ആശങ്കകൾ രൂക്ഷം; തകർച്ച ഭയന്നു നിക്ഷേപകർ; മെരുങ്ങാതെ വിലക്കയറ്റം; വിദേശികൾ വിൽപന കൂട്ടി; ക്രിപ്റ്റോകൾ തകർച്ചയിൽ

ഓഹരി വിപണിയിൽ വീണ്ടും തകർച്ചയോ?; സ്വർണം കയറി, ക്രിപ്റ്റോ വീണു; യുഎസിൽ അപ്രതീക്ഷിത വിലക്കയറ്റം

Update:2022-06-13 07:59 IST

ഒട്ടും സുഖകരമല്ലാത്ത ഒരാഴ്ച കഴിഞ്ഞു. എന്നാൽ ഇന്നു തുടങ്ങുന്നതും ആശ്വാസകരമാകാനിടയില്ല. വെള്ളിയാഴ്ച യുഎസ് വിപണിയിൽ ചോരപ്പുഴ ഒഴുക്കിയ വിലക്കയറ്റക്കണക്കിൻ്റെ പ്രത്യാഘാതം ഇന്നു വിപണിയിൽ ഉണ്ടാകും. ഇന്ത്യ മുതൽ ബ്രസീൽ വരെയുള്ള വിപണികളെല്ലാം വെള്ളിയാഴ്ച കുത്തനേ വീണതാണ്. വീണ്ടും തകർച്ച എന്നാണ് സൂചനകൾ.

യുഎസ് ഫ്യൂച്ചേഴ്സ് ഞായർ വൈകുന്നേരം (ഇന്ത്യൻ സമയം ഇന്നു രാവിലെ) ഇടിവിലാണ്. ഡൗ ജോൺസ് അര ശതമാനവും എസ് ആൻഡ് പി ഒരു ശതമാനവും നാസ്ഡാക് 1.4 ശതമാനവും താഴ്ച കാണിക്കുന്നു. അമേരിക്കയിൽ മാന്ദ്യത്തിനു സാധ്യത വർധിച്ചതായി പല ബ്രോക്കറേജുകളും വിലയിരുത്തി.
ഇന്നു രാവിലെ ജപ്പാനിലും കൊറിയയിലും വിപണികൾ വലിയ ഇടിവിലാണ്. ജപ്പാനിലെ നിക്കൈ രണ്ടു ശതമാനത്തിലധികം താഴ്ചയിലാണു തുടങ്ങിയത്. പിന്നീടു കൂടുതൽ താഴ്ചയിലായി. കൊറിയൻ വിപണിയും കുത്തനേ താണു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 16,015 വരെ താണിരുന്നു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 15,845 ലെത്തി. പിന്നീട് അൽപം കയറി. ഇന്ത്യൻ വിപണി വലിയ താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന .
വെള്ളിയാഴ്ച സെൻസെക്സ് 1016.84 പോയിൻ്റ് (1.84%) ഇടിഞ്ഞ് 54,303.44 ലും നിഫ്റ്റി 276.3 പോയിൻ്റ് (1.68%) തകർന്ന് 16,201.8 ലും ക്ലോസ് ചെയ്തു. എല്ലാ ബിസിനസ് വിഭാഗങ്ങളും ഇടിവിലായപ്പോൾ റിലയൻസ് മൂന്നു ശതമാനം തകർച്ചയിലായി. ബാങ്ക്, ഐടി, മെറ്റൽ, ഓട്ടോ കമ്പനികളും വീണു. നിഫ്റ്റിക്ക് ആഴ്ചയിൽ 2.31 ശതമാനവും സെൻസെക്സിന് 2.7 ശതമാനവും നഷ്ടമുണ്ടായി.
വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 3973.95 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ 2831.07 കോടിയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി 16,200-നു മുകളിൽ ക്ലോസ് ചെയ്തെങ്കിലും അതു സംരക്ഷിക്കാനുള്ള കരുത്ത് കാണിക്കുന്നില്ല. താഴ്ചകളിൽ വാങ്ങാൻ നിക്ഷേപകർ ഉത്സാഹിക്കുന്നില്ല. വിപണി ഇനിയും ഗണ്യമായി താഴാനുണ്ട് എന്നാണു വിലയിരുത്തൽ. 15,745-15,900 നിഫ്റ്റിയുടെ സപ്പോർട്ട് മേഖലയായി മാറുമെന്നു ശുഭാപ്തി വിശ്വാസികൾ കരുതുന്നു. എന്നാൽ തിരുത്തലിനു വീണ്ടും താഴേണ്ടതുണ്ടെന്നു കരുതുന്നവരാണു കൂടുതൽ.

ലോഹങ്ങൾ ഇടിയുന്നു

ലോക വിപണിയിൽ ലോഹങ്ങൾ ഇടിയുകയാണ്. ക്രൂഡ് ഓയിലിൻ്റെ വിലയും തൽക്കാലം താഴാനുള്ള പ്രവണത കാണിക്കുന്നു. ചൈന ഷാങ്ഹായിയിൽ കോവിഡ് നിയന്ത്രണം വീണ്ടും കർശനമാക്കി. ബെയ്ജിംഗിൽ ക്ലസ്റ്റർ നിയന്ത്രണങ്ങൾ ഫലിക്കാത്തതിനാൽ വ്യാപക നിയന്ത്രണങ്ങൾ കൊണ്ടുവരും എന്നാണു സൂചന. ചൈനയിൽ ക്രൂഡ് ഓയിലിൻ്റെയും ലോഹങ്ങളുടെയും ഡിമാൻഡ് കുറയാനും വ്യവസായഉൽപാദനം ഇടിയാനും ഇതു കാരണമാകും.
ക്രൂഡ് ഓയിൽ വില 123 ഡോളറിൽ നിന്ന് 120 ഡോളറിലേക്കു താഴ്ന്നു. ഇന്നു രാവിലെ വീണ്ടും താണ് 119.9 ഡോളറായി.
വെള്ളിയാഴ്ച അലൂമിനിയവും നിക്കലും നാലു ശതമാനത്തിലധികം ഇടിഞ്ഞു. മറ്റു ലോഹങ്ങൾ ഒന്നര മുതൽ മൂന്നര വരെ ശതമാനം താഴ്ചയിലാണ്.

വിദേശികൾ പിന്മാറുന്നു

വിദേശ നിക്ഷേപകർ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നു പണം പിൻവലിക്കുന്നതു തുടരുകയാണ്. ജൂണിൽ മാത്രം വിദേശികൾ ഓഹരികളിൽ നിന്ന് 13,888 കോടി രൂപ പിൻവലിച്ചു. 2022-ൽ ഇതുവരെ 2.2 ലക്ഷം കോടി രൂപ അവർ മടക്കിക്കൊണ്ടു പോയി. അവർ ഇനിയും വിൽപന തുടരും. വിപണിയിലേക്കു ചില്ലറ നിക്ഷേപകരുടെ പണം എത്തുന്നുണ്ടെങ്കിലും വിദേശികളുടെ പിന്മാറ്റത്തിനു പകരം ആകുന്നില്ല.

സ്വർണം കയറി, ക്രിപ്റ്റോ വീണു

സ്വർണം ഒടുവിൽ ഡോളർ സൂചികയുടെ പിടിയിൽ നിന്നു കുതറി മാറി കയറ്റത്തിലായി. ഗൂഢ (ക്രിപ്റ്റോ) കറൻസികളുടെ തകർച്ചയാണ് സ്വർണത്തെ സഹായിച്ചത്. ബിറ്റ് കോയിൻ വില 26,000 ഡോളറിലായി. ഈഥർ കഴിഞ്ഞ നവംബറിലെ 4516 ഡോളറിൽ നിന്ന് ഇന്ന് 1370 ഡോളറിലെത്തി. 70 ശതമാനം തകർച്ച. അതിസമ്പന്നർ പലരും ക്രിപ്റ്റോകൾ ഉപേക്ഷിച്ചു സ്വർണത്തിലേക്കു തിരിച്ചു വന്നു. വെള്ളിയാഴ്ച 1829 ഡോളറിൽ നിന്ന് 1876 ഡോളറിലേക്കു കുതിച്ച സ്വർണം ഇന്നു രാവിലെ 1870 - 1872 ഡോളറിലാണ്. കേരളത്തിൽ ശനിയാഴ്ച പവൻ വില 480 രൂപ വർധിച്ച് 38,680 രൂപയായി.
യുഎസ് പലിശ അതിവേഗം വർധിക്കുമെന്ന നിഗമനം ഡോളർ സൂചികയെ 104.54 ലേക്ക് ഉയർത്തി. താമസിയാതെ 106 ലേക്കു കയറുമെന്നാണു വിപണിയുടെ വിലയിരുത്തൽ.
രൂപ കഴിഞ്ഞയാഴ്ച ദുർബലമായി. ഡോളർ നിരക്ക് 77.93 രൂപയിൽ എത്തിയിട്ട് 77.84 ൽ ക്ലോസ് ചെയ്തു. ഇന്നു ഡോളർ 78 രൂപ കടക്കാൻ ശ്രമിക്കും. അനിയന്ത്രിതമായി രൂപ ചാഞ്ചാടുന്നതു തടയാൻ മാത്രമേ റിസർവ് ബാങ്ക് ഇടപെടൂ എന്നാണു നിഗമനം.

വിലക്കയറ്റ കണക്കുകൾ

ഇന്നു വൈകുന്നേരം ഇന്ത്യയിലെ ചില്ലറ വിലക്കയറ്റ കണക്ക് പുറത്തു വരും. നാളെ മൊത്തവിലക്കയറ്റ കണക്കും പുറത്തു വിടും. ചില്ലറ വിലക്കയറ്റം ഏപ്രിലിലെ 7.79 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി കുറയും എന്നാണു പൊതു നിഗമനം. ഇതു കുറവാണെങ്കിലും വിലക്കയറ്റപ്രവണതയിൽ ഗുണകരമായ മാറ്റം ആയി കാണാനാവില്ലെന്നാണ് വിലയിരുത്തൽ. ആഗാേള വിപണിയിൽ ക്രൂഡ് ഓയിൽ വില 120 ഡോളറിനു മുകളിൽ തുടരുന്നത് വിലക്കയറ്റത്തെപ്പറ്റി ആശങ്ക വളർത്തും. ലോഹങ്ങൾക്കും മറ്റും വില ഇടിയുന്നുണ്ടെങ്കിലും അതിൻ്റെ തുടർച്ചയെപ്പറ്റി ആർക്കും ഉറപ്പില്ല. മൺസൂൺ ഇപ്പോഴും ഒളിച്ചു കളിക്കുന്നതും ആശങ്ക ഉണ്ടാക്കുന്നു. ഇതിനകം ദക്ഷിണേന്ത്യ മുഴുവനും ലഭിക്കേണ്ട മൺസൂൺ മഴ മൂന്നിലൊരു ഭാഗത്തു പോലും എത്തിയിട്ടില്ല. ഈ രീതിയിലാണു വരുന്ന ആഴ്ചകളിലെ പുരോഗതി എങ്കിൽ കർഷികാേൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാകും. അതു ഭക്ഷ്യവസ്തുക്കളുടെ മാത്രമല്ല പരുത്തി തുടങ്ങിയവയുടെ വിലക്കയറ്റവും വർധിപ്പിക്കും. ഒപ്പം ഗ്രാമീണ മേഖലയിലെ ഡിമാൻഡ് കുറയ്ക്കും.

യുഎസിൽ അപ്രതീക്ഷിത കയറ്റം

അമേരിക്കൻ വിലക്കയറ്റം മേയ് മാസത്തിൽ അപ്രതീക്ഷിത തോതിൽ ഉയർന്നതാേടെ പലിശ നിരക്കു സംബന്ധിച്ച വിപണിയുടെ കണക്കുകൂട്ടലുകൾ തെറ്റി. ജൂണിലും ജൂലൈയിലും യുഎസ് ഫെഡ് 50 ബേസിസ് പോയിൻ്റ് വീതം നിരക്കു കൂട്ടും, അതിനു ശേഷം ഫെഡ് ചെറിയ വിരാമം എടുക്കും എന്നാണ് വിപണി കരുതിയിരുന്നത്. രണ്ടു തവണയായി 75 ബേസിസ് പോയിൻ്റ് ഇതിനകം വർധിപ്പിച്ചിരുന്നു. ഈ ബുധനാഴ്ച പുതിയ വർധന പ്രഖ്യാപിക്കുന്നതോടെ ഫെഡിൻ്റെ പലിശ നിലവാരം 1.25-1.50 ശതമാനമാകും. ജൂലൈയിൽ നിരക്ക് 1.75-2.00 ശതമാനത്തിലെത്തും. അവിടെ താൽക്കാലിക വിരാമം വരുമെന്നും പിന്നീടു 25 ബേസിസ് പോയിൻ്റ് വീതമുള്ള വർധനയേ വരൂ എന്നുമാണു വിപണി പ്രതീക്ഷിച്ചത്.
എന്നാൽ വിലക്കയറ്റം യാതൊരു ശമനവും കാണിക്കാത്ത സാഹചര്യത്തിൽ ആശങ്ക കൂടുകയാണ്. വിലക്കയറ്റം പിടിച്ചു നിർത്താൻ വേണ്ടതെല്ലാം ചെയ്യുമെന്നാണ് ഫെഡ് ചെയർമാൻ ജെറോം പവൽ ആവർത്തിച്ചു പറഞ്ഞിട്ടുള്ളത്. എന്തും എന്നതിൽ കൂടുതൽ ഉയർന്ന നിരക്കിലുള്ള പലിശ വർധനയും പെടുന്നു. അതായത് 75 ബേസിസ് പോയിൻ്റോ 100 ബേസിസ് പോയിൻ്റോ ഒക്കെ ഒറ്റയടിക്കു കൂട്ടാനുള്ള സാധ്യത ഫെഡ് തള്ളിക്കളഞ്ഞിട്ടില്ല. അല്ലെങ്കിൽ 50 ബേസിസ് പോയിൻ്റ് വീതം സെപ്റ്റംബറിലും നവംബറിലും കൂട്ടാം. അതായത് നിലവിലെ പ്രതീക്ഷയേക്കാൾ വളരെ കൂടിയതാകും ഡിസംബറിലെ പലിശ നിലവാരം.
അടുത്ത മാസം യൂറോപ്യൻ കേന്ദ്ര ബാങ്കും പലിശ കൂട്ടൽ തുടങ്ങും. ഇപ്പോൾ നെഗറ്റീവ് പലിശ നിലവിലുള്ള യൂറോ ഏരിയ പോസിറ്റീവ് പലിശയിലേക്കു മാറുന്നതു മൂലധന പ്രവാഹത്തിൻ്റെ ദിശ മാറാൻ വഴി തെളിക്കാം.

വിലകൾ മെരുങ്ങുമോ?

പലിശ കൂടുന്നതു ധനകാര്യ വിപണികൾക്ക് ഇഷ്ടമല്ല. അതു ക്രമരഹിതമായി കൂടുന്നത് ഒട്ടും ഇഷ്ടമല്ല. എന്നാൽ യുഎസ് വിലക്കയറ്റഗതി ക്രമമില്ലാത്ത നിരക്കു വർധനയിലേക്കാണ് ഇപ്പോൾ വിരൽ ചൂണ്ടുന്നത്. അതു മൂലമാണ് ഈ ദിവസങ്ങളിൽ യുഎസ് വിപണിയും മറ്റു വിപണികളും തകർച്ചയിലായത്.
യുഎസ് ചില്ലറ വിലക്കയറ്റം മേയിൽ വാർഷിക നിലവാരത്തിൽ 8.6 ശതമാനമായി. ഏപ്രിലിൽ 8.3 ശതമാനമായിരുന്നു വാർഷിക വിലക്കയറ്റം. പ്രതിമാസ വിലക്കയറ്റം ഒരു ശതമാനമാണ്. പരമാവധി 0.7 ശതമാനമാകും എന്നു നിരീക്ഷകർ കണക്കാക്കിയ സ്ഥാനത്താണിത്.
രണ്ടു തവണ നിരക്കു വർധിപ്പിച്ചിട്ടും വിലക്കയറ്റ പ്രവണതയ്ക്കു ശമനമുണ്ടായിട്ടില്ല. അതായതു പെട്ടെന്നൊന്നും വിലക്കയറ്റം മെരുങ്ങാനിടയില്ല എന്നു ചിലർ ഭയപ്പെടുന്നു. എന്തായാലും പണവിപണിക്കു മുന്നിൽ അനിശ്ചിതത്വമാണ്. അത് ഈയാഴ്ച ആദ്യ മൂന്നു ദിവസം വിപണികളെ ഉലയ്ക്കും. ബുധനാഴ്ച യുഎസ് ഫെഡിൻ്റെ തീരുമാനവും തുടർന്നു ചെയർമാൻ്റെ വിശദീകരണവും വരും. അതിലെ ധ്വനിയും സൂചനകളും വിപണിയുടെ തുടർഗതി നിർണയിക്കും.
വിലക്കയറ്റം വർധിച്ചതോടെ യുഎസ് ഓഹരി സൂചികകൾ വലിയ തകർച്ചയിലായി. വെള്ളിയാഴ്ച ഡൗ ജോൺസ് 2.73 ശതമാനവും (ആഴ്ചയിൽ 4.6%) എസ് ആൻഡ് പി 2.91 ശതമാനവും (ആഴ്‌ചയിൽ 5.1%) നാസ്ഡാക് 3.52 ശതമാനവും (ആഴ്ചയിൽ 5.6%) ഇടിഞ്ഞു. മുഖ്യസൂചികകൾ ഇനിയും 10 ശതമാനത്തിലേറെ താഴേേണ്ടതുണ്ടെന്നു പലരും അഭിപ്രായപ്പെടുന്നു.

വ്യവസായ ഉൽപാദനം കുതിച്ചതിനു പിന്നിൽ

ഏപ്രിലിലെ വ്യവസായ ഉൽപാദന സൂചിക പ്രതീക്ഷയിലും മെച്ചമായി. മാർച്ചിൽ 2.6 ശതമാനമായിരുന്ന വളർച്ച 7.1 ശതമാനത്തിൽ എത്തി. എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കോവിഡിനു മുമ്പുള്ള (2019 ഏപ്രിൽ) തിനെ അപേക്ഷിച്ച് 6.8 ശതമാനം വർധനയാണ് ഈ ഏപ്രിലിൽ ഉള്ളത്. 2020 ഏപ്രിലിൽ കോവിഡ് ലോക്ക് ഡൗണും 2021 ഏപ്രിലിൽ രണ്ടാം തരംഗവും ഉൽപാദന മേഖലയുടെ താളം കെടുത്തിയിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ (എഫ്എംസിജി) ഉൽപാദനം ഏപ്രിലിൽ കുറഞ്ഞത് രാജ്യത്ത് ഉപഭോഗം വേണ്ടത്ര ഉയരുന്നില്ല എന്നു കാണിക്കുന്നു.
പുതിയ ധനകാര്യ വർഷത്തിലെ ആദ്യ മാസം വ്യവസായ ഉൽപാദനം ഗണ്യമായി ഉയർന്നതിൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ പങ്കും ചെറുതല്ല. ജിഎസ്ടി പിരിവിലെ ഉയർച്ച കൂടിയ ഉൽപാദനത്തെ കാണിക്കുന്നു എന്ന വാദം രൂക്ഷമായ വിലക്കയറ്റത്തെ അവഗണിച്ചു കൊണ്ടുള്ള വിലയിരുത്തലാണ്.

This section is powered by Muthoot Finance


Tags:    

Similar News