മുത്തൂറ്റ് മൈക്രോഫിന്‍ ഐ.പി.ഒ: ഓഹരി പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു, വിശദാംശങ്ങള്‍ നോക്കാം
ഡിസംബര്‍ 18 മുതലാണ് മുത്തൂറ്റ് മൈക്രോഫിന്‍ ഐ.പി.ഒ ആരംഭിക്കുന്നത്
കൊച്ചി ആസ്ഥാനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലെ മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ പ്രാരംഭ ഓഹരി വില്‍പ്പന (initial public offering/IPO) ഡിസംബര്‍ 18ന് ആരംഭിച്ച് 20ന് അവസാനിക്കും.
10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 277-291 രൂപ നിരക്കിലായിരിക്കും വില്‍പ്പന. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള അലോട്ട്‌മെന്റ് ഡിസംബര്‍ 15ന് നടക്കും.
ലക്ഷ്യം 960 കോടി രൂപ
ഐ.പി.ഒയിലൂടെ 960 കോടി രൂപ സമാഹരിക്കാനാണ് മുത്തൂറ്റ് മൈക്രോഫിന്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 760 കോടി രൂപയുടേത് പുതിയ ഓഹരികളാണ്. നിലവിലെ ഓഹരി ഉടമകള്‍ ഓഫര്‍-ഫോര്‍ സെയില്‍ (OFS) വഴി 200 കോടി രൂപയുടെ ഓഹരികളും വിറ്റഴിക്കും. ഓഹരിയുടമകളായ ഗ്രേറ്റര്‍ ഫസഫിക് ക്യാപിറ്റല്‍ 50 കോടി രൂപയുടെ ഓഹരികള്‍ ഒ.എഫ്.എസില്‍ വിറ്റഴിക്കും. ശേഷിക്കുന്ന 150 കോടി രൂപയുടെ ഓഹരികള്‍ പ്രമോട്ടര്‍മാരായ തോമസ് ജോണ്‍ മുത്തൂറ്റ്, തോമസ് മുത്തൂറ്റ്, തോമസ് ജോര്‍ജ് മുത്തൂറ്റ്, പ്രീതി ജോണ്‍ മുത്തൂറ്റ്, റെമി തോമസ്, നീന ജോര്‍ജ് എന്നിവരും വിറ്റഴിക്കും.
കമ്പനിയുടെ ഭാവി മൂലധന ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കുക. വ്യക്തിഗത പ്രമോട്ടര്‍മാര്‍ക്ക് 9.76 ശതമാനവും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് 54.16 ശതമാനം ഓഹരികളുമാണ് കമ്പനിയിലുള്ളത്. ഗ്രേറ്റര്‍ പസഫിക്കിന് 25.15 ശതമാനം ഓഹരിയുണ്ട്. കമ്പനിയില്‍ 8.33 ശതമാനം ഓഹരിയുള്ള ക്രീയേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് എല്‍.സി.സി ഒ.എഫ്.എസില്‍ പങ്കെടുക്കുന്നില്ല. ബാക്കി ഓഹരികള്‍ ജീവനക്കാരുടെ കൈവശമാണ്.
പാതിയും നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്
ഐ.പി.ഒയിലൂടെ വിറ്റഴിക്കുന്ന ഓഹരികളില്‍ 10 കോടി രൂപയുടെ ഓഹരികള്‍ ജീവനക്കാര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഓഹരി ഒന്നിന് 14 രൂപ ഡിസ്‌കൗണ്ടുണ്ട്. ജീവനക്കാര്‍ക്കായി മാറ്റിവച്ചതിനു ശേഷമുള്ള ഓഹരികളില്‍ 50 ശതമാനം യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കുള്ളതാണ് (QIB). 15 ശതമാനം അതിസമ്പന്ന വ്യക്തികള്‍ക്കും (HNIs) ബാക്കി 35 ശതമാനം റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്.
മിനിമം 14,841 രൂപ
ഏറ്റവും കുറഞ്ഞത് 51 ഇക്വിറ്റി ഓഹരികള്‍ക്കാണ് മുത്തൂറ്റ് മൈക്രോഫിന്‍ ഐ.പി.ഒയില്‍ അപേക്ഷിക്കാനാകുക. തുടര്‍ന്ന് 51 ഓഹരികളുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. ചെറുകിട നിക്ഷേപകര്‍ ഏറ്റവും കുറഞ്ഞത് 14,841 രൂപ (51X291) നിക്ഷേപിക്കണം. പരമാവധി നിക്ഷേപം 1,92,933 (663X291) രൂപ.
ലാഭവും കൈകാര്യം ചെയ്യുന്ന ആസ്തിയും
ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് വനിതാ ഉപഭോക്താക്കള്‍ക്ക് മൈക്രോ വായ്പകള്‍ നല്‍കുന്ന മുന്‍നിര മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നാണ് മുത്തൂറ്റ് മൈക്രോഫിന്‍. 2023 മാര്‍ച്ചിന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മുത്തൂറ്റ് മൈക്രോഫിന്‍ 203.31 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 155 ശതമാനം വര്‍ധന.
2023 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 9,200 കോടി രൂപയാണ്. രാജ്യത്തെ നാലാമത്തെ വലിയ എന്‍.ബി.എഫ്.സി-മൈക്രോഫിനാന്‍സ് സ്ഥാപനമാണ് മുത്തൂറ്റ് മൈക്രോഫിന്‍. ദക്ഷിണേന്ത്യയില്‍ മൂന്നാം സ്ഥാനത്തും. ഉയര്‍ന്ന പ്രൈസ് ബാന്‍ഡ് അനുസരിച്ച് ഐ.പി.ഒയ്ക്ക് ശേഷം കമ്പനിയുടെ വിപണി മൂല്യം ഏകദേശം 4159.96 കോടി രൂപയാകും.