ആശ്വാസറാലി കാത്തു വിപണി; ഏഷ്യൻ വിപണികൾ ഇടിവിൽ; രൂപയുടെ തകർച്ച തുടരാം; ചില്ലറ വിലക്കയറ്റത്തിൽ ആശ്വാസം
ആശ്വാസറാലി കാത്തു വിപണി; ഏഷ്യൻ വിപണികൾ ഇടിവിൽ; രൂപയുടെ തകർച്ച തുടരാം; ചില്ലറ വിലക്കയറ്റത്തിൽ ആശ്വാസം
എല്ലാ വിപണികളിലും ചോരപ്പുഴ. എപ്പോഴാണ് അവസാനം എന്ന് ആർക്കും അറിയില്ല. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലാണെങ്കിലും അതു വിപണികളെ ഉയർത്തുമെന്നു കരുതുന്നത് അതിമോഹമാണ്. ഏഷ്യൻ വിപണികൾ കനത്ത താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കെെ രണ്ടു ശതമാനത്തിലേറെ ഇടിഞ്ഞു. കൊറിയൻ വിപണി ഒന്നര ശതമാനം താഴ്ചയിലാണ്. ഓസ്ട്രേലിയൻ വിപണി അഞ്ചു ശതമാനം ഇടിഞ്ഞു. ഏഷ്യൻ വിപണികൾ പിന്നീടു നഷ്ടം കുറച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 15,640 വരെ താഴ്ന്നു. എന്നാൽ ഇന്നു രാവിലെ 15,718 വരെ കയറി. പിന്നീട് 15, 690 ലേക്കു താഴ്‌ന്നു. ആശ്വാസ റാലി പ്രതീക്ഷിക്കുന്നതിൻ്റെ സൂചനയാണിത്.
വ്യാവസായിക ലോഹങ്ങളും സ്വർണവും ഓഹരികൾക്കൊപ്പം കുത്തനേ താണു. പലിശ കൂടും എന്നു സൂചിപ്പിച്ച് സർക്കാർ കടപ്പത്രങ്ങളുടെ വില ഇടിഞ്ഞു. ക്രൂഡ് ഓയിൽ ഉയർന്നു. കറൻസികൾ താഴോട്ടു നീങ്ങി. ഡോളർ 78 രൂപയ്ക്കു മുകളിലായി. ക്രിപ്റ്റോ കറൻസികൾ കുത്തനേ താണു. പല ക്രിപ്റ്റോ എക്സ്ചേഞ്ചുകളും ബിസിനസ് തുടരാൻ വിഷമിക്കുന്ന നിലയായി.
യൂറോപ്യൻ ഓഹരികൾ ഇന്നലെ രണ്ടു ശതമാനത്തിലധികം താഴ്ന്നു. യുഎസ് വിപണിയിൽ ഡൗ ജോൺസ് 2.79 ശതമാനവും എസ് ആൻഡ് പി 3.88 ശതമാനവും നാസ്ഡാക് 4.68 ശതമാനവും ഇടിഞ്ഞു.
സെൻസെക്സ് ഇന്നലെ 1456.74 പോയിൻ്റ് (2.68%) ഇടിഞ്ഞ് 52,846.7 ലും നിഫ്റ്റി 427.4 പോയിൻ്റ് (2.64%) ഇടിഞ്ഞ് 15,774.4 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 2.89 ശതമാനവും സ്മോൾ ക്യാപ് സൂചിക 3.88 ശതമാനവും ഇടിഞ്ഞു. എല്ലാ വ്യവസായ വിഭാഗങ്ങളും നഷ്ടത്തിലായിരുന്നു.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 4164.01 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 2814.5 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി തികച്ചും ദുർബല നിലയിലാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 15,400-15,500 മേഖലയിൽ സപ്പോർട്ട് തേടുകയാണു നിഫ്റ്റി എന്നാണു സൂചന. അവിടം നിലനിർത്താനായാൽ ഒരു ചെറിയ കുതിപ്പിനു സാധ്യതയുണ്ട്.
ക്രൂഡ് ഓയിൽ വില ഇന്നലെ 1206 ഡാേളറിനു താഴോട്ടു നീങ്ങിയിട്ടു തിരിച്ചു കയറി. ലഭ്യത സംബന്ധിച്ച വിഷയങ്ങളാണു കാരണം. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 122.3 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും തകർന്നു. ടിൻ വില 9.14 ശതമാനം ഇടിഞ്ഞു. ചെമ്പ് 2.6 ശതമാനം താഴ്ന്ന് 9289 ഡോളറായി. അലൂമിനിയം 1.76 ശതമാനം താണു. നിക്കൽ 4.27 ശതമാനവും സിങ്ക് 3.96 ശതമാനവും തകർച്ചയിലായി. ചൈനയിൽ വീണ്ടും നിയന്ത്രണങ്ങൾ വരുന്നതും മാന്ദ്യഭീഷണിയുമാണു കാരണങ്ങൾ.
ഡോളറിൻ്റെ കയറ്റം വകവയ്ക്കാതെ കയറാനുള്ള സ്വർണത്തിൻ്റെ ശ്രമം പരാജയപ്പെട്ടു. ക്രിപ്റ്റോ കറൻസികളിൽ നിന്നു പിന്മാറുന്നവർ സ്വർണത്തിലേക്കു മാറുമെന്ന പ്രതീക്ഷയും പാളി.ഒറ്റ ദിവസം കൊണ്ട് സ്വർണത്തിന് 50 ഡോളറാണ് ഇടിഞ്ഞത്. 1866 ഡോളറിൽ നിന്ന് 1811.6 ഡോളറിലേക്കു സ്വർണം വീണു. ഇന്നു രാവിലെ 1825-1826 ഡോളറിലാണു സ്വർണം.
രൂപയ്ക്കു വലിയ ഇടിവു സംഭവിച്ചതിനാൽ ആഗോള വിപണിയിലെ താഴ്ച ഇന്നലെ കേരളത്തിലെ സ്വർണ വിലയിൽ പ്രതിഫലിച്ചില്ല. വില മാറ്റമില്ലാതെ 38,680 രൂപയിൽ തുടർന്നു. നാടകീയമായ ഒന്നും സംഭവിക്കുന്നില്ലെങ്കിൽ ഇന്നു വില കുറയും.
ബിറ്റ് കോയിൻ, ഈഥർ, ലൈറ്റ് കോയിൻ, ബിനാൻസ് തുടങ്ങിയ ക്രിപ്റ്റോ കോയിനുകൾ ഇന്നലെ 15 മുതൽ 18 വരെ ശതമാനം ഇടിഞ്ഞു. പലതും റിക്കാർഡ് വിലയിൽ നിന്ന് 60-70 ശതമാനം താഴെയായി. ഇന്നും അവ താഴാേട്ടാണ്.
ഡോളർ ഇന്നലെ 78.28 രൂപ വരെ കയറിയെങ്കിലും റിസർവ് ബാങ്ക് ഇടപെടലിനെ തുടർന്ന് 78.03 രൂപയിൽ ക്ലാേസ് ചെയ്തു. ഇന്നു ഡോളർ സൂചിക വീണ്ടും കയറി 105.18 ആയി. രൂപയ്ക്കു കൂടുതൽ ക്ഷീണം ഉണ്ടാകാം.
ആർബിഎൽ ബാങ്കിൽ നടക്കുന്നത്
മാസങ്ങൾക്കു ശേഷം എംഡി - സിഇഒ നിയമനം നടന്ന ആർബിഎൽ ബാങ്കിൻ്റെ ഓഹരി വില 22.67 ശതമാനം തകർന്നു. ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെ എംഡിയും സിഇഒയും ആയിരുന്ന സുബ്രഹ്മണ്യൻ കുമാറിനെയാണു നിയമിച്ചത്. ബാങ്കിൻ്റെ നടത്തിപ്പിലോ ആസ്തി നിലവാരത്തിലോ സാരമായ പ്രശ്നം ഉണ്ടെന്നു തോന്നിക്കുന്നതാണു പൊതുമേഖലാ ബാങ്കിൽ നിന്ന് ആളെ കണ്ടെത്തിയത് എന്നു വിദേശ ബ്രോക്കറേജുകൾ വിലയിരുത്തി. ആറു മാസമായി ബാങ്കിനു സ്ഥിരം മേധാവി ഇല്ലായിരുന്നു.
യുഎസ് വിലക്കയറ്റം
അമേരിക്കയിൽ മേയിലെ മൊത്തവില സൂചിക ഇന്നു പുറത്തുവിടും. 11 ശതമാനം വാർഷിക വർധനയാണു പ്രതീക്ഷ. ചില്ലറ വിലകൾ പെട്ടെന്നു താഴുകയില്ലെന്ന് മൊത്തവിലയിലെ കയറ്റം കാണിക്കുന്നു. യുഎസ് ഫെഡ് വിലക്കയറ്റം വരുതിയിലാക്കാനുള്ള പലിശ വർധന നാളെ പ്രഖ്യാപിക്കും. 50 ബേസിസ് പോയിൻ്റ് വർധനയാണോ അതിലേറെ വർധനയാണോ എന്നാണു വിപണികൾ ഉറ്റുനോക്കുന്നത്. 50 ബേസിസ് പോയിൻ്റിലധികമുള്ള വർധനയായാൽ വിപണികൾ വല്ലാതെ പ്രതികരിക്കും. മാന്ദ്യം ഉറപ്പ് എന്നാകും വിപണികൾ വിലയിരുത്തുക.
ഇന്ത്യയിലെ മൊത്ത വിലക്കയറ്റ കണക്ക് ഇന്നു പ്രസിദ്ധീകരിക്കും. ഏപ്രിൽ 15.1 ശതമാനമായിരുന്നു മൊത്ത വിലക്കയറ്റം. തുടർച്ചയായ 13-ാം മാസമാണു മൊത്ത വിലക്കയറ്റം പത്തു ശതമാനത്തിലധികമാകുന്നത്.
ചില്ലറ വിലക്കയറ്റം കുറഞ്ഞത് ഇങ്ങനെ
മേയ് മാസത്തിലെ ചില്ലറ വിലക്കയറ്റം 7.04 ശതമാനമാണെന്നു നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കിൽ പറയുന്നു. ഏപ്രിലിൽ 7.79 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം മേയിൽ വിലകൾ ഉയർന്ന തോതിലായിരുന്നതു മൂലമുള്ള സ്റ്റാറ്റിസ്റ്റിക്കൽ ഇഫക്ടാണ് വിലസൂചിക താഴ്ന്നു എന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ വില സൂചിക 157.8 ആയിരുന്നു. മേയിൽ 160.4 ഉം. ഇത്തവണ സൂചിക യഥാക്രമം 170.1 ഉം 171.7 ഉം ആയി. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് മേയിലെ വിലകൾ കൂടുതലായിരുന്നു. ആ മേയിലെ വിലക്കയറ്റം 6.3 ശതമാനമായിരുന്നു. ഇത്തവണ അതിലും കൂടിയ തോതിൽ വർധിച്ചെങ്കിലും അടിത്തറ വലുതായിരുന്നതിനാൽ താരതമ്യത്തിൽ വിലക്കയറ്റ നിരക്ക് കുറഞ്ഞതായി തോന്നി. യഥാർഥത്തിൽ ചില്ലറ വിലക്കയറ്റം ഏപ്രിലിനെ അപേക്ഷിച്ച് 0.94 ശതമാനം അധികമാണു മേയിൽ.
പച്ചക്കറികൾ, സസ്യ എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ, മാംസം, മത്സ്യം, ക്ഷീരോൽപന്നങ്ങൾ തുടങ്ങിയവയുടെ വില വർധനയിൽ ശമനമില്ല. നഗര മേഖലയിലെ ഭക്ഷ്യ വിലക്കയറ്റം 8.2 ശതമാനത്തിലേക്കു വർധിച്ചു. പയറു വർഗങ്ങൾക്കാണു ഗണ്യമായ വിലയിടിവുള്ളത്.
ഇന്ധന നികുതി കുറച്ചതിൻ്റെ ഭാഗിക ഫലമേ മേയിൽ ഉള്ളു. ജൂണിലാണു മുഴുവൻ ഫലവും ദൃശ്യമാകൂ. എങ്കിലും ജൂണിലെ വിലക്കയറ്റം 6.5 - 7.0 ശതമാനമായിരിക്കും.
കരടി വിപണി
അമേരിക്കയിൽ എസ് ആൻഡ് പി 500 സൂചിക 20 ശതമാനത്തിലധികം ഇടിഞ്ഞ് കരടി വിപണിയിലായി. റിക്കാർഡ് ഉയരത്തിൽ നിന്ന് 30-35 ശതമാനം താണിട്ടേ യഥാർഥ തിരിച്ചു കയറ്റം സാധിക്കൂ എന്നു പല നിക്ഷേപ വിദഗ്ധരും പറയുന്നുണ്ട്. ഇന്ത്യയിൽ മുഖ്യസൂചികകൾ രണ്ടും കഴിഞ്ഞ ഒക്ടോബറിലെ റിക്കാർഡ് നിലവാരത്തിൽ നിന്നു 15 ശതമാനം മാത്രമേ ഇടിഞ്ഞിട്ടുള്ളു.
കുറേ ആഴ്ചകൾക്കു മുമ്പ് അത്യാകർഷകമാകുമായിരുന്ന വിലനിലവാരത്തിലാണ് ഓഹരിവിലകൾ ഇപ്പോൾ. പക്ഷേ താഴ്ചയിൽ വാങ്ങാൻ ആരും തയാറില്ല. ഉയർന്ന വിലക്കയറ്റം, ഉയർന്ന പലിശ എന്നിവ ചേർന്നു സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയില്ലെങ്കിലും വളർച്ചത്തോതു കുറയ്ക്കുമെന്ന് ഉറപ്പാണ്.അതായതു കമ്പനികൾ ഇപ്പോൾ പ്രതീക്ഷിക്കുന്ന വരുമാന വർധനയും ലാഭ വർധനയും ഉണ്ടാവുകയില്ല. പ്രതി ഓഹരി വരുമാനം കുറയുമ്പോൾ ഓഹരിവില കുറയാതെ തരമില്ലല്ലോ. ആ താഴ്ചയാണ് ഇപ്പാേൾ സംഭവിക്കുന്നതെന്നു വാദിക്കുന്നവർ കുറവല്ല.