വീശുന്നത് എതിർ കാറ്റുകൾ; രണ്ടാം പാദ ഫലങ്ങളെപ്പറ്റി ആശങ്ക; വിദേശികൾ വിൽപനയിൽ
വിപണിയിൽ അസ്വസ്ഥത സൃഷ്ടിക്കും ഈ കാര്യങ്ങൾ
വിലക്കയറ്റത്തിൽ ശമനത്തിൻ്റെ സൂചനകളില്ല. ഇന്ത്യയിലും വിദേശത്തും പലിശവർധന ഉയർന്ന തോതിൽ തുടരും എന്നുറപ്പായി. ബ്രിട്ടനിലെ രാഷ്ട്രീയ- ധനകാര്യ അനിശ്ചിതത്വം വിപണികളെ ഉലയ്ക്കും എന്ന ആശങ്ക പ്രബലമായി. കമ്പനികളുടെ രണ്ടാം പാദ ഫലങ്ങൾ അത്ര മികച്ചതാകില്ലെന്നു സൂചനകൾ കിട്ടുന്നു. എല്ലാം ചേർന്നു വിപണികളെ അസ്വസ്ഥമാക്കുന്ന അന്തരീക്ഷത്തിലാണ് പുതിയ ആഴ്ച തുടങ്ങുന്നത്.
വെള്ളിയാഴ്ച യൂറോപ്യൻ വിപണികൾ ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബ്രിട്ടനിൽ പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് ധനമന്ത്രി ക്വാർട്ടെംഗിനെ പുറത്താക്കുകയും പ്രായാേഗികമതിയായ ജെർമി ഹണ്ടിനെ ധനമന്ത്രിയാക്കുകയും ഈയിടത്തെ നികുതി മാറ്റങ്ങളിൽ സിംഹഭാഗവും പിൻവലിക്കുകയും ചെയ്തു. പക്ഷേ വിപണികൾ അനുകൂലമായി പ്രതികരിച്ചില്ല. ഭരണത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട ട്രസിനെ മാറ്റാൻ ഭരണകക്ഷിയിൽ നീക്കം നടക്കുകയാണ്. ബ്രിട്ടീഷ് ചലനങ്ങൾ കടപ്പത്ര, കറൻസി, ഓഹരി വിപണികളെ ബാധിക്കും.
അമേരിക്കൻ വിപണി വെള്ളിയാഴ്ച നല്ല നേട്ടത്തിൽ തുടങ്ങിയിട്ട് നഷ്ടത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. വിലക്കയറ്റം ഉപഭോക്താക്കളുടെ ആത്മവിശ്വാസം തളർത്തിയിട്ടില്ലെന്ന സർവേ ഫലം വിലക്കയറ്റം ഉടനെങ്ങും ശമിക്കില്ലെന്ന ആശങ്ക വളർത്തി. പലിശ വർധനയുടെ തോത് കൂട്ടുന്ന കാര്യം ആലോചിക്കണമെന്നു ഫെഡിലെ ഒരു മുതിർന്ന അംഗം പറഞ്ഞതും വിപണിയെ ഉലച്ചു. ഡൗ ജോൺസ് 1.34 ശതമാനവും നാസ്ഡാക് 3.03 ശതമാനവും ഇടിഞ്ഞു. ഞായറാഴ്ച ഫ്യൂച്ചേഴ്സ് വിപണിയിൽ സൂചികകൾ അര ശതമാനം ഉയർന്നിട്ടുണ്ട്.
ഏഷ്യൻ വിപണിയിൽ ഇന്നു നല്ല താഴ്ചയിലാണു വ്യാപാരം ആരംഭിച്ചത്. ജപ്പാനിൽ നിക്കൈ ഒന്നര ശതമാനം താഴ്ന്നു. ചൈനീസ് വിപണിയും താഴ്ചയിലാണു തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,047-ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ അവിടെ നിന്നു കയറി 17,090- ൽ എത്തി. പിന്നീടു താണു. വീണ്ടും കയറി 17,095-ലായി. പിന്നീടു ചാഞ്ചാട്ടമായി. ഇന്ത്യൻ വിപണി താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി മികച്ച കുതിപ്പോടെ വ്യാപാരം തുടങ്ങി. വീണ്ടും ഉയർന്നെങ്കിലും ലാഭമെടുക്കലിനെ തുടർന്നു കുറേ താഴ്ന്നാണു ക്ലോസ് ചെയ്തത്.
സെൻസെക്സ് 684.64 പോയിൻ്റ് (1.2%) ഉയർന്ന് 57,919.97 ലും നിഫ്റ്റി 171.35 പോയിൻ്റ് (1.01%) ഉയർന്ന് 17,185.7 ലും ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 0.13 ശതമാനം ഉയർന്നപ്പോൾ മിഡ് ക്യാപ് സൂചിക 0.07 ശതമാനം താഴ്ന്നു. ബാങ്ക്, ധനകാര്യ, ഐടി, ഹെൽത്ത്, ഫാർമ തുടങ്ങിയവ നേട്ടത്തിലായി. ഓയിൽ - ഗ്യാസ്, ഓട്ടോ, മെറ്റൽ, റിയൽറ്റി, മീഡിയ തുടങ്ങിയവ നഷ്ടത്തിലേക്കു നീങ്ങി.
പ്രതിവാര കണക്കിൽ സെൻസെക്സ് 0.47 ശതമാനവും നിഫ്റ്റി 0.74 ശതമാനവും താഴ്ചയിലാണ്. ഐടി, ബാങ്ക് സൂചികകൾ മാത്രമേ ആഴ്ചക്കണക്കിൽ ലാഭത്തിലുള്ളു.
വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 1011.23 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഒക്ടോബറിൽ അവർ ഇതുവരെ 7458 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിന്നു പിൻവലിച്ചു. കടപ്പത്ര വിപണി അടക്കം 8847 കോടി രൂപയാണ് അവർ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചത്. 2022-ൽ ഇതുവരെ അവർ 1.816 ലക്ഷം കോടി രൂപ ഇന്ത്യയിൽ നിന്നു പിൻവലിച്ചു.
വെള്ളിയാഴ്ച സ്വദേശി ഫണ്ടുകൾ 1624.13 കോടി രൂപയുടെ നിക്ഷേപം നടത്തി.
വിപണി ദൗർബല്യം കാണിക്കുന്നു എന്നാണ് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. നിഫ്റ്റിക്ക് 17,120-ലും 17,050 ലും സപ്പോർട്ട് കാണുന്നു. 17,300-ലും 17,415- ലും തടസം ഉണ്ടാകാം.
ക്രൂഡ് ഓയിൽ വാരാന്ത്യത്തിൽ വലിയ ഇടിവിലായി. മാന്ദ്യഭീതിയാണു വിപണിയെ നയിച്ചത്. ബ്രെൻ്റ് ഇനം ക്രൂഡ് മൂന്നര ശതമാനം താഴ്ന്ന് 91.6 ഡോളറിൽ എത്തി. എന്നാൽ ഇന്നു രാവിലെ ക്രൂഡ് വില ഉയർന്ന് 92.1 ഡോളറിലെത്തി. ഉൽപന്നലഭ്യത സംബന്ധിച്ച ആശങ്കകളാണു കാരണം.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച സമ്മിശ്ര ചിത്രം കാഴ്ചവച്ചു. അലൂമിനിയം 5.56 ശതമാനം ഉയർന്ന് 2328 ഡോളർ ആയി. ചെമ്പ് ഒരു ശതമാനത്തോളം ഉയർന്നു. എന്നാൽ ലെഡ്, സിങ്ക്, ടിൻ തുടങ്ങിയവ ചെറിയ താഴ്ചയിലായി.
സ്വർണം വെള്ളിയാഴ്ച വലിയ താഴ്ചയിലായി. 1673 ഡോളറിൽ നിന്ന് 1640 ഡോളറിലേക്കു പതിച്ചു. ഇന്നു രാവിലെ 1648-1650 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവൻ വില ശനിയാഴ്ച രാവിലെ 440 രൂപ താഴ്ന്നിട്ട് ഉച്ചയ്ക്കു ശേഷം 200 രൂപ വർധിച്ച് 37,160 രൂപയിലെത്തി. രൂപ വെള്ളിയാഴ്ച ചെറിയ മേഖലയിൽ കയറിയിറങ്ങി. ഡോളർ 82.35 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക 113-നു മുകളിലാണ്.
പെട്രോളിയം നികുതി
രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പെട്രോളിയം ഉൽപന്നങ്ങൾക്ക് ചുമത്തിയ അധിക ലാഭ നികുതി വർധിപ്പിച്ചു. രണ്ടാഴ്ചതോറും ഇവ പുനർ നിർണയിക്കുന്നതിൻ്റെ ഭാഗമാണിത്. ക്രൂഡ് ഓയിലിൻ്റെ നികുതി 40 ശതമാനത്തോളം കൂട്ടി. ഡീസൽ കയറ്റുമതിയുടേത് ഇരട്ടിച്ചു. നിർത്തിവച്ചിരുന്ന വിമാന ഇന്ധന നികുതി പുനരാരംഭിച്ചു. ഒഎൻജിസി, ഓയിൽ, റിലയൻസ്, ചെന്നൈ പെട്രോ തുടങ്ങിയവയ്ക്ക് നഷ്ടം വരുത്തുന്നതാണു നടപടി.
എച്ച്ഡിഎഫ്സി ബാങ്കിനു മികച്ച വളർച്ച
എച്ച്ഡിഎഫ്സി ബാങ്കിൻ്റെ രണ്ടാം പാദ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം വർധിച്ചു.തലേ പാദത്തെ അപേക്ഷിച്ച് 15 ശതമാനം വർധനയുണ്ട്. 10,606 കോടി രൂപയാണ് അറ്റാദായം. ബാക്കൻ്റെ വായ്പാ വിതരണം 23 ശതമാനം വർധിച്ച് 14.8 ലക്ഷം കോടി രൂപയായി. കോർപറേറ്റ് വായ്പകൾ 27 ശതമാനം വർധിച്ചപ്പോൾ റീട്ടെയിലിലെ വർധന 21 ശതമാനം. പലിശ വരുമാനം 19 ശതമാനം കൂടി 21,021 കോടിയിൽ എത്തി.
ബാങ്കിൻ്റെ മൊത്തം നിഷ്ക്രിയ ആസ്തി 1.23 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 0.35 ശതമാനത്തിൽ നിന്ന് 0.33 ശതമാനമായി. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക്.
ഫെഡറൽ ബാങ്കിനു മികച്ച റിസൽട്ട്
ഫെഡറൽ ബാങ്കിനു രണ്ടാം പാദത്തിൽ മികച്ച ലാഭ വർധന. ഒരു വർഷം മുൻപ് 460.3 കോടിയായിരുന്ന അറ്റാദായം 53 ശതമാനം കുതിച്ച് 704 കോടി രൂപയായി. ഇതു സർവകാല റിക്കാർഡാണ്. അറ്റ പലിശ വരുമാനം (കൊടുത്ത പലിശയും ലഭിച്ച പലിശയും തമ്മിലുള്ള വ്യത്യാസം) 19.1 ശതമാനം വർധിച്ച് 1762 കോടി രൂപയായി. അറ്റ പലിശമാർജിൻ 3.2 ൽ നിന്ന് 3.3 ശതമാനമായി. മറ്റു വരുമാനങ്ങൾ 24 ശതമാനം കൂടി 610 കോടിയായി. മൊത്ത വരുമാനം 20 ശതമാനം വർധിച്ച് 4630 കോടി രൂപയിലെത്തി. മൊത്തം വായ്പകൾ 19.4 ശതമാനം വർധിച്ചു. കോർപറേറ്റ് വായ്പകളുടെ വർധന 21 ശതമാനമാണ്.
ഫെഡറൽ ബാങ്ക് ഓഹരി വില 155 രൂപയിലെത്തുമെന്നു മോട്ടിലാൽ ഓസ്വാൾ വിശകലന റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ 130.75 രൂപയാണ്. മൂന്നാഴ്ച കൊണ്ടാണ് ഓഹരിവില 111 രൂപയിൽ നിന്ന് 130.75 വരെ എത്തിയത്.
തമിഴ്നാട് ആസ്ഥാനമായുള്ള സിറ്റി യൂണിയൻ ബാങ്ക് ഓഹരികളിൽ വലിയ നിക്ഷേപ താൽപര്യം കാണുന്നുണ്ട്. ആറു മാസം കൊണ്ട് 35 ശതമാനം ഉയർന്ന ഓഹരിവില ഇപ്പാേൾ 184 രൂപയ്ക്കടുത്താണ്.
ധനലക്ഷ്മി ബാങ്ക് നിരീക്ഷണത്തിൽ
അവകാശ ഇഷ്യു വഴി മൂലധനം വർധിപ്പിക്കൽ ഇനിയും നടത്താൻ പറ്റാത്തത് മൂലം ധനലക്ഷ്മി ബാങ്കിനെ റിസർവ് ബാങ്ക് സൂക്ഷ്മനിരീക്ഷണത്തിലാക്കിയെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാങ്കിൻ്റെ മൂലധന പര്യാപ്തത അപായകരമായ നിലയിലാണ്. ഡയറക്ടർ ബോർഡിലെ പ്രശ്നങ്ങളും കേസുകളും മൂലമാണ് അവകാശ ഇഷ്യു നടത്താൻ പറ്റാത്തത്. ഒന്നു രണ്ടു മാസത്തിനുള്ളിൽ മൂലധനം വർധിപ്പിക്കാനായില്ലെങ്കിൽ റിസർവ് ബാങ്ക് കടുത്ത നടപടികൾ എടുത്തെന്നു വരും.
ഇതിനിടെ ധനലക്ഷ്മിയെ ഏറ്റെടുക്കാൻ ചില ധനകാര്യ കമ്പനികൾ ശ്രമിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവ റിസർവ് ബാങ്കുമായി ചർച്ചയിലാണ്.