരമാനന്ദ് (എസ്പി) ഹിന്ദുജ ഇപ്പോൾ മറവിരോഗം അടക്കം ശാരീരിക പ്രശ്നങ്ങൾ മൂർഛിച്ച് ക്ഷീണാവസ്ഥയിലാണ്. അദ്ദേഹത്തിൻ്റെ ഏകമകൾ വിനൂ എസ്പിയുടെ സഹോദരന്മാരുമായി യോജിപ്പിലല്ല. ഹിന്ദുജ ബാങ്ക് അടക്കമുള്ള ബിസിനസുകളുടെ നടത്തിപ്പിനെപ്പറ്റി എസ്പിയും സഹാേദരന്മാരുമായി പല കേസുകൾ നിലവിലുണ്ട്.
"എല്ലാം എല്ലാവരുടേതാണ്, ഒന്നും ആരുടേതുമല്ല" എന്ന തത്വം സ്വീകരിച്ച് 2014-ൽ രൂപപ്പെടുത്തിയ കുടുംബ ഉടമ്പടി മാറ്റണമെന്നാണ് വിനൂ ആവശ്യപ്പെട്ടു പോന്നത്. അത് ഇപ്പോൾ സ്വീകരിക്കപ്പെട്ടു. ഹിന്ദുജ ബാങ്കിനു വേണ്ടിയാകും ഇനി വലിയ പോരാട്ടം. അതു കൈവിടാൻ ഒരു പക്ഷവും തയാറല്ല.
ഇന്ത്യയിൽ അശോക് ലെയ്ലൻഡ്, ഇൻഡസ് ഇൻഡ് ബാങ്ക്, ഗൾഫ് ഓയിൽ കോർപ്, ഗൾഫ് ഓയിൽ ല്യൂബ്രിക്കൻ്റ്സ്, ഹിന്ദുജ ഗ്ലോബൽ സൊലൂഷൻസ്, എൻഎക്സ്ടി ഡിജിറ്റൽ തുടങ്ങി എട്ടു ലിസ്റ്റഡ് കമ്പനികൾ ഗ്രൂപ്പിനുണ്ട്. ലിസ്റ്റ് ചെയ്യാത്ത വേറേ ബിസിനസുകളുമുണ്ട്.
വർഷങ്ങളായി ഉടമകൾ തർക്കത്തിലായിരുന്നതു കൊണ്ട് ഹിന്ദുജ ഗ്രൂപ്പിൻ്റെ വളർച്ച മുരടിച്ചിരുന്നു. കമ്പനികളുടെ ഓഹരി വിലയും സാധ്യമായത്ര വളർച്ച നേടിയിട്ടില്ല. വിഭജനം കമ്പനികൾക്കു പുതിയ വളർച്ച വഴികൾ തുറക്കാനിടയുണ്ട്.


Tags:    

Similar News