വീണ്ടും കാർമേഘങ്ങൾ; വിപണികൾ താഴ്ചയിൽ; നിക്ഷേപകരെ അവഗണിച്ചു ബാങ്കുകൾ; രൂപ ക്ഷീണത്തിൽ

ഓഹരി വിപണിയിൽ ആശ്വാസ സൂചനയില്ല; നിക്ഷേപകരെ അവഗണിച്ചു ബാങ്കുകൾ; വിലക്കയറ്റം നോക്കി യുഎസ് വിപണി

Update:2022-06-10 07:59 IST

നാലു ദിവസത്തെ തുടർച്ചയായ താഴ്ചയ്ക്കു വ്യാഴാഴ്ച വിരാമമായി. അവസാന മണിക്കൂറിലെ കുതിപ്പിൽ മുഖ്യസൂചികകൾ മുക്കാൽ ശതമാനത്തോളം ഉയർന്നു ക്ലോസ് ചെയ്തു.

ഇതു ഗതിമാറ്റമായി കാണാനില്ല എന്നു വിപണി ക്ലോസ് ചെയ്ത ശേഷമുള്ള കാര്യങ്ങൾ സൂചിപ്പിക്കുന്നു. ഇന്നു രാവിലെ വിപണി വീണ്ടും താഴാേട്ടു നീങ്ങുന്നതിലേക്കാണ് സൂചനകൾ എല്ലാം. യൂറോപ്പിലും അമേരിക്കയിലും വിപണികൾ തകർച്ചയിലായിരുന്നു. ഏഷ്യൻ വിപണികൾ രാവിലെ ഒരു ശതമാനം ഇടിവിലാണു വ്യാപാരം തുടങ്ങിയത്. വിലക്കയറ്റവും പലിശയും വളർച്ചക്കുറവും വിപണികളിൽ ആശങ്ക കൂട്ടുന്നു. ചൈനയിലെ ചിലേടങ്ങളിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും വിപണിയെ ബാധിക്കുന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ ആദ്യ സെഷനിൽ 16,471-ൽ എത്തിയിട്ടു രണ്ടാം സെഷനിൽ 16,235 ലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെയും താഴ്ചയിലാണ്. സൂചിക 16,203 വരെ താഴ്ന്നു. പിന്നീട് അൽപം കയറി. ഇന്ത്യൻ വിപണി ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു നൽകുന്ന സൂചന.
ഇന്ത്യൻ വിപണി ഇന്നലെ താഴ്ന്നു തുടങ്ങിയിട്ടു പലതവണ കയറിയിറങ്ങി. അവസാന മണിക്കൂറിൽ റിലയൻസും (2.73 ശതമാനം കയറ്റം) ഓയിൽ, ഫാർമ, ഹെൽത്ത് കെയർ കമ്പനികളും നടത്തിയ കുതിപ്പിലാണു വിപണി നല്ല നേട്ടത്തോടെ ക്ലോസ് ചെയ്തത്. സെൻസെക്സ് 427.79 പോയിൻ്റ് (0.78%) ഉയർന്ന് 55,320.28 ലും നിഫ്റ്റി 121.85 പോയിൻ്റ് (0.75%) ഉയർന്ന് 16,478.1 ലും അവസാനിച്ചു. വിശാല വിപണിയും നേട്ടത്തിലായിരുന്നെങ്കിലും മുന്നേറ്റം കുറവായിരുന്നു.
വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1512.64 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1624.9 കോടി രൂപയ്ക്ക് ഓഹരികൾ വാങ്ങി.
വിപണി ആശ്വാസ റാലിയിലാണെന്നു പറയാൻ നിക്ഷേപ വിദഗ്ധർ തയാറില്ല. ഇന്നു നിഫ്റ്റി 16,400 നിലനിർത്തിയാലേ റിലീഫ് റാലിയിലേക്കു കടക്കൂ എന്നാണ് അവർ പറയുന്നത്. ഏതാനും ദിവസങ്ങളായി 16,240 പല ആവരേജുകളുടെയും സംഗമ സ്ഥാനമാണ്. അതു നിഫ്റ്റിക്ക് ഒരു വലിയ സപ്പോർട്ട് ബേസ് നൽകുന്നുണ്ട്. അതു നഷ്ടപ്പെടുത്തിയാൽ കൂടുതൽ താഴ്ച കാത്തിരിക്കണമെന്ന് വിദഗ്ധർ പറയുന്നു. ഇന്നു നിഫ്റ്റിക്ക് 16,320-ലും 16,155 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 16,565-ഉം 16,655 ഉം തടസ മേഖലകളാകും.
ക്രൂഡ് ഓയിൽ വില അൽപം താണെങ്കിലും 123 ഡോളറിൻ്റെ ചുറ്റുവട്ടത്താണ് ഇന്നു രാവിലെ 122.8 ഡോളറിലാണു ബ്രെൻ്റ് ഇനം ക്രൂഡ്. ചൈനയിലെ ഷാങ്ഹായിയിൽ വീണ്ടും ലോക്ക് ഡൗൺ വന്നത് ക്രൂഡ് വില അൽപം താഴാൻ കാരണമായി. പ്രകൃതി വാതകം വീണ്ടും ഒൻപതു ഡോളറിനു മുകളിലായി.
യൂറോപ്പിൽ വളർച്ച കുറയുമെന്ന യൂറോപ്യൻ കേന്ദ്ര ബാങ്കിൻ്റെ വിലയിരുത്തൽ വ്യവസായിക ലോഹങ്ങൾക്കു തിരിച്ചടിയായി. ചൈനയിൽ നിന്നുള്ള പുതിയ കോവിഡ് വ്യാപന വാർത്തകളും ലോഹങ്ങൾക്കു ക്ഷീണമാകും. ഒന്നു മുതൽ മൂന്നു വരെ ശതമാനം ഇടിവിലാണു ലോഹങ്ങൾ.
സ്വർണത്തെ ഡോളർ ഞെരുക്കുന്നു. 1856 ഡോളർ വരെ കയറിയ സ്വർണം ഡോളർ സൂചിക 103 കടന്നതോടെ തിരിച്ചിറങ്ങി. ഇന്നു രാവിലെ 1846-1848 ഡോളറിലാണു സ്വർണം. കേരളത്തിൽ ഇന്നലെ പവന് 200 രൂപ വർധിച്ച് 38,360 രൂപ ആയിരുന്നു.
ഡോളർ സൂചിക ഉയർന്നതോടെ രൂപയുടെ നിലയും മോശമായി. ഡോളർ ഇന്നലെ 77.765 രൂപയിലാണു ക്ലോസ് ചെയ്തത്. ഡോളർ സൂചിക ഇന്നലെ 103.22 ആയിരുന്നത് ഇന്നു രാവിലെ 103.34 വരെ കയറിയിട്ട് 103.28 ലേക്കു താഴ്ന്നു.

നിക്ഷേപകരെ അവഗണിച്ചു ബാങ്കുകൾ

റിസർവ് ബാങ്ക് രണ്ടു തവണയായി റീപോ നിരക്ക് നാലിൽ നിന്നു 4.9 ശതമാനമായി ഉയർത്തി. അതിനനുസരിച്ചു വാണിജ്യ ബാങ്കുകൾ വായ്പാ പലിശയും കൂട്ടി. അക്കാര്യത്തിൽ ഒട്ടും കാലതാമസം ഉണ്ടായില്ല എന്നത് എടുത്തു പറയണം. എന്നാൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടുന്നതിൽ മിക്ക ബാങ്കുകളും ആലോചന തുടരുന്നതേ ഉള്ളൂ. ചുരുക്കം ചില ബാങ്കുകൾ വലിയ നിക്ഷേപങ്ങൾക്ക് (ഒരു കോടി രൂപയ്ക്കു മുകളിൽ) അൽപം നിരക്ക് കൂട്ടി. റീപാേ നിരക്ക് കൂടുമ്പോൾ വായ്പകൾക്കു പലിശ കൂട്ടാൻ മടിക്കാത്തവർ നിക്ഷേപകരുടെ കാര്യത്തിൽ തികഞ്ഞ ഉദാസീനത പുലർത്തുന്നു. നിലവിലുള്ള വായ്പയുടെ പലിശ കൂട്ടും. എന്നാൽ നിലവിലെ നിക്ഷേപത്തിനു പലിശ വർധിപ്പിക്കില്ല. അതിനു കാലാവധി കഴിയണം. അഞ്ചു വർഷ സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിച്ചാൽ 7.23 ശതമാനം കിട്ടുമെങ്കിൽ ബാങ്കുകളിലെ അഞ്ചു വർഷ നിക്ഷേപത്തിൻ്റെ ശരാശരി വരുമാനം 5.72 ശതമാനം മാത്രം. 1.51 ശതമാനം കുറവ്.
ക്രൂരമായ തമാശ റീപോ നിരക്കിനു താഴെ ബാങ്കുകൾക്കു പണം കിട്ടുമ്പോഴാണ് റീപാേ കൂട്ടിയ ഉടനേ വായ്പാ പലിശ കൂട്ടിയത് എന്നതാണ്.

യൂറോപ്പിലെ ആശങ്കകൾ

യൂറോപ്യൻ വിപണികൾ ഇന്നലെ ഒന്നര ശതമാനത്തിലേറെ ഇടിഞ്ഞു. യൂറോപ്യൻ കേന്ദ്ര ബാങ്ക് (ഇസിബി) കടപ്പത്രം തിരിച്ചു വാങ്ങൽ അടുത്ത മാസം അവസാനിപ്പിക്കുമെന്നും സെപ്റ്റംബറോടെ പലിശ വർധിപ്പിച്ചു തുടങ്ങുമെന്നും പ്രഖ്യാപിച്ചു. ഒപ്പം വളർച്ച പ്രതീക്ഷ താഴ്ത്തുകയും വിലക്കയറ്റ നിഗമനം ഉയർത്തുകയും ചെയ്തു. ഈ വർഷം വളർച്ച പ്രതീക്ഷ 3.1 - ൽ നിന്നു 2.8 ശതമാനമാക്കി. അടുത്ത വർഷത്തേക്ക് 2.8 - ൽ നിന്ന് 2.1 ശതമാനവും. വിലക്കയറ്റ നിഗമനം ഇക്കൊല്ലം 5.1 ൽ നിന്ന് 6.8 ശതമാനവും അടുത്ത വർഷം 2.1-ൽ നിന്ന് 3.5 ശതമാനവും ആക്കി. ഇന്നു യൂറോപ്യൻ സൂചികകളുടെ ഫ്യൂച്ചേഴ്സും നല്ല താഴ്ചയിലാണ്. ഇസിബിയുടെ നിഗമനങ്ങൾ വ്യാവസായിക ലോഹങ്ങളുടെ വിലയിടിച്ചു.

വിലക്കയറ്റം നോക്കി യുഎസ് വിപണി

യുഎസ് ഓഹരികൾ ഇന്നലെ തുടക്കം മുതലേ താഴ്ചയിലായിരുന്നു. സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (Yield) 3.04 ശതമാനത്തിലേക്ക് ഉയർന്നു. വലിയ വളർച്ച കമ്പനികൾ വരുമാന പ്രതീക്ഷ വെട്ടിക്കുറയ്ക്കുമെന്നു സൂചിപ്പിച്ചു. ഒടുവിൽ ഡൗ ജോൺസ് സൂചിക 1.94% വും എസ് ആൻഡ് പി 2.38% വും നാസ്ഡാക് 2.75% വും ഇടിഞ്ഞു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് നേരിയ ഉണർവ് കാണിക്കുന്നുണ്ടെങ്കിലും വിപണി അനിശ്ചിതത്വത്തിലാണ്. മേയിലെ ചില്ലറ വിലക്കയറ്റ നിരക്ക് ഇന്നു പുറത്തു വരുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. ഏപ്രിലിനെ അപേക്ഷിച്ച് 0.7 ശതമാനവും 2021 മേയ് മാസത്തെ അപേക്ഷിച്ച് 8.3 ശതമാനവും കയറ്റമാണു വിലക്കയറ്റത്തിൽ പ്രതീക്ഷിക്കുന്നത്. ഇത് ഉയർന്ന താേതിൽ പലിശ കൂട്ടാൻ യുഎസ് ഫെഡിനെ പ്രേരിപ്പിക്കും എന്നാണു ഭീതി.
This section is powered by Muthoot Finance

Tags:    

Similar News