വലിയ കുതിപ്പിനൊരുങ്ങി വിപണി; എഷ്യൻ സൂചികകളും മുന്നേറ്റത്തിൽ; പെട്രോൾ കയറ്റുമതിയുടെ അധികച്ചുങ്കം പിൻവലിച്ചു; രൂപയെ താങ്ങാൻ നടപടികൾ വരുന്നു
ഓഹരി വിപണി നേട്ടത്തിൽ തുടങ്ങിയേക്കും; റിലയൻസ് ഓഹരി വില ഉയരാനിട; വിദേശനാണ്യം കൂട്ടാൻ പുതിയ നടപടികൾ
ഓഹരികൾ വീണ്ടും കുതിപ്പ് തുടരുന്നു. ആശങ്കകൾക്ക് അവധി നൽകി പ്രമുഖ വിപണികൾ വലിയ നേട്ടമുണ്ടാക്കി. ക്രൂഡ് ഓയിൽ വിലക്കയറ്റവും രൂപയെ താങ്ങി നിർത്താനായി എടുക്കാൻ പോകുന്ന നടപടികളെപ്പറ്റിയുള്ള അനിശ്ചിതത്വവും ഉണ്ടെങ്കിലും ഇന്ത്യൻ വിപണി ഇന്നു നല്ല മുന്നേറ്റത്തിനാണ് ഒരുങ്ങുന്നത്. ഇന്ധന കയറ്റുമതിക്കു ചുമത്തിയ അധികച്ചുങ്കം വെട്ടിക്കുറച്ചതും ഇന്നു വിപണിയെ സഹായിക്കും.
ഏഷ്യൻ പ്രവണതകളിൽ നിന്നു വിട്ടുമാറി പാശ്ചാത്യ സൂചനകൾ ബലമാക്കിയാണ് ഇന്നലെ ഇന്ത്യൻ വിപണി തുടർച്ചയായ മൂന്നാം ദിവസത്തെ നേട്ടം കുറിച്ചത്. പിന്നീടു യൂറോപ്യൻ വിപണികൾ രണ്ടു ശതമാനം ഉയർന്നു. യുഎസ് വിപണി തുടക്കം മുതലേ ക്രമമായി കയറി ഏറ്റവും ഉയർന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് സൂചിക 2.43 ശതമാനം കുതിച്ചപ്പോൾ നാസ്ഡാക് 3.11 ശതമാനം കയറി. മുഖ്യസൂചികകൾ പ്രധാന തടസ മേഖലകൾ മറികടന്നു നിൽക്കുന്നത് വരുംനാളുകളിൽ നേട്ടത്തിനു കാരണമാകും. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് വീണ്ടും ഉയരത്തിലാണ്. അടുത്തയാഴ്ച യുഎസ് ഫെഡ് പലിശയിൽ 75 ബേസിസ് പോയിൻ്റ് വർധനയേ പ്രഖ്യാപിക്കൂ എന്ന ആശ്വാസവും കമ്പനികളുടെ മികച്ച റിസൽട്ടുമാണ് ഓഹരികളുടെ കുതിപ്പിനു കാരണം. മാന്ദ്യഭീതി താൽക്കാലത്തേക്കു വിപണി മറക്കുന്നു.
ഓസ്ട്രേലിയയിലും വിവിധ ഏഷ്യൻ രാജ്യങ്ങളിലും ഇന്നു രാവിലെ ഓഹരികൾ രണ്ടു ശതമാനത്തിലധികം ഉയർന്നാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി രാവിലെ 16,520 ലേക്കു കയറി. ഇന്നലെ 16,450ലായിരുന്നു. ഇന്ത്യൻ വിപണി ഇന്നു രാവിലെ നല്ല ഉയർച്ചയിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ താഴ്ന്ന തുടക്കത്തിനു ശേഷം ചാഞ്ചാട്ടത്തിലായ ഇന്ത്യൻ വിപണി അവസാന മണിക്കൂറിൽ മികച്ച നേട്ടം ഉണ്ടാക്കി.മുഖ്യസൂചികകൾ അര ശതമാനം ഉയർന്നു. തുടർച്ചയായ മൂന്നു ദിവസത്തെ നേട്ടങ്ങൾ നിക്ഷേപകരുടെ വിപണി സമ്പത്ത് അഞ്ചര ലക്ഷം കോടി രൂപ കണ്ടു വർധിപ്പിച്ചു.
ചൊവ്വാഴ്ച സെൻസെക്സ് 246.42 പോയിൻ്റ് (0.45%) നേട്ടത്തിൽ 54,767.62-ലും നിഫ്റ്റി 62.05 പോയിൻ്റ് (0.38%) നേട്ടത്തിൽ 16,340.55 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകളും സമാനമായ നേട്ടം കുറിച്ചു. ബാങ്ക്, മെറ്റൽ, ഊർജ, വാഹന ഓഹരികൾ നേട്ടത്തിനു മുന്നിൽ നിന്നു.
നിഫ്റ്റി 16,560 കടന്നാൽ ഹ്രസ്വകാല മുന്നേറ്റം 16,700-16,950-17,200 പാതയിലാകുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്നു നിഫ്റ്റിക്കു 16,235 ലും 16,125 ലും സപ്പോർട്ട് ഉണ്ട്. 16,400-ലും 16,475 ലും തടസങ്ങൾ പ്രതീക്ഷിക്കാം.
ഇന്നലെയും വിദേശ നിക്ഷേപകർ വാങ്ങലുകാരായി. തുടർച്ചയായ രണ്ടാം ദിവസമാണ് അവർ കൂടുതൽ ഓഹരികൾ വാങ്ങുന്നത്. ഇന്നലെ വിദേശികൾ 976.4 കോടി രൂപ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 100.73 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ക്രൂഡ് ഓയിൽ വീണ്ടും കയറി. റഷ്യ പ്രകൃതിവാതക വിൽപന പൊടുന്നനെ നിർത്തിയ സാഹചര്യത്തിൽ വാതകവില 7.3 ഡോളറിലേക്ക് ഉയർന്നു. വാതകവിൽപന നിർത്തുന്നതിൻ്റെ വിശദാംശങ്ങൾ അറിയുന്നതോടെ വില വീണ്ടും വർധിക്കും. അതിനു സമാന്തരമായി ക്രൂഡിനും വില ഉയരും. ബ്രെൻ്റ് ഇനം 107 ഡോളറിനു മുകളിലായി. അബുദാബി എണ്ണയുടെ വില (മുർബൻ) 109 ഡോളറിലേക്ക് ഉയർന്നു. ഡബ്ള്യുടിഐ ഇനം 104 ആയി. ചൈന പെട്രോൾ, ഡീസൽ കയറ്റുമതി കുറച്ചതും ലിബിയയിൽ നിന്നുള്ള ക്രൂഡ് കയറ്റുമതി തടസപ്പെടുന്നതും ക്രൂഡിൻ്റെ കുതിപ്പിനു കാരണമായി.
വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ചത്തെ കുതിപ്പിനു ശേഷം സാങ്കേതിക തിരുത്തലിലായി. ചെമ്പുവില 0.53 ശതമാനം കുറഞ്ഞു. അലൂമിനിയം 1.88 ശതമാനം താഴ്ന്ന് 2400 ഡോളറിനു താഴെ എത്തി. ഇരുമ്പയിര് വില 105 ഡോളറിനു താഴോട്ടു നീങ്ങി. ഊഹക്കച്ചവടക്കാർ നിക്കൽ വില 5.6 ശതമാനവും ടിൻ വില 3.6 ശതമാനവും ഉയർത്തി.
സ്വർണം ചെറിയ മേഖലയിൽ ചാഞ്ചാടുകയാണ്. ഇന്നലെ 1707 ഡോളറിനും 1720 ഡോളറിനുമിടയിലായിരുന്നു മഞ്ഞലോഹം. ഡോളർ സൂചിക താഴ്ന്നതു കൊണ്ടു മാത്രമാണു സ്വർണം 1700 ഡോളറിനു താഴോട്ടു പോകാത്തത് എന്നു നിരീക്ഷകർ പറയുന്നു. ഇന്നു രാവിലെ 1710-1712 ഡോളറിലാണു സ്വർണ വ്യാപാരം.
രൂപയുടെ തകർച്ചയെ തുടർന്ന് ഇന്നലെ കേരളത്തിൽ പവന് 80 രൂപ വർധിച്ച് 37,040 രൂപയായി.
ഡോളർ സൂചിക താഴ്ന്നെങ്കിലും രൂപ ഇന്നലെ തകർച്ചയിലായിരുന്നു. തുടക്കത്തിൽ തന്നെ ഡോളർ 80 രൂപ കടന്നു 80.06ൽ എത്തിയപ്പോഴേക്കു റിസർവ് ബാങ്ക് ശക്തമായി ഇടപെട്ടു. 79.92 രൂപയിലേക്കു ഡോളർ താണു. വീണ്ടും പല തവണ ചാഞ്ചാടി 79.87 വരെ താഴ്ന്ന ഡോളർ ഒടുവിൽ 79.95 രൂപയിൽ ക്ലോസ് ചെയ്തു. തലേ ദിവസത്തേക്കാൾ ഡോളറിനു നാലു പൈസ കുറവ്.
ഇന്ധന കയറ്റുമതിയിലെ അമിതലാഭത്തിനുള്ള ചുങ്കം കുറച്ചു
പെട്രോളിൻ്റെയും മറ്റുൽപന്നങ്ങളുടെയും കയറ്റുമതിക്ക് ഈയിടെ ഏർപ്പെടുത്തിയ അധികച്ചുങ്കം കുറച്ചു. ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ കുറഞ്ഞ സാഹചര്യത്തിലാണു നടപടി. ഏറ്റവും വലിയ ഇന്ധന കയറ്റുമതിക്കാരായ റിലയൻസ് ഇൻഡസ്ട്രീസിനും ഒഎൻജിസിക്കും ഓയിൽ ഇന്ത്യക്കും ചെന്നൈ പെട്രാേയ്ക്കും വേദാന്ത ഗ്രൂപ്പിനും നേട്ടമാണ് ഈ തീരുമാനം. ഇതു സംബന്ധിച്ച് കഴിഞ്ഞ രാത്രി വിജ്ഞാപനമിറക്കി.
പെട്രോൾ കയറ്റുമതിക്കു ചുമത്തിയ അധികച്ചുങ്കം (ലിറ്ററിന് ആറു രൂപ) പാടേ ഒഴിവാക്കി. ഡീസലിനും വിമാന ഇന്ധനത്തിനും അധികച്ചുങ്കം രണ്ടു രൂപ വീതം കുറച്ചു. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനു ചുമത്തിയ നികുതി 27 ശതമാനം കുറച്ച് ടണ്ണിന് 17,000 രൂപയാക്കി.
ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നപ്പോൾ കമ്പനികൾക്കു യാതൊരു അധ്വാനവുമില്ലാതെ ലാഭം കൂടി. കാറ്റത്തു മാമ്പഴം വീഴുന്നതു പോലെ ലാഭം കിട്ടിയതിൽ നിന്ന് ചുമത്തിയ (Windfall) നികുതിയായിരുന്നു അധികച്ചുങ്കം. ക്രൂഡ് വില കാര്യമായി ഇടിഞ്ഞില്ലെങ്കിലും ചുങ്കം കുറച്ചത് വിദേശനാണ്യ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അധികച്ചുങ്കം കയറ്റുമതി സാധ്യത കുറച്ചിരുന്നു. ജൂലൈ ഒന്നിനാണ് ചുങ്കം ചുമത്തിയത്. നികുതി കുറയ്ക്കൽ റിലയൻസ് അടക്കമുള്ള കമ്പനികളുടെ ഓഹരിവില ഉയർത്തിയേക്കും.
ഡോളർ 80 കടന്നപ്പോൾ
ഡോളർ വിനിമയ നിരക്ക് ഇന്നലെ 80 രൂപ കടന്നിട്ട് തിരിച്ചിറങ്ങി. ആഗോളതലത്തിൽ ഡോളർ സൂചിക കുറഞ്ഞെങ്കിലും ഇന്ത്യൻ രൂപയെ ദുർബലമാക്കുന്ന ഘടകങ്ങൾ അതേപടി തുടരുകയാണ്. ക്രൂഡ് വില ഉയർന്നു നിൽക്കുന്നതും അതുവഴി വാണിജ്യ കമ്മിയും കറൻ്റ് അക്കൗണ്ട് കമ്മിയും കുതിച്ചു കയറുന്നതുമാണു കാതലായ പ്രശ്നങ്ങൾ. 26,000 കോടി ഡോളറിൻ്റെ വിദേശകടം ആറു മാസത്തിനകം അടയ്ക്കാനുള്ളതും വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നു.
ഡോളർ 80 രൂപയുടെ ചുറ്റുവട്ടത്തു നിർത്തണമെന്നാണു റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നതെന്നു സൂചിപ്പിക്കുന്ന വിധമാണ് ബാങ്കിൻ്റെ ഇടപെടൽ. ഈ വർഷം ഇതുവരെ രൂപയെ താങ്ങി നിർത്താൻ 4000 കോടിയിലേറെ ഡോളർ ചെലവാക്കി. ഇപ്പോൾ 57,500 കോടി ഡോളറിലധികമുള്ള വിദേശനാണ്യശേഖരമാണ് റിസർവ് ബാങ്കിൻ്റെ യുദ്ധ നിധി. ഒൻപതു മാസത്തെ ഇറക്കുമതിക്കാവശ്യമായ തുകയാണു വിദേശനാണ്യശേഖരത്തിൽ ഉള്ളത്. നേരത്തേ 12 മാസത്തെ ഇറക്കുമതിക്കാവശ്യമായ തുക ഉണ്ടായിരുന്നതാണ്.
വിദേശനാണ്യം കൂട്ടാൻ പുതിയ നടപടികൾ
രൂപയെ ഇപ്പോഴത്തെ നിലവാരത്തിൽ നിർത്താൻ വിദേശനാണ്യ വരവ് കൂട്ടാനും ചെലവ് കുറയ്ക്കാനും നടപടികൾ ഉണ്ടായേക്കും. വിദേശത്തേക്കു നടത്താവുന്ന മൂലധന നിക്ഷേപത്തിനു താൽക്കാലികമായി നിയന്ത്രണമോ കുറഞ്ഞ പരിധിയോ പ്രഖ്യാപിക്കാം. ചിലയിനം ഇറക്കുമതികൾ കുറയ്ക്കാൻ ചുങ്കം വർധന അടക്കമുള്ള നടപടികളും പ്രതീക്ഷിക്കാം. കയറ്റുമതി വർധിപ്പിക്കാനും നടപടികൾ ഉണ്ടാകുമെന്നാണു സംസാരം. അതിൻ്റെ ഭാഗമാണ് ഇന്ധനങ്ങൾക്കുള്ള അധികച്ചുങ്കം കുറയ്ക്കൽ.
ബാങ്കുകളിലേക്കു വിദേശ കറൻസി നിക്ഷേപം ആകർഷിക്കാൻ പ്രഖ്യാപിച്ച ഉയർന്ന പലിശ അടക്കമുള്ള നടപടികൾക്ക് കൂടുതൽ പ്രചാരം നൽകാനും ഗവണ്മെൻ്റ് ഉദ്ദേശിക്കുന്നുണ്ട്. സമാന സാഹചര്യങ്ങളിൽ മുമ്പു ചെയ്തിട്ടുള്ളതുപോലെ വിദേശ കറൻസി ബോണ്ട് ഇറക്കുന്നതും പരിഗണനയിലുണ്ട്.
This section is powered by Muthoot Finance