കരടികൾ ആധിപത്യത്തിലേക്ക്; തുടർച്ചയായ ഇടിവുകൾ മുഹൂർത്ത വ്യാപാരത്തിനു തിളക്കം കുറയ്ക്കും; യുഎസിലും ജപ്പാനിലും തകർച്ച
സ്വർണം ഇടിവിൽ; ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കയറ്റം
വ്യാഴാഴ്ചയും താഴ്ചയിലായതോടെ ഇന്ത്യൻ വിപണി വീണ്ടും കരടികളുടെ പിടിയിൽ അമരും എന്ന ധാരണ ബലപ്പെട്ടു. വ്യവസായ ഉൽപ്പാദന വളർച്ചയെപ്പറ്റി ആശങ്ക ജനിപ്പിക്കുന്ന വിധം കാതൽ വ്യവസായങ്ങളുടെ വളർച്ച കുറഞ്ഞു. ചരക്കു -സേവനനികുതി പിരിവിലെ വർധനയും കുറഞ്ഞുവരികയാണ്. വാഹന വിൽപനയും കുറഞ്ഞ വളർച്ചയേ കാണിക്കുന്നുള്ളു. ഇന്നലെ യുഎസ് വിപണിയിലെ വലിയ ഇടിവ് ഏഷ്യയിലും ഇന്നു തകർച്ചയ്ക്കു വഴി തെളിച്ചു. ആ കാറ്റ് ഇന്ത്യയിലെ മുഹൂർത്ത വ്യാപാരത്തിലും വീശും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,390 ൽ ക്ലാേസ് ചെയ്തു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ബുധനാഴ്ചയും വ്യാഴാഴ്ചയും താഴ്ന്നു. യൂറോപ്യൻ വിലക്കയറ്റം രണ്ടു ശതമാനത്തിനു മുകളിലേക്ക് കയറിയതു വലിയ പലിശ കുറയ്ക്കലിനെ പറ്റിയുള്ള പ്രതീക്ഷകൾ കെടുത്തി.
ബുധനാഴ്ച ചെറുതായി താഴ്ന്ന യുഎസ് വിപണി ഇന്നലെ വലിയ ഇടിവിലായി. ടെക് മേഖലയിലെ വമ്പൻ കമ്പനികളുടെ റിസൽട്ടിനെപ്പറ്റി വളർന്ന ആശങ്കയാണു തകർച്ചയ്ക്കു കാരണം. വിപണിസമയം കഴിഞ്ഞിട്ട് വന്ന റിസൽട്ടുകൾ പ്രതീക്ഷയേക്കാൾ മികച്ചതായി. അതോടെ ഫ്യൂച്ചേഴ്സ് കുതിച്ചു.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 91.51 പോയിൻ്റ് (0.22%) താഴ്ന്ന് 42,141.54 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 19.25 പോയിൻ്റ് (0.33%) കുറഞ്ഞ് 5813.67-ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 104.82 പോയിൻ്റ് (0.56%) താഴ്ന്ന് 18,607.93 ൽ ക്ലോസ് ചെയ്തു. വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 378.08 പോയിൻ്റ് (0.90%) ഇടിഞ്ഞ് 41,763.50 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 108.22 പോയിൻ്റ് (1.86%) തകർന്ന് 5705.45 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 512.78 പോയിൻ്റ് (2.76%) ഇടിവിൽ 18,095.20 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ കയറ്റം കാണിക്കുന്നു. ഡൗ 0.05 ഉം എസ് ആൻഡ് പി 0.11 ഉം നാസ്ഡാക് 0.33 ഉം ശതമാനം ഉയർന്നു നിൽക്കുന്നു. ഇന്നു വരുന്ന തൊഴിൽ കണക്കുകൾ ആണു വിപണിയുടെ ശ്രദ്ധയിൽ.
ആമസോൺ പരസ്യവരുമാനം 19 ശതമാനം വർധിച്ചതും ക്ലൗഡ് ബിസിനസ് കുതിച്ചതും ഓഹരിയെ അഞ്ചു ശതമാനത്തിലധികം ഉയർത്തി. ഐഫോൺ 16 ൻ്റെയും കമ്പനിയുടെയും വിൽപന ആറു ശതമാനം കുതിച്ചത് ആപ്പിൾ ഓഹരിയെ രണ്ടു ശതമാനത്തിലധികം കയറ്റി. പ്രതീക്ഷയെ മറികടന്ന വരുമാന വളർച്ച ഇൻ്റൽ ഓഹരിയെ ഏഴു ശതമാനം ഉയർത്തി. വ്യാഴാഴ്ച വ്യാപാരസമയത്തു മൈക്രോസോഫ്റ്റും മെറ്റാ പ്ലാറ്റ്ഫോംസും സൂചികകളെ വലിച്ചു താഴ്ത്തുകയായിരുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.282 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് താഴ്ന്നു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഇടിവിലായി. ജപ്പാനിൽ നിക്കൈ രണ്ടു ശതമാനം താഴ്ന്നു.
ഇന്ത്യൻ വിപണി
ബുധനാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 4613.65 കോടി രൂപയുടെ അറ്റവിൽപന നടത്തി. ഇതോടെ നവംബർ സീരീസിൽ വിദേശികളുടെ വിൽപന 5162.34 കോടി രൂപയായി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4518.28 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.
ഇന്നലെ എൻഎസ്ഇയിൽ 1819 ഓഹരികൾ ഉയർന്നപ്പോൾ 942 ഓഹരികൾ താണു.
ബുധനാഴ്ച സെൻസെക്സ് 426.85 പാേയിൻ്റ് (0.52%) നഷ്ടത്തോടെ 79,942.18 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 126 പോയിൻ്റ് (0.51%) താഴ്ന്ന് 24,340.85 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 513.20 പോയിൻ്റ് (0.99%) കുറഞ്ഞ് 51,807.70ൽ ക്ലാേസ് ചെയ്തു.
വ്യാഴാഴ്ച സെൻസെക്സ് 553.12 പോയിൻ്റ് (0.69%) നഷ്ടപ്പെടുത്തി 79,389.06 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 135.50 പോയിൻ്റ് (0.56%) താഴ്ന്ന് 24,205.35 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 332.15 പോയിൻ്റ് (0.64%) കുറഞ്ഞ് 51,475. 35 ൽ ക്ലാേസ് ചെയ്തു.
വിപണിയിൽ വീണ്ടും കരടികൾ മേധാവിത്വം നേടിയിരിക്കുകയാണ്. റിസൽട്ടുകൾ മോശമാകുന്നതും വളർച്ചയ്ക്കു ഭീഷണി ഉയരുന്നതുമാണ് കാരണം. നിഫ്റ്റി 24,100 നു താഴേക്കു നീങ്ങിയാൽ 23,900 ആകും പിന്തുണ നിലവാരം. നിഫ്റ്റിക്ക് ഇന്ന് 24,175 ഉം 24,125 ഉം പിന്തുണ നൽകാം. 24,325 ഉം 24,375 ഉം തടസങ്ങളാകും.
സ്വർണം കിതയ്ക്കുന്നു
സ്വർണക്കുതിപ്പിനു തിരിച്ചടി. വിൽപന സമ്മർദത്തിൽ സ്വർണവില രണ്ടു ശതമാനത്തോളം ഇടിഞ്ഞു. സ്പോട്ട് വില 2800 ഡോളറിൽ എത്തുമെന്നു വന്നപ്പോഴാണ് വിലയിടിഞ്ഞത്. ഔൺസിന് 2790-ൽ നിന്ന് 2744 വരെ വില താഴ്ന്നു. ഇന്നു രാവിലെ വില 2779 ഡോളറിലാണ്.
കേരളത്തിൽ സ്വർണവില ബുധനാഴ്ച പവന് 520 രൂപ കയറി 59,520 രൂപയിൽ എത്തി. വ്യാഴാഴ്ച 120 രൂപ കൂടി 59,640 രൂപ എന്ന റെക്കോർഡ് കുറിച്ചു. ഇന്നു വില ഗണ്യമായി ഇടിയും.
ഡോളർ കയറ്റം മയപ്പെട്ടു. ഡോളർ സൂചിക താഴ്ന്ന് 103.98 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 103.87 ലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ വില അൽപം കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ 73.16 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ല്യുടിഐ ഇനം 70.48 ഉം യുഎഇയുടെ മർബൻ ക്രൂഡ് 72.42 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ ഇടിവലാണ്. ബിറ്റ്കോയിൻ രണ്ടര ശതമാനത്തിലധികം താഴ്ന്ന് 70,200 നു താഴെ എത്തി. ഈഥർ 2525 ഡോളറിനു താഴെയായി.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഭിന്നദിശകളിലായി. ചെമ്പ് 0.19 ശതമാനം ഉയർന്ന് ടണ്ണിന് 9373.38 ഡോളറിൽ എത്തി. അലൂമിനിയം 0.07 ശതമാനം ഉയർന്ന് ടണ്ണിന് 2617.75 ഡോളർ ആയി. ടിൻ 1.09 ഉം ലെഡ് 0.09 ഉം ശതമാനം ഉയർന്നു. നിക്കൽ 1.17 ഉം സിങ്ക് 1.59 ഉം ശതമാനം താഴ്ന്നു.
വിപണിസൂചനകൾ
(2024 ഒക്ടോബർ 30, ബുധൻ)
സെൻസെക്സ് 30 79,942.18 -0.52%
നിഫ്റ്റി50 24,340.85 -0.51%
ബാങ്ക് നിഫ്റ്റി 52,320.70 -0.99%
മിഡ് ക്യാപ് 100 56,339.25 +0.02%
സ്മോൾ ക്യാപ് 100 18,390.90 +0.15%
ഡോളർ($) ₹84.08 ₹0.00
ഡോളർ സൂചിക 103.99 -0.30
സ്വർണം (ഔൺസ്) $2788.10 +$13.90
സ്വർണം (പവൻ) ₹59,520 +₹520
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.00 +$02.88
(2024 ഒക്ടോബർ 31, വ്യാഴം)
സെൻസെക്സ് 30 79,942.18 -0.52%
നിഫ്റ്റി50 24,205.35 -0.56%
ബാങ്ക് നിഫ്റ്റി 51,475.35 -0.64%
മിഡ് ക്യാപ് 100 56,112.85 -0.40%
സ്മോൾ ക്യാപ് 100 18,602.60 +1.15%
ഡൗ ജോൺസ് 30 41,763.46
-0.90%
എസ് ആൻഡ് പി 500 5705.45 -1.86%
നാസ്ഡാക് 18,095.15 -2.76%
ഡോളർ സൂചിക 103.92 -0.07
സ്വർണം (ഔൺസ്) $2744.40 -$43.70
സ്വർണം (പവൻ) ₹59,640 +₹120
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.16 +$00.16