കമ്പനി റിസൽട്ടുകളിൽ നിരാശ; വിദേശികളുടെ വിൽപന ലക്ഷം കോടി രൂപയിലേക്ക്; മൂലധനച്ചെലവ് കുറയുമെന്ന് ആശങ്ക; വിദേശ സൂചനകൾ നെഗറ്റീവ്

സ്വർണം തിരിച്ചു കയറുന്നു, ഡോളറിന് താഴ്ച, ക്രിപ്‌റ്റോകള്‍ മുന്നോട്ട്‌

Update:2024-10-25 07:27 IST

കമ്പനി റിസൽട്ടുകൾ പ്രതീക്ഷയ്ക്കൊപ്പം വരാത്തതും വിദേശ നിക്ഷേപകരുടെ നിർത്തില്ലാത്ത വിൽപനയും വിപണിയെ നിരന്തരം താഴ്ത്തുകയാണ്. കേന്ദ്ര സർക്കാരിൻ്റെ മൂലധനച്ചെലവ് ബജറ്റിലെ എസ്റ്റിമേറ്റിലും കുറവാകുമെന്ന സൂചനയും വിപണിക്ക് നല്ലതല്ല. രണ്ടാം പാദത്തിൽ കമ്പനികളുടെ വരുമാന വളർച്ച കുറവാകുമെന്നു റേറ്റിംഗ് ഏജൻസി ക്രിസിൽ വിലയിരുത്തി.

എൻവിഡിയ ഇന്ത്യയിൽ നിർമിത ബുദ്ധി പശ്ചാത്തലം ഒരുക്കാൻ റിലയൻസുമായും വമ്പൻ ഐടി കമ്പനികളുമായും സഖ്യം ഉണ്ടാക്കുമെന്നു പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശിലും ബിഹാറിലും ഏഴായിരം കോടി രൂപയുടെ റെയിൽവേ പദ്ധതികൾ കേന്ദ്രം അംഗീകരിച്ചു. ബഹിരാകാശ രംഗത്തു സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ ആയിരം കോടി രൂപയുടെ നിധിയും കേന്ദ്രം പ്രഖ്യാപിച്ചു. ഇതെല്ലാം ചെറിയ ഉണർവ് നൽകാവുന്ന കാര്യങ്ങളാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,459 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24, 455 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച ചെറിയ നേട്ടം ഉണ്ടാക്കി. പ്രതീക്ഷയിലും മികച്ച മൂന്നാം പാദ ഫലങ്ങളെ തുടർന്നു ഫ്രഞ്ച് കാർ കമ്പനി റെനോ ഏഴും ബ്രിട്ടീഷ് ബാങ്ക് ബാർക്ലേയ്സ് അഞ്ചും ശതമാനം ഉയർന്നു.

യുഎസ് വിപണികൾ ഭിന്നദിശകളിൽ നീങ്ങി. ഡൗ ജോൺസ് തുടർച്ചയായ നാലാം ദിവസവും താഴ്ന്നു. മൂന്നു ദിവസത്തെ നഷ്ടത്തിനു ശേഷം എസ് ആൻഡ് പി ഉയർന്നു. നാസ്ഡാക് മികച്ച നേട്ടം ഉണ്ടാക്കി. ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ അപ്രതീക്ഷിത മികവാണ് എസ് ആൻഡ് പിയെ ഉയർത്തിയത്. ടെസ്‌ല ഓഹരി 22 ശതമാനം കുതിച്ചു. അടുത്ത വർഷം 20 മുതൽ 30 വരെ ശതമാനം വളർച്ച വാഹന വിൽപനയിൽ പ്രതീക്ഷിക്കുന്നു എന്ന ടെസ്‌ല സിഇഒ ഇലോൺ മസ്കിൻ്റെ പ്രഖ്യാപനമാണ് ഓഹരിയെ ഇത്രയും ഉയർത്തിയത്. ഇതോടെ മസ്കിൻ്റെ സമ്പത്ത് 2600 കോടി കണ്ടു വർധിച്ച് 26,900 കോടി ഡോളർ ആയി.

അതേ സമയം ഐബിഎമ്മും ബോയിംഗും ഡൗ സൂചികയെ വലിച്ചു താഴ്ത്തി.

രാഷ്ട്രീയ- സാമ്പത്തിക അനിശ്ചിതത്വങ്ങൾ യുഎസ് വിപണിയിൽ തുടരുകയാണ്. ഡോണൾഡ് ട്രംപിനു നിർണായക സംസ്ഥാനങ്ങളിൽ മുൻതൂക്കം നിലനിൽക്കുന്നതായി ഏറ്റവും പുതിയ സർവേകൾ കാണിച്ചത് വിപണിക്ക് സന്തോഷം പകർന്നു. ഭൂരിപക്ഷം വിപണി പ്രവർത്തകരും വ്യവസായികളും ട്രംപിൻ്റെ വിജയമാണ് ആഗ്രഹിക്കുന്നത്. കമ്പനി റിസൽട്ടുകൾ പൊതുവേ ദുർബല വളർച്ചയാണു കാണിക്കുന്നത്. ഇപ്പോഴത്തെ കുതിപ്പ് നിലനിർത്താൻ പ്രയാസമാണെന്നു പലരും വിലയിരുത്തുന്നു.

ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 140.59 പോയിൻ്റ് (0.33%) ഇടിഞ്ഞ് 42,374.36 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 12.44 പോയിൻ്റ് (0.21%) ഉയർന്ന് 5809.86-ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 138.83 പോയിൻ്റ് (0.76%) കയറി 18,415.49 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ഉയർച്ചയിലാണ്. ഡൗ 0.05 ഉം എസ് ആൻഡ് പി 0.09 ഉം നാസ്ഡാക് 0.13 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, 4.202 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് കയറി.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കെെ സൂചിക 0.60 ശതമാനം വരെ താഴ്ന്നു. ദക്ഷിണ കൊറിയൻ വിപണി ഒരു ശതമാനം കയറി. ഓസ്ട്രേലിയയും ഉയർന്നു. ചൈനീസ് വിപണി ഉയർന്നാണു വ്യാപാരം തുടങ്ങിയത്.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി വ്യാഴാഴ്ച നഷ്ടത്തിൽ വ്യാപാരം ചാഞ്ചാട്ടങ്ങൾക്കു ശേഷം ഫ്ലാറ്റ് ആയി അവസാനിച്ചു. സെൻസെക്സും നിഫ്റ്റിയും നാമമാത്രമായി താഴ്ന്നപ്പോൾ ബാങ്ക് നിഫ്റ്റി അര ശതമാനത്തിലധികം കയറി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ താഴ്ന്നാണു ക്ലോസ് ചെയ്തത്. ധനകാര്യ കമ്പനികളും ഫാർമ, ഹെൽത്ത് കെയർ കമ്പനികളും ഉയർന്നു.

എഫ്എംസിജി മേഖലയാണ് ഇന്നലെ വലയ ഇടിവിലായത്. മേഖലാ സൂചിക 2.83 ശതമാനം വീണു. ഹിന്ദുസ്ഥാൻ യൂണി ലീവർ 5.81ഉം കോൾഗേറ്റ് 3.38 ഉം മാരികോ 3.24 ഉം ഗോദ്റെജ് കൺസ്യൂമർ മൂന്നും ശതമാനം ഇടിഞ്ഞു. നഗരങ്ങളിൽ വിൽപന കുറവാണെന്ന ഹിന്ദുസ്ഥാൻ യൂണിലിവറിൻ്റെ വിശദീകരണമാണ് വിപണിയെ നയിച്ചത്. വിപണിസമയത്തിനു ശേഷം കോൾഗേറ്റും ഐടിസിയും പുറത്തുവിട്ട രണ്ടാം പാദ റിസൽട്ടുകൾ ആവേശം പകർന്നില്ല. ഐടിസിയുടെ വിറ്റുവരവ് 16 ശതമാനം കൂടിയപ്പോൾ അറ്റാദായം 1.8 ശതമാനം മാത്രം കയറി. കോൾഗേറ്റിൻ്റെ അറ്റാദായം 16 ശതമാനം കൂടിയപ്പോൾ വിറ്റുവരവിലെ വർധന 10 ശതമാനം മാത്രമാണ്.

റിയൽറ്റി, വാഹന, കൺസ്യൂമർ ഡ്യൂറബിൾസ്, ഐടി, മെറ്റൽ മേഖലകളും ഇടിവിലായിരുന്നു.

ഫ്രഞ്ച് അലൂമിനിയം കമ്പനി കോൺസ്റ്റെല്ലിയത്തിൻ്റെ റിസൽട്ട് മോശമാകുകയും ഓഹരി 28 ശതമാനം ഇടിയുകയും ചെയ്തത് ഹിൻഡാൽകോ ഓഹരിയെ താഴ്ത്തി. കോൺസ്റ്റെല്ലിയത്തിൻ്റെ പിന്നാലെ വിദേശ സബ്സിഡിയറി നൊവേലിസ് വലിയ നഷ്ടം വരുത്തുമെന്ന ഭീതിയിലാണു ഹിൻഡാൽകോ ഓഹരികളിൽ വിൽപന സമ്മർദം വന്നത്. ഏഴു ശതമാനം വരെ താണ ഹിൻഡാൽകോ ഓഹരി 3.71 ശതമാനം നഷ്ടത്തിൽ ക്ലാേസ് ചെയ്തു.

എസ്കോർട്സ് കുബോട്ടയുടെ റെയിൽവേ ബിസിനസ് സോനാ ബിഎൽഡബ്ല്യു പ്രിസിഷൻ വാങ്ങാൻ കരാറായി. സോനാ 13.03 ശതമാനം കുതിച്ചു, എസ്കോർട്സ് 5.6 ശതമാനം ഇടിഞ്ഞു.

വ്യാഴാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 5062.45 കോടി രൂപയുടെ അറ്റവിൽപന നടത്തി. ഇതോടെ ഈ മാസം വിദേശികളുടെ വിൽപന 97,205.42 കോടി രൂപയായി. പ്രതിമാസ വിദേശിവിൽപന റെക്കോർഡ് തകർത്തു നീങ്ങുകയാണ്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി ഇന്നലെ 3620.47 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. അവരുടെ പ്രതിമാസ നിക്ഷേപം 92,931. 54 കോടിയിൽ എത്തി.

വ്യാഴാഴ്ച എൻഎസ്ഇയിൽ 1032 ഓഹരികൾ ഉയർന്നപ്പോൾ 1740 ഓഹരികൾ താണു. ബിഎസ്ഇയിൽ 1490 എണ്ണം കയറി, 2441 എണ്ണം താഴ്ന്നു.

ഇന്നലെ സെൻസെക്സ് 16.82 പാേയിൻ്റ് (0.02%) നഷ്ടത്തോടെ 80,065.16 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 36.10 പോയിൻ്റ് (0.15%) താഴ്ന്ന് 24,399.40 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 292.15 പോയിൻ്റ് (0.57%) കയറി 51,531.15 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.33 ശതമാനം താഴ്ന്ന് 56,349.75 ൽ ക്ലോസ് ചെയ്തപ്പോൾ സ്മോൾ ക്യാപ് സൂചിക 0.20% കുറഞ്ഞ് 18,249.45 ൽ വ്യാപാരം അവസാനിപ്പിച്ചു.

വിദേശനിക്ഷേപകരുടെ വിൽപന ശമനമില്ലാതെ തുടരുകയാണ്. കമ്പനി റിസൽട്ടുകളോ ഭാവിവരുമാന പ്രതീക്ഷകളോ ശോഭനമല്ല. രണ്ടാം പാദത്തിലെ വരുമാന വർധന നാലു വർഷങ്ങൾക്കുളളിലെ ഏറ്റവും കുറഞ്ഞ നിരക്കിലാകുമെന്ന ക്രിസിൽ റിപ്പോർട്ടും വിപണിക്കു നിരാശ സമ്മാനിക്കുന്നു. ഒന്നാം പാദത്തിലെ 8.3 ശതമാനം വർധനയുടെ സ്ഥാനത്ത് പരമാവധി ഏഴു ശതമാനം വർധനയാണ് ക്രിസിൽ കണക്കാക്കുന്നത്.

വിപണിയുടെ സാങ്കേതിക സൂചകങ്ങളും കയറ്റത്തിന് അനുകൂലമല്ല. നിഫ്റ്റിക്ക് ഇന്ന് 24,350 ഉം 24,320 ഉം പിന്തുണ നൽകാം. 24,460 ഉം 24, 495 ഉം തടസങ്ങളാകും.

സ്വർണം തിരിച്ചു കയറുന്നു

ലാഭമെടുക്കലും ഡോളർ കുതിപ്പും മൂലം ബുധനാഴ്ച വിലയിടിഞ്ഞ സ്വർണം ഇന്നലെ തിരിച്ചു കയറി. മുക്കാൽ ശതമാനം ഉയർന്നാണു സ്വർണം ക്ലോസ് ചെയ്തത്. ഡോളർ സൂചിക താഴ്ന്നതു തന്നെ പ്രധാന കാരണം. സ്വർണം ഔൺസിന് 3000 ഡോളർ എന്ന മധ്യകാല ലക്ഷ്യത്തിലേക്കു യാത്ര തുടരുമെന്നു വിശ്വസിക്കുന്ന ബുള്ളുകളെ ശരി വയ്ക്കുന്നതായി വിപണിയിലെ ചലനം.

വ്യാഴാഴ്ച സ്വർണം ഔൺസിന് 20.50 ഡോളർ ഉയർന്ന് 2736.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ വില 2734 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ സ്വർണവില വ്യാഴാഴ്ച പവന് 480 രൂപ ഇടിഞ്ഞ് 58,480 രൂപയിൽ എത്തി. ഇന്നു വില കൂടാം.

വെള്ളിവില ഔൺസിനു 33.61 ഡോളറിൽ ക്ലോസ് ചെയ്തു.

ഡോളർ ഇന്നലെ താഴ്ന്നു. ഡോളർ സൂചിക 37 പോയിൻ്റ് താണ് 104.06 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 104.07 ലേക്കു കയറി.

ഇന്ത്യൻ രൂപ വ്യാഴാഴ്ച പിടിച്ചു നിന്നു. ഡോളർ മാറ്റമില്ലാതെ 84.08 രൂപ എന്ന റെക്കോർഡ് നിരക്കിൽ ക്ലോസ് ചെയ്തു. ഇന്നു രൂപ അൽപം നേട്ടം ഉണ്ടാക്കാൻ സാധ്യത ഉണ്ട്.

ക്രൂഡ് ഓയിൽ വില ഇന്നലെ നേരിയ തോതിൽ താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വ്യാഴാഴ്ച മുക്കാൽ ശതമാനം കുറഞ്ഞ് 74.38 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അര ശതമാനം കയറി 74.74 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 70.52 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.91 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ വീണ്ടും കയറി. ബിറ്റ്കോയിൻ മൂന്നു ശതമാനം ഉയർന്ന് 68,200 ഡോളറിനടുത്തായി. ഈഥർ 2530 ഡോളറിനു മുകളിൽ എത്തി. ബ്രിക്സ് കൂട്ടായ്മ ഡോളർ ആശ്രിതത്വം ഉം പക്ഷിക്കാനായി രൂപപ്പെടുത്തുന്ന പേമെൻ്റ് സംവിധാനത്തിൽ ബിറ്റ് കോയിൻ അടക്കം ക്രിപ്റ്റോ കറൻസികൾ ഉണ്ടാകും എന്ന റിപ്പോർട്ട് ക്രിപ്റ്റോ വിപണിയെ ഉത്തേജിപ്പിച്ചു.

അലൂമിനിയം ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ഇന്നലെ കയറി. ചെമ്പ് 0.04 ശതമാനം ഉയർന്ന് ടണ്ണിന് 9367.25 ഡോളറിൽ എത്തി. അലൂമിനിയം 1.40 ശതമാനം താഴ്ന്ന് ടണ്ണിന് 2635.40 ഡോളർ ആയി. ടിൻ 0.81 ഉം സിങ്ക് 2.27 ഉം നിക്കൽ 2.78 ഉം ലെഡ് 0.95 ഉം ശതമാനം കയറി.

വിപണിസൂചനകൾ

(2024 ഒക്ടോബർ 24, വ്യാഴം)

സെൻസെക്സ് 30 80,065.16 -0.02%

നിഫ്റ്റി50 24,399.40 -0.15%

ബാങ്ക് നിഫ്റ്റി 51,531.15 +0.57%

മിഡ് ക്യാപ് 100 56,349.75 -0.33%

സ്മോൾ ക്യാപ് 100 18,249.15 -0.20%

ഡൗ ജോൺസ് 30 42,374.40

-0.33%

എസ് ആൻഡ് പി 500 5809.86 +0.21%

നാസ്ഡാക് 18,415.50 +0.76%

ഡോളർ($) ₹84.08 ₹0.00

ഡോളർ സൂചിക 104.06 -0.35

സ്വർണം (ഔൺസ്) $2736.30 +$20.50

സ്വർണം (പവൻ) ₹58,240 -₹480

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $74.38 -$00.58

Tags:    

Similar News