പ്രതീക്ഷയോടെ തുടങ്ങാൻ വിപണി; ബാങ്കുകൾക്ക് ഉണർവ്; വാണിജ്യകമ്മി വീണ്ടും കൂടുന്നു
ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തോടെ ആ കാനിട; ഫെഡറൽ ബാങ്കിന് കയറ്റം പ്രവചിച്ച് അനാലിസ്റ്റുകൾ; ഇന്ത്യൻ കമ്പനി ചരിത്രത്തിലെ ഏറ്റവും വലിയ ലയനത്തിന് പച്ചക്കൊടി
ഇന്നലെ അനിശ്ചിതത്വത്തിൽ തുടങ്ങിയ ഇന്ത്യൻ വിപണി ഉച്ചയ്ക്കുശേഷം നല്ല പ്രതീക്ഷയാേടെ ക്ലോസ് ചെയ്തു. ആ പ്രതീക്ഷ ശക്തമായി തുടരാവുന്ന നിലയിലാണ് ഇന്നു വിപണി.
ഇന്നലെ ഏഷ്യൻ വിപണികളും യുറാേപ്പും പൊതുവേ നേട്ടത്തിലായിരുന്നു. യുഎസ് വിപണി അവധിയും. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നു രാവിലെ നേട്ടത്തിലാണ്. തുടക്കത്തിൽ 15,809 വരെ താഴ്ന്നിട്ട് 15,891 വരെ ഉയർന്നു. പിന്നീട് 15,870 നടുത്താണ് ഇടപാടുകൾ. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
മെറ്റൽ, ഐടി ഓഹരികളിലെ വിൽപന സമ്മർദം ഇന്നലെ രാവിലെ സൂചികകളെ താഴ്ത്തി. എന്നാൽ ഉച്ചയ്ക്കു ശേഷം എഫ്എംസിജി, ബാങ്കിംഗ് ഓഹരികളിലേക്കു നിക്ഷേപകർ ആവേശപൂർവം തിരിഞ്ഞതോടെ സൂചികകൾ തിരിച്ചു കയറി.
ഒടുവിൽ സെൻസെക്സ് 326.84 പോയിൻ്റ് (0.62%) കയറി 53,234.77ലും നിഫ്റ്റി 83.3 പോയിൻ്റ് (0.53%) ഉയർന്ന് 15,833.05 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും സമാന ഉയർച്ച കാണിച്ചു. പാമോയിലിനും മറ്റുമുണ്ടായ വിലയിടിവ് എഫ്എംസിജി കമ്പനികളെ സഹായിച്ചു.
നിഫ്റ്റി എഫ്എംസിജി സൂചിക 2.66 ശതമാനം ഉയർന്നപ്പോൾ ബാങ്ക്, ധനകാര്യ കമ്പനികൾ ഒരു ശതമാനത്തിലധികം കയറി. കൺസ്യൂമർ ഡ്യുറബിൾസ് കമ്പനികളും നല്ല നേട്ടമുണ്ടാക്കി. മെറ്റൽ സൂചിക ഒരു ശതമാനത്തോളം ഇടിഞ്ഞു.
ഇന്നലെ സൂചികകൾ ബുളളിഷ് സൂചനയോടെയാണു ക്ലാേസ് ചെയ്തത് എന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 15,900- 16,100 മേഖലയിലേക്കു മുന്നേറാനുള്ള കരുത്താണ് അവർ കാണുന്നത്.
നിഫ്റ്റിക്ക് 15,715-ഉം 15,595 ഉം സപ്പോർട്ട് ആകും. ഉയർച്ചയിൽ 15,910- ലും 15,975 ലും തടസങ്ങൾ ഉണ്ടാകും. ഇന്നലെ മികച്ച കുതിപ്പ് നടത്തിയ ബാങ്ക് നിഫ്റ്റിക്ക് ഇനിയും കയറ്റത്തിനു സാധ്യതയാണു വിദഗ്ധർ കാണുന്നത്.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 2149.56 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1688.39 കോടിയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെൻ്റ് ഇനം 114.3 ഡോളറിലെത്തി. വ്യാവസായിക ലോഹങ്ങളിൽ ഒരു ആശ്വാസ റാലി ഇന്നലെ കണ്ടു. ചെമ്പുവില 0.75 ശതമാനം കയറി 8000 ഡോളറിനു മുകളിലായി.
അലൂമിനിയം 2.76 ശതമാനം ഉയർന്ന് 2463.85 ഡോളർ ആയി. നിക്കൽ വില 4.88 ശതമാനം കയറി. ലെഡ്, സിങ്ക്, ടിൻ തുടങ്ങിയവയും ഉയർന്നു. അതേ സമയം ഇരുമ്പയിര് വില 114 ഡോളറിലേക്കു താണു.
സ്വർണം ഇന്നലെ താഴോട്ടു നീങ്ങി 1804 ഡോളർ വരെ എത്തി. എന്നാൽ ഇന്നു രാവിലെ സ്വർണം 1811-1812 ഡോളറിലേക്കു തിരികെക്കയറി. രൂപ ഇന്നലെ നേട്ടമുണ്ടാക്കി. ഡോളർ നിരക്ക് 78.95 രൂപയിലേക്കു താഴ്ന്നു.
ഡോളർ സൂചിക 105 നു മുകളിൽ തുടരുകയാണ്. രൂപയുടെ ഇന്നലത്തെ കയറ്റം സർക്കാരിൻ്റെ നികുതി നിർദ്ദേശങ്ങളോടുള്ള പ്രതികരണം ആയാണു വിലയിരുത്തുന്നത്.
ഫെഡറൽ ബാങ്കിന് കയറ്റം പ്രവചിച്ച് അനാലിസ്റ്റുകൾ
ഫെഡറൽ ബാങ്ക് ഓഹരിക്കു 130 രൂപ വില ലക്ഷ്യം ഇട്ടു കൊണ്ട് മോട്ടിലാൽ ഓസ്വാൾ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി.
ജൂൺ പാദത്തിൽ ബാങ്കിൻ്റെ നിക്ഷേപങ്ങൾ 8.2 ശതമാനം വർധിച്ചപ്പോൾ ചില്ലറ നിക്ഷേപങ്ങൾ 9.8 ശതമാനം ഉയർന്നു. റീട്ടെയിൽ നിക്ഷേപങ്ങൾ മൊത്തം നിക്ഷേപങ്ങളുടെ 94 ശതമാനമായി ഉയർന്നു. ബാങ്കിൻ്റെ വായ്പകൾ 16.3 ശതമാനം വർധിച്ചപ്പോൾ റീട്ടെയിൽ വായ്പകൾ 16.7 ശതമാനമാണു കൂടിയത്.
ബാങ്കിൻ്റെ ഓഹരിവില തിങ്കളാഴ്ച 1.6 ശതമാനം ഉയർന്ന് 95.1 രൂപയായി. രാകേഷ് ജുൻജുൻ വാലയും ഭാര്യയും കൂടി ബാങ്കിൻ്റെ 3.65 ശതമാനം ഓഹരി കൈവശം വച്ചിട്ടുണ്ട്. ബാങ്ക് മേഖലയിൽ ബിഗ് ബുളിൻ്റെ ഏറ്റവും വലിയ നിക്ഷേപമാണിത്.
ആക്സിസ് സെക്യൂരിറ്റീസ് 115 രൂപയും ഏയ്ഞ്ചൽ വൺ 120 രൂപയുമാണ് ഫെഡറൽ ബാങ്കിൻ്റെ വില ലക്ഷ്യമായി പറഞ്ഞിട്ടുള്ളത്.
എച്ച്ഡിഎഫ്സി ലയനം
എച്ച്ഡിഎഫ്സി യെ എച്ച്ഡിഎഫ്സി ബാങ്കിൽ ലയിപ്പിക്കുന്നതിനു റിസർവ് ബാങ്കിൻ്റെ അനുമതി ലഭിച്ചു. നേരത്തേ സ്റ്റോക്ക് എക്സ്ചേഞ്ചുകളും സെബിയും അനുമതി നൽകിയിരുന്നു. ഇനി കോംപറ്റീഷൻ കമ്മീഷൻ്റെയും കമ്പനി നിയമ ട്രൈബ്യൂണലിൻ്റെയും അംഗീകാരവും ഓഹരി ഉടമകളുടെ സമ്മതവും വേണം.
ഇന്ത്യൻ കമ്പനി ചരിത്രത്തിലെ ഏറ്റവും വലിയ ലയനമാകും ഇത്. രാജ്യത്തു വിപണി മൂല്യത്തിൽ രണ്ടാം സ്ഥാനത്തു വരും സംയുക്ത കമ്പനി. 16,900 കോടി ഡോളറാണ് ഇപ്പോൾ രണ്ടു കമ്പനികളുടെയും കൂടി വിപണി മൂല്യം.
എച്ച്ഡിഎഫ്സിയുടെ 25 ഓഹരിക്ക് എച്ച്ഡിഎഫ്സി ബാങ്കിൻ്റെ 42 ഓഹരി നൽകും. ലോകത്തിലെ ഏറ്റവും വിലപ്പെട്ട 10 ബാങ്കുകളിൽ ഒന്നാകും എച്ച്ഡിഎഫ്സി ബാങ്ക്.
കയറ്റുമതി കൂടി, കമ്മിയും
ജൂൺ മാസത്തിൽ ഇന്ത്യയുടെ കയറ്റുമതി 16.8 ശതമാനം വർധിച്ചു. എന്നാൽ ഇറക്കുമതി 51 ശതമാനം വർധിച്ചതിനാൽ വാണിജ്യ കമ്മി 2560 കോടി ഡോളർ എന്ന റിക്കാർഡിൽ എത്തി. കയറ്റുമതി 3794 കോടി ഡോളറിൻ്റേതാണ്. ഇറക്കുമതി 6360 കോടി ഡോളറും.
തലേവർഷം ജൂണിനെ അപേക്ഷിച്ചു കയറ്റുമതിയിൽ നല്ല വളർച്ച ഉണ്ടെങ്കിലും മേയ് മാസത്തെ അപേക്ഷിച്ചു കുറവായി.
വാണിജ്യഗതി കറൻ്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കുന്ന രീതിയിലാണ്. ജൂൺ പാദത്തിൽ കമ്മി 1300 കോടി ഡോളറിൽ നിന്ന് 3000 കോടി ഡോളറിൽ എത്തുമെന്ന് റേറ്റിംഗ് ഏജൻസികൾ വിലയിരുത്തുന്നു.
This section is powered by Muthoot Finance