വിൽപന സമ്മർദം തുടരുന്നു; വിദേശ സൂചനകൾ നെഗറ്റീവ്; ബുള്ളുകൾ പ്രതീക്ഷ കൈവിടുന്നില്ല; ക്രൂഡ് ഓയിൽ 75 ഡോളറിനു മുകളിൽ; സ്വർണം കുതിക്കുന്നു

ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് സൂചന

Update:2024-09-25 07:47 IST
റെക്കോർഡുകൾ തിരുത്തിയ ശേഷം നാമമാത്ര കയറ്റത്തിലും നഷ്ടത്തിലും സൂചികകൾ അവസാനിച്ച ഇന്നലെയും വിപണി ബുള്ളിഷ് ആവേശം നിലനിർത്തി. ഇന്നും വിപണി വിൽപന സമ്മർദം പ്രതീക്ഷിക്കുന്നുണ്ട്. ഏഷ്യൻ വിപണികൾ നൽകുന്ന സൂചന നെഗറ്റീവ് ആണ്. യുഎസ് ഫ്യൂച്ചേഴ്സും താഴ്ചയിലായി. ക്രൂഡ് ഓയിൽ വില 75 ഡോളർ കടന്നു. സ്വർണം വലിയ കുതിപ്പിലാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,929.5 ൽ ക്ലാേസ്ചെയ്തു. ഇന്നു രാവിലെ 25,925 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ഉയർന്നു ക്ലോസ് ചെയ്തു. ചെെന പ്രഖ്യാപിച്ച ഉത്തേജക പദ്ധതിയാണു കാരണം. ലോഹങ്ങൾക്കും ഖനനകമ്പനികൾക്കും നേട്ടമായി. ചൈന പലിശ കുറയ്ക്കുകയും ബാങ്കുകളുടെ വായ്പാലഭ്യത കൂട്ടുകയും ചെയ്തു.
യുഎസ് വിപണി ചൊവ്വാഴ്ച ഇടയ്ക്കു താഴ്ചയിലായ ശേഷം ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഡൗവും എസ് ആൻഡ് പിയും റെക്കോർഡ് തിരുത്തി.
കോൺഫറൻസ് ബോർഡിൻ്റെ ഉപഭോക്തൃ വിശ്വാസ സൂചിക സെപ്റ്റംബറിൽ 98.7 ലേക്ക് ഇടിഞ്ഞു. ഓഗസ്റ്റിൽ 105.6 ആയിരുന്നു. എങ്കിലും വിപണി കാര്യമായി പ്രതികരിച്ചില്ല.
ഡൗ ജോൺസ് സൂചിക 83.57 പോയിൻ്റ് (0.20%) ഉയർന്ന് 42,208.22 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 14.36 പോയിൻ്റ് (0.25%) കയറി 5732.93 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 100.25 പോയിൻ്റ് (0.56%) നേട്ടത്താേടെ 18,074.52 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.23 ഉം എസ് ആൻഡ് പി 0.19 ഉം നാസ്ഡാക് 0.22 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.732 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിൽ തുടരുന്നു.
ഏഷ്യൻ വിപണികൾ ഇന്നു ചെറിയ കയറ്റത്തിലാണ്. ജപ്പാനിൽ നിക്കെെ നാമമാത്ര നേട്ടത്തിൽ തുടങ്ങിയിട്ടു താഴ്ന്നു. ഉത്തേജക പാക്കേജിനെ തുടർന്നു ചൈനീസ് കറൻസി യുവാൻ ഇന്നു കയറി. ഹോങ് കോങ് ഓഹരികൾ മൂന്നു ശതമാനത്തിലധികം നേട്ടത്തിലാണ്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ഇന്നലെ വിൽപന സമ്മർദത്തിൽ ചാഞ്ചാട്ടം നടത്തി. നിഫ്റ്റി നാമമാത്ര നേട്ടത്തിലും സെൻസെക്സ് നേരിയ താഴ്ചയിലും അവസാനിച്ചു. അതിനിടെ സൂചികകൾ റെക്കോർഡ് തിരുത്തുകയും ചെയ്തു.
വിദേശനിക്ഷേപകർ ഇന്നലെ താരതമ്യേന വിൽപനക്കാരായി. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 2784.14 കോടി രൂപയുടെ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3868.31 കോടിയുടെ ഓഹരികൾ വാങ്ങി.
സെൻസെക്സ് 85,163.23 ഉം നിഫ്റ്റി 26,011.55 ഉം വരെ കയറി റെക്കോർഡ് കുറിച്ചു. നിഫ്റ്റി ക്ലാേസിംഗും റെക്കോർഡ് ആണ്.
ഇന്നലെ എൻഎസ്ഇയിൽ 1355 ഓഹരികൾ ഉയർന്നപ്പോൾ 1441 ഓഹരികൾ താണു. ബിഎസ്ഇയിൽ 1940 എണ്ണം കയറി, 2036 എണ്ണം താഴ്ന്നു.
ചൊവ്വാഴ്ച സെൻസെക്സ് 14.57 പാേയിൻ്റ് (0.02%) താഴ്ന്ന് 84,914.04 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 1.35 പോയിൻ്റ് (0.01%) ഉയർന്ന് 25,940.40 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.25% (137.20 പോയിൻ്റ്) നഷ്ടത്തിൽ 53,968.60 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.23 ശതമാനം കയറി 60,850.80 ലും സ്മോൾ ക്യാപ് സൂചിക 0.56% താഴ്ന്ന് 19,440.05 ലും വ്യാപാരം അവസാനിപ്പിച്ചു.
മെറ്റൽ ഓഹരികളാണ് ഇന്നലെ വലിയ നേട്ടം ഉണ്ടാക്കിയത്. ചൈനയുടെ ഉത്തേജക പദ്ധതി ലോഹ വ്യവസായങ്ങൾക്ക് കരുത്താകും എന്നാണു പ്രതീക്ഷ. നാൽകോ (6.64%), ടാറ്റാ സ്റ്റീൽ (4.32%), ഹിൻഡാൽകോ (4.12%), എൻഎംഡിസി (4.04%) തുടങ്ങിയവ നേട്ടത്തിനു മുന്നിൽ നിന്നു. മെറ്റൽ സൂചിക 2.97 ശതമാനം ഉയർന്നു.
ഡുർവാലുമാബ് എന്ന കാൻസർ മരുന്ന് ഇന്ത്യയിൽ വിൽക്കാൻ അനുമതി ലഭിച്ചത് അസ്ട്രാ സെനക്ക ഫാർമ ഓഹരിയെ 18 ശതമാനം വരെ ഉയർത്തി.
യുകെയിലെ അസെൻസോസ് എന്ന കമ്പനിയെ ഏറ്റെടുത്ത ഫസ്റ്റ് സോഴ്സിൻ്റെ ഓഹരി എട്ടു ശതമാനം വരെ ഉയർന്നു.
വിപണിയുടെ ബുള്ളിഷ് മനോഭാവം നഷ്ടമായിട്ടില്ല. നിഫ്റ്റിക്ക് 25,800 ൽ ശക്തമായ പിന്തുണ ഉണ്ട്. 26,000 ലും 26,200 ലും വലിയ പ്രതിരോധം നേരിടും.
ഇന്നു നിഫ്റ്റിക്ക് 25,900 ലും 25,870 ലും പിന്തുണ ഉണ്ട്. 25,995 ഉം 26,025 ഉം തടസങ്ങളാകും.

സ്വർണം കുതിപ്പിൽ തന്നെ

സ്വർണം ഇന്നലെയും കുതിച്ചു കയറി. ഔൺസിന് 2,662 ഡോളർ വരെ എത്തിയ സ്വർണം 2,661 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,658 ഡോളറിലാണ്. ഡിസംബർ അവധിവില 2,686 ഡോളർ വരെ കയറി.
കേരളത്തിൽ സ്വർണവില ഇന്നലെ 160 രൂപകൂടി പവന് 56,000 രൂപ എന്ന റെക്കോർഡ് കുറിച്ചു. ഇന്നും വില ഗണ്യമായി കയറും.
വെള്ളിവില ഔൺസിന് 32.14 ഡോളറിലേക്ക് വീണ്ടും കയറി.
ഡോളർ ദുർബലമാകുകയാണ്. ഇന്നലെ രാവിലെ 101 ൽ എത്തിയ ഡോളർ സൂചിക താഴ്ന്ന് 100.47 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.27 ലേക്കു താഴ്ന്നു.
ഇന്ത്യൻ രൂപ ഇന്നലെ ദുർബലമായി. ഡോളർ 12 പെെസ കയറ്റ 83.67 രൂപയിൽ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ

ക്രൂഡ് ഓയിൽ വില കയറ്റം തുടർന്നു. ചൈനയിലെ ഉത്തേജക പദ്ധതി സഹായകമായി. ബ്രെൻ്റ് ഇനം ഇന്നലെ 75.17 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 75.23 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 71.60 ഉം യുഎഇയുടെ മർബൻ ക്രൂഡ് 75.06 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ 64,400 ഡോളർ വരെ എത്തി. ഈഥർ 2650 ഡോളറിനു മുകളിലായി.
ചൈനയിലെ ഉത്തേജക പദ്ധതിയോടു പ്രതികരിച്ച് വ്യാവസായിക ലോഹങ്ങൾ ഇന്നലെ കുതിച്ചു. ചെമ്പ് 2.01 ശതമാനം ഉയർന്നു ടണ്ണിന് 9601.75 ഡോളറിൽ എത്തി. അലൂമിനിയം 2. 46 ശതമാനം കയറി ടണ്ണിന് 2555.75 ഡോളർ ആയി. നിക്കൽ 0.56ഉം ടിൻ 1.41 ഉം സിങ്ക് 3.69 ഉം ലെഡ് 1.89 ഉം ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 സെപ്റ്റംബർ 24, ചാെവ്വ)
സെൻസെക്സ് 30 84,914.04 -0.02%
നിഫ്റ്റി50 25,940.40 +0.01%
ബാങ്ക് നിഫ്റ്റി 53,968.60 -0.25%
മിഡ് ക്യാപ് 100 60,850.80 +0.23%
സ്മോൾ ക്യാപ് 100 19,440.05 -0.56%
ഡൗ ജോൺസ് 30 42,208.22
+0.20%
എസ് ആൻഡ് പി 500 5732.93 +0.25%
നാസ്ഡാക് 18,074.30 +0.56%
ഡോളർ($) ₹83.67 +₹0.12
ഡോളർ സൂചിക 100.47 -0.38
സ്വർണം (ഔൺസ്) $2661.00 +$32.60
സ്വർണം (പവൻ) ₹56,000 +₹160
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $75.17 +$01.27
Tags:    

Similar News