സ്ഥിര നിക്ഷേപങ്ങളും റിയല്‍ എസ്റ്റേറ്റുമല്ല, മ്യൂച്വല്‍ഫണ്ടുകളില്‍ അടിച്ചു കയറി നിക്ഷേപകര്‍, പണമൊഴുക്കി മലയാളികളും
കേരളത്തില്‍ നിന്നുള്ള നിക്ഷേപത്തില്‍ 45 ശതമാനം വര്‍ധന
മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (assets under management /AUM) ഓഗസ്റ്റില്‍ 66.70 ലക്ഷം കോടിയായി. മുന്‍ വര്‍ഷം ഓഗസ്റ്റിലെ 46.63 ലക്ഷം കോടിയുമായി നോക്കുമ്പോള്‍ 20 ശതമാനമാണ് വര്‍ധനയെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (ആംഫി) കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്ന് നിക്ഷേപകര്‍ മ്യൂച്വല്‍ഫണ്ടിലേക്കും ഓഹരി വിപണിയിലേക്കും കടക്കുന്നുവെന്ന നിരീക്ഷണങ്ങള്‍ക്ക് അടിവരയിടുന്നതാണ് പുതിയ കണക്കുകള്‍. മ്യൂച്വല്‍ഫണ്ട് അക്കൗണ്ടുകളുടെ എണ്ണം ഓഗസ്റ്റില്‍ 20.45 കോടി കടന്നു.
ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളിലേക്കാണ് കൂടുതല്‍ നിക്ഷേപമൊഴുകിയത്. ജൂലൈയിലെ 37,113 കോടി രൂപയില്‍ നിന്ന് 38,239 കോടി രൂപയായി.
മലയാളികളും മുന്നില്‍
കേരളത്തില്‍ നിന്നുള്ള മ്യൂച്വല്‍ഫണ്ട് നിക്ഷേപം ഓഗസ്റ്റില്‍ 81,812.62 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 56,050.36 കോടി രൂപയായിരുന്നു. 45 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലിത് 78,411.01 കോടി രൂപയായിരുന്നു. മലയാളികള്‍ക്കും കൂടുതല്‍ താത്പര്യം ഇക്വിറ്റി ഫണ്ടുകളോട് തന്നെ. 61,292.05 കോടി രൂപയാണ് ഇക്വിറ്റി അഥവാ ഗ്രോത്ത് ഫണ്ടുകളില്‍ നിക്ഷേപിച്ചത്. ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം 6,556.96 കോടി രൂപയാണ്.
എസ്.ഐ.പികളാണ് താരം
മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള എസ്.ഐ.പി നിക്ഷേപം 2024 ഓഗസ്റ്റില്‍ ദേശീയ തലത്തില്‍ 23,000 കോടി കടന്നു. തുടര്‍ച്ചയായ രണ്ടാംമാസമാണ് നിക്ഷേപം 23,000 കോടിയ്ക്ക് മുകളിലെത്തുന്നത്. ജൂലൈയില്‍ 23,332 കോടി രൂപയായിരുന്നത് ഓഗസ്റ്റില്‍ 23,547 കോടി രൂപയായി വര്‍ധിച്ചു.
ഇതോടെ എസ്.ഐ.പികള്‍ കൈകാര്യം ചെയ്യുന്ന ആസ്തി ഓഗസ്റ്റില്‍ റെക്കോഡിലെത്തി. ജൂലൈയിലെ 13.09 ലക്ഷം കോടിയില്‍ നിന്ന് 13.38 ലക്ഷം കോടി രൂപയായാണ് ഉയര്‍ച്ച.
പുതുതായി തുറന്ന എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 63.93 ലക്ഷമായി. ഇതോടെ മൊത്തം എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 9.61 കോടിയിലുമെത്തി.