കുതിപ്പിനു വിശ്രമം? വീണ്ടും മാന്ദ്യഭീതി; അനുകൂല ഘടകങ്ങൾ അവഗണിക്കുമോ? ക്രൂഡ് വില താഴോട്ട്
ഓഹരി വിപണി ചെറിയ തിരുത്തലിലേക്കോ?; പിഎംഐ താഴ്ന്നു, ക്രൂഡ് ഇടിഞ്ഞു; സ്വർണം തിളങ്ങുന്നു
തുടർച്ചയായ നാലു ദിവസത്തെ കുതിപ്പിനു ശേഷം ഇന്ന് ഇന്ത്യൻ വിപണി ചെറിയ താഴ്ചയിലേക്കു നീങ്ങാൻ സാധ്യതയുണ്ട്. ആഭ്യന്തര സൂചനകളും സാമ്പത്തിക സൂചകങ്ങളും പോസിറ്റീവ് ആണെങ്കിലും വിദേശ പ്രവണതകൾ വിപരീതമാണ്. ചൈന മുതൽ യുഎസ് വരെ വ്യവസായ ഉൽപാദന സൂചിക (പിഎംഐ ആധാരമാക്കിയുള്ളത് ) താഴ്ന്നു. ഇതു മാന്ദ്യത്തിൻ്റെ ഉറച്ച സൂചനയായി പലരും വ്യാഖ്യാനിച്ചു.
യൂറോപ്യൻ സൂചികകളും അമേരിക്കൻ വിപണി സൂചികകളും ചാഞ്ചാട്ടത്തിനു ശേഷം ചെറിയ തോതിൽ താണു. പിന്നീട് ഫ്യൂച്ചേഴ്സും താഴ്ചയിലായി. ഇന്നു രാവിലെ ഓസ്ട്രേലിയയിലും ഏഷ്യയിലും ഓഹരി വിപണികൾ നല്ല ഇടിവ് കാണിച്ചു. ജപ്പാനിലെ നിക്കെെ ഒന്നര ശതമാനത്തിലധികം താണപ്പോൾ ഹോങ് കോങ്ങിലെ ഹാങ്സെങ് മൂന്നു ശതമാനത്തോളം ഇടിഞ്ഞു. ചൈനയിലെ ഷാങ്ഹായ് കോംപസിറ്റ് സൂചിക തുടക്കത്തിൽ രണ്ടര ശതമാനം താഴ്ചയിലായി.
മികച്ച ജിഎസ്ടി പിരിവ്, രൂപയുടെ തിരിച്ചു കയറ്റം, 5ജി സ്പെക്ട്രം ലേലത്തിൻ്റെ വിജയം, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, നല്ല കാലവർഷ മഴ തുടങ്ങി പല അനുകൂല ഘടകങ്ങളും ഇന്ത്യക്ക് ഉണ്ട്. ഇപ്പോഴത്തെ മുന്നേറ്റം ആവേശത്തോടെ കൊണ്ടുപോകാൻ അതു സഹായിക്കേണ്ടതായിരുന്നു. പക്ഷേ പാശ്ചാത്യരും പൗരസ്ത്യരും ഒരു പോലെ മാന്ദ്യഭീതിയിലാകുമ്പോൾ ഇന്ത്യക്കു വിട്ടു നിൽക്കാൻ പറ്റില്ല. വിപണി ചെറിയ തിരുത്തലിനു വിധേയമാകേണ്ടി വരും എന്നാണു സൂചന.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,393 വരെ ഉയർന്നതാണ്. പക്ഷേ ഇന്നു രാവിലെ 17, 297 ലേക്കു താണു. ഇന്ത്യൻ വിപണി താഴ്ചയോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ഇന്നലെ സെൻസെക്സ് 545.25 പോയിൻ്റ് (0.95%) ഉയർന്ന് 58,115.5 ലും നിഫ്റ്റി 181.8 പോയിൻ്റ് (1.06%) കയറി 17,340.05-ലും ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 1.51 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.47 ശതമാനവും നേട്ടമുണ്ടാക്കി. വാഹന കമ്പനികളാണു കുതിപ്പിനു മുന്നിൽ നിന്നത്. നിഫ്റ്റി ഓട്ടോ സൂചിക 3. 27 ശതമാനം കയറി. ടാറ്റാ മോട്ടോഴ്സ് 6.58 ശതമാനവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര 6.29 ശതമാനവും കുതിച്ചു. ഓയിൽ - ഗ്യാസ് മേഖല രണ്ടു ശതമാനത്തിലധികം ഉയർന്നു. റിലയൻസ് ഓഹരി 237 ശതമാനം കയറി.
വിദേശ നിക്ഷേപകർ ഇന്ത്യയിലേക്കു ശക്തമായി തിരിച്ചുവരുകയാണ്.ഇന്നലെ 2320.61 കോടി രൂപ അവർ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 822.23 കോടി രൂപയുടെ വിൽപനക്കാരുമായി.
വിപണി ബുളളിഷ് ആണ്. ഇപ്പോഴത്തെ മുന്നേറ്റം അപ്രതീക്ഷിതമാണെന്നും 17,700-17,900 മേഖലയിൽ നിന്നു വീണ്ടും താഴോട്ടു പോകുമെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ അതത്ര കാര്യമാക്കുന്ന മട്ടിലല്ല വിദേശികളടക്കമുള്ള ഫണ്ടുകളും അതിസമ്പന്ന നിക്ഷേപകരും ഇന്നലെ പെരുമാറിയത്. ചില്ലറ നിക്ഷേപകർ പലരും തിരിച്ചു വന്നിട്ടില്ല. മിക്ക നിക്ഷേപകരും അറച്ചു നിൽക്കുകയാണ്.
അവിചാരിത പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ 17,400-17,500 മേഖലയിലെ തടസം മറികടന്നാൽ 17,800- 17,900 മേഖലയിലേക്കു നിഫ്റ്റിക്ക് എളുപ്പം കയറാനാകും എന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. ഇപ്പോഴത്തെ മുന്നേറ്റത്തിൻ്റെ തുടർഗതി അവിടെയാകും തീരുമാനിക്കുക.
ഇന്നു നിഫ്റ്റിക്ക് 17,210-ലും 17,075-ലും സപ്പോർട്ട് ഉണ്ട്. 17,410-ലും 17,485-ലും തടസം പ്രതീക്ഷിക്കുന്നു.
പിഎംഐ താഴ്ന്നു, ക്രൂഡ് ഇടിഞ്ഞു
ചൈനയിലും അമേരിക്കയിലും വ്യാവസായിക പ്രവർത്തനങ്ങൾ കുറഞ്ഞെന്നു പിഎംഐ സർവേ വ്യക്തമാക്കിയത് ക്രൂഡ് ഓയിൽ വിപണിയെ ദുർബലമാക്കി. ക്രൂഡ് ഡിമാൻഡ് കുറയും എന്ന വിലയിരുത്തൽ വിപണിയിൽ വ്യാപിച്ചു.വില നാലു ശതമാനത്തോളം താഴ്ന്നു. ബ്രെൻ്റ് ഇനം 100 ഡോളറിലേക്കു പിൻവാങ്ങി. വെള്ളിയാഴ്ച 110 ഡോളർ വരെ കയറിയതായിരുന്നു. പ്രകൃതി വാതക കാര്യത്തിൽ റഷ്യ വീണ്ടും ഉപാധികൾ വച്ചതാേടെ വില ഉയർന്ന് 8.2 ഡോളറിനു മുകളിലായി.
ലോഹങ്ങൾ കുതിച്ചു
വ്യാവസായിക ലോഹങ്ങൾ വലിയ കുതിപ്പിലാണ്. ചൈനയിലും യൂറോപ്പിലും അമരിക്കയിലും മാന്ദ്യഭീതി പടർന്നത് ഇന്നലെ ലോഹങ്ങളെ ഒട്ടും ബാധിച്ചില്ല. ചെമ്പ് വില 1.66 ശതമാനം ഉയർന്ന് 7900 ഡോളറിനു മുകളിലെത്തി. അലൂമിനിയം നാമമാത്രമായി താഴാേട്ടു പോയെങ്കിലും മറ്റു ലോഹങ്ങൾ കുതിച്ചു. ഇരുമ്പയിര് ആറര ശതമാനം ഉയർന്ന് 114 ഡോളറിനു മീതെയായി. നിക്കൽ ഒൻപതു ശതമാനവും ടിൻ ആറു ശതമാനവും നേട്ടമുണ്ടാക്കി. ഇന്നു ചൈനീസ് വിപണിയും ഉയരുകയാണെങ്കിൽ മെറ്റൽ കമ്പനി ഓഹരികൾ നേട്ടത്തിലാകും.
സ്വർണം തിളങ്ങുന്നു
മാന്ദ്യഭീതി സ്വർണത്തിനു തുണയായി. വില 1775 ഡോളർ കടന്നു മുന്നേറി. ഇത് ഏതു വരെ പോകും എന്നു വ്യക്തമല്ല. ഇന്നു രാവിലെ 1777-1778 ഡോളറിലാണു സ്വർണം. ഡോളർ നിരക്കു ഗണ്യമായി താഴുന്നില്ലെങ്കിൽ കേരളത്തിൽ സ്വർണ വില ഉയരും. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായിരുന്നു.
ഡോളർ സൂചിക ഇന്നലെ 105.45 ലേക്കു കയറിയാണു ക്ലാേസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 105.24 ലേക്കു താഴ്ന്നു. ഇന്നലെയും രൂപ നേട്ടമുണ്ടാക്കി. ഡോളർ 23 പൈസ കുറഞ്ഞ് 79.02 രൂപയിൽ ക്ലോസ് ചെയ്തു.
ജിഎസ്ടി പിരിവ് 1.49 ലക്ഷം കോടി
ജൂലൈ മാസത്തെ ജിഎസ്ടി പിരിവ് 1,48,995 കോടി രൂപയായി. ഈ നികുതി സമ്പ്രദായം തുടങ്ങിയ ശേഷമുള്ള രണ്ടാമത്തെ ഏറ്റവും വലിയ പിരിവാണിത്. ജൂണിൽ 1.44 ലക്ഷം കോടിയായിരുന്നു പിരിവ്. തുടർച്ചയായ അഞ്ചുമാസം 1.4 ലക്ഷം കോടി രൂപയിലധികമായി നികുതി പിരിവ്.
നികുതി ചോർച്ച തടയുന്നതിലെ വിജയവും ഉൽപന്ന-സേവന വിലക്കയറ്റവും സാമ്പത്തിക പ്രവർത്തനങ്ങളിലെ വർധനയും ചേർന്നാണ് ഈ വലിയ വർധന സാധ്യമായത്.