ഉയർന്നു തുടങ്ങാൻ വിപണി; വിൽപന സമ്മർദം തുടരും; പശ്ചിമേഷ്യൻ സംഘർഷനിലയിൽ അയവ്; ഡോളർ കുതിക്കുന്നു

ക്രൂഡ് ഓയിലും സ്വർണവും താഴോട്ട്

Update:2024-10-28 07:47 IST

പശ്ചിമേഷ്യൻ സംഘർഷനില മയപ്പെട്ടത് ഇന്നു ലോക വിപണികളെ ഉയർത്തും. ഏഷ്യൻ വിപണികൾ കയറ്റത്തിലാണ്. ഇന്ത്യയിലും കയറ്റത്തോടെയാകും വ്യാപാരത്തുടക്കം. എങ്കിലും വിൽപന സമ്മർദം വിപണിയെ താഴ്ത്താം.

ശനിയാഴ്ച ഇസ്രയേൽ ഇറാനിൽ നടത്തിയ പരിമിത ആക്രമണം ലക്ഷ്യം കണ്ടതും ഇറാൻ ദുർബലമായതും ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഉയരാനും സ്വർണ, ക്രൂഡ് ഓയിൽ വിലകൾ ഇടിയാനും ഡോളർ സൂചിക ഉയരാനും കാരണമായി. ഇറാൻ്റെ ആണവ സ്ഥാപനങ്ങളെയോ എണ്ണഖനന-ശുദ്ധീകരണ സ്ഥാപനങ്ങളെയാേ ഊർജനിലയങ്ങളെയോ ആക്രമിച്ചില്ല. വ്യോമാക്രമണ പ്രതിരോധത്തിനുള്ള റഡാറുകളും മിസൈൽ - ഡ്രോൺ നിർമാണ സ്ഥാപനങ്ങളും മാത്രമാണ് ആക്രമിക്കപ്പെട്ടത്. തലസ്ഥാനമായ ടെഹറാനു സമീപമടക്കം ഇസ്രയേലിൽ നിന്ന് 2000 കിലോമീറ്റർ അകലെ നൂറിലേറെ വിമാനങ്ങൾ ചേർന്നു നടത്തിയ ആക്രമണത്തിൽ ഇറാന് തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിക്കതും നഷ്ടമായി. സിറിയയിലും ഇറാഖിലും അവർ സ്ഥാപിച്ചിരുന്ന റഡാറുകളും നശിപ്പിക്കപ്പെട്ടു. ഇറാൻ വലിയ തിരിച്ചടിക്കോ യുദ്ധ വ്യാപനത്തിനോ തുനിയില്ല എന്നാണു വിലയിരുത്തൽ. ഇറാൻ്റെ പരമോന്നത ഭരണാധികാരി അയത്തുള്ള ഖമനേയി രോഗം മൂലം അവശനിലയിലായതും യുദ്ധവ്യാപന സാധ്യത കുറയ്ക്കുന്നു. അതാണ് ഇന്നു രാവിലെ ക്രൂഡ് ഓയിലിനെ താഴ്ത്തുന്നതും ഡോളറിനെ കയറ്റുന്നതും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,149 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,215 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഭിന്ന ദിശകളിൽ നീങ്ങി. ജർമനിയിൽ ഡാക്സ് സൂചിക അൽപം ഉയർന്നു. മറ്റു സൂചികകൾ നാമമാത്രമായി താഴ്ന്നു. കഴിഞ്ഞയാഴ്ച യൂറോപ്യൻ സൂചികകൾ ഒരു ശതമാനം നഷ്ടം വരുത്തി. പ്രവർത്തന ലാഭത്തിൽ 64 ശതമാനം നഷ്ടം വരുത്തിയ വാഹന കമ്പനി മെഴ്സിഡീസ് ഒരു ശതമാനം താഴ്ന്നു. വിൽപന കുറയും എന്നു കരുതുന്ന ഫ്രഞ്ച് മദ്യ കമ്പനി റെമി ക്വാൻട്രോയും ഇടിഞ്ഞു.

യുഎസ് വിപണികൾ വെള്ളിയാഴ്ചയും ഭിന്നദിശകളിൽ നീങ്ങി. ഡൗ ജോൺസ് തുടർച്ചയായ അഞ്ചാം ദിവസവും താഴ്ന്നു. തലേന്നു കയറിയ ശേഷം എസ് ആൻഡ് പിയും താഴ്ചയിലായി. അതേ സമയം നാസ്ഡാക് മികച്ച നേട്ടം ഉണ്ടാക്കി റെക്കോർഡ് ഉയരത്തിൽ ക്ലാേസ് ചെയ്തു.

പശ്ചിമേഷ്യയില സംഘർഷനില അയയുന്നതു വിപണിയെ തുടർകയറ്റത്തിനു സഹായിക്കും. ഡോണൾഡ് ട്രംപിനു നിർണായക സംസ്ഥാനങ്ങളിൽ മുൻതൂക്കം നിലനിൽക്കുന്നതു വിപണിക്ക് ആവേശം പകരുന്ന കാര്യമാണ്. എന്നാൽ കമ്പനി റിസൽട്ടുകൾ പൊതുവേ ദുർബല വളർച്ച കാണിക്കുന്നത് വിപണിയുടെ കുതിപ്പിനു തടസമായി നിൽക്കുന്നു.

ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 259.96 പോയിൻ്റ് (0.61%) ഇടിഞ്ഞ് 42,114.36 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 1.74 പോയിൻ്റ് (0.03%) താഴ്ന്ന് 5808.12-ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 103.12 പോയിൻ്റ് (0.56%) കയറി 18,518.61 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നല്ല ഉയർച്ചയിലാണ്. ഡൗ 0.46 ഉം എസ് ആൻഡ് പി 0.55 ഉം നാസ്ഡാക് 0.67 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.278 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് താഴ്ന്നു.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ഭരണസഖ്യം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ജപ്പാനിൽ നിക്കെെ സൂചിക 1.80 ശതമാനം വരെ കുതിച്ചു കയറി. ദക്ഷിണ കൊറിയൻ വിപണി അം ശതമാനം കയറി. ഓസ്ട്രേലിയയും ഉയർന്നു. ചൈനീസ് വിപണി താഴ്ന്നു വ്യാപാരം തുടങ്ങി. ജാപ്പനീസ് കറൻസി യെൻ ഒരു ഡോളറിന് 154 യെൻ എന്ന നിലയിലേക്കു താണു.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി വെള്ളിയാഴ്ചയും നേട്ടത്തിൽ വ്യാപാരം ആരംഭിച്ചിട്ടു ചാഞ്ചാട്ടങ്ങൾക്കു ശേഷം വലിയ നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിനടുത്തു താഴ്ന്നപ്പോൾ ബാങ്ക് നിഫ്റ്റി ഒന്നര ശതമാനത്തോളം ഇടിഞ്ഞു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനത്തിലധികം ഇടിവിലാണു ക്ലോസ് ചെയ്തത്. എഫ്എംസിജി കമ്പനികളും ഫാർമ, ഹെൽത്ത് കെയർ കമ്പനികളും മാത്രം ഉയർന്നു. കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ - ഗ്യാസ്, മെറ്റൽ, പി എസ് യു ബാങ്കുകൾ, മീഡിയ, വാഹന മേഖലകളുടെ സൂചികകൾ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.

കഴിഞ്ഞയാഴ്ച സെൻസെക്സ് 2.2ഉം നിഫ്റ്റി 2.7 ഉം ശതമാനം ഇടിവിലായി. സെപ്റ്റംബർ 27 ലെ റെക്കോർഡ് നിലയിൽ നിന്നു സെൻസെക്സ് 7.65 ഉം നിഫ്റ്റി 7.98ഉം ശതമാനം താഴ്ചയിലാണ് വാരം അവസാനിപ്പിച്ചത്.

വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 3036.75 കോടി രൂപയുടെ അറ്റവിൽപന നടത്തി. ഇതോടെ ഈ മാസം വിദേശികളുടെ വിൽപന 1,00,242.17 കോടി രൂപയായി. പ്രതിമാസ വിദേശിവിൽപനയിൽ റെക്കോർഡ് ആണിത്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4159.29 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. അവരുടെ പ്രതിമാസ നിക്ഷേപം 97,090.83 കോടിയിൽ എത്തി.

വെള്ളിയാഴ്ച എൻഎസ്ഇയിൽ 521 ഓഹരികൾ ഉയർന്നപ്പോൾ 2303 ഓഹരികൾ താണു. ബിഎസ്ഇയിൽ 738 എണ്ണം കയറി, 3215 എണ്ണം താഴ്ന്നു.

വെള്ളിയാഴ്ച സെൻസെക്സ് 662.87 പാേയിൻ്റ് (0.83%) നഷ്ടത്തോടെ 79,402.29 ൽ ക്ലാേസ് ചെയ്തു. ഓഗസ്റ്റ് 13 നു ശേഷം ആദ്യമാണ് സൂചിക 80,000 നു താഴെ ക്ലോസ് ചെയ്യുന്നത്. നിഫ്റ്റി 218.60 പോയിൻ്റ് (0.90%) താഴ്ന്ന് 24,180.80 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 743.70 പോയിൻ്റ് (1.44%) ഇടിഞ്ഞ് 50,787.45 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 1.90 ശതമാനം (1071.80 പോയിൻ്റ്) താഴ്ന്ന് 55,277.95 ൽ ക്ലോസ് ചെയ്തപ്പോൾ സ്മോൾ ക്യാപ് സൂചിക 2.20% ഇടിഞ്ഞ് 17,847. 90 ൽ വ്യാപാരം അവസാനിപ്പിച്ചു.

കമ്പനി റിസൽട്ടുകൾ പ്രതീക്ഷയിലും മോശമായി തുടരുന്നു. ഈയാഴ്ചയും കമ്പനി റിസൽട്ടുകളാകും വിപണിയെ നയിക്കുക. രാജ്യാന്തര പ്രവണതകളും സ്വാധീനം ചെലുത്തും. വിദേശ നിക്ഷേപകർ വിൽപന തുടരുകയാണെങ്കിൽ സ്വദേശി നിക്ഷേപകർ ഓരോ ചെറിയ കയറ്റത്തിലും വിറ്റു ലാഭമെടുക്കുന്ന ശൈലി തുടരും.

നിഫ്റ്റി 24,000 നു താഴേക്കു നീങ്ങി 23,900- 23,450 മേഖലയിലേക്കു പതിക്കുന്നതിനെപ്പറ്റി സാങ്കേതിക വിശകലന വിദഗ്ധർ സൂചന നൽകുന്നുണ്ട്. നിഫ്റ്റിക്ക് ഇന്ന് 24,090 ഉം 24,015 ഉം പിന്തുണ നൽകാം. 24,370 ഉം 24,455 ഉം തടസങ്ങളാകും.

സ്വർണം താഴ്ചയിൽ

വെള്ളിയാഴ്ച തിരിച്ചു കയറിയ സ്വർണം ഇന്നു രാവിലെ കുത്തനെ ഇടിഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷനില അയയുന്ന സാഹചര്യത്തിലാണിത്. ഡോളർ സൂചിക ഉയരുന്നതും കാരണമാണ്. എങ്കിലും പലിശ കുറയ്ക്കുന്നതോടെ ഔൺസിന് 3000 ഡോളർ എന്ന മധ്യകാല ലക്ഷ്യത്തിലേക്കു യാത്ര തുടരുമെന്നു തന്നെ ബുള്ളുകൾ വിശ്വസിക്കുന്നു.

വെള്ളിയാഴ്ച സ്വർണം ഔൺസിന് 12.40 ഡോളർ ഉയർന്ന് 2748.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 20.70 ഡോളർ ഇടിഞ്ഞ് 2728 ഡോളറിലെത്തി. ഇനിയും കുറച്ചു കൂടി താഴാം.

കേരളത്തിൽ സ്വർണവില വെള്ളിയാഴ്ച പവന് 80 രൂപ കയറി 58, 360 രൂപയിൽ എത്തി. ശനിയാഴ്ച 520 രൂപ വർധിച്ച് 58,880 രൂപ എന്ന റെക്കോർഡ് കുറിച്ചു. ഇന്നു വില അൽപം കുറയാം.

വെള്ളിവില ഔൺസിനു 33.28 ഡോളറിൽ ക്ലോസ് ചെയ്തു.

ഡോളർ കയറുകയാണ്. വെള്ളിയാഴ്ച ഡോളർ സൂചിക 0.32 പോയിൻ്റ് ഉയർന്ന് 104.26 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 104.51 ലേക്കു കയറി.

ഇന്ത്യൻ രൂപ വെള്ളിയാഴ്ചയും പിടിച്ചു നിന്നു. ഡോളർ മാറ്റമില്ലാതെ 84.08 രൂപ എന്ന റെക്കോർഡ് നിരക്കിൽ ക്ലോസ് ചെയ്തു. ഇന്നു ഡോളർ അൽപം നേട്ടം ഉണ്ടാക്കാൻ സാധ്യത ഉണ്ട്.

ക്രൂഡ് ഓയിൽ വില കുത്തനേ താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച രണ്ടു ശതമാനം കയറി 76.05 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അഞ്ചു . ശതമാനം ഇടിഞ്ഞ് 72.72 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 68.53 ഉം യുഎഇയുടെ മർബൻ ക്രൂഡ് 75.02 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ ഒരു ശതമാനം കയറി 67,700 ഡോളറിനടുത്തായി. ഈഥർ 2500 ഡോളറിനു താഴെ എത്തി.

അലൂമിനിയവും ചെമ്പും ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഇടിഞ്ഞു. ചെമ്പ് 0.19 ശതമാനം ഉയർന്ന് ടണ്ണിന് 9384.90 ഡോളറിൽ എത്തി. അലൂമിനിയം 1.60 ശതമാനം കയറി ടണ്ണിന് 2677.65 ഡോളർ ആയി. ടിൻ 0.20 ഉം സിങ്ക് 4.92 ഉം നിക്കൽ 2. 34 ഉം ലെഡ് 0.86 ഉം ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 ഒക്ടോബർ 25, വെള്ളി)

സെൻസെക്സ് 30 79,402. 29 -0.83%

നിഫ്റ്റി50 24,180.80 -0.90%

ബാങ്ക് നിഫ്റ്റി 50,787.45 -1.44%

മിഡ് ക്യാപ് 100 55,277.95 -1.90%

സ്മോൾ ക്യാപ് 100 17,847.90 -2.20%

ഡൗ ജോൺസ് 30 42,114.40

-0.61%

എസ് ആൻഡ് പി 500 5808.12 -0.03%

നാസ്ഡാക് 18,518.61 +0.56%

ഡോളർ($) ₹84.08 ₹0.00

ഡോളർ സൂചിക 104.26 +0.32

സ്വർണം (ഔൺസ്) $2748.70 +$12.40

സ്വർണം (പവൻ) ₹58,360 +₹80

(ശനി ₹58,880 +₹520)

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $76.05 +$01.67

Tags:    

Similar News