ഓഹരി വിപണിയില്‍ എം.ആര്‍.എഫിന്റെ ജൈത്രയാത്ര

ഓഹരിവില ഒരുലക്ഷം രൂപ കവിഞ്ഞു; കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചത് 1690% ലാഭവിഹിതം, വില ഇനിയും മുന്നേറുമെന്ന് നിരീക്ഷകര്‍

Update:2023-06-14 11:06 IST

ആറ് പതിറ്റാണ്ടോളം മുമ്പാണ് പ്രമുഖ ടയര്‍ നിര്‍മ്മാണക്കമ്പനിയായ മദ്രാസ് റബര്‍ ഫാക്ടറി ലിമിറ്റഡ് എന്ന എം.ആര്‍.എഫ് ലിമിറ്റഡ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇന്ന് രാജ്യത്തെ വന്‍കിട കമ്പനികളുടെ വിഭാഗത്തില്‍ ഇടംപിടിച്ചിട്ടുള്ള എം.ആര്‍.എഫിന്റെ ഓഹരിവില ഇന്നലെ ഒരുലക്ഷം രൂപ പിന്നിട്ടു.

ഈ ചരിത്രനേട്ടം കുറിച്ച ഇന്ത്യയിലെ ആദ്യത്തെ ലിസ്റ്റഡ് കമ്പനിയാണ് എം.ആര്‍.എഫ്. ഒന്നിന് 10 രൂപ മുഖവിലയുള്ള എം.ആര്‍.എഫിന്റെ ഓഹരികള്‍ ഇന്നലെ എന്‍.എസ്.ഇയില്‍ 1,00,439.95 വരെയാണ് ഉയര്‍ന്നത്. വ്യാപാരം അവസാനിപ്പിച്ചത് 99,992.85 രൂപയില്‍. ബി.എസ്.ഇയില്‍ 1,00,300 രൂപവരെയെത്തിയ ഓഹരിവിലയുള്ളത് 99,950 രൂപയിലും.
ചെന്നൈ ആസ്ഥാനമായ എം.ആര്‍.എഫിന്റെ ഓഹരിവില ഫ്യൂച്ചേഴ്‌സ് വിപണിയില്‍ കഴിഞ്ഞ മെയ് എട്ടിന് തന്നെ ഒരുലക്ഷം രൂപയെന്ന വൈകാരികവില മറികടന്നിരുന്നു. ഓഹരിവിപണിയില്‍ ഈ നേട്ടം കുറിച്ചത് ഇന്നലെയാണ്.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ഓഹരി
ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഹരിയാണ് എം.ആര്‍.എഫിന്റേത്. ഇന്നലത്തെ വ്യാപാരക്കണക്കുകള്‍ പ്രകാരം ഹണിവെല്‍ ഓട്ടോമേഷനാണ് 41,002 രൂപയുമായി രണ്ടാമത്. പേജ് ഇന്‍ഡസ്ട്രീസ് (38,133 രൂപ), 3എം ഇന്ത്യ (26,464 രൂപ), ശ്രീസിമന്റ് (25,709 രൂപ), നെസ്‌ലെ ഇന്ത്യ (22,290 രൂപ) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
ആഗോളതലത്തില്‍ 9-ാം സ്ഥാനം
ലോകത്തെ ഏറ്റവും വിലയേറിയ ഓഹരികളില്‍ 9-ാം സ്ഥാനമുണ്ട് എം.ആര്‍.എഫിന്. ഓഹരി ഒന്നിന് 4.2 കോടി രൂപയുമായി വാറന്‍ ബഫറ്റിന്റെ ബെര്‍ക് ഷെയര്‍ ഹാത്തവേയാണ് ലോകത്ത് ഒന്നാമത്.
എം.ആര്‍.എഫിന്റെ തേരോട്ടം
കഴിഞ്ഞവര്‍ഷം ജൂണില്‍ 65,878.35 രൂപയായിരുന്നു എം.ആര്‍.എഫ് ഓഹരിവില. 52 ആഴ്ചത്തെ ആ താഴ്ചയില്‍ നിന്നാണ് നിക്ഷേപകര്‍ക്ക് 46.53 ശതമാനം ആദായം (റിട്ടേണ്‍) നല്‍കി എം.ആര്‍.എഫ് ഇന്നലെ 1,00,439.95 രൂപയിലേക്ക് കുതിച്ചുകയറിയത്.
കഴിഞ്ഞ ആറ് മാസത്തെ കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് എം.ആര്‍.എഫ് നല്‍കിയ റിട്ടേണ്‍ 9.58 ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരി വര്‍ദ്ധന 2.48 ശതമാനം.
42,332.10 കോടി രൂപയാണ് എം.ആര്‍.എഫിന്റെ വിപണിമൂല്യം. മൊത്തം 42,41,143 ഓഹരികളാണ് കമ്പനിക്കുള്ളത്. ഇതില്‍ 30,60,312 ഓഹരികളും പൊതുനിക്ഷേപകരുടെ (public shareholders) പക്കലാണ്. മൊത്തം ഓഹരികളുടെ 72.16 ശതമാനം വരുമിത്. പ്രൊമോട്ടര്‍മാരുടെ കൈവശമുള്ളത് 11,80,831 ഓഹരികള്‍; അതായത് 27.84 ശതമാനം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,690 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. നാലാംപാദത്തില്‍ ലാഭം 86 ശതമാനം വര്‍ദ്ധിച്ച് 313.53 കോടി രൂപയായിരുന്നു.

റീറ്റെയ്ല്‍ നിക്ഷേപകര്‍ അകലെ
ഓഹരിക്ക് വലിയ വിലയായതിനാല്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ വലിയ താത്പര്യം എം.ആര്‍.എഫിനോട് കാട്ടുന്നില്ല. രണ്ടുലക്ഷം രൂപയില്‍ താഴെ നിക്ഷേപം എം.ആര്‍.എഫില്‍ നടത്തിയിട്ടുള്ളവര്‍ കഴിഞ്ഞ മാര്‍ച്ചുപാദപ്രകാരം 40,000ഓളം പേര്‍ മാത്രമാണ്; ഏകദേശം 12.73 ശതമാനം.
വിപണിയും പൊതുവേ സാമ്പത്തിക അന്തരീക്ഷവും അനുകൂലമായതിനാല്‍ വരുംനാളുകളിലും എം.ആര്‍.എഫ് ഓഹരികള്‍ മുന്നേറുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. വില വൈകാതെ 1.10 ലക്ഷം രൂപ കടന്നേക്കാം.
മലയാളിയും ആദ്യകാല വ്യവസായികളില്‍ പ്രമുഖനുമായ കെ.എം. മാമ്മന്‍ മാപ്പിള ചെന്നൈയില്‍ 1946ല്‍ സ്ഥാപിച്ച കമ്പനിയാണ് എം.ആര്‍.എഫ്.
Tags:    

Similar News