ആവേശം കാത്തു വിപണി; ഫെഡ് മിനിറ്റ്സ് ദോഷം ചെയ്തില്ല; ഹ്രസ്വകാല കുതിപ്പ് മുന്നിൽ; ക്രൂഡ് 100 ഡോളറിനു താഴെ; സ്വർണവും ഇടിവിൽ
ഓഹരി വിപണി ബുള്ളിഷ് മനോഭാവത്തിലോ?; സ്വർണ്ണവിലയിൽ ഇന്ന് എന്ത് സംഭവിക്കും? ; ഫെഡ് മിനിറ്റ്സ് പറയുന്നത് എന്താണ്?
ഇന്നലെ വിപണി കരുതലോടെ തുടങ്ങിയ ശേഷം നല്ല നേട്ടം ഉണ്ടാക്കി. തലേന്ന് നഷ്ടപ്പെടുത്തിയ നേട്ടങ്ങൾ തിരിച്ചുപിടിച്ചു. യൂറോപ്യൻ വിപണി തിരിച്ചു കയറിയതും വിദേശ നിക്ഷേപകർ വീണ്ടും ഓഹരികൾ വാങ്ങാൻ തയാറായതും കയറ്റത്തിനു സഹായിച്ചു.
ഇന്നലെ ഫെഡ് മിനിറ്റ്സ് പുറത്തു വരും വരെ വലിയ താഴ്ചയിലായിരുന്ന യുഎസ് സൂചികകൾ കുത്തനേ തിരിച്ചു കയറി. എന്നാൽ ആദ്യത്തെ ഉയർച്ചയ്ക്കു ശേഷം പിന്നീടു സൂചികകൾ അൽപം താണു. ഡൗ ജോൺസ് 0.23 ശതമാനവും നാസ്ഡാക് 0.35 ശതമാനവും മാത്രം നേട്ടത്തിലാണു ക്ലോസ് ചെയ്തത്.
ഏഷ്യൻ വിപണികൾ രാവിലെ നേട്ടത്തിലാണ്. എന്നാൽ തുടക്കത്തിലെ കയറ്റത്തിൽ നിന്നു ഗണ്യമായി പിന്നാക്കം പോയി. ചൈനയിൽ കോവിഡ് വീണ്ടും വ്യാപിക്കുന്നതായ റിപ്പോർട്ടുകൾ വിപണിയുടെ ഉത്സാഹം കെടുത്തി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നു രാവിലെ നല്ല നേട്ടം കാണിക്കുന്നുണ്ട്. രാവിലെ 16,064 കയറിയ ശേഷം അൽപം താണു. പിന്നീടു 16,115 ലേക്ക് ഉയർന്നു. ഇന്ത്യൻ വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
ബുള്ളിഷ് മനോഭാവത്തിലാണു വിപണി. നിഫ്റ്റി ഇന്നു 16,000-നു മുകളിൽ സ്ഥിരത നേടിയാൽ 16,200-16,450 മേഖലയിലേക്കു ഹ്രസ്വകാല മുന്നേറ്റം പ്രതീക്ഷിക്കാം.
സെൻസെക്സ് ഇന്നലെ 616.62 പോയിൻ്റ് (1.16%) നേട്ടത്തോടെ 53,750.97-ലും നിഫ്റ്റി 178.9 പോയിൻ്റ് (1.13%) നേട്ടത്തോടെ 15,989.8 ലും ക്ലാേസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.9 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.49 ശതമാനവും ഉയർന്നു. ഓയിൽ - ഗ്യാസ് ഒഴികെ എല്ലാ ബിസിനസ് വിഭാഗങ്ങളും നല്ല നേട്ടമുണ്ടാക്കി. വാഹന, എഫ്എംസിജി, റിയൽറ്റി, ബാങ്കിംഗ്, ഐടി, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയവ നേട്ടങ്ങൾക്കു മുന്നിൽ നിന്നു.
ഭക്ഷ്യ എണ്ണ കമ്പനികളോട് എണ്ണവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത് ഹിന്ദുസ്ഥാൻ യൂണിലീവർ, നെസ്ലെ, ഡാബർ, ബ്രിട്ടാനിയ, ഗോദ്റെജ് കൺസ്യൂമർ തുടങ്ങിയ എഫ്എംസിജി കമ്പനികളെ സഹായിച്ചു. ലിറ്ററിനു 10 രൂപ കുറയ്ക്കാനാണു നിർദേശം. എന്നാൽ 15 രൂപ വരെ കുറയുമെന്നു കമ്പനികൾ സൂചിപ്പിക്കുന്നു.
പുതിയ എസ് യു വി അവതരിപ്പിക്കുന്നു എന്ന മാരുതി സുസുകിയുടെ പ്രസ്താവനയെ ഓഹരിവില മൂന്നര ശതമാനം ഉയർത്തിയാണു വിപണി സ്വീകരിച്ചത്.
ഇന്നലെ വിദേശികൾ 330.13 കോടി രൂപയുടെ ഓഹരികൾ മാത്രമേ വിറ്റുള്ളു. തലേന്ന് 1296 കോടിയുടെ ഓഹരികൾ വാങ്ങിയതുമാണ്. ഇന്നലെ സ്വദേശി ഫണ്ടുകൾ 1464.33 കോടിയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിൽ വില വീണ്ടും താഴോട്ടാണ്. മാന്ദ്യഭീതിയും ചൈനയിലെ കോവിഡ് വ്യാപനവും ആണു കാരണം.ഇന്നു രാവിലെ ബ്രെൻ്റ് ഇനം ക്രൂഡ് 98 ഡോളറിലേക്കു താണു. പിന്നീടു 99.2 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 97.4 ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ വീണ്ടും ഇടിഞ്ഞു.ചെമ്പ് രണ്ടു വർഷത്തിനിടയിലെ ഏറ്റവും താണ നിലയായ ടണ്ണിന് 7525 ഡോളറിലെത്തി.അലൂമിനിയം 2388 ഡോളർ വരെ താണു. ഇരുമ്പയിരു വില 112 ഡോളറിലേക്ക് ഇടിഞ്ഞു. മാന്ദ്യം വ്യാവസായിക ആവശ്യങ്ങൾ കുറയ്ക്കും എന്നതാണു വിലയിടിവിലേക്കു നയിക്കുന്നത്.
സ്വർണവും താഴോട്ടാണ്. ഡോളർ സൂചിക 107-ഉം കടന്നു കുതിക്കുന്നു. ക്രിപ്റ്റോ കറൻസികൾ വലിയ തകർച്ചയിലാണെങ്കിലും അങ്ങോട്ടു പോയ നിക്ഷേപകർ സ്വർണത്തിലേക്കു മടങ്ങിക്കാണുന്നില്ല. സ്വർണം ഇന്നലെ 1773 ഡോളർ വരെ കയറിയിട്ടു പിടിച്ചു നിൽക്കാനാവാതെ 1732 ലേക്ക് കുത്തനേ വീണു. ഇന്നു രാവിലെ 1739-1741 ഡോളറിലാണു സ്വർണം.
കേരളത്തിൽ ഇന്നലെ പവനു 400 രൂപ കുറഞ്ഞ് 38,080 രൂപയായി. ഇന്നും സ്വർണ വില ഗണ്യമായി കുറയാo. ഡോളർ ഇന്നലെ തുടക്കത്തിൽ ഗണ്യമായി താഴ്ന്നെങ്കിലും ഒടുവിൽ ചെറിയ നഷ്ടത്തോടെ 79.3 രൂപയിൽ ക്ലോസ് ചെയ്തു.
റിസർവ് ബാങ്ക് വിദേശനാണ്യ വരവ് പ്രോത്സാഹിപ്പിക്കാൻ ഇന്നലെ വൈകുന്നേരം കുറേ നടപടികൾ പ്രഖ്യാപിച്ചു. അതിനോടുള്ള വിപണിയുടെ പ്രതികരണം ഇന്നറിയാം. റിസർവ് ബാങ്ക് നടപടികളുടെ ഫലപ്രാപ്തിയെപ്പറ്റി പല നിരീക്ഷകർക്കും വിപരീതാഭിപ്രായമുണ്ട്.
ഇന്ത്യൻ കമ്പനികൾ എടുത്ത വിദേശ വാണിജ്യ വായ്പകളിൽ ഗണ്യമായ പങ്കും വിനിമയ നിരക്കിലെ മാറ്റങ്ങൾ താങ്ങാൻ ഹെഡ്ജ് ചെയ്തിട്ടില്ല എന്നതു രൂപയുടെ സ്ഥിതി മോശമാക്കുന്നു.
ഫെഡ് മിനിറ്റ്സ് പറയുന്നത്
യുഎസ് കേന്ദ്ര ബാങ്ക് ഫെഡിൻ്റെ മിനിറ്റ് സ് ഇന്നലെ പുറത്തു വന്നു. വിപണി ആകാംക്ഷയോടെ കാത്തിരുന്ന മിനിറ്റ്സ് ഈ മാസം തന്നെ പലിശ നിരക്ക് 50 ബേസിസ് പോയിൻ്റോ 75 ബേസിസ് പോയിൻ്റോ വർധിപ്പിക്കും എന്ന് ഉറപ്പാക്കി. വിലക്കയറ്റ പ്രവണത തടഞ്ഞു നിർത്തണം, അതു വേഗം വേണം, പലിശവർധന ഈ വർഷം തന്നെ അവസാനിപ്പിക്കാൻ കഴിയണം - ഇതാണു മിനിറ്റ്സിൽ കേട്ട വിലയിരുത്തൽ.
ഹ്രസ്വകാലത്തേക്കു മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത യോഗം തള്ളിക്കളഞ്ഞില്ല. പക്ഷേ സുഗമമായ സാമ്പത്തിക വളർച്ചയ്ക്കുള്ള ചെറിയ വിലയായാണ് അതിനെ ഫെഡ് കമ്മിറ്റി കാണുന്നത്. ഈ മാസം കഴിയുമ്പോൾ കുറഞ്ഞ പലിശ നിരക്ക് രണ്ടേകാലോ രണ്ടരയോ ശതമാനമാകും എന്നാണു മിനിറ്റ്സ് നൽകുന്ന സൂചന.
കൂടുതൽ വിദേശനാണ്യം വരുത്താൻ പുതിയ നടപടികൾ
രൂപയുടെ വിനിമയ നിരക്കിലെ ഇടിവ് തടയാൻ റിസർവ് ബാങ്ക് ഇന്നലെ ചില നടപടികൾ പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരം വർധിക്കാൻ സഹായിക്കുന്നതാണ് ഇവ.
ഫോറിൻ കറൻസി നോൺ റെസിഡൻ്റ് (ബാങ്ക്) അഥവാ എഫ്സിഎൻആർ-ബി, നോൺ റെസിഡൻ്റ് എക്സ്റ്റേണൽ (എൻആർ-ഇ) അക്കൗണ്ടുകളിൽ ഇനി വരുന്ന തുകകൾ കരുതൽ പണ അനുപാത (സിആർആർ) ത്തിനും സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എൽആർ) ക്കും പരിഗണിക്കേണ്ട എന്നതാണ് ഒന്നാമത്തെ കാര്യം. നവംബർ നാലു വരെയുള്ള അധിക നിക്ഷേപങ്ങൾക്കാണ് ഈ കിഴിവ്. എൻആർഒ അക്കൗണ്ടുകളിൽ നിന്ന് അവയിലേക്കു മാറ്റുന്ന തുകകൾക്കു കിഴിവില്ല.
നാളെ മുതൽ ഒക്ടോബർ 31 വരെ പലിശ നിബന്ധന ഇല്ലാതെ പുതിയ എഫ്സിഎൻആർ-ബി, എൻആർഇ നിക്ഷേപങ്ങൾ സ്വീകരിക്കാൻ ബാങ്കുകൾക്ക് അനുവാദം നൽകി.
വിദേശ നിക്ഷേപകർക്ക് ഒരു വർഷം വരെ കാലാവധിയുള്ള നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകളിൽ നിക്ഷേപിക്കാനും ഓതറൈസ്ഡ് ഡീലർമാർക്കു വിദേശത്തു നിന്ന് വായ്പയെടുത്ത് വിദേശനാണ്യ വായ്പ അനുവദിക്കാനും അനുമതി നൽകി.
കമ്പനികൾക്കു 150 കോടി ഡോളറിൻ്റെ വിദേശവായ്പ വരെ ഓട്ടോമാറ്റിക് റൂട്ടിൽ വാങ്ങാം. വിദേശ നിക്ഷേപകർക്കു പരിധിയില്ലാതെ നിക്ഷേപിക്കാൻ കൂടുതൽ ഹ്രസ്വകാല കടപ്പത്രങ്ങൾ റിസർവ് ബാങ്ക് ഇറക്കും.
നടപടി തിടുക്കത്തിൽ ഉള്ളതെന്നു വിമർശനം
രൂപയുടെ ഇടിവ് മയപ്പെടുത്താൻ കഴിഞ്ഞ ആറാഴ്ച കൊണ്ടു റിസർവ് ബാങ്ക് 4000 കോടി ഡോളർ ചെലവഴിച്ചിരുന്നു. എന്നിട്ടും രൂപ നാലര ശതമാനം ഇടിഞ്ഞു. ഇതിനിടയിലാണ് പുതിയ നടപടി. കൂടുതൽ ഡോളർ ഇന്ത്യൻ ബാങ്കുകളിലേക്ക് എത്തിക്കാൻ ഈ നടപടികൾ സഹായിക്കുമെന്നു റിസർവ് ബാങ്ക് കരുതുന്നു.
എന്നാൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികൾ തിടുക്കത്തിലുള്ളതും വിപരീത ഫലമുളവാക്കാവുന്നതുമാണെന്നു പലരും കരുതുന്നു. പലിശനിയന്ത്രണം ഇല്ലാതെ വിദേശ നിക്ഷേപം സ്വീകരിക്കുന്നതും അവയ്ക്കു കരുതൽ തുക നീക്കിവയ്ക്കാതിരിക്കുന്നതും അവിവേകമായി കരുതുന്നവരുണ്ട്.
പുറത്തറിയുന്നതിലും മോശമാണു രാജ്യത്തിൻ്റെ വിദേശനാണ്യനില എന്ന തെറ്റിധാരണ പരത്താനേ തിടുക്കത്തിലുള്ള ഈ നടപടി സഹായിക്കൂ എന്നാണ് അവർ പറയുന്നത്.
ഇന്ത്യയുടെ 62,700 കോടിയിൽപരം ഡോളറിൻ്റെ വിദേശനാണ്യ വായ്പയിൽ 25,000 കോടി ഡോളർ ആറുമാസത്തിനകം തിരിച്ചടയ്ക്കേണ്ടതുണ്ട്.
വിദേശത്തു പലിശ നിരക്ക് പെട്ടെന്ന് വർധിക്കുന്ന സാഹചര്യത്തിൽ പുതിയ വായ്പ എടുത്ത് ബാധ്യത നീട്ടി വയ്ക്കാൻ കമ്പനികൾ തയാറല്ല. ഇന്ത്യൻ രൂപയുടെ ഇപ്പോഴത്തെ ഇടിവിനു പ്രധാന കാരണങ്ങളിലൊന്ന് ഈ ബാധ്യതയാണ്.