റെക്കാേഡുകൾക്ക് സമീപം ആശങ്കകൾ; വിദേശ സൂചനകൾ നെഗറ്റീവ്; എക്സിറ്റ് പോളും ജി.ഡി.പി കണക്കും നിർണായകം; ഒപെക് തീരുമാനം ഇന്ന്

ക്രൂഡ് ഓയിൽ വീണ്ടും ഉയർന്നു, ഡോളറിനും നേരിയ കയറ്റം

Update:2023-11-30 08:25 IST

വലിയ കുതിപ്പോടെ റെക്കോഡുകൾക്കു സമീപം എത്തി നിൽക്കുകയാണ്. ഈ കുതിപ്പ് ഇന്ന് മുന്നോട്ടു പോകുന്നതിനു തടസങ്ങൾ ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങളും രണ്ടാം പാദ ജി.ഡി.പി വളർച്ച സംബന്ധിച്ച കണക്കും ഇന്നു വിപണി അടച്ച ശേഷമാണു പുറത്തു വരിക.

രണ്ടും വിപണിഗതിയെ നിർണായകമായി സ്വാധീനിക്കും. നവംബർ സീരീസിലെ ഡെറിവേറ്റീവ് സെറ്റിൽമെന്റ് ഇന്നു നടക്കാനുണ്ട്. യു.എസ് വിപണി ഇന്നലെ ദുർബലമായാണ് അവസാനിച്ചത്. ഏഷ്യൻ വിപണികളും താഴ്ചയിലാണ്. ഇതെല്ലാം വിപണിയെ താഴ്ത്തുകയോ ചാഞ്ചാട്ടത്തിലേക്കു നയിക്കുകയാേ ചെയ്യും. 

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ബുധൻ രാത്രി ഗിഫ്റ്റ് നിഫ്റ്റി 20,141.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 20,105 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്ന് താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ വിപണികൾ ബുധനാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. ജർമനിയിൽ വിലക്കയറ്റം കുറഞ്ഞത് ഡാക്സ് സൂചിക ഒരു ശതമാനം കുതിക്കാൻ സഹായിച്ചു.

യു.എസ് വിപണി ബുധനാഴ്ച തുടക്കത്തിൽ ഗണ്യമായി ഉയർന്നെങ്കിലും പിന്നീട് സൂചികകൾ ചെറിയ നേട്ടത്തിലും നഷ്ടത്തിലും അവസാനിച്ചു. ഡൗ ജോൺസ് 13.44 പോയിന്റ് (0.04%) ഉയർന്ന് 35,430.42 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 4.31 പോയിന്റ് (0.09%) താഴ്ന്ന് 4550.58 ലും നാസ്ഡാക് 23.27 പോയിന്റ് (0.16%) താണ് 14,258.49 ലും അവസാനിച്ചു.

യു.എസ് കടപ്പത്ര വിലകൾ വീണ്ടും കയറി. അവയിലെ നിക്ഷേപനേട്ടം 4.253. ശതമാനത്തിലേക്കു താഴ്ന്നു. 2024 ആദ്യപാദത്തിൽ തന്നെ യുഎസ് ഫെഡ് പലിശ കുറച്ചു തുടങ്ങുമെന്നു ചിലർ പ്രവചിക്കുന്നുണ്ട്. അതു ഡോളർ വില താഴാൻ കാരണമായി.

ജൂലൈ - സെപ്റ്റംബർ പാദത്തിൽ യു.എസ് ജി.ഡി.പി പ്രതീക്ഷയേക്കാൾ മികച്ച വളർച്ച കാഴ്ചവച്ചു. 5.2 ശതമാനമാണു വളർച്ച. നേരത്തേ കണക്കാക്കിയത് 4.9 ശതമാനം എന്നായിരുന്നു. ഈ വർഷം യു.എസ് മാന്ദ്യത്തിൽ ആകും എന്ന പ്രവചനങ്ങൾ അസ്ഥാനത്തായി എന്ന് ഈ കണക്ക് കാണിച്ചു.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ ഉയരത്തിലാണ്. ഡൗ 0.24 ഉം എസ് ആൻഡ് പി 0.7 ഉം നാസ്ഡാക് 0.15 ഉം ശതമാനം ഉയർന്നു.

ഏഷ്യൻ വിപണികൾ ഇന്നു പൊതുവേ താഴ്ന്നാണു തുടങ്ങിയത്. ഓസ്ട്രേലിയൻ, ജാപ്പനീസ്, കൊറിയൻ വിപണികൾ താഴ്ന്നു നീങ്ങുന്നു. ചെെനയിലെ ഫാക്ടറി പ്രവർത്തനം തുടർച്ചയായ രണ്ടാം മാസവും ഇടിവിലായത് അപ്രതീക്ഷിതമായി.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ബുധനാഴ്ച തുടക്കം മുതൽ ആവേശക്കയറ്റത്തിലായിരുന്നു. ഏറ്റവും ഉയർന്ന നിലവാരത്തിനടുത്തു തന്നെ ക്ലാേസിംഗും നടത്തി.

ബുധനാഴ്ച സെൻസെക്സ് 727.71 പോയിന്റ് (1.1%) കുതിച്ച് 66,901.91 ലും നിഫ്റ്റി 206.9 പോയിന്റ് (1.04%) കയറി 20,096.6 ലും എത്തി. ബാങ്ക് നിഫ്റ്റി 685.5 പോയിന്റ് (1.56%) കുതിച്ച് 44,566.45 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.81 ശതമാനം ഉയർന്ന് 42,618.7 ലും സ്മോൾ ക്യാപ് സൂചിക 1.03 ശതമാനം കയറി 14,012 ലും അവസാനിച്ചു.

മീഡിയ, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ് എന്നിവ ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലാണ് അവസാനിച്ചത്. ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ഐടി, വാഹനങ്ങൾ എന്നിവയാണു കൂടുതൽ നേട്ടം കൈവരിച്ചത്.

തുടർച്ചയായ നാലാം ദിവസവും വിദേശ നിക്ഷേപകർ ഓഹരികൾ വാങ്ങി. എന്നാൽ ഇന്നലെ കേവലം 71.91 കോടിയുടെ ഓഹരികളേ വാങ്ങിയുള്ളു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2360.81 കോടിയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ വാങ്ങലിനേക്കാൾ വളരെ കൂടുതലാണിത്.

നിഫ്റ്റി 20,000 നു മുകളിൽ ക്ലോസ് ചെയ്തത് പുതിയ റെക്കോർഡുകളിലേക്കു സൂചികകളെ നയിക്കും എന്ന വിശ്വാസത്തിലാണു നിക്ഷേപകർ. എങ്കിലും രാഷ്ട്രീയ ചലനങ്ങളും സാമ്പത്തിക മാറ്റങ്ങളും കുതിപ്പിനു തടസം ആകുമെന്ന ആശങ്കയും വിപണിയിലുണ്ട്.

നിഫ്റ്റിക്ക് ഇന്ന് 19,995 ലും 19,900 ലും പിന്തുണ ഉണ്ട്. 20,105 ഉം 20,200 ഉം തടസങ്ങളാകാം.

വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഭിന്ന ദിശകളിൽ നീങ്ങി. അലൂമിനിയം 0.37 ശതമാനം താണ് ടണ്ണിന് 2213.65 ഡോളറിലായി. ചെമ്പ് 1.28 ശതമാനം ഉയർന്ന് ടണ്ണിന് 8383.60 ഡോളറിലെത്തി. ലെഡ് 0.51-ഉം സിങ്ക് 0.90 ഉം ശതമാനം ഇടിഞ്ഞു. നിക്കൽ 1.24 ശതമാനവും ടിൻ 0.65 ശതമാനവും കയറി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ഉൽപാദനം കുറയ്ക്കുന്നതു തീരുമാനിക്കാൻ ഒപെക് യോഗം ഇന്നു നടക്കും. ഉൽപാദനം കുറയ്ക്കാൻ ധാരണ ഉണ്ടാകുമെന്നാണു വിലയിരുത്തൽ. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 83.10 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം 77.70 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് വില 82.82 ഡോളർ ആയി കുറഞ്ഞു. യു.എ.ഇയുടെ മർബൻ ക്രൂഡ് 83.74 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണവില ചാെവ്വാഴ്ചയിലെ വലിയ കുതിപ്പിനു ശേഷം ഇന്നലെ നേരിയ ഉയർച്ചയിൽ ഒതുങ്ങി. ഔൺസിന് 2043.60 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 2045.5 ഡോളറിലേക്കു കയറി. ഡോളർ സൂചിക ഉയരുന്നതാണു സ്വർണക്കുതിപ്പിനു തടസം.

കേരളത്തിൽ പവൻവില ഇന്നലെ പുതിയ റെക്കാേർഡായ 46,480 രൂപയിൽ എത്തി. പവന് 600 രൂപ വർധിച്ചു. തങ്കം വില 10 ഗ്രാമിന് 62,600 രൂപ വരെ എത്തി.

ഡോളർ വീണ്ടും അൽപം ഉയർന്നു. ഡോളർ സൂചിക ഇന്നലെ 102.77 ൽ ക്ലോസ് ചെയ്തു. 

ഇന്നലെ ഡോളർ കയറിയിറങ്ങിയിട്ടു തലേന്നത്തെ നിരക്കിൽ നിന്നു രണ്ടു പൈസ താണു ക്ലോസ് ചെയ്തു. ആദ്യം രൂപ നല്ല നേട്ടം ഉണ്ടാക്കിയെങ്കിലും ഡോളർ സൂചിക ഉച്ചയ്ക്കു ശേഷം തിരിച്ചു കയറി. ഇന്നു രൂപ സമ്മർദത്തിൽ ആയേക്കാം.

ക്രിപ്‌റ്റോ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ് കോയിൻ യിൻ ഇന്നലെ 38,000 ഡോളറിനു താഴെയായി. 

വിപണി സൂചനകൾ

(2023 നവംബർ 29, ബുധൻ)

സെൻസെക്സ്30 66,901.91 +1.10%

നിഫ്റ്റി50 20,096.60 +1.04%

ബാങ്ക് നിഫ്റ്റി 44,566.45 +1.56%

മിഡ് ക്യാപ് 100 42,618.70 +0.81%

സ്മോൾ ക്യാപ് 100 14,012.00 +1.03%

ഡൗ ജോൺസ് 30 35,430.42 +0.04%

എസ് ആൻഡ് പി 500 4550.58 -0.09%

നാസ്ഡാക് 14,258.49 -0.16%

ഡോളർ ($) ₹83.32 -₹0.02

ഡോളർ സൂചിക 102.77 +0.03

സ്വർണം (ഔൺസ്) $2043.60 +$ 02.50

സ്വർണം (പവൻ) ₹46,480 +₹600.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $82.90 +$1.24

Tags:    

Similar News