വിപണി തിരുത്തലിലേക്കോ?; വിദേശ സൂചനകള്‍ നെഗറ്റീവ്; വിലക്കയറ്റം പരിധി വിട്ടത് ആശങ്ക; പലിശ കുറക്കല്‍ നീണ്ടു പോകും

മണപ്പുറം ഫിനാന്‍സിനെ വാങ്ങാന്‍ അമേരിക്കന്‍ കമ്പനി; നിക്ഷേപകര്‍ക്ക് ആവേശമാകുമോ?

Update:2024-11-13 07:30 IST

വിപണി തിരുത്തലിലേക്കു നീങ്ങുകയാണ് എന്ന വിലയിരുത്തൽ കൂടുതൽ പേരും എടുത്തിരിക്കുന്നു. ഒരു ബെയർ മാർക്കറ്റിലേക്കു വീഴാതെ തിരിച്ചു കയറുമോ എന്നാണ് ആകാംക്ഷയോടെ നിക്ഷേപകർ ഉയർത്തുന്ന ചോദ്യം. യുഎസ്, യൂറോപ്യൻ വിപണികൾ ഇന്നലെ താഴ്ന്നതും ഏഷ്യൻ വിപണികൾ ഇടിയുന്നതും ശുഭസൂചനയല്ല നൽകുന്നത്.

വിദേശനിക്ഷേപകരുടെ വിൽപന നിർത്തില്ലാതെ തുടരുകയാണ്. കമ്പനി റിസൽട്ടുകളാകട്ടെ കൂടുതൽ നഷ്ട കണക്കുകളുമായാണ് പുറത്തു വരുന്നത്. ചില്ലറ വിലക്കയറ്റം റിസർവ് ബാങ്കിൻ്റെ പരിധിയായ ആറു ശതമാനം കടന്നതോടെ പലിശ കുറയ്ക്കൽ പ്രതീക്ഷ ഇല്ലാതായി. ഫെബ്രുവരിക്കു ശേഷം മാത്രം പലിശ കുറയ്ക്കൽ എന്നാണ് ഇപ്പോഴത്തെ നിഗമനം.

ഇതിനിടെ ഡോളർ സൂചികയിലെ കയറ്റം ഈ മാസം തന്നെ 84.50 രൂപയിലേക്കു ഡോളറിനെ എത്തിക്കുമെന്നു പലരും കരുതുന്നു.

പച്ചക്കറികൾ അടക്കം ഭക്ഷ്യവിലക്കയറ്റം 10 ശതമാനത്തിനു മുകളിൽ കയറിയതോടെയാണു ചില്ലറ വിലക്കയറ്റം 6.2 ശതമാനമായത്. കഴിഞ്ഞ മാസം 5.5 ശതമാനമായിരുന്നു. ഇതോടെ മൂന്നാം പാദത്തിലെ വിലക്കയറ്റം സംബന്ധിച്ച റിസർവ് ബാങ്കിൻ്റെ നിഗമനവും തിരുത്തേണ്ടി വരും. നവംബറിൽ പച്ചക്കറി വിലക്കയറ്റം കുറഞ്ഞാലും ചില്ലറ വിലക്കയറ്റം കാര്യമായി താഴുകയില്ല എന്നു നിരീക്ഷകർ കണക്കാക്കുന്നു.

ഓഗസ്റ്റിൽ അപ്രതീക്ഷിതമായി ചുരുങ്ങിയ വ്യവസായ ഉൽപാദന സൂചിക സെപ്റ്റംബറിൽ 3.1 ശതമാനം ഉയർന്നു. ഇതു പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും കഴിഞ്ഞ മാസങ്ങളിലെ ശരാശരിയായ നാലു ശതമാനത്തിൽ എത്തിയില്ല എന്നതു ശ്രദ്ധിക്കേണ്ട കാര്യമാണ്.

മണപ്പുറം ജനറൽ ഫിനാൻസിനെ വാങ്ങാൻ അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ബെയിൻ കാപ്പിറ്റൽ രംഗത്തിറങ്ങിയത് ഇന്നു വിപണിയിൽ ചലനം ഉണ്ടാക്കാം.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,872 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,884 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

ട്രംപ് ജയിച്ചതിനെ തുടർന്നു നിരന്തരം കയറിയ യുഎസ് വിപണി ഇന്നലെ ചെറിയ ഇടവേള എടുത്തു. മുഖ്യ സൂചികകൾ താഴ്ന്നു. ഒക്ടോബറിലെ ചില്ലറ വിലക്കയറ്റം ഇന്ന് അറിവാകും. വില കയറുന്ന പക്ഷം ഡിസംബറിൽ പ്രതീക്ഷിക്കുന്ന പലിശ കുറയ്ക്കൽ നീണ്ടു പോകാം.

ട്രംപിൻ്റെ മന്ത്രിസഭയിൽ ആരാകും ഉണ്ടാവുക എന്ന ഊഹാപാേഹങ്ങൾ വിപണിയിൽ പരക്കുന്നുണ്ട്. സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്കു ഫ്ലോറിഡയിൽ നിന്നുള്ള സെനറ്റർ മാർകോ റൂബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഫ്ലോറിഡയിൽ നിന്നുതന്നെയുള്ള പ്രതിനിധി സഭാംഗം മൈക്ക് വാൾട്സും വരുമെന്നാണു സൂചന. ചൈനയോടു കടുത്ത എതിർപ്പുള്ള വാൾട്സ് ഇന്ത്യക്കു വേണ്ടി നില കൊള്ളുന്ന കോക്കസിൻ്റെ (സമ്മർദ ഗ്രൂപ്പ്) തലവനാണ്. ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം വർധിപ്പിക്കുന്നതിനു താൽപര്യം ഉള്ളയാളാണു വാൾട്സ്.

ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 382.15 പോയിൻ്റ് (0.86%) താഴ്ന്ന് 43,910.98 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 17.36 പോയിൻ്റ് (0.29%) കുറഞ്ഞ് 5983.99 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 17.36 പോയിൻ്റ് (0.09%) താഴ്ചയോടെ 19,281.40 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേ രിയതാഴ്ചയിലാണ്. ഡൗ 0.09 ഉം എസ് ആൻഡ് പി 0.13 ഉം നാസ്ഡാക് 0.20 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.431 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് ഇടിഞ്ഞു. പലിശ നിരക്ക് ഉയർന്നു നിൽക്കും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ചൊവ്വാഴ്ച യൂറോപ്യൻ വിപണികൾ വലിയ ഇടിവിലായി. പ്രധാന സൂചികകൾ രണ്ടു ശതമാനത്തിലധികം താഴ്ന്നു. ജർമനിയിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ നടത്തും.

ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിലെ നിക്കെെ സൂചിക ഒരു ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ സൂചിക 1.1 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ വിപണി 1.4 ശതമാനം ഇടിഞ്ഞു.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി തിരുത്തലിലേക്കു നീങ്ങുന്നു എന്നാണു വിലയിരുത്തൽ. റെക്കോർഡ് നിലയിൽ നിന്നു 10 ശതമാനത്തിലധികം താഴ്ന്ന അവസ്ഥയാണു തിരുത്തൽ. 20 ശതമാനത്തിലധികം താഴ്ന്നാൽ ബെയർ (കരടി) ഘട്ടം ആകും.

സെപ്റ്റംബർ 27 ലെ 26,277.4ൽ നിന്ന് 8.13 ശതമാനം താഴെയാണ് നിഫ്റ്റി 50 സൂചിക ഇന്നലെ ക്ലോസ് ചെയ്തത്. എൻഎസ്ഇയിലെ 17 മേഖലാ സൂചികകളിൽ പത്തും തിരുത്തലിലോ തിരുത്തലിൻ്റെ വക്കിലോ ആണ്. മീഡിയ, ഓട്ടോ, റിയൽറ്റി, എനർജി, സെൻട്രൽ പി എസ് ഇ തുടങ്ങിയവയാണ് ഏറ്റവും മുന്നിൽ. ടാറ്റാ മോട്ടോഴ്സ്, ഹീറോ, ബജാജ് ഓട്ടാേ, ഒഎൻജിസി, ടാറ്റാ സ്റ്റീൽ, ട്രെൻ്റ്, റിലയൻസ് തുടങ്ങിയ ഓഹരികളും ഇതേ നിലയിലാണ്.

വിദേശ നിക്ഷേപകരുടെ നിർത്തില്ലാത്ത വിൽപനയും കമ്പനികളുടെ രണ്ടാം പാദ വളർച്ചയും ലാഭവും നിരാശാജനകമായതും ആണു വിപണിയെ ഈ പതനത്തിലേക്കു നയിച്ചത്. വിലക്കയറ്റം വർധിക്കുന്നത് പലിശ കുറയാനുള്ള സാധ്യത അകലേക്കു മാറ്റുകയും ചെയ്തു.

ഇന്ത്യൻ വിപണി ഇന്നലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും ഉച്ചയ്ക്കു ശേഷം വിൽപന സമ്മർദത്തെ തുടർന്ന് ഒരു ശതമാനത്തിലധികം നഷ്ടത്തിൽ ക്ലാേസ് ചെയ്തു. ഓട്ടോ, ബാങ്ക്, ധനകാര്യ, എഫ്എംസിജി, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യൂറബറിൾസ്, ഓയിൽ -ഗ്യാസ് മേഖലകളെല്ലാം ഇടിഞ്ഞു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ കൂടുതൽ താഴ്ചയിലായി.

വിശാലവിപണി താഴോട്ടായിരുന്നു. ബിഎസ്ഇയിൽ 1181 ഓഹരികൾ ഉയർന്നപ്പോൾ 2791 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ 678 എണ്ണം ഉയർന്നു, 2134 എണ്ണം താഴ്ന്നു.

നിഫ്റ്റി 257.85 പോയിൻ്റ് (1.07%) ഇടിഞ്ഞ് 23,883.45 ൽ അവസാനിച്ചു. സെൻസെക്സ് 820.97 പോയിൻ്റ് (1.03%) നഷ്ടത്തോടെ 78,675.18 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 1.39 ശതമാനം (718.95 പോയിൻ്റ്) ഇടിഞ്ഞ് 51,157.80 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.07 ശതമാനം താഴ്ന്ന് 55,257.50 ലും സ്മോൾ ക്യാപ് സൂചിക 1.28 ശതമാനം ഇടിഞ്ഞ് 17,991.60 ലും ക്ലോസ് ചെയ്തു.

ഫെഡറൽ ബാങ്ക് ഓഹരി 209.77 രൂപ എന്ന റെക്കോർഡ് കുറിച്ചിട്ട് 206.30 രൂപയിൽ അവസാനിച്ചു.

കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി 648.50 രൂപ വരെ കയറിയിട്ട് താഴ്ന്ന് 611 രൂപയിൽ ക്ലോസ് ചെയ്തു.

കൊച്ചിൻ ഷിപ്പ് യാർഡ് 2.03 ശതമാനം താഴ്ന്ന് 1365 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

സ്വർണവിലയിലെ ചാഞ്ചാട്ടങ്ങളെ തുടർന്നു മുത്തൂറ്റ് ഫിനാൻസ് 1.49 ശതമാനം താഴ്ന്നും മണപ്പുറം ഫിനാൻസ് 0.63 ശതമാനം ഉയർന്നും ക്ലോസ് ചെയ്തു.

ഇതിനിടെ മണപ്പുറം ഫിനാൻസിനെ വാങ്ങാൻ അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി -നിക്ഷേപ സ്ഥാപനമായ ബെയിൻ കാപ്പിറ്റൽ ശ്രമിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മണപ്പുറം പ്രൊമാേട്ടറും സിഇഒയുമായ വി.പി. നന്ദകുമാർ അതു നിഷേധിച്ചിട്ടുണ്ട്. നന്ദകുമാർ കുടുംബത്തിന് 35.25 ശതമാനം ഓഹരിയാണു കമ്പനിയിൽ ഉള്ളത്. ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ ഈ ദിവസങ്ങളിൽ ഉണ്ടാകാം.

രണ്ടാം പാദ റിസൽട്ട് മോശമായതിനെ തുടർന്ന് ജ്യോതി ലാബ്സ് 8.08 ഉം ബ്രിട്ടാനിയ 7.3 ഉം ബിഎഎസ്എഫ് 14.4 ഉം ശതമാനം താഴ്ന്നു. വരുമാന പ്രതീക്ഷ താഴ്ത്തിയ അകുംസ് ഡ്രഗ്സ് ഓഹരി 10 ശതമാനം ഇടിഞ്ഞു.

ന്യൂലാൻഡ് ലാബ്സ് ഇന്നലെ 11 ശതമാന് കുതിച്ചു. കമ്പനിയുടെ സനാേമലീൻ എന്ന ഔഷധത്തിനു ബദലായി വേറൊരു കമ്പനി തയാറാക്കിയ മരുന്നിൻ്റെ പരീക്ഷണം പരാജയപ്പെട്ടതാണു കാരണം.

ചാെവ്വാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 3024.31 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1854.46 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

കഴിഞ്ഞയാഴ്ച ഐപിഒ നടത്തിയ സ്വിഗ്ഗി ഇന്ന് ലിസ്റ്റ് ചെയ്യും. കാര്യമായ നേട്ടം ലിസ്റ്റിംഗിൽ പ്രതീക്ഷിക്കുന്നില്ല.

നിഫ്റ്റിയുടെ പിന്തുണ നില 23,800 ലാണ്. പ്രതിരോധം 24,200 ലേക്കു താഴ്ന്നു. നിഫ്റ്റിക്ക് ഇന്ന് 23,835 ഉം 23,740 ഉം പിന്തുണ നൽകാം. 24,140 ഉം 24,235 ഉം തടസങ്ങളാകും.

സ്വർണം 2600 ഡോളറിനു താഴെ

ട്രംപിൻ്റെ വിജയത്തെ തുടർന്ന് ഇടിയുന്ന സ്വർണം ഇന്നലെ 2600 ഡോളറിനു താഴെയായി. ഡോളർ സൂചികയുടെ കുതിപ്പാണു സ്വർണത്തെ താഴ്ത്തുന്നത്. ഇന്നലെ 0.81 ശതമാനം (ഔൺസിന് 21.30 ഡോളർ) താഴ്ന്ന് 2598.80 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 2607 ഡോളറിലേക്കു കയറി.

കേരളത്തിൽ സ്വർണവില ചൊവ്വാഴ്ച പവന് 1080 രൂപ കുറഞ്ഞ് 56,680 രൂപയായി. ഇന്നും വില ഇടിയും.

വെള്ളി വില ഇന്നലെ അൽപം കയറി ഔൺസിന് 30.68 ഡോളറിൽ എത്തി.

കറൻസി വിപണിയിൽ ഡോളർ വീണ്ടും കയറ്റത്തിലാണ്. ഡോളർ സൂചിക ചൊവ്വാഴ്ച 0.52 ശതമാനം കയറി 106.02 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 105.96 ലാണ്.

ഡോളർ കയറ്റത്തിനിടയിൽ പിടിച്ചു നിൽക്കാൻ രൂപ പ്രയാസപ്പെടുന്നു. ഇന്നലെ ഡോളർ 84.41 രൂപ വരെ ഉയർന്നെങ്കിലും ഒടുവിൽ 84.39 രൂപ എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. ഡോളർ ഈ മാസം തന്നെ 84.50-84.60 രൂപ മേഖലയിലേക്കു കയറുമെന്നാണു നിഗമനം.

ക്രൂഡ് ഓയിൽ വില നാമമാത്രമായി താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 71.76 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 71.82 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനം 68.03 ഉം യുഎഇയുടെ മർബൻ ക്രൂഡ് 71.11 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റാേ കറൻസികൾ ഇന്നലെ ചെറിയ കയറ്റമേ നടത്തിയുള്ളു. ബിറ്റ് കോയിൻ 90,036.17 വരെ കയറി റെക്കോർഡ് കുറിച്ചിട്ട് 88,500 ലേക്കു താഴ്ന്നു. ഈഥർ 3280 ഡോളറിലാണ്.

വ്യാവസായിക ലോഹങ്ങൾ വീണ്ടും ഇടിഞ്ഞു. ചെമ്പ് 2.02 ശതമാനം താഴ്ന്ന് ടണ്ണിന് 9002.01 ഡോളറിൽ എത്തി. അലൂമിനിയം 0.90 ശതമാനം കുറഞ്ഞു ടണ്ണിന് 2563.15 ഡോളർ ആയി. ലെഡ് 0.20 ഉം നിക്കൽ 0.82 ഉം സിങ്ക് 2.13 ഉം ടിൻ 5.74 ഉം ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 നവംബർ 12, ചൊവ്വ)

സെൻസെക്സ് 30 78,675.18 -1.03%

നിഫ്റ്റി50 23,883.50 -1.07%

ബാങ്ക് നിഫ്റ്റി 51,157.80 -1.39%

മിഡ് ക്യാപ് 100 55,257.50 -1.07%

സ്മോൾ ക്യാപ് 100 17,991.60 -1.28%

ഡൗ ജോൺസ് 43,910.98 -0.86%

എസ് ആൻഡ് പി 5983.99 -0.29%

നാസ്ഡാക് 19,281.40 -0.09%

ഡോളർ($) ₹84.39 ₹0.00

ഡോളർ സൂചിക 106.02 +0.48

സ്വർണം (ഔൺസ്) $2598.80 -$21.30

സ്വർണം(പവൻ) ₹56,680 -₹1080

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $71.76 -$00.18

Tags:    

Similar News