ചാഞ്ചാട്ടം കഴിഞ്ഞു കയറ്റം; പ്രതീക്ഷയോടെ നിക്ഷേപകർ; ഡോളർ 80 രൂപ കടന്നു; യൂറോ ഇടിയുന്നതിനു പിന്നിൽ

ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ തുടങ്ങിയേക്കും; വിദേശ നിക്ഷേപകർ തിരിച്ചു വരുന്നു?; ക്രൂഡിൽ ചാഞ്ചാട്ടം, ലോഹങ്ങൾ താണു

Update:2022-07-15 08:59 IST

യുഎസ് വിപണി വലിയ തകർച്ചയിൽ നിന്നു ചെറിയ നഷ്ടത്തിലേക്കു കയറി. ഇതോടെ ഇന്ത്യൻ വിപണി രാവിലെ നേട്ടത്തോടെ തുടങ്ങുമെന്ന പ്രതീക്ഷ ശക്തിപ്പെട്ടു. എന്നാൽ ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ്. ബ്രസീലും ഓസ്ട്രേലിയയും കനത്ത തോതിൽ ഇടിഞ്ഞു. ദക്ഷിണ കൊറിയയും നല്ല താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നേട്ടത്തോടെ തുടങ്ങിയ വിപണി പിന്നീടു നഷ്ടത്തിലായി. ഹോങ്‌ കോങ്ങിൽ ഒരു ശതമാനത്തിലേറെ ഇടിവിലാണു വ്യാപാരം തുടങ്ങിയത്. വ്യാപാരം പുരോഗമിച്ചതോടെ മിക്ക വിപണികളിലും നഷ്ടം കുറഞ്ഞു.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി രാവിലെ 15,974 വരെ കയറിയിട്ടു താഴ്ന്നു 15,920 വരെ എത്തി. പിന്നീടു കയറി 15,990-ലെത്തി. ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങും എന്നാണു സൂചന.

കച്ചിത്തുരുമ്പ്

അടുത്ത ഫെഡ് യോഗത്തിലെ പലിശവർധന പലരും പേടിക്കുന്നതു പോലെ 100 ബേസിസ് പോയിൻ്റ് വരണമെന്നില്ലെന്നു ഫെഡിലെ രണ്ടു വാചാല അംഗങ്ങൾ പറഞ്ഞതാണു വിപണിക്കു കച്ചിത്തുരുമ്പായത്. ഏതായാലും വോൾ സ്ട്രീറ്റിൽ വ്യാപാരം തുടങ്ങിയപ്പോൾ കണ്ട വലിയ ഭീതി വ്യാപാരാവസാനത്തിൽ ഇല്ല. എങ്കിലും ഇന്നു പുറത്തു വരുന്ന കമ്പനി റിസൽട്ടുകൾ മോശമായാൽ വിപണി വീണ്ടും ക്ഷീണത്തിലാകും. ഇന്നലെ വമ്പൻ ബാങ്കുകൾ മോശം റിസൽട്ടാണു പുറത്തുവിട്ടത്.

ക്രൂഡ് ഓയിൽ ഉൽപാദക കമ്പനികൾക്കു ചുമത്തിയ അധിക ലാഭ നികുതി നീക്കുകയോ കുറയ്ക്കുകയോ ചെയ്യുന്ന കാര്യം ഗവണ്മെൻ്റ് പരിഗണിക്കുന്നതായ റിപ്പോർട്ട് ഇന്നലെ വിപണിയെ സഹായിച്ചു. പലിശ - മാന്ദ്യ ഭീതിയെ തുടർന്ന് വ്യാവസായിക ലോഹങ്ങളുടെ വില വീണ്ടും ഇടിഞ്ഞു. ഡോളർ സൂചിക 109.29 വരെ ഉയർന്നിട്ട് 108.61 ലേക്കു താഴ്ന്നത് രൂപയ്ക്ക് ആശ്വാസമാകാനിടയില്ല. ഡോളർ 80 രൂപ എന്ന നിർണായക നാഴികക്കല്ല് ഇന്നലെ അനൗപചാരിക വ്യാപാരത്തിൽ മറികടന്നിരുന്നു.

ഇന്നലെയും നേട്ടത്തോടെ തുടങ്ങിയിട്ടു നഷ്ടത്തിൽ അവസാനിക്കുകയായിരുന്നു ഇന്ത്യൻ വിപണി. സെൻസെക്സ് 98 പോയിൻ്റ് (0.18%) താഴ്ന്ന് 53,416.15 ലും നിഫ്റ്റി 28 പോയിൻ്റ് (0.18%) താഴ്ന്ന് 15,938.65ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കൂടുതൽ താഴ്ചയിലായിരുന്നു. ഐടി മേഖല ഇന്നലെയും വലിയ ഇടിവ് കാണിച്ചു. ബാങ്ക്, ധനകാര്യ, മെറ്റൽ, എഫ്എംസിജി, റിയൽറ്റി മേഖലകളും ഇടിവിലായിരുന്നു. ഓയിൽ - ഗ്യാസ്, ഫാർമ, ഹെൽത്ത് കെയർ തുടങ്ങിയവ നേട്ടമുണ്ടാക്കി.

വിദേശികൾ വാങ്ങലുകാർ

വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ നിക്ഷേപകരായി എന്നതാണ് ഇന്നലെ ശ്രദ്ധേയമായ കാര്യം. അവർ 309.06 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേ സമയം സ്വദേശി ഫണ്ടുകൾ 556.4 കോടി രൂപയുടെ ഓഹരികൾ വിറ്റു. വിദേശികളുടേതു പുതിയ പ്രവണതയാണോ എന്നു വ്യക്തമായിട്ടില്ല.

നിഫ്റ്റി 20 ദിവസ എക്സ്പോണൻഷ്യൽ മൂവിംഗ് ആവരേജി (ഇഎംഎ) നു താഴെ ക്ലോസ് ചെയ്തത് നെഗറ്റീവ് സൂചനയായി കരുതപ്പെടുന്നു. നിഫ്റ്റിക്ക് ഇന്ന് 15,840-ലും 15,745-ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 16,055- ലും 16,170-ലും തടസം ഉണ്ടാകും.

ഇന്നു റിസൽട്ട് പുറത്തു വിടുന്ന എൻഎംഡിസി, ജെഎസ്ഡബ്ലു സ്റ്റീൽ, ജിൻഡൽ സ്റ്റീൽ തുടങ്ങിയവ ലാഭത്തിൽ വലിയ ഇടിവ് കാണിക്കുമെന്നു ബ്രാേക്കറേജുകൾ വിലയിരുത്തുന്നു. ഹിൻഡാൽകോ ലാഭം വർധിപ്പിക്കുമെന്നാണു വിശകലനം.

ക്രൂഡിൽ ചാഞ്ചാട്ടം, ലോഹങ്ങൾ താണു

ക്രൂഡ് ഓയിൽ വില ചാഞ്ചാടുകയാണ്. യുഎസിനു പിന്നാലെ ചൈനീസ് ഡിമാൻഡും കുറഞ്ഞു. ചൈനയിൽ പാർപ്പിട വായ്പാ മേഖല വീണ്ടും പ്രതിസന്ധിയിലായി. ഇന്നലെ ബ്രെൻ്റ് ഇനം ക്രൂഡ് 98.9 ഡോളറിലെത്തി. പക്ഷേ ഇന്നു രാവിലെ 100.2 ഡോളറിലേക്കു കയറി.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ വീണ്ടും ഇടിവിലായി. സ്റ്റീൽ താഴോട്ടാണെന്നു കാണിച്ചു കൊണ്ട് ഇരുമ്പയിര് വില അഞ്ചു ശതമാനം ഇടിഞ്ഞു 106 ഡോളർ ആയി. അലൂമിനിയം 2340 ഡോളർ, ചെമ്പ് 7216 ഡോളർ എന്നിങ്ങനെയായി. നിക്കൽ വില ആറു ശതമാനത്തിലധികം താഴോട്ടു പോന്നു.

സ്വർണം താണു, കയറി

സ്വർണം 1700 ഡോളറിനു താഴേക്കു വീണിട്ടു തിരിച്ചു കയറി. ഇന്നലെ 1731.9-1697.9 ഡോളർ മേഖലയിൽ കയറിയിറങ്ങി. യുഎസ് പലിശ നിരക്ക് അമിതമായി വർധിക്കും എന്ന ആശങ്കയാണ് 1700-നു താഴാേട്ട് മഞ്ഞലോഹത്തെ വലിച്ചത്. ഇന്നു രാവിലെ 1716-1717 നിലവാരത്തിലാണു സ്വർണ വ്യാപാരം. ഇന്നലെ കേരളത്തിൽ പവനു 160 രൂപ വർധിച്ച് 37,520 രൂപയായി. ഇന്ന് വില കുറയാൻ തക്കതാണ് അന്താരാഷ്ട്ര വില എങ്കിലും ഡോളർ നിരക്കു കുത്തനെ കൂടിയതിനാൽ അതിനനുസരിച്ച കുറവ് കേരളത്തിൽ വരണമെന്നില്ല.

യൂറോയും ഡോളറിനു താഴോട്ട്

ഡോളർ സൂചിക 109.29 എന്ന റിക്കാർഡിലേക്ക് ഇന്നലെ ഉയർന്നു. യൂറോയും ഡോളറും തുല്യതയിൽ എത്തി എന്നതാണ് രാജ്യാന്തര കറൻസിവിനിമയ വിപണിയിലെ പുതിയ ശ്രദ്ധേയ സംഗതി. ഇതു വരെ യൂറോ ഡോളറിനേക്കാൾ വിലപ്പെട്ടതായിരുന്നു.

1999-ൽ രൂപം കൊണ്ട യൂറോ തുടക്കത്തിലെ മൂന്നു വർഷം മാത്രമാണു ഡോളറിനു താഴെ നിന്നത്. പക്ഷേ അന്നു യൂറോ കറൻസി നോട്ടുകളും നാണയങ്ങളും വിപണിയിൽ എത്തിയിരുന്നില്ല. ബാങ്ക് രേഖകളിൽ മാത്രമായിരുന്നു കറൻസി വിനിമയം. ജനങ്ങളുടെ കൈയിൽ യൂറോ കറൻസി എത്തിയ ശേഷം ഇതാദ്യമാണ് ഡോളറിനു താഴെയാകുന്നത്.ഇന്നലെ 0.9998 ഡോളറായാണു യൂറോ താണത്.

യൂറോപ്പ് മാന്ദ്യത്തിലേക്കു നീങ്ങുന്നു എന്ന് ഉറപ്പായ മട്ടിലാണു വിപണിയുടെ പ്രതികരണം. യൂറോപ്യൻ വിലക്കയറ്റം 8.6 ശതമാനം കവിഞ്ഞു. ലോകരാജ്യങ്ങൾ കറൻസി റിസർവിൽ രണ്ടാം സ്ഥാനം നൽകുന്ന യൂറാേ ഈ വർഷം ഇതുവരെ 12 ശതമാനത്തിലധികം ഇടിഞ്ഞു. ഇതേ സമയം രൂപ ഏഴു ശതമാനമാണ് ഇടിഞ്ഞത്. യുക്രെയ്ൻ യുദ്ധവും യൂറോപ്പിലെ വലിയ വിലക്കയറ്റവും പൊതു കറൻസിയെ കൂടുതൽ ദുർബലമാക്കി. യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളിൽ 19 എണ്ണം സ്വീകരിച്ചിട്ടുള്ളതാണു യൂറോ കറൻസി. 35 കോടി ജനങ്ങൾ ഇതുപയോഗിക്കുന്നു.

80 രൂപയ്ക്കു മുകളിൽ ഡോളർ എത്തിയപ്പോൾ

ഡോളർ ഇന്നലെ ഔപചാരിക വ്യാപാരത്തിൽ 79.88 രൂപയിൽ ക്ലോസ് ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ നടന്ന ഒടിസി (ഓവർ ദ കൗണ്ടർ) വ്യാപാരങ്ങളിൽ 80.05 രൂപയായി ഡോളർ. വലിയ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് ഒടിസി വിപണിയിൽ ഇടപാട് നടത്തുന്നത്. പിന്നീട് നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ 80.18 രൂപയായി. ഈ രണ്ടു വിപണികളും റെഗുലേറ്ററി അധികാരികളുടെ നിരീക്ഷണത്തിൽ പ്രവർത്തിക്കുന്നവയാണ്.

വിദേശനാണ്യ വിനിമയ വിപണിയിൽ ഡോളർ കുതിച്ചു കയറുന്ന സാഹചര്യത്തിൽ രൂപയുടെ ഇടിവ് അത്ര ഞെട്ടിക്കുന്ന കാര്യമല്ല. വിലയിടിവിൻ്റെ പ്രധാന ആഘാതം ഇറക്കുമതിച്ചെലവിലും അതുവഴി വിലക്കയറ്റത്തിലും ഉണ്ടാകുന്നതാണ്.

സ്വാതന്ത്ര്യം കിട്ടുന്ന 1947ൽ ഡോളറിന് 3.3 രൂപയായിരുന്നു നിരക്ക്. അന്ന് രൂപ ബ്രിട്ടീഷ് പൗണ്ടുമായി ബന്ധിപ്പിച്ചിരുന്നതിനാൽ പൗണ്ട്- ഡോളർ നിരക്കായിരുന്നു രൂപയുടെ നിരക്കിനെ നിശ്ചയിച്ചിരുന്നത്. രണ്ടു വർഷത്തിനു ശേഷം പൗണ്ടിൻ്റെ മൂല്യം 35 ശതമാനം കുറച്ചപ്പോൾ ഡോളറിനു 4.76 രൂപയായി. 1966 വരെ ഇതു തുടർന്നു. അക്കൊല്ലം ഇന്ത്യ മൂല്യശോഷണം പ്രഖ്യാപിച്ച് ഡോളറിന് 7.5 രൂപയാക്കി. 1980-കളിൽ രാജ്യം സ്ഥിര വിനിമയ നിരക്ക് അവസാനിപ്പിച്ചു. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളുടെ കറൻസികൾ ഉൾപ്പെടുത്തിയ ഒരു സംവിധാനവുമായി രൂപയുടെ നിരക്ക് ബന്ധപ്പെടുത്തി. രൂപ ഭാഗികമായി വിപണിബന്നിതമായി. 1991-ലെ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ തുടക്കത്തിൽ രൂപയുടെ മൂല്യം വീണ്ടും കുറച്ചു. ക്രമേണ വിപണി നിശ്ചയിക്കുന്ന വില നിലവിൽ വന്നു. എങ്കിലും വിലയുടെ ഗതി നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഇടപെട്ടു പോരുന്നു.

ഡോളർ 80 രൂപ കടക്കുമ്പോഴും ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളുടെ കറൻസികൾ അടങ്ങിയ സംവിധാനത്തിലെ രൂപയുടെ നില ഒട്ടും മോശമല്ല. റിയൽ ഇഫക്ടീവ് എക്സ്ചേഞ്ച് റേറ്റ് ഇപ്പാേഴും പോസിറ്റീവ് ആണ്. അതാണു ബാങ്കുകളോ കയറ്റിറക്കുമതി രംഗത്തുള്ളവരോ വിനിമയ നിരക്ക് താഴുന്നതിൽ വലിയ ആശങ്ക പ്രകടിപ്പിക്കാത്തത്.


This section is powered by Muthoot Finance

Tags:    

Similar News