മ്യൂച്വല്‍ ഫണ്ടുകളില്‍ വനിതകള്‍ക്ക് താത്പര്യമേറുന്നു
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 27.50 ലക്ഷം വനിതകള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ആരംഭിച്ചു
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ സ്ത്രീകളുടെ താല്‍പ്പര്യം വര്‍ധിക്കുന്നതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ടസ് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2019 ല്‍ 46.99 ലക്ഷം വനിതകള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തിയിരുന്നു. 2022 ഡിസംബറില്‍ അത് 74.49 ലക്ഷമായി വര്‍ധിച്ചു.
കൂടുതല്‍ 45 വയിസിന് മുകളിലുള്ളവര്‍
വനിത നിക്ഷേപകരില്‍ 28.45 ലക്ഷം പേര്‍ 45 വയസിന് മുകളില്‍ ഉള്ളവരാണ്. 2019 ല്‍ ഈ വിഭാഗത്തില്‍ 22.13 ലക്ഷം പേരാണ് ഉണ്ടായിരുന്നത്. 2.82 ലക്ഷം വനിതകള്‍ 18 മുതല്‍ 24 വയസ് വരെ പ്രായമുള്ളവരാണ്. 18 മുതല്‍ 24 വയസുവരെയുള്ള വനിതകളുടെ എണ്ണം കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ നാലിരട്ടി വര്‍ധിച്ചു.
താത്പര്യം റഗുലര്‍ പദ്ധതികളോട്
വനിതകളുടെ നിക്ഷേപങ്ങളുടെ മൂല്യം റെഗുലര്‍ പദ്ധതികളില്‍ 6.13 ലക്ഷം കോടി രൂപ, ഡയറക്ട് പ്ലാനുകളില്‍ 1.42 ലക്ഷം കോടി രൂപ എന്നിങ്ങനെയാണ്. കോവിഡ് വ്യാപനത്തിന് ശേഷം സ്ത്രീകളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വന്‍ വര്‍ധന ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട തൊഴില്‍ ലഭ്യത, കൂടുതല്‍ വരുമാനം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയാണ് വനിതകളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് നിരീക്ഷകര്‍ കരുതുന്നു.